Friday, September 12, 2014


നിലാവിറ്റിറ്റുവീഴുന്നു 
മുളംകാട്ടിൽ നിശബ്ദമായി 
ശിശിരരാത്രി

വെറുതെപാടുന്നു
മുളംകൂട്ടത്തിലൊറ്റക്കിളി
നിലാവുദിക്കുന്നു

കടക്കണ്ണിൽപ്രണയം 
കൈകൂപ്പി പ്രദക്ഷിണം വെക്കുന്നു 
പ്രഭാതശീവേലി

നനഞ്ഞ ഗുൽമോഹർ 
ആളൊഴിഞ്ഞ ചാരുബഞ്ചിൽ 
ഒരുകുടക്കീഴിൽ നനയാതെ

പ്രദക്ഷിണം വെക്കുന്നു 
ഒരു കൂടപൂവും ചന്ദനഗന്ധവും 
നനഞ്ഞ പാദസരം 

കാറ്റോടുന്നു പതിയെ 
കറ്റ കൊയ്ത മണവുമായി 
അരിപ്രാവുകൾ കുറുകുന്നു

യാത്രചോദിക്കുന്നു
കുന്നിറങ്ങിയ കോടമഞ്ഞ് 
കാവുകടക്കുന്നു തെയ്യം

രാത്രിവണ്ടി പോകുന്നു
ഇരുൾവീണ വഴികളിൽ
പിച്ചകപ്പൂഗന്ധം

തണുത്ത മൌനം 
മുറിക്കുന്നു ചിറകൊച്ച
മച്ചിലെ ഭഗോതി

ആടിക്കാറ്റിലാടുന്നു
വരാന്തയിലൊരു ഊഞ്ഞാൽ 
നരച്ച മുടിയിഴകളും

കൂത്തമ്പലത്തിൽ 
നൃത്തച്ചുവടുമായരിപ്രാവുകൾ 
മഴക്കാറ്റ് വീശുന്നു

എത്തിനോക്കുന്നു 
വേലിയിൽ പൂത്ത ചെമ്പരത്തി 
പൊന്നോണം വന്നുവോ

ഇണചേരുന്നു 
മഴയുടെ കുളിരും താളവും 
ഒരു കുടക്കീഴിൽ

ഏതു ചെപ്പിൽ സൂക്ഷിച്ചു 
പാദസരമണിക്കിലുക്കം 
നിഴൽ വീണ വഴികൾ

മഴ നനഞ്ഞു വരുന്നു 
ഒരു മൂളിപാട്ടിൻ ഈണം
ചെമ്പകഗന്ധവും

കർക്കിടക മഴയിൽ
കരയുന്നു ബലിപ്പൂക്കൾ 
മുക്കുറ്റി മൊട്ടിട്ടു

വെറുതെ പാടുന്നു 
ഇലതണുപ്പിലൊരുകുയിൽ 
മറുഗാനം കേൾക്കാതെ

പട്ടുപാവാടയിൽ 
കുരുങ്ങിയൊരു തൊട്ടാവാടി 
പാദസരം ചിരിക്കുന്നു

ഒരിറ്റു കുങ്കുമം 
തുളസിത്തറയിൽ 
ദീപം തെളിയുന്നു

മഴയിലലിയുന്നു
അഷ്ടപദിശീലുകൾ 
നനഞ്ഞ പ്രാവിണകൾ

ജാലകച്ചില്ലിൽ 
ഹിമകണമൊഴിയുന്നു 
പൂത്തുലഞ്ഞമരം

താമരകുളക്കരയിൽ 
പൂവിറുക്കുന്നൊരു കൌമാരം
പട്ടുപാവാട നനയാതെ

വീശരുതേ കാറ്റേ 
നൃത്തം വെച്ചു നീങ്ങുന്നു 
നീർപ്പോളകൾ

പുലർസന്ധ്യ 
തീകായുന്നു വഴിയോരം
മഞ്ഞു മുറിച്ചൊരു കിളി

മഴത്തുള്ളിത്താളം 
കേട്ടിരിക്കുന്നു കോലായിൽ 
ഒരു നനഞ്ഞ കാക്ക

നൃത്തമാടുന്നു 
വീണ്ടും ജനിക്കുമെന്നാർത്താ
കൊഴിയുമിലകൾ

ഒഴിഞ്ഞ മൈതാനം 
ഒരു പന്തതാ നനയുന്നു 
പശുവും കിടാവും

പൊട്ടുകുത്തുന്നു 
പൊടിമണ്ണിൽ പുതുമഴ 
കെട്ടുപൊട്ടിയ പട്ടം

കടവാവലുകൾ 
നിഴലായ് നിലാവിൽ 
പുള്ളുവൻ പാടുന്നു

കൽപ്പടവിൽ 
ഊന്നു വടിയുമായൊരാൾ 
പുഴ തിരിഞ്ഞൊഴുകുമോ

ഒരു പൂ തരുമോ 
പൂക്കൂടനോക്കി കേഴുന്നു 
മുടിയഴിച്ചിട്ട ആൽ

ആരു പഠിപ്പിച്ചു 
പൊൻമുളംതണ്ടേ 
ഏഴു സ്വരം

പാടിയകലുന്നു 
പുഴമുകളിലൊരുപക്ഷി 
മഴവരുന്നു

എന്തേ കരിവണ്ടേ 
പൂവിൽ തൊട്ടും തൊടാതെയും 
പേടിച്ചിട്ടാണോ

പുഴയരികിൽ 
ചിത എരിഞ്ഞമരുന്നു 
ഒഴുകുന്ന തോണി






Sunday, April 6, 2014

Haiku Poems

ഉമ്മവെക്കാറുണ്ടോ
ഒത്തിരി ശലഭങ്ങൾ ഈ
നക്ഷത്രപൂക്കളിൽ

നോക്കൂ ഒരു ശലഭം
ചുംബിക്കുന്നതാ മൊട്ടിനെ
തുടുത്ത ചുണ്ടുകൾ

ലാസ്യചലനം
ഉണരുന്നു കൂത്തമ്പലം
ഇണപ്രാവുകൾ

ചുംബിക്കട്ടെ
കർണാ ഒരിക്കൽക്കൂടി
കുന്തി കരയുന്നു ഇന്നും

വെണ്ണിലാവിൽ
വീണപാടുന്നു മോഹനം
ഉറങ്ങിയ തെരുവ്

കേൾക്കുന്നുവോ
താരാട്ടുപാട്ടിൻ ഈണം
ചിതയരികിലെ കാറ്റിൽ

കിളികൾ കൊഞ്ചുന്നു
ജാലകവാതിലിൽ ഒരു മുഖം
മുറ്റമടിക്കുന്ന ഒച്ച

കൽപ്പടവിൽ
ഊന്നു വടിയുമായൊരാൾ
പുഴ തിരിഞ്ഞൊഴുകുമോ

കസവുകെട്ടിയ
രാമച്ചവിശറിയും അമ്മയും
പകൽസ്വപ്നം

കാടിളക്കി വരുന്ന
കാറ്റിനെന്തേ ഇത്ര കോപം
മഴവില്ല് മാഞ്ഞതോ

ഭസ്മകാറ്റിൽ
മണികൾ മുഴങ്ങുന്നു
കുളമ്പടി നാദം

നന്തുണിനാദം
ഉതിരുന്നു പാതിരാകാറ്റിൽ
കാവുണരുന്നു

കൊട്ടും കുരവയും
ഘോഷയാത്ര നീങ്ങുന്നു
തോളിലൊരു പൂമ്പാറ്റ


സീമന്ത രേഖയിൽ
കുങ്കുമംചാർത്തുന്നു സന്ധ്യ
എന്തെ കിളികൾ കൂടണയാതെ

കുംഭനിലാവിൽ
കാടിന്റെ സംഗീതം
മഴവരുമോ

മേഘമാലയിൽ
മുത്തായി തീർന്നെങ്കിൽ
അപ്പൂപ്പൻതാടി

ഒരു പൂ തരുമോ
പൂക്കൂടനോക്കി കേഴുന്നു
മുടിയഴിച്ചിട്ട ആൽ

ആരു പഠിപ്പിച്ചു
പൊൻമുളംതണ്ടേ
ഏഴു സ്വരം

കാറ്ററിയാതെ
എങ്ങുനിന്നും വരുന്നു
ഈ പൂമണം

മുളങ്കാടിന്റെ മർമരം
നിലാവിന്റെ മന്ദസ്മിതം
സംഗമരാത്രി

പൊട്ടിയ കുടത്തിൽ
പോക്കുവെയിൽ മങ്ങുന്നു
മഞ്ഞിറങ്ങിയ നിള

നിളയോരകാറ്റിൽ
കേൾക്കുന്നതെന്തേ ഈ
കൊലുസിന്റെ നാദം

മഴവിൽവലയിൽ
എന്തൊരഹങ്കാരം ചിലന്തിക്കു
ഈപുലരിയിൽ

പാടിയകലുന്നു
പുഴമുകളിലൊരുപക്ഷി
മഴവരുന്നു

ഈകൽക്കെട്ടിൽ
ഒരിറ്റുകണ്ണീർവറ്റാതെ
കുഴിമാടം തുറന്നുവോ

തിങ്കളുദിക്കുന്നു
ഭസ്മക്കുറിയുമായി
ശ്രീബലിമേളം

യുഗ്മഗാനം
പാടുന്നു മഴയും വെയിലും
ശാന്തിമുഹൂർത്തം

കുപ്പിവളകൾ
രതിതാളം മറക്കുന്നു
കാറ്റു നിലച്ച പാതിര

പച്ചവേഷം
നടന്നകലുന്നു
അണഞ്ഞ വിളക്ക്

യാമങ്ങൾ തോറും
ഒരു കിളി പാടുന്നു
എനിക്കുവേണ്ടി

എന്തേ കരിവണ്ടേ
പൂവിൽ തൊട്ടും തൊടാതെയും
പേടിച്ചിട്ടാണോ

വേലിയിൽ പൂമ്പാറ്റ
വെയിൽ കാത്തിരിക്കുന്നു
മഴ പെയ്യുന്നു

ഇടവഴിയിൽ
മഴവെള്ളമൊഴുകുന്നു
വിലാപയാത്ര

മേഘനിഴലുകൾ
കുന്നിറങ്ങിവരുന്നു
വേഷമഴിച്ച തെയ്യം


ആൽമരം ചോദിക്കുന്നു
പൊൻ താലിതരാമോ ....?
സൂര്യൻ മറയുന്നു

കുളക്കടവിൽ
നിലാവുകുളിച്ചു കയറുന്നു
എന്തൊരു സുഗന്ധം

വേണുനാദമായി
കുന്നിക്കുരുവിൻ മർമരം
യമുനയൊഴുകുന്നു

ആദ്യസമാഗമം
മഴയെ പുണരുന്നു
ചുടുനിശ്വാസം

രാമച്ചഗന്ധം
പരക്കുന്നു കാറ്റിൽ
പൂവുതിരും സന്ധ്യ

ചുറ്റമ്പലത്തിൽ
കുഞ്ഞുതൊട്ടിലാടുന്നു
ഇളകുന്നു അമ്മതൊട്ടിൽ

കദംബമാല
വാടിതളർന്നതാചുവരിൽ
നേരംപുലരുന്നു

അലയുന്നുപാരിൽ
മേഘമായി ആത്മാക്കൾ
ജന്മംതേടി

മഞ്ഞുപ്പെയ്യുന്നു
വിരഹചൂടിനുമേൽ
ദൂരെചീവീടുകൾ

കാത്തിരിപ്പൂ
ചെറുനോവുമായൊരുവൾ
ഒറ്റക്കുയിൽ പാടുന്നു

വേനൽസന്ധ്യ
കാറ്റിനെന്തൊരു കുളിര്‌
ദൂരെ വേനൽമഴ

പുഴയരികിൽ
ചിത എരിഞ്ഞമരുന്നു
ഒഴുകുന്ന തോണി

മഞ്ഞുപ്പെയ്യുന്നു
ഇലകളനങ്ങാത്ത രാത്രി
കിളിയുടെ വിലാപം

ഇലകൊഴിഞ്ഞ മരം
കാക്കകൾ ചിറകുകുടയുന്നു
വേനൽമഴ


Wednesday, February 26, 2014

H A I K U POEMS

കാത്തിരിപ്പൂ 
ചെറുനോവുമായി ഒരുവൾ 
ഒറ്റക്കുയിൽ പാടുന്നു

പാതിരാ കാറ്റ് 
ജാലകം കടക്കുന്നു 
അണയുന്ന അഗ്നി

വേനൽസന്ധ്യ 
കാറ്റിനെന്തൊരു കുളിര്‌
ദൂരെ വേനൽമഴ

മോഹങ്ങൾ 
കടൽ കടക്കുന്നു 
മരുഭൂമിയിൽ മഴ

കുന്നിറങ്ങുന്നു
പാലു മണത്തു കുഞ്ഞാടുകൾ 
സഞ്ചി കെട്ടിയ അകിട്

തുണ്ടുമേഘം 
മഞ്ഞളിട്ട കൊന്നമരം 
കാവിലെ വേല

പ്രണയം 
വെറുതെ ഒഴുകുന്നു
വഴിതെറ്റിയ പുഴ

മുറിച്ച പൂമരം 
പൂക്കൾ തേടുന്നു 
കുരുവികൂട്ടം

പട്ടുപുതച്ച ശവം 
മുലകൊടുക്കുന്നൊരമ്മ 
നനഞ്ഞ നടുമുറ്റം

പുഴയരികിൽ 
ചിത എരിഞ്ഞമരുന്നു 
ഒഴുകുന്ന തോണി

മഞ്ഞുപ്പെയ്യുന്നു
ഇലകളനങ്ങാത്ത രാത്രി
കിളിയുടെ വിലാപം

ഇലകൊഴിഞ്ഞ മരം
കാക്കകൾ ചിറകുകുടയുന്നു
വേനൽമഴ

പുസ്തകത്താളിൽ
വാടിയ ചെമ്പകഇതൾ
ദിനമറിയാതെ

പിറുപിറുക്കുന്നു 
അമ്പലനടയിലൊരു 
ഭ്രാന്തൻ

കളപ്പുരമുറ്റം 
പതിരുകൊത്തുന്നു 
കോഴിക്കൂട്ടം

മഴയൊഴിഞ്ഞ മുറ്റം 
വഴിതെറ്റി നടക്കുന്നു 
ഒരു ഞണ്ട്

ഇടവഴിയിൽ 
പറ എഴുന്നള്ളുന്നു 
പട്ടിയുടെ കുര

കുറ്റിമരത്തിൽ 
ഒറ്റക്കൊരു പക്ഷി 
വന്ധ്യമേഘങ്ങൾ

നീലവെളിച്ചം 
അടയുന്ന മിഴികൾ 
ഇരുണ്ടഗുഹ

നിലാവിലലിഞ്ഞു
ജനലഴികളിൽ മുഖം ചേർത്ത്
വിരഹത്തിൻ ഗ്രീഷ്മം

മരക്കോണി
ചിരിക്കുന്ന ചിലങ്ക
കുളിർ സ്പർശം

കളപ്പുരമുറ്റം
ആളില്ലാക്കുടയും കാക്കയും
നെല്ലുണങ്ങുന്നു

വെറ്റിലക്കൊടി
മുറുക്കിചോന്ന ചുണ്ടുമായി 
ഇണ തത്തകൾ

നനഞ്ഞ കുട്ടി
ബലിച്ചോറു തൊടാതെ
കരയുന്ന കാക്ക

ചുറ്റമ്പലത്തിൽ
ഇണചേരുന്ന പ്രാവുകൾ
ദൂരെ ശില്പി ചിരിക്കുന്നു

മരച്ചില്ലകളിൽ
വെയിൽ ഒളിക്കുന്നു
കുന്നിറങ്ങുന്ന മഴ

നനഞ്ഞ പുലരി
ഒരു കരിവണ്ടുപ്പറക്കുന്നു
മഴവില്ലുമായി

പാദങ്ങൾ തൊടവേ
കൊഴിയുന്ന പൂദളങ്ങൾ
പോകാൻ മടിച്ചൊരു പൂമ്പാറ്റ

പാതവക്കിൽ 
പാതിരാക്കാറ്റിൽ 
ഒറ്റക്കൊരുവൾ

നെല്ലോലതുമ്പിൽ
ഉമ്മവെക്കുന്നു
പോക്കുവെയിൽ തുമ്പികൾ

പൂരമെഴുന്നള്ളുന്നു 
മകന്റെ ചിത്രവും നോക്കി 
കണ്ണു നനഞ്ഞയമ്മ

വെള്ളിമേഘങ്ങൾ 
വരവേൽപ്പിനായി
ഉത്തരായണം

നെല്ലിക്കാട്ടിൽ 
നിലാവിറ്റുവീഴുന്നു 
ചിതറിയ മുത്തുകൾ

കടവാവലുകൾ 
ചിതറിപ്പറക്കുന്നു 
ഉൽസവരാത്രി

വഴിവിളക്ക്
വെയിലിൽ കത്തുന്നു 
മുഷിഞ്ഞ പല്ലി

ചുവന്നപൊട്ട് 
പൂത്തിരി വെട്ടത്തിൽ 
സൂര്യകാന്തി