Friday, September 12, 2014


നിലാവിറ്റിറ്റുവീഴുന്നു 
മുളംകാട്ടിൽ നിശബ്ദമായി 
ശിശിരരാത്രി

വെറുതെപാടുന്നു
മുളംകൂട്ടത്തിലൊറ്റക്കിളി
നിലാവുദിക്കുന്നു

കടക്കണ്ണിൽപ്രണയം 
കൈകൂപ്പി പ്രദക്ഷിണം വെക്കുന്നു 
പ്രഭാതശീവേലി

നനഞ്ഞ ഗുൽമോഹർ 
ആളൊഴിഞ്ഞ ചാരുബഞ്ചിൽ 
ഒരുകുടക്കീഴിൽ നനയാതെ

പ്രദക്ഷിണം വെക്കുന്നു 
ഒരു കൂടപൂവും ചന്ദനഗന്ധവും 
നനഞ്ഞ പാദസരം 

കാറ്റോടുന്നു പതിയെ 
കറ്റ കൊയ്ത മണവുമായി 
അരിപ്രാവുകൾ കുറുകുന്നു

യാത്രചോദിക്കുന്നു
കുന്നിറങ്ങിയ കോടമഞ്ഞ് 
കാവുകടക്കുന്നു തെയ്യം

രാത്രിവണ്ടി പോകുന്നു
ഇരുൾവീണ വഴികളിൽ
പിച്ചകപ്പൂഗന്ധം

തണുത്ത മൌനം 
മുറിക്കുന്നു ചിറകൊച്ച
മച്ചിലെ ഭഗോതി

ആടിക്കാറ്റിലാടുന്നു
വരാന്തയിലൊരു ഊഞ്ഞാൽ 
നരച്ച മുടിയിഴകളും

കൂത്തമ്പലത്തിൽ 
നൃത്തച്ചുവടുമായരിപ്രാവുകൾ 
മഴക്കാറ്റ് വീശുന്നു

എത്തിനോക്കുന്നു 
വേലിയിൽ പൂത്ത ചെമ്പരത്തി 
പൊന്നോണം വന്നുവോ

ഇണചേരുന്നു 
മഴയുടെ കുളിരും താളവും 
ഒരു കുടക്കീഴിൽ

ഏതു ചെപ്പിൽ സൂക്ഷിച്ചു 
പാദസരമണിക്കിലുക്കം 
നിഴൽ വീണ വഴികൾ

മഴ നനഞ്ഞു വരുന്നു 
ഒരു മൂളിപാട്ടിൻ ഈണം
ചെമ്പകഗന്ധവും

കർക്കിടക മഴയിൽ
കരയുന്നു ബലിപ്പൂക്കൾ 
മുക്കുറ്റി മൊട്ടിട്ടു

വെറുതെ പാടുന്നു 
ഇലതണുപ്പിലൊരുകുയിൽ 
മറുഗാനം കേൾക്കാതെ

പട്ടുപാവാടയിൽ 
കുരുങ്ങിയൊരു തൊട്ടാവാടി 
പാദസരം ചിരിക്കുന്നു

ഒരിറ്റു കുങ്കുമം 
തുളസിത്തറയിൽ 
ദീപം തെളിയുന്നു

മഴയിലലിയുന്നു
അഷ്ടപദിശീലുകൾ 
നനഞ്ഞ പ്രാവിണകൾ

ജാലകച്ചില്ലിൽ 
ഹിമകണമൊഴിയുന്നു 
പൂത്തുലഞ്ഞമരം

താമരകുളക്കരയിൽ 
പൂവിറുക്കുന്നൊരു കൌമാരം
പട്ടുപാവാട നനയാതെ

വീശരുതേ കാറ്റേ 
നൃത്തം വെച്ചു നീങ്ങുന്നു 
നീർപ്പോളകൾ

പുലർസന്ധ്യ 
തീകായുന്നു വഴിയോരം
മഞ്ഞു മുറിച്ചൊരു കിളി

മഴത്തുള്ളിത്താളം 
കേട്ടിരിക്കുന്നു കോലായിൽ 
ഒരു നനഞ്ഞ കാക്ക

നൃത്തമാടുന്നു 
വീണ്ടും ജനിക്കുമെന്നാർത്താ
കൊഴിയുമിലകൾ

ഒഴിഞ്ഞ മൈതാനം 
ഒരു പന്തതാ നനയുന്നു 
പശുവും കിടാവും

പൊട്ടുകുത്തുന്നു 
പൊടിമണ്ണിൽ പുതുമഴ 
കെട്ടുപൊട്ടിയ പട്ടം

കടവാവലുകൾ 
നിഴലായ് നിലാവിൽ 
പുള്ളുവൻ പാടുന്നു

കൽപ്പടവിൽ 
ഊന്നു വടിയുമായൊരാൾ 
പുഴ തിരിഞ്ഞൊഴുകുമോ

ഒരു പൂ തരുമോ 
പൂക്കൂടനോക്കി കേഴുന്നു 
മുടിയഴിച്ചിട്ട ആൽ

ആരു പഠിപ്പിച്ചു 
പൊൻമുളംതണ്ടേ 
ഏഴു സ്വരം

പാടിയകലുന്നു 
പുഴമുകളിലൊരുപക്ഷി 
മഴവരുന്നു

എന്തേ കരിവണ്ടേ 
പൂവിൽ തൊട്ടും തൊടാതെയും 
പേടിച്ചിട്ടാണോ

പുഴയരികിൽ 
ചിത എരിഞ്ഞമരുന്നു 
ഒഴുകുന്ന തോണി






0 comments: