അമ്പലവഴിയിൽ
മൂടിപുതച്ചയൊരാൾ
നിർമാല്യ നിറവ്
അലക്കിതേച്ച
മുണ്ടുടുത്ത് യക്ഷി
പനയിറങ്ങുന്നു
ഒറ്റ കഴുകൻ
താണുപ്പറക്കുന്നു
വരമ്പിൽ ഒരു പോത്ത്
ചില്ലുജാലകം
കൊത്തിപറിക്കുന്നു
ചെറുകുരുവി
കാട്ടുവഴിയിൽ
വീണ സർപ്പഗന്ധി
ഉച്ചത്തണുപ്പിൽ
കുമ്മായമടർന്ന
ചിത്രവും നോക്കി
ഒറ്റക്കൊരമ്മ
കടലാഴങ്ങളിൽ
അലിയാൻ കൊതിച്ച്
പുതുമഴത്തുള്ളി
നിദ്രയിൽ തേടുന്നു
കൈകളാൽ വിധവ
പ്രിയതമനെ
ഊഷരമണ്ണിൽ
മഴ പെയ്തിറങ്ങുന്നു
പ്രണയമധുരം
മാമ്പൂക്കളെ
കാറ്റുവിളിക്കുന്നു
സംഗമം
മഞ്ഞുപൊതിഞ്ഞ
നിശാഗന്ധി വിളിക്കവേ
പിണങ്ങിയ ശലഭം
പ്രണയാകാശം
ചെറുകൂടിലൊതുക്കി
വർണക്കിളികൾ
കുഞ്ഞിക്കിളി
കരിമ്പനയോലയിൽ
കാറ്റത്തു വീഴാതെ
പുഴമണലിൽ
തുഴക്കാരനില്ലാതെ
ഒരൊറ്റത്തോണി
കർമഫലം
കയറിൽ തൂങ്ങുന്നു
ഇരുട്ടറയിൽ
നീർച്ചാലിൽ
പാവ ഒഴുകുന്നു
കരയുന്നകുട്ടി
ചെണ്ടമേളം
കുഞ്ഞു വിതുമ്പുന്നു
പൊട്ടിയ ബലൂണ്‍
കാറ്റിന്റെ മർമ്മരം
വരമ്പത്ത് ചെമ്പട്ടും
ചിലമ്പൊലിയും
കളഭംതൊട്ട
ചെമ്പകചോട്ടിൽ
വളപ്പൊട്ടുകൾ
മഴവില്ലുകുലച്ചു
ഒഴുകുന്നു കാട്ടരുവി
ശിശിരസന്ധ്യ
കദംബം പൂത്തു
ഗാനം നിർത്തിയ
ഗന്ധർവൻ
ഹോട്ടൽമുറി
ചുമരിൽ തൊടാൻ
മറന്ന പൊട്ടുകൾ
കൽപ്പടവിൽ
ചതഞ്ഞ മുല്ലമാല
നാട്ടുവെളിച്ചം
മരക്കൊമ്പിൽ
ഈറനായ കാക്ക
ചാണകവട്ടം
ആൽത്തറയിൽ
നിലാവിറ്റിറ്റു വീഴുന്നു
മൂടിപ്പുതച്ചൊരാൾ
പാദമൂന്നുന്നു
കരളിന്നിരുളിൽ
കിളിയൊച്ച
പൂചൂടാൻ കൊതിച്ചു
പൊട്ടുമായ്ച്ച പെണ്ണ്
ജമന്തിപ്പാടം
മഴവെള്ളപാച്ചിൽ
ഇല്ലിവേലിയിൽ
കടലാസുതോണി
മലവെള്ളപ്പാച്ചിൽ
പൊങ്ങിയും താണും
പനമ്പഴം
പാതിരാക്കിളി
പാതിപാടിയ പാട്ടുമായി
നിലാവുറങ്ങും രാത്രി
കാറ്റു വീശുന്നു
പൊങ്ങിയും താണും
തേൻക്കുരുവി
നീലസർപ്പം
പുളയുന്നു മേനിയിൽ
രണ്ടാം യാമത്തിൽ
തൊട്ടുണർത്തുന്നു
പൂവിനെ പുലർവെയിൽ
ആർദ്രമായി
നിലാവിനെ
വെള്ളയുടിപ്പിക്കുന്നു
കടൽത്തിരകൾ
ആൽത്തറയിൽ
നിലാവിറ്റിറ്റു വീഴുന്നു
മൂടിപ്പുതച്ചൊരാൾ
പൂചൂടാൻ കൊതിച്ചു
പൊട്ടുമായ്ച്ച പെണ്ണ്
ജമന്തിപ്പാടം
ശംഖുനാദം
നിലാവലിഞ്ഞ
പുലർസന്ധ്യ
ചുറ്റമ്പലത്തിൽ
ചുവടുവെച്ചു പ്രാവുകൾ
ശീവേലികഴിഞ്ഞു
മുത്തുകളായി
കടൽക്കാറ്റലിയുന്നു
തിരയുടെ പാട്ടിൽ
0 comments:
Post a Comment