Monday, January 6, 2014

Haiku

വഴിവിളക്ക്
വെയിലിൽ കത്തുന്നു 
മുഷിഞ്ഞ പല്ലി

കടവാവലുകൾ 
ചിതറിപ്പറക്കുന്നു 
ഉൽസവരാത്രി

ചുവന്നപൊട്ട് 
പൂത്തിരി വെട്ടത്തിൽ 
സൂര്യകാന്തി

ഏകതാരകം
ഉറ്റുനോക്കുന്നു
എന്നിനിക്കാണും

കൽപ്പടവിലവൾ
പൂമാല കോർക്കുന്നു
തുടിക്കുന്ന ഇടംകണ്‍

ചതുരാകാശം
നടുമുറ്റത്തെ മഴയിൽ
തൂണുംചാരിയൊരുവൾ

കുന്നിറങ്ങുന്നു
തിരിഞ്ഞുനോക്കികൊണ്ട്
ഒരു ചെമ്മരിയാട്

കറുകഹോമം
പുഴയുടെ തണുപ്പിൽ
പൊള്ളുന്ന കളഭം

കൃഷ്ണപ്പരുന്ത്
കൊടിമരത്തുമ്പിൽ
അണയാത്ത തിരി

മിന്നാമിനുങ്ങുകൾ
മാനത്തെ കൂട്ടരെത്തേടി
പ്രണയഭംഗം

പനയോലയൊച്ച
അലക്കിയ മുണ്ടുടുത്തു
ആരോ വരുന്നു

ഇടവഴിയിൽ
മഴവെള്ളപാച്ചിൽ
വേലിയിൽ ഒരു തവള

കാട്ടരുവി
തീരത്തിലൊരു
അത്താണി

 സഞ്ചികെട്ടിയ
 അകിടുമായി അമ്മയാട്
 കുഞ്ഞാടുകൾ കരയുന്നു