Wednesday, April 6, 2011

കുളക്കടവിലെ പ്രേതം

ജീവിതം കഴിഞ്ഞു കൊണ്ടിരിക്കുന്നു . അതിനിടയില്‍ ഒരുപാട്
സംഭവങ്ങള്‍ ഓരോ ദിവസവും ഉണ്ടാകുന്നു പലതും പിന്നീട്
വിസ്മൃതിയില്‍ മറയുകയും ചെയ്യുന്നു ..പക്ഷെ ചില ഓര്‍മ്മകള്‍
മരിക്കുന്നില്ല ...ഓരോ ദിവസവും അത് മനസ്സില്‍ പോന്തിവരുകയും
ഓര്‍മപ്പെടുത്തി മടങ്ങുകയും ചെയ്യും

വര്‍ഷങ്ങള്‍ ഒരുപാട് പുറകോട്ടുപോകുന്നു ..മുപ്പത്തിരണ്ട് വര്‍ഷം
ഞങ്ങള്‍ അന്ന് കൌമാരക്കാര്‍ ...അമ്പലവും ക്ലബും ..സിനിമയും
നാടകവും എല്ലാം ആയി എല്ലാം മറന്നു ജീവിച്ച നാളുകള്‍ ..നാളയെ
കുറിച്ച് ഒരു ചിന്തയും അന്ന് ഞങ്ങള്‍ക്കോ കുട്ടികളെ കുറിച്ച് പാലകാടുള്ള
മാതാപിതാക്കള്‍ക്കോ അമിതമായ ആശങ്ക ഉണ്ടായിരുന്നില്ല ..സന്ധ്യ
കഴിഞ്ഞു വീട്ടില്‍ എത്തിയില്ലെങ്കില്‍ കാര്യമായ പ്രശ്നങ്ങള്‍ ഒന്നും
പതിവില്ല ..അതുകൊണ്ട് ഞങ്ങള്‍ നാടകമായും മറ്റു പലവിധ
കലാപരിപാടികളുമായും നടന്നിരുന്ന മധുരകാലം ..ഗ്രാമീണത
ഇപ്പോഴുംഅതിന്റെ പൂര്‍ണതയില്‍ ... ഒരു കുറവും ഈ ഗ്രാമത്തിനു വന്നിട്ടില്ല
ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം
അകലെ ..പ്രസിദ്ധമായ നാലംബികമാരില്‍ ..ഒരാളായ ഹേമാംബിക
ഭഗവതിയുടെ സ്വന്തം തട്ടകം കുന്നന്‍ പാറയും അമ്പലത്തിന്റെ ചുറ്റിലും
ഉള്ള നാലു വലിയകുളങ്ങളും പിന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന
സഹ്യാദ്രിമലനിരകളും പച്ചപ്പാര്‍ന്ന നെല്‍വയലുകളും പിന്നെ കാറ്റില്‍
ചന്ദന സുഗന്ധവും ...

അമ്പലകുളത്തില്‍ മീന്‍ പിടിക്കാന്‍ പാടില്ല ..പരശുരാമന്റെ കാലം
തൊട്ടിന്നുവരെ ആരും ഇവിടെ നിന്നും മത്സ്യം പിടിച്ചിട്ടില്ല എന്ന്
ആളുകള്‍ പറയും ..പക്ഷെ ഞങ്ങള്‍ തോര്‍ത്തിട്ടു ഒരു വിധം വലിയ
മീനിനെ പിടിച്ച് അതിനെ ചൂണ്ടകൊളുത്തില്‍ ഇരയാക്കി വലിയ
മീനുകളെ പിടിച്ച് രാത്രിയുടെ രണ്ടാം യാമത്തില്‍ പാകം ചെയ്തു
കഴിക്കുമായിരുന്നു ..പക്ഷെ ഇതാര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റില്ല
കാരണം ചൂണ്ടകയര്‍ ഏതെങ്കിലും കല്ലില്‍ കെട്ടിയിട്ട്‌ ഞങ്ങള്‍
പോവും ഇരുട്ടാവുമ്പോള്‍ വന്നു പിടിച്ചുകൊണ്ടുപോകും ..ദാഹം
തീര്‍ക്കാന്‍ ഭഗവതിയുടെ തെങ്ങിന്‍ തോട്ടത്തിലെ ഇളനീരും ..കൂടെ
അല്‍പ്പം ലഹരി തരുന്ന പുകയും ...

ഒരുനാള്‍ ഒരു വാര്‍ത്ത പരന്നു ചൊവ്വയും വെള്ളിയും അമ്പലക്കടവില്‍
പ്രേതം .ഒരുനാള്‍ എവിടെയോ കൊട്ട് കഴിഞ്ഞു വന്ന അപ്പുമാരാരും
കൃഷ്ണമാരാരും കുളക്കടവില്‍ എത്തി ..അപ്പുമാരാര്‍ പറഞ്ഞു ..കൃഷ്ണാ
ഞാന്‍ ഒന്ന് കാല്‍ കഴുകി വരാം ....കല്‍പ്പടവുകള്‍ ഇറങ്ങിയ അപ്പുമാരാര്‍
ഒന്നും മിണ്ടാതെ ഉടന്‍ കയറി വന്നു ..കൃഷ്ണന്‍ മാരാര്‍ ചോദിച്ചു
ഹായ് ..ഇത്ര പെട്ടന്ന് വന്നുവോ ....ഒന്നും മിണ്ടാതെ നിന്ന അപ്പു
മാരാരെ നോക്കി .. ഞാന്‍ ഒന്ന് മുഖം കഴുകിയിട്ട് വരാം എന്ന് പറഞ്ഞു
കൃഷ്ണന്‍ മാരാര്‍ പടവുകള്‍ ഇറങ്ങി .ഒരാര്‍ത്തനാദത്തോടെ കൃഷ്ണന്‍
മാരാര്‍ ഓടി ..പിന്നാലെ അപ്പു മാരാരും ..കാലത്ത് ആ വാര്‍ത്ത‍
നാടുമുഴുവന്‍ പരന്നു ..രാത്രി കാലു കഴുകുവാന്‍ കുളക്കടവിറങ്ങിയ
മാരാര്‍മാര്‍ ഒരു കറുത്ത രൂപത്തെ കണ്ടു ..വലിയ ചിറകുകള്‍
ഉള്ള ഒരു കറുത്ത രൂപം

രാത്രി സഞ്ചാരം കുറഞ്ഞു ...അപ്പോള്‍ ഞങ്ങള്‍ ചിലര്‍ വിചാരിച്ചു
ഇതു കണ്ടുപിടിക്കണം

അടുത്ത വെള്ളിയാഴ്ച ..പതിവു കലാപരിപാടികള്‍ കഴിഞ്ഞു
ഞങ്ങള്‍ കുളക്കടവില്‍ എത്തി ..കുറ്റാകൂരിരുട്ട് ..ചീവീടുകള്‍
കരയുന്നു ..വെള്ളത്തിനുമുകളില്‍ മീനുകളുടെ ചാഞ്ചാട്ടം
മാരാര്‍മാര്‍ ഇറങ്ങിയ കുളക്കടവിന്റെ അടുത്തു ഞങ്ങള്‍ എത്തി
കൂട്ടത്തില്‍ ധൈര്യം കൂടുതല്‍ ഉള്ള മോഹനന്‍ ആദ്യം ഇറങ്ങി
ഒന്നും മിണ്ടാതെ കയറി വന്നു...പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു
ശരിയാ ..വലിയ ചിറകുകള്‍ ഉള്ള ഒരു കറുത്ത രൂപം
അമ്പലമതിലിനു അരികെ നിന്ന ഞങ്ങള്‍ക്കൊന്നും കാണാന്‍
പറ്റുന്നില്ല അത്രയ്ക്ക് ഇരുട്ട് ..അപ്പോള്‍ സോമന്‍ പറഞ്ഞു
പോകാന്‍ വരട്ടെ ..ഞാന്‍ നോക്കി വരാം ....കടവിലേക്ക്
കാലു വെച്ചില്ല ..പോകാം പോകാം എന്ന് അലറി സോമു
കയറി വന്നു ...അപ്പോള്‍ കിട്ട എന്ന ഓമന പേര് വിളിക്കുന്ന
സുഹൃത്ത്‌ പറഞ്ഞു നമുക്ക് എല്ലാവര്‍ക്കും കൂടി പോയി നോക്കാം
അങ്ങിനെ ഞങ്ങള്‍ കുളക്കടവിലേക്ക് കാല്‍ വെച്ചു അതാ ഒരു
കറുത്ത രൂപം ..അതൊന്നു പതുക്കെ ഇളകി ..ഞങ്ങള്‍ ഒരു
നിമിഷം പേടിച്ചു വിറച്ചുകൊണ്ട് അവിടെ തന്നെ നിന്നു ആ
രൂപം ചിറകുകള്‍ ആഞ്ഞു വീശി ...ഞങ്ങള്‍ ഒരു പടവ്
താഴെ ഇറങ്ങി ...പാതിരാവിന്റെ മങ്ങിയ വെളിച്ചത്തില്‍
ഞങ്ങള്‍ കണ്ടു ..ഒരു ആള്‍ രൂപം ..കമ്പി പൊട്ടിയ ഒരു
വലിയ കുടയുമായി ...അടുത്ത് ഒരു കുട്ട നിറയെ മീനുകള്‍

പേരുപറയുന്നില്ല ... കവലയില്‍ മലമ്പുഴ മീന്‍ എന്ന്
പറഞ്ഞു കച്ചവടം നടത്തുന്ന .....നെ പിടിച്ചു
അമ്പലത്തിന്റെ കൊടിമരചോട്ടില്‍ ഇരുത്തി ..അതിനിടയില്‍
കൈത്തരിപ്പു തീര്‍ക്കാനും ആരും മടിച്ചില്ല ....അമ്പലത്തിന്റെ
കാര്യസ്ഥനെ വിളിച്ചുണര്‍ത്തി വിവരം പറഞ്ഞു ..വിട്ടുകളയാന്‍
ഉപദേശം ..പക്ഷെ ഞങ്ങള്‍ ഉണ്ടോ വെറുതെ വിടുന്നു
കലവറയിലെ പൊതിക്കാത്ത ഒരു ഉണക്ക തേങ്ങ കൊണ്ടുവന്നു
അവന്റെ മുന്നില്‍ ഇട്ടു ..അവിടുത്തെ ഒരു കല്ലില്‍ കുത്തി
ആ തേങ്ങ പൊതിക്കാന്‍ പറഞ്ഞു .ഞങ്ങള്‍ വിധിച്ച ചെറിയ
ശിക്ഷ ..... രണ്ടു മണിക്കൂര്‍ കൊണ്ട് .തേങ്ങ പോതിച്ചു
അവിടെ തേങ്ങ ഉടച്ചു ശിക്ഷ അവസാനിപ്പിച്ചു ....അപ്പോള്‍
കലവറയിലെ ഒരുപാട് ഉണക്ക തേങ്ങകള്‍ ഞങ്ങളെ നോക്കി
ചിരിച്ചു .....

1 comments:

Unknown said...

ഒരു പാവം മനുഷ്യനോട് ചെറ്റത്തരം കാണിച്ച കുറേ പകൽ മാന്യന്മാർ..
ലജ്ജാകരം