Wednesday, February 26, 2014

H A I K U POEMS

കാത്തിരിപ്പൂ 
ചെറുനോവുമായി ഒരുവൾ 
ഒറ്റക്കുയിൽ പാടുന്നു

പാതിരാ കാറ്റ് 
ജാലകം കടക്കുന്നു 
അണയുന്ന അഗ്നി

വേനൽസന്ധ്യ 
കാറ്റിനെന്തൊരു കുളിര്‌
ദൂരെ വേനൽമഴ

മോഹങ്ങൾ 
കടൽ കടക്കുന്നു 
മരുഭൂമിയിൽ മഴ

കുന്നിറങ്ങുന്നു
പാലു മണത്തു കുഞ്ഞാടുകൾ 
സഞ്ചി കെട്ടിയ അകിട്

തുണ്ടുമേഘം 
മഞ്ഞളിട്ട കൊന്നമരം 
കാവിലെ വേല

പ്രണയം 
വെറുതെ ഒഴുകുന്നു
വഴിതെറ്റിയ പുഴ

മുറിച്ച പൂമരം 
പൂക്കൾ തേടുന്നു 
കുരുവികൂട്ടം

പട്ടുപുതച്ച ശവം 
മുലകൊടുക്കുന്നൊരമ്മ 
നനഞ്ഞ നടുമുറ്റം

പുഴയരികിൽ 
ചിത എരിഞ്ഞമരുന്നു 
ഒഴുകുന്ന തോണി

മഞ്ഞുപ്പെയ്യുന്നു
ഇലകളനങ്ങാത്ത രാത്രി
കിളിയുടെ വിലാപം

ഇലകൊഴിഞ്ഞ മരം
കാക്കകൾ ചിറകുകുടയുന്നു
വേനൽമഴ

പുസ്തകത്താളിൽ
വാടിയ ചെമ്പകഇതൾ
ദിനമറിയാതെ

പിറുപിറുക്കുന്നു 
അമ്പലനടയിലൊരു 
ഭ്രാന്തൻ

കളപ്പുരമുറ്റം 
പതിരുകൊത്തുന്നു 
കോഴിക്കൂട്ടം

മഴയൊഴിഞ്ഞ മുറ്റം 
വഴിതെറ്റി നടക്കുന്നു 
ഒരു ഞണ്ട്

ഇടവഴിയിൽ 
പറ എഴുന്നള്ളുന്നു 
പട്ടിയുടെ കുര

കുറ്റിമരത്തിൽ 
ഒറ്റക്കൊരു പക്ഷി 
വന്ധ്യമേഘങ്ങൾ

നീലവെളിച്ചം 
അടയുന്ന മിഴികൾ 
ഇരുണ്ടഗുഹ

നിലാവിലലിഞ്ഞു
ജനലഴികളിൽ മുഖം ചേർത്ത്
വിരഹത്തിൻ ഗ്രീഷ്മം

മരക്കോണി
ചിരിക്കുന്ന ചിലങ്ക
കുളിർ സ്പർശം

കളപ്പുരമുറ്റം
ആളില്ലാക്കുടയും കാക്കയും
നെല്ലുണങ്ങുന്നു

വെറ്റിലക്കൊടി
മുറുക്കിചോന്ന ചുണ്ടുമായി 
ഇണ തത്തകൾ

നനഞ്ഞ കുട്ടി
ബലിച്ചോറു തൊടാതെ
കരയുന്ന കാക്ക

ചുറ്റമ്പലത്തിൽ
ഇണചേരുന്ന പ്രാവുകൾ
ദൂരെ ശില്പി ചിരിക്കുന്നു

മരച്ചില്ലകളിൽ
വെയിൽ ഒളിക്കുന്നു
കുന്നിറങ്ങുന്ന മഴ

നനഞ്ഞ പുലരി
ഒരു കരിവണ്ടുപ്പറക്കുന്നു
മഴവില്ലുമായി

പാദങ്ങൾ തൊടവേ
കൊഴിയുന്ന പൂദളങ്ങൾ
പോകാൻ മടിച്ചൊരു പൂമ്പാറ്റ

പാതവക്കിൽ 
പാതിരാക്കാറ്റിൽ 
ഒറ്റക്കൊരുവൾ

നെല്ലോലതുമ്പിൽ
ഉമ്മവെക്കുന്നു
പോക്കുവെയിൽ തുമ്പികൾ

പൂരമെഴുന്നള്ളുന്നു 
മകന്റെ ചിത്രവും നോക്കി 
കണ്ണു നനഞ്ഞയമ്മ

വെള്ളിമേഘങ്ങൾ 
വരവേൽപ്പിനായി
ഉത്തരായണം

നെല്ലിക്കാട്ടിൽ 
നിലാവിറ്റുവീഴുന്നു 
ചിതറിയ മുത്തുകൾ

കടവാവലുകൾ 
ചിതറിപ്പറക്കുന്നു 
ഉൽസവരാത്രി

വഴിവിളക്ക്
വെയിലിൽ കത്തുന്നു 
മുഷിഞ്ഞ പല്ലി

ചുവന്നപൊട്ട് 
പൂത്തിരി വെട്ടത്തിൽ 
സൂര്യകാന്തി


0 comments: