Monday, March 21, 2011

എന്റെ വേരുകള്‍ അദ്ധ്യായം ഒന്ന്

ഒരു യാത്ര പോകുന്നു വേരുകള്‍ തേടി ...കഴിഞ്ഞ ദിവസം
വീട്ടില്‍ ചെന്നപ്പോള്‍ അമ്മ പറഞ്ഞു ..നീ ഇനി എന്നാ വരുക
ഇനി വരുമ്പോള്‍ എന്നെ നീ എന്റെ 'വീട്ടിലേക്കു' കൊണ്ടുപോകണം
ഞാന്‍ കളിച്ചു വളര്‍ന്ന ആ വീട്ടില്‍ നിന്നും പോന്നിട്ട് അമ്പത്തി രണ്ടു വര്‍ഷങ്ങള്‍
കഴിഞ്ഞു ...കഴിഞ്ഞ ദിവസം ഒരു ബന്ധു വന്നു പറഞ്ഞു
ആ വീട് ഇപ്പോഴും അതുപോലുണ്ട് ...പുഴ കടക്കാന്‍ പാലം ഉണ്ട്
കാറ് ഇപ്പോള്‍ പടി വരെ ചെല്ലും ....ഒരിക്കല്‍ കൂടി കാണണം
ആ വീട് ..പറ്റിയാല്‍ ഇപ്പോള്‍ താമസിക്കുന്നവരോട് ചോദിച്ചു
ആ മുറ്റത്ത്‌ കുറച്ചുനേരം നില്‍ക്കണം ..പഴമ മണക്കുന്ന
ആ മുറികള്‍ വീണ്ടും ഒന്നുകൂടി കാണണം ....അച്ഛന്റെ ഗന്ധം
ചിലപ്പോള്‍ അവിടെ ഇപ്പോഴും കാണും ....അമ്മയുടെ കോടിമുണ്ടിന്റെ
കൈത ഗന്ധവും ....ഒന്നര വയസ്സുള്ളപ്പോള്‍ അമ്മയുടെ കൈയ്യില്‍ തൂങ്ങി
പുഴ കടന്നു ഞാന്‍ എന്റെ ഇപ്പോഴത്തെ വീട്ടില്‍ വരുമ്പോള്‍ ...ഞാന്‍
കണ്ട ഒരു കാഴ്ച മറയാതെ മനസ്സില്‍ ഉണ്ട് ...ഒരു ഉത്സവകാലത്ത്
കാലില്‍ ചിലമ്പും കയ്യില്‍ വാളും പിടിച്ചു ചുവന്ന പട്ടുടുത്തു ..പുഴയുടെ
മണലിലൂടെ നടന്നു നീങ്ങുന്ന വെളിച്ചപ്പാടും സംഘവും .... ...


ഗായത്രി പുഴുയുടെ കുറുകെ കെട്ടിയ തടയണ കടന്നു
ഞങ്ങള്‍ മാരിയമ്മന്‍ കോവില്‍ അന്വേഷിച്ചു ...പറഞ്ഞു
തന്ന വഴിയിലൂടെ കാര്‍ പതുക്കെ നീങ്ങി ഒടുവില്‍
പഴയ ഏതോ യുഗത്തിലേതു പോലെ തോന്നിക്കുന്ന
ആ കോവിലിനു മുന്‍പില്‍ കാര്‍ നിര്‍ത്തി ......കോവിലിന്റെ
തെക്ക് വശത്ത് ..എന്റെ അമ്മ പിറന്നു വളര്‍ന്ന വീട്
അമ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ...അവിടെ
ഞങ്ങള്‍ വലതുകാല്‍ വെച്ച് കയറി ...തെക്കേ തൊടിയില്‍
നിന്നും വയല്‍ പക്ഷികള്‍ ചിലച്ചു .......

ഇവിടെ ഒരു കാര്യം പറയാതിരിക്കാന്‍ പറ്റുന്നില്ല
ഇതു എഴുതുമ്പോള്‍ ഒരു ജന്മിയുടെ
മുഖം എനിക്ക് ആരും കല്‍പ്പിച്ചു തരരുത് ...എന്റെ അമ്മയെ
തിരിച്ചറിഞ്ഞ നിഷ്കളങ്കരായ അവിടത്തുകാര്‍ അമ്മയുടെ
ചുറ്റും കൂടി ...മെല്ലെ അതൊരു ആള്‍ കൂട്ടമായി ..അപ്പോള്‍ ഞാന്‍
കേട്ട വര്‍ത്തമാനത്തില്‍ ദാരിദ്രം ..നിറഞ്ഞ ഒരു കാലം
അനാവരണം ചെയ്തു നാണികുട്ടി അമ്മയുടെ കഞ്ഞി ആണ്
ഈ ശരീരം....തമ്പ്രാനെ ഇന്നും ഞങ്ങള്‍ ഓര്‍ക്കുന്നു ...ഈ
മാരിയമ്മന്‍ കോവിലിലെ വാളും ചിലമ്പും അത് അവിടുത്തെ
വീട്ടുകാരുടെതല്ലേ അത് .കാണുമ്പോള്‍
എങ്ങിനെ ഞങ്ങള്‍ മറക്കും ... എന്ന് വയസായ ചില സ്ത്രീകള്‍ പറയുന്നത്
കേട്ട് ഞാന്‍ അമ്പരന്നു ..എല്ലാം മറക്കുന്ന ഈ കാലത്ത്
ഇങ്ങനെയും ഓര്‍മകളില്‍ നന്ദി നിറച്ചു കഴിയുന്ന ഇവര്‍
എല്ലാം മാര്‍കിസ്റ്റ് അനുഭാവികളാണ് ..അപ്പോള്‍ അന്നത്തെ
ജന്മികളില്‍ ചിലരെങ്കിലും നന്മ ചെയ്തിട്ടുണ്ടാവണം
അല്ലെങ്കില്‍ ...ഇപ്പോഴും ആ മനസുകളില്‍ എങ്ങിനെ
ഈ വികാരം നിലനിക്കുന്നു....ഒരു പക്ഷെ ഇതു പാലക്കാടിന്റെ
നന്മയാകാം


.അമ്മക്ക് വളരെ സന്തോഷമായി കാണണം
ജനിച്ചു വളര്‍ന്ന വീടിന്റെ ഓരോ മുക്കിലും
മൂലയിലും എന്തോ നഷ്ടപ്പെട്ടത് തിരയുന്നതുപോലെ
അമ്മ നോക്കുന്നുണ്ടായിരുന്നു .......ഒടുവില്‍
ഈ ഇടനാഴിയില്‍ ആണ് അച്ഛനെ കോടി പുതപ്പിച്ചു
കിടത്തിയിരുന്നത് എന്ന് പറഞ്ഞപ്പോള്‍ ....ഞാന്‍
ഊഹിച്ചു ....ഇരുപതുവര്‍ഷം അമ്മ ഒരു നിമിഷാര്‍ധത്തില്‍
അവിടെ വീണ്ടും ജീവിച്ചു എന്ന് ...അവിടെ ഞാന്‍ ഒരു
കല്യാണ പന്തല്‍ കണ്ടു ......നാഗപാട്ടുകള്‍ കേട്ടു
മുറ്റത്തെ മാവില്‍ ഒരു ഊഞ്ഞാലിന്റെ നിഴല്‍ ....പ്രേതങ്ങള്‍
കുടിയിരിക്കുന്ന മച്ചിന്‍ പുറവും ഒഴിഞ്ഞ കളപ്പുരയും
പശുവില്ലാത്ത തൊഴുത്തും ........വേരുകള്‍ ഇറങ്ങി
കാഴ്ച മറച്ച വട്ടകിണറും ......പനംകാറ്റില്‍ ....നാഗ
പാട്ടുകളുടെ ചീലുകള്‍


കാലം പുറകിലേക്ക് പോയ ആ നിമിഷങ്ങള്‍ എങ്ങിനെ മറക്കും
ജന്മിത്തം വാഴുന്ന കാലം പക്ഷെ കൊടുക്കല്‍ വാങ്ങലുകള്‍
എല്ലാം നന്മ നിറഞ്ഞതായിരുന്നു എന്ന് പറയാതെ വയ്യ ...ഓണത്തിനു
ഒരു കായ്കുലയോ ..ഒരു ഇളവന്‍ അല്ലെങ്കില്‍ ഒരു മത്തന്‍ അല്ലെങ്കില്‍
ഒരു ചേനയോ കൊടുക്കുന്ന ആശ്രിതനു മുണ്ടും വേഷ്ടിയും നല്ലൊരു
തുകയും അന്ന് കൊടുത്തിരുന്നു പണി കൂലി നെല്ലായും ..പക്ഷെ
ദാരിദ്യം നടമാടിയിരുന്നു ആ കാലത്ത് ..ഇന്നത്തെ പോലെ സര്‍ക്കാര്‍
സംവിധാനം ശക്തമല്ലായിരുന്നു .കേന്ദ്ര സഹായമോ ലോകബാങ്ക് സഹായമോ
ഇല്ലാത്ത ഒരു കാലത്ത് ഇത്രയൊക്കെ സര്‍ക്കാരിനും പറ്റുമായിരുന്നുള്ളൂ
കണ്ണില്‍ നരവീണ മാണിക്യന്‍ പറഞ്ഞു ....വിഷമങ്ങള്‍ ഉണ്ടായിരുന്നു
ആ കാലങ്ങളില്‍ പക്ഷെ സ്നേഹത്തിന്റെ കാണാച്ചരടുകള്‍ കൊണ്ട്
ബന്ധങ്ങള്‍ ഊട്ടിഉറപ്പിച്ചിരുന്നു
മാരിയമ്മക്ക് ആയിരം കണ്ണാണ് ....എന്നാലും നിങ്ങളെ
ഇവിടെ അമ്മ വീണ്ടും എത്തിച്ചില്ലേ ..വടിയുടെ ബലത്തില്‍ മാത്രം
നില്‍ക്കുന്ന ഒരു അമ്മൂമ്മ മൊഴിഞ്ഞു ..അത് ശരിയാണ് എന്ന് എല്ലാവരും
ഏറ്റുപറഞ്ഞു അപ്പോള്‍ അമ്മ പറഞ്ഞു ..ഞാന്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍
എന്നും തൊഴാന്‍ ഇവിടെ വരും ..അപ്പോള്‍ എന്റെ പ്രാര്‍ത്ഥന ജയിക്കണം
എന്നായിരുന്നില്ല ..എനിക്ക് റെയില്‍വേ ഉദ്യോഗസ്ഥന്‍ ഭര്‍ത്താവായി
വരണം എന്നായിരുന്നു ...പുഴയ്ക്ക് അപ്പുറം ഒരു ലോകം ഉണ്ട് എന്ന്
അറിയാമായിരുന്ന എനിക്ക് ഏക ആഗ്രഹം നാടുകള്‍ കാണണം എന്നായിരുന്നു
റെയില്‍വേ ഉദ്യോഗസ്ഥന്‍ ആയാല്‍ യാത്ര തരപ്പെടും ..അത്രയോക്കയെ
അന്ന് ചിന്തിക്കാന്‍ പക്വത വന്നിട്ടുള്ളു ..എന്തായാലും മാരിയമ്മ
പ്രാര്‍ത്ഥന കേട്ടു...റെയില്‍വേ ഉദ്യോഗസ്ഥന്‍ തന്നെ ഭര്‍ത്താവായി
അമ്മക്ക് കിട്ടി കുറെ നാടുകള്‍ കാണാനും പറ്റി ....

മാണിക്യന്റെ കണ്ണുകളില്‍
ഏതോ അവാച്യമായ ഒരു സന്തോഷത്തിന്റെ തിരയിളക്കം
ഈ ജന്മം കാണാന്‍ പറ്റും എന്ന് ഒരിക്കലും അടിയന്‍
കരുതിയില്ല ...ഓര്‍മ്മയുണ്ടോ ...എന്റെ അച്ഛനാ അവിടുത്തെ
കാര്യസ്ഥന്‍ .....അമ്മ പറഞ്ഞു ..നല്ല ഓര്‍മയുണ്ട് ..അച്ഛന്‍
കുമാരന്റെ അതെ മുഖം..മാണിക്യന്‍ തുടര്‍ന്നു.
ഓര്‍ക്കും ...കല്യാണം കഴിഞ്ഞു പോകുമ്പോള്‍ ..ഈ
പാട വരമ്പിലൂടെ ഞാന്‍ പെട്ടിയുമായി കൂടെ വന്നിരുന്നു
ഞാന്‍ മനസ്സില്‍ കണ്ടു ....നവവധുവായി അമ്മ കുടയും
ചൂടി പാട വരമ്പിലൂടെ നാടുകള്‍ കാണുവാനായി ഉള്ളില്‍
അടക്കി പിടിച്ച ആഗ്രഹവുമായി പുകതുപ്പുന്ന തീവണ്ടി
സ്വപ്നം കണ്ടു ..അച്ഛന്റെ കൂടെ നടന്നു നീങ്ങുന്ന
ഒരു പത്തൊമ്പത്കാരിയെ .....................................
അമ്മ പറഞ്ഞു ..അന്ന് ഒരു നീല സില്‍ക്ക് സാരിയാണ് ഉടുത്തിരുന്നത്
ഇണക്ക താലിയും ഉണ്ടായിരുന്നു ........

എന്റെ ഓര്‍മകളില്‍ പെട്ടന്ന് ഒരു രംഗം ഓര്‍മ വന്നു
റെയില്‍വേ കോളനിയിലെ ഞാന്‍ താമസിച്ചിരുന്ന
വീട് ..ഒരു ദിവസം രാവിലെ ഉറക്കം ഉണര്‍ന്ന രണ്ടു
വയസുകാരനായ ഞാന്‍ വീടിനു മുമ്പില്‍ ആദ്യമായി
പോത്തുകളെ കെട്ടിയ രണ്ടു വണ്ടികള്‍ കണ്ടു
അതില്‍ നിറയെ ഉരുളിയും ഓട്ടുപാത്രങ്ങളും പിന്നെ
വലിയൊരു നീല കണ്ണാടിയും അലങ്കരിച്ച ഒരു
കട്ടിലും.....


പനംപട്ടകള്‍ കാറ്റിലാടി ...ഒരു വല്ലാത്ത ശബ്ദം
അവിടെ മുഴങ്ങി ...കാവിലെ പൂജാരി ഇടയില്‍
ഓടിവന്നു പറഞ്ഞു ...ദീപാരാധന സമയമായി
ഞങ്ങള്‍ വീണ്ടും അമ്പലത്തിന്‍ മുന്നില്‍ എത്തി
ഒരു പ്രാചീന ക്ഷേത്രം .....ഞങ്ങള്‍ കുട്ടികാലത്ത്
അമ്പലം കെട്ടികളിക്കുമായിരുന്നു...ഇഷ്ടിക
കൊണ്ട് മൂന്നുവശവും കെട്ടി മുകളില്‍ ഓടു വെച്ച്
കിട്ടിയ കരിങ്കല്‍ കഷ്ണം വിഗ്രഹമാക്കി പായസം
വെച്ച് ഞങ്ങള്‍ കുട്ടികള്‍ കളിക്കുമായിരുന്നു ..അതുപോലെ
യാതൊരു ഷേപ്പും ഇല്ലാത്ത അമ്പലം

ഈ സമയത്ത് എനിക്കൊരു കാര്യം ഓര്‍മ വരുന്നു
ഞങ്ങള്‍ കുട്ടികള്‍ കളിക്കുമ്പോള്‍ കൊമരമാകുന്നത് എപ്പോഴും
ഞാന്‍ ആണ് ..അന്ന് എന്റെ കയ്യില്‍ വാളിനുപകരം ഒരു
ഈര്‍ക്കല ..കോഴിക്കുപകരം ബലി കൊടുത്തിരുന്നത്
പാവം തുമ്പികളെ ആയിരുന്നു ...എന്റെ മനസ്സില്‍
തലയറുത്ത തുമ്പികളുടെ പിടച്ചില്‍ ....അറിയില്ലായിരുന്നു
പശ്ചാത്താപം പാപത്തിനു പരിഹാരമാകുമെങ്കില്‍
ഇതാ എന്റെ പശ്ചാത്താപം.....എന്റെ പാപം
പൊറുക്കണമേ .....

ദീപാരാധന കഴിഞ്ഞു ...പാവാടയുടുത്ത സുന്ദരിയായ
ഒരു പെണ്‍കുട്ടി അമ്പലനടയില്‍ തൊഴുതു നില്‍ക്കുന്നു
എത്ര ഭംഗിയുള്ള കുട്ടി .ഞാന്‍ വെറുതെ ചിന്തിച്ചു
അവളും നല്ല ഒരു വരനെ സ്വപ്നം കണ്ടു .
.അവനെ എനിക്ക് തന്നെ ഭര്‍ത്താവായി
തരണം എന്നായിരിക്കുമോ അവള്‍ സങ്കല്‍പ്പിച്ചിരിക്കുക
കാരണം ..അവളുടെ കണ്ണുകളില്‍ പ്രേമഭാവം തുടിച്ചിരുന്നു
പഴകി ദ്രവിച്ച ഉമ്മറകോലായില്‍ ഞങ്ങള്‍ ഇരുന്നു
നല്ല തണുത്തവെള്ളം ഇപ്പോഴത്തെ താമസക്കാര്‍
കൊണ്ടുതന്നു...ഇരുട്ട് പരന്നിട്ടില്ല ...തലമുഴുവന്‍
വെഞ്ചാമരംപോലുള്ള മുടിയുള്ള ആഫ്രിക്കന്‍ മുഖമുള്ള
വയസ്സായ ഒരു സ്ത്രീ പറഞ്ഞു ....തങ്കം ഓര്‍മ്മയുണ്ടോ
തങ്കത്തിന്റെ അച്ഛന്‍ ഇതുപോലെ രാവിലെ പൂജ തൊഴുതു
ബാര്‍ബര്‍ ഷാപ്പില്‍ മുടിവെട്ടുവാന്‍ പോയതാ ..അവിടെ
വെച്ച് നെഞ്ച് വേദന വന്നു ...കുടിക്കാന്‍ വെള്ളം ചോദിച്ചു
ഒരല്‍പം കുടിച്ചു അവിടെ ഉറങ്ങി ..അവസാനത്തെ ഉറക്കം
അന്ന് ഗായത്രിപുഴ നിറഞ്ഞു കവിഞ്ഞ ദിനങ്ങളില്‍ ഒന്നായിരുന്നു
ബ്ലാങ്കെട്ടില്‍ പൊതിഞ്ഞ ശരീരം വെള്ളം നനയാതെ
കൊണ്ടുവന്നു ഈ ഉമ്മറകോലായില്‍ ...എന്ത് തേജസ്സായിരുന്നു
മരിച്ചു കിടക്കുമ്പോഴും .....അമ്മ ഒന്ന് തേങ്ങിയോ ......


അദ്ധ്യായം രണ്ട്

വാറാല പറ്റിപ്പിടിച്ചു ..കരിപുരണ്ട ഓടുകള്‍ നിരന്ന അടുക്കളയുടെ
ചുവരില്‍ കറുപ്പും മെഴുക്കും നിറഞ്ഞിരിക്കുന്നു ...ഉണങ്ങിയ ഒരു
വിറകുകൊള്ളി അടുപ്പില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു ...എത്ര എത്ര
പേര്‍ക്ക് അന്നം ഉണ്ടാക്കിയ ആ അടുപ്പിന്നരികില്‍ നിന്നപ്പോള്‍ നല്ല
കാളന്റെയും ഓലന്റെയും അവിയലിന്റെയും മണം മനസ്സില്‍
നിറഞ്ഞു.... കൂടെ പപ്പടം കാച്ചുന്നതിന്റെയും കടുക് വറത്തിടുന്നതിന്റെയും മണവും
ആധുനിക അടുക്കളകള്‍ വരുന്നതിനു മുന്‍പ് എത്രയധികം കഷ്ടപ്പാടുകള്‍
നമ്മുടെ മുന്‍ തലമുറയിലെ സ്ത്രീകള്‍ അനുഭവിച്ചിരിക്കുന്നു
എന്റെ ഓര്‍മയില്‍ വീട്ടിലെ അടുക്കളയുടെ അരികില്‍ ഉണങ്ങാന്‍ വെച്ച
വിറകുകള്‍..രാവിലെ തീ പിടിപ്പിക്കാന്‍ തന്നെ എന്ത് പാടാണ്
തീ ഊതി ഊതി വശം കെടും ...മഴക്കാലമായാല്‍ പറയുകയും
വേണ്ട ..പുകയേറ്റു കണ്ണുകള്‍ കലങ്ങി ചിലപ്പോള്‍ പിറുപിറുക്കുന്ന
അമ്മയുടെ മുഖം ഇപ്പോഴും ഓര്‍മയില്‍ ഉണ്ട് ..എത്ര കഷ്ട്ടപ്പെട്ടിരിക്കുന്നു
..പക്ഷെ ഒരു പരാതിയും അന്ന് കേട്ടിട്ടില്ല

വണ്ടിയില്‍ വരുന്ന വിറകുവെട്ടാന്‍ കോടാലിയുമായി അന്ന്
ആളുകള്‍ തെരുവുകളില്‍ സാധാരണമാണ് ...വീടിന്റെ മുറ്റത്ത്‌
മാവിന്റെ തണലില്‍ വിറകിന്റെ മര്‍മം നോക്കി വെട്ടികീറുന്ന
രാമനും കിട്ടനും ...അവര്‍ വിറകു വെട്ടുമ്പോള്‍ ഉണ്ടാവുന്ന
ശ്വാസ നിശ്വാസ്വം പോലും ഏതോ രാഗത്തിലായിരുന്നു
പുളി വിറകു വെട്ടികീറി ഇടുമ്പോള്‍ വല്ലാത്ത ഒരു മണം
അവിടെ പരക്കും ...ഞങ്ങള്‍ കുട്ടികളുടെ പണിയാണ് വെട്ടിയ
വിറകെല്ലാം വെയിലത്ത് ഉണക്കാന്‍ ഇടുക എന്നത് ...പെട്ടന്നാവും
വേനന്‍ മഴ ...പിന്നെ ഒരു പൊരിച്ചലാണ് അതെല്ലാം
പെറുക്കികൂട്ടാന്‍ ..രണ്ടു വിറകുകള്‍ പതിനൊന്നിന്റെ രൂപത്തില്‍
വെച്ച് അതിന്റെ മുകളില്‍ വിറകുകള്‍ അടുക്കി വെച്ച്
വിറകുപുരയില്‍ കൊണ്ടിടുമ്പോള്‍ .നനഞ്ഞ ചിറകുകള്‍
കുടഞ്ഞു കോഴികള്‍ വിറകു പുരയുടെ ചുമരുകളില്‍ സ്ഥാനം
പിടിച്ചിട്ടുണ്ടാവും മഴക്കാലം ആയാല്‍ പറയുകയും വേണ്ട
കറുത്തിരുണ്ട ആകാശം..ചിലപ്പോള്‍ നാലഞ്ചു ദിവസം
മഴ തോരില്ല ...അപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയം അടയ്ക്കും
കാരണം കാറ്റില്‍ ഓടുകള്‍ പറന്നു പോയിട്ടുണ്ടാവും ..
ജനല്‍ പാളികളിലൂടെ..ജനല്‍ കമ്പിയില്‍ മുഖം അമര്‍ത്തി
മുറ്റത്തെ തോരാത്ത മഴ നോക്കി നിക്കുമ്പോള്‍ ...അവാച്യമായ
ഒരു അനുഭൂതി ഉണ്ടായിരുന്നു ..മഴ കഴിഞ്ഞാലും പാതയോരത്തുകൂടെ
ഒഴുകുന്ന നീര്‍ച്ചാലുകളില്‍ കടലാസുതോണി ഉണ്ടാക്കി അത്
ഒഴുക്കി കളിച്ച ആ ദിനങ്ങള്‍ ഇനി തിരിച്ചു വരില്ല
എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ എവിടെയോ ഒരു തേങ്ങല്‍

ഉച്ചതിരിഞ്ഞാല്‍ അടുക്കളയില്‍ നിന്നും നല്ല പലഹാരങ്ങളുടെ മണം വരും ഇന്നത്തെപോലെ ബേക്കറികള്‍ സജീവമായിരുന്നില്ല ...വീട്ടില്‍ തന്നെ പലവിധത്തിലുള്ള
പലഹാരങ്ങള്‍ ഉണ്ടാക്കും ...ഇന്ന് ആര്‍ക്കും ഒന്നിനും സമയമില്ല
എല്ലാം കിട്ടുന്ന ബേക്കറികള്‍ സുലഭം ..പിന്നെ എന്തിനു കഷ്ട്ടപ്പെടുന്നു
അടുത്തവീട്ടിലെ സ്ത്രീകള്‍ വരെ ഒരു വീട്ടില്‍ പലഹാരം ഉണ്ടാക്കുമ്പോള്‍
കൂടെ സഹായിയ്ക്കാന്‍ വരും ...മഴയുടെ ആരവത്തിനിടയില്‍ റേഡിയോ
നാടകങ്ങളും പാട്ടുകളും ....ഒരു കൂട്ടായ്മ ഉണ്ടായിരുന്നു ആ കാലങ്ങളില്‍
ഇന്ന് കാണുന്നതുപോലെ ഉള്ള ഒരു കപട സ്നേഹമായിരുന്നില്ല എന്നു
തോന്നുന്നു ..ഒട്ടുമിക്ക പലഹാരങ്ങളും വീട്ടില്‍ തന്നെ ഉണ്ടാവും
ബിസ്കറ്റ് അന്നത്തെ വിശിഷ്ട ഭോജ്യം ...വിരുന്നുകാര്‍ വരുമ്പോള്‍
മാത്രമേ വീട്ടില്‍ ഇതു കാണുകയുള്ളൂ

മഴയെത്തുന്നതിനു മുമ്പ് ചക്കകള്‍ എല്ലാം
വരട്ടി വെക്കും ..നന്നായി ശര്‍ക്കര ചേര്‍ത്തു തയിര്‍ കടഞ്ഞു
വെണ്ണയാക്കി പിന്നെ ഉരുക്കി നെയ്യാക്കി അതും ചേര്‍ത്ത്
തയാറാക്കിയ ചക്ക വരട്ടിയത് രണ്ടു കൊല്ലം കേടുകൂടാതെ
ഇരിക്കും ..

കോരിച്ചൊരിയുന്ന മഴയും അടുക്കളയില്‍ നിന്നും ഉയരുന്ന പുകച്ചുരുളുകള്‍
കാറ്റില്‍ അലിയാതെ അടുക്കളയുടെ മുകളില്‍ തങ്ങി നില്‍ക്കുന്നതും
നനഞ്ഞു ഈറനായ ഒരു കാക്ക കോലായില്‍ എന്തിനോവേണ്ടി
കാത്തിരിക്കുന്നതും ..ഉമ്മറത്തെ ചാരുകസേരയില്‍ ഓട്ട് ഗ്ലാസില്‍
ശര്‍ക്കര കാപ്പിയും കുടിച്ചിരിക്കുന്ന മുത്തച്ചനും പിന്നില്‍ വാതിലില്‍
മറയില്‍ മുത്തശിയെയും മുറ്റത്ത്‌ വട്ടുകളിക്കുന്ന മുടി പിന്നിയിട്ട്
കരിയെഴുതിയ മിഴികളും കുപ്പി വളകളും പിഞ്ഞിയ ഉടുപ്പുകളും ഇട്ട
പെണ്‍കുട്ടികളെയും കൂടെ കളികൂട്ടുകാരിയുടെ ചെവിയില്‍ രഹസ്യം
ഓതി പൊട്ടിച്ചിരിക്കുന്ന കെട്ടുകല്യാണം കഴിഞ്ഞ ഒരുപാട്
പെണ്‍കുട്ടികളെയും ഞാന്‍ ഒരു നിമിഷം മനസ്സില്‍ കണ്ടു


മൂന്നാം അദ്ധ്യായം

ആല്‍ത്തറയില്‍ കുറച്ചുനേരം ഇരുന്നു ...പടിഞ്ഞാറന്‍ വെയില്‍
മങ്ങിത്തുടങ്ങി. തലക്കുമുകളില്‍ ഏതെല്ലാമോ കിളികള്‍
നിറുത്താതെ ചിലച്ചുകൊണ്ടിരിക്കുന്നു ....ഇടവഴികളില്‍ ആള്‍ പെരുമാറ്റം
കുറഞ്ഞുവരുന്നു . ഒന്ന് രണ്ടുപേര്‍ എന്തെല്ലാമോ പിറുപിറുത്തുകൊണ്ട്
മദ്യലഹരിയില്‍ ഇടവഴിയിലൂടെ ആടിയാടി പോകുന്നു.

മുള്ളുകൊണ്ട് കെട്ടിയ വേലികളും അതില്‍ വിരിഞ്ഞു നില്‍ക്കുന്ന
ചെമ്പരത്തിപ്പൂക്കളും മഞ്ഞ കോളാമ്പിപൂക്കളും പെട്ടന്ന് എന്റെ
മനസ്സില്‍ വിരിഞ്ഞു

രാത്രിയുടെ നാട്ടു വെളിച്ചവും പിന്നെ മുനിഞ്ഞു കത്തുന്ന
റാന്തല്‍ വിളക്കുകളുടെ പരക്കുന്ന ചെറുപ്രകാശവും അല്ലാതെ
ഒരു നാല്‍പതുകൊല്ലം മുന്‍പ് ഞങ്ങളുടെ നാട്ടു വഴികളില്‍ വേറെ വെളിച്ചം
ഉണ്ടായിരുന്നില്ല.രാത്രിയുടെ മറവില്‍ ഇടവഴികളില്‍ പാത്തും പതുങ്ങിയും
ആളുകള്‍ വരും സൈക്കിള്‍ടുബില്‍ നിറച്ച "റാക്ക് "എന്നറിയപ്പെട്ടിരുന്ന
നാടന്‍ ചാരായം കുടിക്കാന്‍ ആയിരുന്നു ആളുകള്‍ വന്നിരുന്നത് .
അവരുടെ കൂട്ടത്തില്‍ ചില സ്ത്രീകളും ഉണ്ടാവാറുണ്ട് .ഇടവഴികള്‍
അന്ന് റാക്ക് കച്ചവടത്തിന്റെയും രതിലീലകളുടെയും താവളം ആയിരുന്നു

ഞങ്ങള്‍ കൊച്ചു കുട്ടികള്‍ രാത്രിയില്‍ ഇടവഴിയിലൂടെ
നടക്കാറില്ലായിരുന്നു .എന്തെങ്കിലും കാരണവശാല്‍
ചൂട്ടും കത്തിച്ചു വരുമ്പോള്‍ ഇതൊരു പതിവുകാഴ്ചയായിരുന്നു
അരയില്‍ ചുറ്റിവെച്ച സൈക്കിള്‍ ടുബില്‍നിന്നും ഗ്ലാസ്സുകളിലേക്ക്
പകരുന്ന ഈ ചാരായത്തിനു വല്ലാത്ത ഒരു ദുര്‍ഗന്ധം ആയിരുന്നു
പക്ഷെ അതിന്റെ വീര്യം ചെറുതല്ല എന്നു പറഞ്ഞുകേട്ടിട്ടുണ്ട്

നിരോധിച്ച വീര്യമുള്ള ഈ റാക്ക് പിടിക്കുവാന്‍ ട്രൌസറിട്ട
പോലീസുകാര്‍ അന്ന് തലങ്ങും വിലങ്ങും ഓടി നടക്കുമായിരുന്നു
ചില ദിവസങ്ങളില്‍ വീടിന്റെ മുന്നിലെ ഇടവഴിയില്‍ ആളുകള്‍
ഓടുന്നശബ്ദവും പിറകെ ബൂട്സിന്റെ ശബ്ദവും കേട്ട് ഞങ്ങള്‍
ഞെട്ടി തെറിക്കുമായിരുന്നു..പലപ്പോഴും വീടിന്റെ മുറ്റത്തു പിറ്റേന്നു
രാവിലെ മതിലരികിലായി സൈക്കിള്‍ ടുബുകള്‍ കിടക്കുന്നത് കണ്ടിട്ടുണ്ട്
.ഞങ്ങള്‍ എടുക്കാന്‍ പോയാല്‍ അമ്മ വലിയ ശബ്ദത്തില്‍
വഴക്ക് പറയും ...കുറെ നേരം കഴിഞ്ഞാല്‍ കേള്‍ക്കാം ഒരു
ശബ്ദം ..തബ്രാട്ടി ..അടിയന്‍ എടുത്തോട്ടെ എന്നു ചോദിച്ചു
വായില്‍ വെറ്റില കറയും ചുവന്ന കണ്ണുകളും നീട്ടിയ മുടിയും
ഉള്ള കറുപ്പന്‍ വരും ..അനുവാദത്തിനു കാത്തുനില്‍ക്കാതെ ഞങ്ങളെ
നോക്കി ചിരിച്ചു ട്യൂബ് അരയില്‍ കെട്ടി കറുപ്പന്‍ പോകും
കുറച്ചുകഴിഞ്ഞാല്‍ അടുക്കളവശത്ത് തേങ്ങലും
പതംപറച്ചിലും ..കറുപ്പന്റെ ഭാര്യ അമ്മാളു കെട്ടിയവനെ
പോലിസ് പിടിച്ചതും അടിച്ചതും പിന്നെ പണം കൊടുത്തു ഇറക്കി
കൊണ്ടുവന്നതും വള്ളിപുള്ളി വിടാതെ പറയുന്നതു കേള്‍ക്കാം
ഈ കറുപ്പന്‍ മീനമാസമായാല്‍ കൊടുങ്ങല്ലൂരിലേക്ക് പോകും
ഭരണി തൊഴാന്‍ ...ആ രാത്രികളില്‍ തന്നാരം പാട്ടിന്റെ
ശീലുകള്‍ മുളവടിശബ്ദത്തിന്റെ അകമ്പടിയോടെ
ഒഴുകിവരും ..മതിലിന്റെ ഇപ്പുറം നിന്നും ഞങ്ങള്‍ കുട്ടികള്‍
ഇതു കേട്ടുനില്‍ക്കും ....രാത്രി വീട്ടു മുറ്റത്ത്‌ നിലവിളക്കുകൊളുത്തി
പാടുന്ന ഭരണിപ്പാട്ടില്‍ തെറി ഉണ്ടാവാറില്ല .. ഭരണിക്ക് പോകുന്നതിനു
മുന്‍പായി വലിയ പൂജയും മറ്റും ഉണ്ടാകും ...അരളി മരത്തിന്റെ
ചോട്ടില്‍ ഉള്ള ദൈവങ്ങളുടെ മുന്‍പില്‍ കത്തിച്ചു വെച്ച വിളക്കുകള്‍
അരളിപൂവും ചന്ദനവും ഭസ്മവും വാളും ചിലമ്പും ... തലയില്‍ വെള്ളം
ഒഴിക്കുമ്പോള്‍ കുടയുന്ന പൂവന്‍ കോഴികള്‍ ...ചീറ്റുന്ന രക്തം
.തല വെട്ടിപോളിച്ചു ഉറഞ്ഞു തുള്ളുന്ന കറുപ്പന്‍ എന്ന വെളിച്ചപ്പാട് ..
തലയില്‍ ഭസ്മവും മഞ്ഞപൊടിയും വിതറി പടിയിറങ്ങുമ്പോള്‍
ഞങ്ങളുടെ വീട്ടില്‍ കയറും ..വിളക്കുകൊളുത്തി വെച്ച് അമ്മ കറുപ്പന്
വാള്‍പണം കൊടുക്കും ...നല്ല മണമുള്ള ഭസ്മം വാരി
വിതറി കറുപ്പന്‍ പോകും വന്നാല്‍ തുടങ്ങും വീണ്ടും "റാക്ക് "
കച്ചവടം

ഞങ്ങളുടെ വീട്ടിന്റെ അടുത്തായി ഒരു ചെറിയ അമ്പലം ഉണ്ട്
അതിന്റെ അടുത്തായി പലകകള്‍ വിരിച്ചു ഒരാള്‍ ഒരു പെട്ടിക്കട
നടത്തുണ്ട് ..ചാമി എന്നാണു അയാളുടെ പേര്‍
നല്ല ഒത്ത വണ്ണം ..കലങ്ങിയ കണ്ണുകള്‍ കപ്പടാ മീശ ... ബനിയനും
മുണ്ടും സ്ഥിരം വേഷം പിന്നെ മുണ്ടിന്റെ മുകളിലെ പച്ച ബെല്‍ട്ടും ..
എല്ലാം കൊണ്ടും ഞങ്ങള്‍ കുട്ടികള്‍ക്ക് ചാമിയെ പേടിയായിരുന്നു
.പ്രധാനമായും ബീഡിയും സിഗരറ്റും മുറുക്കാന്‍ വെറ്റിലയും മറ്റുമാണ്
കച്ചവടം പിന്നെ വലിയ സിമന്റു തൊട്ടിയിലെ വെള്ളത്തില്‍ ഇട്ട
സോഡയും
ഒരുദിവസം അമ്പല പറമ്പില്‍ കളിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ
ഇടയിലൂടെ പൊടി പറത്തികൊണ്ട് ഒരു പോലിസ് ജീപ്പ് ..
ഞങ്ങള്‍ പുറകെ ഓടി ..ജീപ്പ് കടയുടെ മുന്നില്‍ നിര്‍ത്തി ..പോലീസുകാര്‍
ചാടി ഇറങ്ങി ...ഒരു കൂസലും ഇല്ലാതെ ഇരുക്കുന്ന ചാമിയെ
വകവെക്കാതെ പോലീസുകാര്‍ കടയില്‍ കയറി നാലു നിറച്ച
സൈക്കിള്‍ ടുബുകള്‍ പിടിച്ചു ..എഴുന്നെല്‍ക്കാടാ ... നായിന്റെ മോനെ
എന്ന് അലറിയിട്ടും എഴുന്നെല്‍ക്കാത്ത ചാമിയുടെ ഷര്‍ട്ടില്‍
പോലിസ് കയറിപിടിച്ചു ..തൂക്കി പുറത്തിട്ടു ...അപ്പോള്‍ ഞങ്ങള്‍
കണ്ടു ..അരക്ക് താഴെ ശോഷിച്ചു നില്‍ക്കാന്‍ പറ്റാത്ത
ചാമിയെ .....അലറി വന്ന പോലിസ് ..ഒരു നിമിഷം പതറി
പിന്നെ ഒന്നും പറയാതെ ടുബുകള്‍ അവിടെ വലിച്ചെറിഞ്ഞു
ജീപ്പ് പോടീ പറപ്പിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോയി ....