Monday, April 11, 2011

കണിക്കൊന്ന പൂക്കുമ്പോള്‍

തിയതി പതിനൊന്നായി ഇനി നാല് ദിവസമേയുള്ളു വിഷുവിന്.....
വരാന്തയില്‍ ഇരുന്നു ഞാന്‍ ഓരോന്ന് ആലോചിച്ചു ..എന്തിനും
ഏതിനും പഴയ കാലത്തെ കാര്യങ്ങള്‍ പറയുകയാണ് എന്ന്
തോന്നുന്നതില്‍ തെറ്റില്ല ..പക്ഷെ ചിന്തകളില്‍ നിറയുന്ന ചില
കാര്യങ്ങള്‍ പറയാതെ വയ്യ ..അതുകൊണ്ട് വെറുതെ എഴുതുന്നു
എന്നു മാത്രം ...

ഇപ്പോഴുള്ള കുട്ടികള്‍ക്ക് മുന്‍ഗണന മാറി വരുന്നു ..അതില്‍
തെറ്റുപറയാന്‍ ഇല്ല ..ഒരു നാല്പതു വര്‍ഷം മുന്‍പ് ഒരു കോടി
ഷര്‍ട്ട്‌ കിട്ടാന്‍ ഓണവും വിഷുവും വരണം ...കൈനീട്ടം
ആയി കിട്ടുന്ന നാണയ തുട്ടുകള്‍ക്ക് എന്തൊരു വിലയായിരുന്നു
ഇന്നു നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ പോക്കറ്റില്‍ കാണും
ഇരുപതു രൂപ എങ്കിലും ..പിന്നെ കൈനീട്ടം വെറും ഒരു
ചടങ്ങ് മാത്രമായി ..ആര്‍ക്കും യാതൊരു വിലയും ഇല്ല ...മറിച്ചു
ഞങ്ങള്‍ കുട്ടികള്‍ പൈസ കാണുന്നത് വിഷുവിനു മാത്രമാണ്
പിന്നെ ഉത്സവത്തിനും ...കിട്ടിയ പൈസ ചിലവാക്കാതെ
സൂക്ഷിക്കും എന്നെല്ലാം വലിയ തീരുമാനമെടുക്കും ..പക്ഷെ
വൈകുന്നേരം ആവില്ല അതിനുമുന്‍പ്‌ തന്നെ തീര്‍ന്നിരിക്കും
അതിനും ഒരു കാരണമുണ്ട് ...വിഷുവിനു പടക്കം ഒരു ആവേശം
ആയിരുന്നു ..പക്ഷെ കൊതി തീരെ വാങ്ങാന്‍ അന്ന് പറ്റിയിരുന്നില്ല
അപ്പോള്‍ ആ വിഷമം തീര്‍ക്കാന്‍ കൈനീട്ടം കിട്ടിയ പൈസ കൊണ്ട്
വീണ്ടും വാങ്ങും മത്താപ്പും കമ്പിത്തിരിയും ...ഇപ്പോള്‍ ഒരു ചടങ്ങ്
പോലെ എല്ലാം ചെയ്യുന്നു ...കുട്ടികളോട് പടക്കത്തിന്റെ ലിസ്റ്റ്
എഴുതാന്‍ പറഞ്ഞിട്ട് ആര്‍ക്കും ഒരു താല്പര്യം ഇല്ല ..കാരണം
അവര്‍ക്ക് ആസ്വാദനം മറ്റു പലതിലും ആണ് ....അതില്‍ ഒരിക്കലും
തെറ്റ് പറയാന്‍ പറ്റില്ല ..ഇപ്പോള്‍ ഹോടലുകളില്‍ സാധാരണ
മസാല ദോശക്കു പകരം എന്തെല്ലാം വിഭവങ്ങള്‍ .....

വിഷു തലേന്ന് ഉറക്കം ഇല്ല ..കാരണം കണി കാണണം
കൈനീട്ടം എത്രകിട്ടും എന്ന ആശങ്ക ...പടക്കം പൊട്ടിക്കാന്‍
ഉള്ള കൊതി ...ഇപ്പോഴും ആ കൊതി മനസിന്റെ ഏതോ മൂലയില്‍
ഒളിഞ്ഞിരിക്കുന്നുണ്ട് ....

അങ്ങിനെ എത്ര എത്ര ആഗ്രഹങ്ങള്‍ .......സാധിക്കാതെ പോയ
ഒരുപാട് ആഗ്രഹങ്ങള്‍ ..അങ്ങിനെ പൂര്‍ത്തികരിക്കാന്‍ സാധിക്കാതെ
പോയ ഒരുപാടാഗ്രഹങ്ങള്‍ ഒരു പുതു ജന്മത്തിന് വഴി തുറക്കുമോ ....

Saturday, April 9, 2011

സരസ്വതി ശുക്ല വര്‍ണാം സുസ്മിതം

മന്ത്രവാദം പഠിക്കണം ..വര്‍ണ കളങ്ങളും ഹോമമന്ത്രങ്ങളും ഒരു
ആവേശമായപ്പോള്‍ തേടിപോയി ഒരുപാട് ഗുരുനാഥന്മാരെ ...
അവരെ കുറിച്ച് എഴുതാന്‍ ഒരുപാടുണ്ട് ..പക്ഷെ ഇപ്പോള്‍ എന്റെ
ഓര്‍മയില്‍ തെളിയുന്നത് ഒരു മാന്ത്രികന്റെ രൂപമാണ് ....അദ്ദേഹം
എന്റെ ഗുരുവായിരുന്നില്ല .പക്ഷെ സ്നേഹ ബഹുമാനത്തോടെ
അല്ലാതെ ആളെ ഓര്‍ക്കാതിരിക്കാന്‍ പറ്റുന്നില്ല ...കാലം 1985
മീനമാസം ...അന്ന് ഞാന്‍ എന്റെ ഭാര്യവീട്ടില്‍ ആയിരുന്നു ....
കാരണം എന്റെ ഭാര്യ അന്ന് മൂത്തമകനെ പ്രസവിക്കാനായി
അവളുടെ വീട്ടില്‍ നില്‍ക്കുന്ന സമയം .ഏപ്രില്‍ ഏഴിന് ...അന്ന്
ഈസ്റ്റെര്‍ ആയിരുന്നു ..അവള്‍ എന്റെ മൂത്തമകനെ പ്രസവിച്ചു
അതിന്റെ അടുത്തദിവസം ഞാന്‍ എന്റെ അളിയന്റെ കൂടെ ഒരു
സ്ഥലം വരെ ചെന്നു..അതിനും ഒരു കാരണമുണ്ടായിരുന്നു
അളിയന്‍ ഒരു വലിയ കേസിന്റെ കുരുക്കില്‍ പെട്ട് വലയുന്ന
സമയം ...എന്നോട് പറഞ്ഞു ..പ്രഭ വാ ..ഒരു സ്ഥലം വരെ
പോകണം ...ചുമ്മാ ബോറടിച്ചു ഇരിക്കുന്ന ഞാന്‍ കൂടെ ചെന്നു
വഴിയില്‍ സ്കൂട്ടര്‍ നിര്‍ത്തി ഞങ്ങള്‍ ഒരു ചാരായഷാപ്പില്‍
കയറി ...ഒരു മണികൂര്‍ അവിടെ ചിലവഴിച്ചു പോകാന്‍ നേരം
അളിയന്‍ ഒരു കുപ്പി ചാരായം വാങ്ങി കയ്യില്‍ വെച്ചു. അത്
എന്തിന്നാണ് എന്നു ചോദിച്ച എന്നോട് ഒന്നും പറയാതെ
വണ്ടിയില്‍ കയറി ..പിന്നെ നിന്നത് ഒരു ചെറിയ ഓട്ടു പുരയുടെ
മുന്നില്‍ ..ഒന്നും മിണ്ടാതെ അളിയന്റെ പുറകില്‍ ഞാന്‍ ആ
വീട്ടില്‍ കയറി ..ഒരു മുറിയുടെ മൂലയില്‍ ഷര്‍ട്ടിടാതെ മെലിഞ്ഞു
ഉണങ്ങിയ ഒരു മനുഷ്യന്‍ .അളിയന്‍ ഭയഭക്തി ബഹുമാനത്തോടെ
കൊണ്ടുവന്ന ചാരായകുപ്പി ആളുടെ സമക്ഷം വെച്ചു ...എനിക്ക്
ഒന്നും മനസിലായില്ല ...മുറിയുടെ മൂലയില്‍ ചുരുട്ടിവെച്ച പായ
ആ മനുഷ്യന്‍ നീക്കി തന്നു അത് വിരിച്ചു അളിയനും ഞാനും
ഇരുന്നു ..അളിയന്‍ കൊടുത്ത ചാരായം നല്ല തണുത്ത വെള്ളം
കുടിക്കുന്നതുപോലെ ഒരു മിനിട്ടുകൊണ്ട് കുടിച്ചു കുപ്പി കാലിയാക്കി
ഒന്നും മിണ്ടാതെ കുറച്ചുനേരം ഇരുന്നു ...പിന്നെ വല്ലാത്ത ഒരു
ശബ്ദത്തില്‍ പറഞ്ഞു ...വേലപ്പാനാണ് പറയുന്നത് ..വിഷമിക്കേണ്ട
മോന്‍ കുറ്റമുക്തനാകും ...വേലപ്പനാണ് പറയുന്നത് ..'....
എനിക്ക് ചിരിവന്നു ..വകുപ്പ് 302 ...വെറുതെ വിടുംപോലും

എന്റെ ചിരികണ്ട് വേലപ്പന്‍ ഒരു പരിഹാസത്തോടെ പറഞ്ഞു
ചിരിച്ചോ ..ചിരിച്ചോ ....ഇന്നലെ ഒരു കുട്ടി ജനിച്ചില്ലേ..നന്നായി
കണ്ടുവോ ..ഞാന്‍ പറഞ്ഞു ..കണ്ടു ...വേലപ്പന്‍ പരിഹാസത്തോടെ
ചോദിച്ചു ..കണ്ടുവെന്നോ ....എന്നാ പറ ..കുട്ടിയുടെ വലതു കണ്ണിലെ
മറുക് കണ്ടുവോ ..ഞാന്‍ പറഞ്ഞു ..നോക്കിയില്ല ....വേലപ്പന്‍ പൊട്ടി
ചിരിച്ചു ...പോയി നോക്കിയിട്ട് വാ നാളെ ...........

ശരിയാണ് കുട്ടിയുടെ വലതു കണ്ണില്‍ ഒരു മറുക് .....പോയി ഞാന്‍
തനിയെ വേലപ്പനെ കാണാന്‍ ...ഒരു കുപ്പി ചാരായവുമായി
പതിവുപോലെ ഒറ്റവലിക്ക് കുടിച്ചുകൊണ്ട് വേലപ്പന്‍ പറഞ്ഞു
നിങ്ങള്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും ..സിനിമ നിര്‍മിക്കും
അറിയപ്പെടുന്ന ആള്‍ ആവും ...ഈ മന്ത്രം ജപിക്കൂ ..
.
സരസ്വതി ശുക്ല വര്‍ണാം സുസ്മിതം .....

കാലങ്ങള്‍ കഴിഞ്ഞു ...ഒരുപാട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു
ഇനി സിനിമ ...നടക്കുമോ ആ സ്വപ്നം ...സാധ്യമാകും ഉറപ്പാണ്
കാരണം വേലപ്പന്‍ പറഞ്ഞതെല്ലാം സംഭവിച്ചു ..അപ്പോള്‍ ഇതും

ഒരുദിവസം വേലപ്പെന്റെ വീട് അഗ്നി വളഞ്ഞു ...ഒരു തീനാളമായി
പോലിഞ്ഞില്ലാതായി ..കൂടെ വേലപ്പനും .........

Thursday, April 7, 2011

തുളസി മരിച്ചുവോ ...അതോ ....

എന്നാണു ആദ്യമായി ഞാന്‍ തുളസിയെ(യദാര്‍ത്ഥ പേര്‍ അല്ല )
കാണുന്നത് ..ഏകദേശം ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരു നവവധുവായി എന്റെ സുഹൃത്തിന്റെ വലം കൈ പിടിച്ചു
വിവാഹ മണ്ഡപത്തില്‍ വലം വെക്കുമ്പോള്‍ .അത് കഴിഞ്ഞു വരന്റെ വീട്ടില്‍
വൈകുന്നേരം എത്തിയപ്പോള്‍ നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചു ..പിച്ചിപൂ ചൂടി
ആ വീട്ടിലെ നിറദീപമായി

.പലതും ചോദിക്കണമെന്നുണ്ടായിരുന്നു തുളസിയോട് ....പക്ഷെ
ഒന്നും ചോദിച്ചില്ല കാരണം നവ വധുവിന്റെ നാണം മാറിയിട്ടില്ല പിന്നെ ചോദിച്ചാല്‍
തുളസി ഒന്നും പറയില്ല കാരണം അവള്‍ ജന്മനാല്‍ ഊമയായ പെണ്‍കുട്ടിയായിരുന്നു
പക്ഷെ അവള്‍ അതീവ സുന്ദരിയായിരുന്നു പോരാത്തതിന് എപ്പോഴും
കണ്ണുകളില്‍ സ്നേഹഭാവം ....മുഖത്തുമായാത്ത പുഞ്ചിരി പിന്നെ എല്ലാറ്റിനും
പുറമെ തികഞ്ഞ നിഷ്കളങ്കത ..ഓരോ നോട്ടത്തിലും പെരുമാറ്റത്തിലും ......

ഇനി ഒരല്‍പം പുറകിലേക്ക് പോകാം എന്റെ സുഹൃത്ത്‌ എന്ന് പൂര്‍ണമായി
പറയാന്‍ പറ്റില്ല .പക്ഷെ കൌമാരകാലത്ത് വല വേദികളിലും..കളി സ്ഥലത്തും
അമ്പലകുളത്തിലും എന്നും ഒപ്പം ഉണ്ടാവാറുള്ള ഒരു സുഹൃത്ത്‌ ..പല നാടകങ്ങളിലും
ചെറിയ വേഷങ്ങളില്‍ മുരളി (പേര് സാങ്കല്‍പ്പികം ) ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു
ഒരു സായംസന്ധ്യയില്‍ മുരളി ഞങ്ങളോട് പറഞ്ഞു ..എന്റെ കല്യാണം നിശ്ചയിച്ചു
പെണ്‍കുട്ടി തുളസി ..നിങ്ങള്‍ എല്ലാവരും സഹകരിച്ചു നന്നായി നടത്തിത്തരണം

ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി ..പ്രതേകിച്ചു ഒരു തൊഴിലും ഇല്ലാത്ത
മുരളി ..എങ്ങിനെ ഇതു സംഭവിച്ചു ..ഞങ്ങളുടെ മുഖഭാവം മനസിലാക്കി മുരളി
പറഞ്ഞു ....വലിയ വീട്ടിലെ പെണ്‍കുട്ടിയാണ് ..ഇഷ്ടം പോലെ സ്വത്തുണ്ട്
വിവാഹം കഴിഞ്ഞു എന്തെങ്കിലും ബിസിനസ്‌ തുടങ്ങണം ..ഞങ്ങള്‍ സന്തോഷിച്ചു
വലിയ വിദ്യാഭാസം ഒന്നും ഇല്ലാത്ത മുരളി നന്നാവാന്‍ പോകുന്നു

വിവാഹ ശേഷം മുരളി ചെറിയ ബിസിനസ്‌ തുടങ്ങി ..വല്ലപ്പോഴും
മാത്രമായി പരസ്പരം കാണലും സംസാരിക്കലും ...ബിസിനെസ്സില്‍
അനുജനെയും കൂട്ടി ...അവരുടെ വീട്ടിലെ എല്ലാവരും ഉയരങ്ങളിലേക്ക്
നടന്നുകയറി

എനിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി എറണാകുളത്തിലേക്ക്‌
താമസം മാറ്റി ...വല്ലപ്പോഴും നാട്ടില്‍ ചെല്ലുമ്പോള്‍ മുരളിയെ കാണും ..കണ്ടാല്‍
മുരളി എന്നെ അവന്റെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ടുപോകും
തുളസിയുടെ നിഷ്കളങ്കസ്നേഹം കുറച്ചുനേരം അനുഭവിച്ച് അവര്‍ക്ക് നന്മകള്‍
വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് വിടപറയും ..അവര്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ ആയി
നന്നായി പഠിക്കും എന്ന് എനിക്ക് മനസിലാവുന്ന ഭാഷയില്‍ തുളസി
എപ്പോഴും പറയും ..അമ്പലത്തിലെ ദീപാരാധന തൊഴുതു മടങ്ങുമ്പോള്‍

ഒരുദിവസം ആ വാര്‍ത്ത വന്നു ..തുളസി മരിച്ചു ..അതൊരു കൊലപാതകം
ആയിരുന്നു ..മുരളി അവളെ സ്വത്തിനുവേണ്ടി ....പെട്രോള്‍ ഒഴിച്ച് തീകൊളുത്തി
കുഞ്ഞുങ്ങള്‍ കാണ്‍കെ .....പിന്നീടു അറിഞ്ഞു ..മുരളിയെ പോലിസ് അറസ്റ്റ് ചെയ്തു
ജാമ്യത്തില്‍ വിട്ടു ...ഒരുനാള്‍ നാട്ടില്‍ ചെന്നപ്പോള്‍ മുരളിയെ
അവന്റെ വീട്ടില്‍ വെച്ച് ഞാന്‍ കണ്ടു..പക്ഷെ മുഖത്തുപോലും നോക്കിയില്ല
ഞാന്‍ കടന്നുപോകവെ മുരളി പറഞ്ഞു ..എല്ലാവരും എന്നെ വെറുത്തു അല്ലെ ......

ഇനി കഥയുടെ പരിസമാപ്തി ...ഒരു ദിവസം സ്വന്തം മുറിയില്‍ മുരളി തൂങ്ങി
മരിച്ചു ....കച്ചവടം പൊളിഞ്ഞ അനിയന്‍ അമ്മയോട് വഴക്കിട്ടു ....അടുക്കളയില്‍
വെച്ച് ..കത്തുന്ന മണ്ണെണ്ണ സ്റൌവ് എടുത്തു "ഞാന്‍ ഇപ്പോള്‍ ചാകും... ചാകും "
എന്ന് പറഞ്ഞു അമ്മയെ ഭീഷണിപ്പെടുത്തവേ...അത് സ്വന്തം ശരീരത്തില്‍
വീണു അമ്മയുടെ മുന്‍പില്‍ വെച്ച് കത്തി മരിച്ചു ..........

താഴ്വാരം തേങ്ങി ...പക്ഷെ തുളസിയുടെ പൊട്ടിച്ചിരി ആ സമയത്ത് ഉയര്‍ന്നുവോ
കണ്ണില്‍ കത്തുന്ന പ്രതികാരദാഹവുമായി ...........

Wednesday, April 6, 2011

കുളക്കടവിലെ പ്രേതം

ജീവിതം കഴിഞ്ഞു കൊണ്ടിരിക്കുന്നു . അതിനിടയില്‍ ഒരുപാട്
സംഭവങ്ങള്‍ ഓരോ ദിവസവും ഉണ്ടാകുന്നു പലതും പിന്നീട്
വിസ്മൃതിയില്‍ മറയുകയും ചെയ്യുന്നു ..പക്ഷെ ചില ഓര്‍മ്മകള്‍
മരിക്കുന്നില്ല ...ഓരോ ദിവസവും അത് മനസ്സില്‍ പോന്തിവരുകയും
ഓര്‍മപ്പെടുത്തി മടങ്ങുകയും ചെയ്യും

വര്‍ഷങ്ങള്‍ ഒരുപാട് പുറകോട്ടുപോകുന്നു ..മുപ്പത്തിരണ്ട് വര്‍ഷം
ഞങ്ങള്‍ അന്ന് കൌമാരക്കാര്‍ ...അമ്പലവും ക്ലബും ..സിനിമയും
നാടകവും എല്ലാം ആയി എല്ലാം മറന്നു ജീവിച്ച നാളുകള്‍ ..നാളയെ
കുറിച്ച് ഒരു ചിന്തയും അന്ന് ഞങ്ങള്‍ക്കോ കുട്ടികളെ കുറിച്ച് പാലകാടുള്ള
മാതാപിതാക്കള്‍ക്കോ അമിതമായ ആശങ്ക ഉണ്ടായിരുന്നില്ല ..സന്ധ്യ
കഴിഞ്ഞു വീട്ടില്‍ എത്തിയില്ലെങ്കില്‍ കാര്യമായ പ്രശ്നങ്ങള്‍ ഒന്നും
പതിവില്ല ..അതുകൊണ്ട് ഞങ്ങള്‍ നാടകമായും മറ്റു പലവിധ
കലാപരിപാടികളുമായും നടന്നിരുന്ന മധുരകാലം ..ഗ്രാമീണത
ഇപ്പോഴുംഅതിന്റെ പൂര്‍ണതയില്‍ ... ഒരു കുറവും ഈ ഗ്രാമത്തിനു വന്നിട്ടില്ല
ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം
അകലെ ..പ്രസിദ്ധമായ നാലംബികമാരില്‍ ..ഒരാളായ ഹേമാംബിക
ഭഗവതിയുടെ സ്വന്തം തട്ടകം കുന്നന്‍ പാറയും അമ്പലത്തിന്റെ ചുറ്റിലും
ഉള്ള നാലു വലിയകുളങ്ങളും പിന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന
സഹ്യാദ്രിമലനിരകളും പച്ചപ്പാര്‍ന്ന നെല്‍വയലുകളും പിന്നെ കാറ്റില്‍
ചന്ദന സുഗന്ധവും ...

അമ്പലകുളത്തില്‍ മീന്‍ പിടിക്കാന്‍ പാടില്ല ..പരശുരാമന്റെ കാലം
തൊട്ടിന്നുവരെ ആരും ഇവിടെ നിന്നും മത്സ്യം പിടിച്ചിട്ടില്ല എന്ന്
ആളുകള്‍ പറയും ..പക്ഷെ ഞങ്ങള്‍ തോര്‍ത്തിട്ടു ഒരു വിധം വലിയ
മീനിനെ പിടിച്ച് അതിനെ ചൂണ്ടകൊളുത്തില്‍ ഇരയാക്കി വലിയ
മീനുകളെ പിടിച്ച് രാത്രിയുടെ രണ്ടാം യാമത്തില്‍ പാകം ചെയ്തു
കഴിക്കുമായിരുന്നു ..പക്ഷെ ഇതാര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റില്ല
കാരണം ചൂണ്ടകയര്‍ ഏതെങ്കിലും കല്ലില്‍ കെട്ടിയിട്ട്‌ ഞങ്ങള്‍
പോവും ഇരുട്ടാവുമ്പോള്‍ വന്നു പിടിച്ചുകൊണ്ടുപോകും ..ദാഹം
തീര്‍ക്കാന്‍ ഭഗവതിയുടെ തെങ്ങിന്‍ തോട്ടത്തിലെ ഇളനീരും ..കൂടെ
അല്‍പ്പം ലഹരി തരുന്ന പുകയും ...

ഒരുനാള്‍ ഒരു വാര്‍ത്ത പരന്നു ചൊവ്വയും വെള്ളിയും അമ്പലക്കടവില്‍
പ്രേതം .ഒരുനാള്‍ എവിടെയോ കൊട്ട് കഴിഞ്ഞു വന്ന അപ്പുമാരാരും
കൃഷ്ണമാരാരും കുളക്കടവില്‍ എത്തി ..അപ്പുമാരാര്‍ പറഞ്ഞു ..കൃഷ്ണാ
ഞാന്‍ ഒന്ന് കാല്‍ കഴുകി വരാം ....കല്‍പ്പടവുകള്‍ ഇറങ്ങിയ അപ്പുമാരാര്‍
ഒന്നും മിണ്ടാതെ ഉടന്‍ കയറി വന്നു ..കൃഷ്ണന്‍ മാരാര്‍ ചോദിച്ചു
ഹായ് ..ഇത്ര പെട്ടന്ന് വന്നുവോ ....ഒന്നും മിണ്ടാതെ നിന്ന അപ്പു
മാരാരെ നോക്കി .. ഞാന്‍ ഒന്ന് മുഖം കഴുകിയിട്ട് വരാം എന്ന് പറഞ്ഞു
കൃഷ്ണന്‍ മാരാര്‍ പടവുകള്‍ ഇറങ്ങി .ഒരാര്‍ത്തനാദത്തോടെ കൃഷ്ണന്‍
മാരാര്‍ ഓടി ..പിന്നാലെ അപ്പു മാരാരും ..കാലത്ത് ആ വാര്‍ത്ത‍
നാടുമുഴുവന്‍ പരന്നു ..രാത്രി കാലു കഴുകുവാന്‍ കുളക്കടവിറങ്ങിയ
മാരാര്‍മാര്‍ ഒരു കറുത്ത രൂപത്തെ കണ്ടു ..വലിയ ചിറകുകള്‍
ഉള്ള ഒരു കറുത്ത രൂപം

രാത്രി സഞ്ചാരം കുറഞ്ഞു ...അപ്പോള്‍ ഞങ്ങള്‍ ചിലര്‍ വിചാരിച്ചു
ഇതു കണ്ടുപിടിക്കണം

അടുത്ത വെള്ളിയാഴ്ച ..പതിവു കലാപരിപാടികള്‍ കഴിഞ്ഞു
ഞങ്ങള്‍ കുളക്കടവില്‍ എത്തി ..കുറ്റാകൂരിരുട്ട് ..ചീവീടുകള്‍
കരയുന്നു ..വെള്ളത്തിനുമുകളില്‍ മീനുകളുടെ ചാഞ്ചാട്ടം
മാരാര്‍മാര്‍ ഇറങ്ങിയ കുളക്കടവിന്റെ അടുത്തു ഞങ്ങള്‍ എത്തി
കൂട്ടത്തില്‍ ധൈര്യം കൂടുതല്‍ ഉള്ള മോഹനന്‍ ആദ്യം ഇറങ്ങി
ഒന്നും മിണ്ടാതെ കയറി വന്നു...പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു
ശരിയാ ..വലിയ ചിറകുകള്‍ ഉള്ള ഒരു കറുത്ത രൂപം
അമ്പലമതിലിനു അരികെ നിന്ന ഞങ്ങള്‍ക്കൊന്നും കാണാന്‍
പറ്റുന്നില്ല അത്രയ്ക്ക് ഇരുട്ട് ..അപ്പോള്‍ സോമന്‍ പറഞ്ഞു
പോകാന്‍ വരട്ടെ ..ഞാന്‍ നോക്കി വരാം ....കടവിലേക്ക്
കാലു വെച്ചില്ല ..പോകാം പോകാം എന്ന് അലറി സോമു
കയറി വന്നു ...അപ്പോള്‍ കിട്ട എന്ന ഓമന പേര് വിളിക്കുന്ന
സുഹൃത്ത്‌ പറഞ്ഞു നമുക്ക് എല്ലാവര്‍ക്കും കൂടി പോയി നോക്കാം
അങ്ങിനെ ഞങ്ങള്‍ കുളക്കടവിലേക്ക് കാല്‍ വെച്ചു അതാ ഒരു
കറുത്ത രൂപം ..അതൊന്നു പതുക്കെ ഇളകി ..ഞങ്ങള്‍ ഒരു
നിമിഷം പേടിച്ചു വിറച്ചുകൊണ്ട് അവിടെ തന്നെ നിന്നു ആ
രൂപം ചിറകുകള്‍ ആഞ്ഞു വീശി ...ഞങ്ങള്‍ ഒരു പടവ്
താഴെ ഇറങ്ങി ...പാതിരാവിന്റെ മങ്ങിയ വെളിച്ചത്തില്‍
ഞങ്ങള്‍ കണ്ടു ..ഒരു ആള്‍ രൂപം ..കമ്പി പൊട്ടിയ ഒരു
വലിയ കുടയുമായി ...അടുത്ത് ഒരു കുട്ട നിറയെ മീനുകള്‍

പേരുപറയുന്നില്ല ... കവലയില്‍ മലമ്പുഴ മീന്‍ എന്ന്
പറഞ്ഞു കച്ചവടം നടത്തുന്ന .....നെ പിടിച്ചു
അമ്പലത്തിന്റെ കൊടിമരചോട്ടില്‍ ഇരുത്തി ..അതിനിടയില്‍
കൈത്തരിപ്പു തീര്‍ക്കാനും ആരും മടിച്ചില്ല ....അമ്പലത്തിന്റെ
കാര്യസ്ഥനെ വിളിച്ചുണര്‍ത്തി വിവരം പറഞ്ഞു ..വിട്ടുകളയാന്‍
ഉപദേശം ..പക്ഷെ ഞങ്ങള്‍ ഉണ്ടോ വെറുതെ വിടുന്നു
കലവറയിലെ പൊതിക്കാത്ത ഒരു ഉണക്ക തേങ്ങ കൊണ്ടുവന്നു
അവന്റെ മുന്നില്‍ ഇട്ടു ..അവിടുത്തെ ഒരു കല്ലില്‍ കുത്തി
ആ തേങ്ങ പൊതിക്കാന്‍ പറഞ്ഞു .ഞങ്ങള്‍ വിധിച്ച ചെറിയ
ശിക്ഷ ..... രണ്ടു മണിക്കൂര്‍ കൊണ്ട് .തേങ്ങ പോതിച്ചു
അവിടെ തേങ്ങ ഉടച്ചു ശിക്ഷ അവസാനിപ്പിച്ചു ....അപ്പോള്‍
കലവറയിലെ ഒരുപാട് ഉണക്ക തേങ്ങകള്‍ ഞങ്ങളെ നോക്കി
ചിരിച്ചു .....