Sunday, May 8, 2011

മഴ പെയ്തിറങ്ങുമ്പോള്‍

രാത്രിമഴയുടെ ശക്തിയായ ആരവം
അപ്പോള്‍ പ്രാണപ്രേയസിയെ മാറോടു ചേര്‍ത്ത്
ഒരാലസ്യത്തില്‍ പൊതിഞ്ഞു കിടക്കുമ്പോള്‍
മഴ എത്ര വലിയ അനുഭൂതി

കുഞ്ഞുനാളില്‍ചുവപ്പും മഞ്ഞയും പച്ചയും
നിറമുള്ള തുണികള്‍ കൊണ്ടുള്ള കുടകള്‍
അതും എടുത്തു മഴയില്‍ വട്ടത്തില്‍ ചുറ്റി
കമ്പികളിലൂടെ വട്ടത്തില്‍ ചിതറി തെറിക്കുന്ന
മഴത്തുള്ളികള്‍ അതൊരു കൌതുകം

ഇടവം പാതി കഴിഞ്ഞാല്‍ രാത്രിയില്‍ കേള്‍ക്കാം
പാടത്തു നിന്നും തവളകളുടെയും ചീവീടുകളുടെയും
നിലക്കാത്ത "ഗാനപ്രവാഹം "
അപ്പോള്‍ പാടവരമ്പത്ത് തവളയെ പിടിക്കാന്‍
രാത്രിയില്‍ ഗ്യാസ് വെളിച്ചവുമായി നീങ്ങുന്ന
സംഘം നല്ലൊരു മഴ കാഴ്ച

മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ഒരു കുട കീഴില്‍ പ്രിയപ്പെട്ട
എന്റെ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ചു മഴനനയാതെ
പാടവരമ്പത്തൂടെ നടക്കുമ്പോള്‍ അവളുടെ പാദങ്ങളില്‍
ചിന്നി ചിതറി വീഴുന്ന മഴത്തുള്ളികള്‍ മഴ ഇപ്പോള്‍
ഒരു തേങ്ങലാകുന്നുവോ ?

കോരിച്ചൊരിയുന്ന കര്‍ക്കിടമഴയില്‍
ചിത മുനിഞ്ഞുകത്തുന്നു ഒപ്പം
മരണത്തിന്റെ കണ്ണീരും

പാലക്കാടന്‍ ഇടവഴികളിലൂടെ "കൊടും പാപിയെ "
കെട്ടിവലിക്കും മഴ പെയ്യുവാന്‍ഒരു വിശ്വാസം
മഴക്ക് മുന്‍പുള്ള ഒരു കാഴ്ച
തറവാട്ടിലെ നടുമുറ്റത്ത്‌ വലിയ ചെമ്പുപാത്രങ്ങളില്‍
വെള്ളം വീഴുന്നതിന്റെ ശബ്ദം

മഴ ശക്തമായാല്‍ ചെറുകുളങ്ങള്‍ നിറഞ്ഞു ചെറിയ
തോടുകളിലൂടെ വെള്ളം ഒഴുകും അതിലൂടെ നിറയെ
പരല്‍ മീനുകള്‍ അപ്പോഴും മഴ പെയ്തുകൊണ്ടേയിരിക്കും
തോട്ടുവക്കില്‍ കുടയും ചൂടി പിന്നെ ആ കുട വലയാക്കി
പരല്‍മീനുകളെ പിടിച്ചു ഹോര്‍ലിക്സ് കുപ്പിയെ അക്വേറിയം
ആക്കിയ ബാല്യം മഴ ഒരു വികാരമാകുന്നു

രാത്രിമഴയില്‍ ഇലക്ട്രിക്‌ കമ്പികള്‍ക്ക്‌ മുകളില്‍
ചിന്നി തെറിക്കുന്ന നീല വെളിച്ചം നല്ലൊരു
മഴ കാഴ്ച
മഴ ഒരാഴ്ച കഴിഞ്ഞാല്‍ പറമ്പില്‍ നിറയെ പുല്ലുകള്‍
വളര്‍ന്നു നില്‍ക്കും അതിന്റെ തുമ്പത്ത് നിറയെ
മഴത്തുള്ളികള്‍ ആര്‍ത്തിയോടെ പശുക്കള്‍ ആ പുല്ലു കടിച്ചുമുറിക്കുമ്പോള്‍
കേള്‍ക്കാം ഒരു താളം മഴയ്ക്ക് ഒരു ആദിതാളം

ഒലവക്കോട് റെയില്‍വേ കോളനി നിരനിരയായി
വീടുകള്‍ പുറകില്‍ ഭംഗിയുള്ള വെള്ളച്ചാല്‍
അതില്‍ കലങ്ങിമറിഞ്ഞു പോകുന്ന മഴവെള്ളം
അതിനരികെ കുടയും പിടിച്ചു ഒഴുക്കുവെള്ളത്തില്‍
കാലുകള്‍ ഇട്ടു രസിച്ചിരുന്ന നാളുകള്‍ ..കൂടെ
ജയകൃഷ്ണനും പ്രീതയും ഷീലയും രമയും മോഹനനും
രാധയും സുധീറും വേണുവും ഓര്‍മകളില്‍ ഞാന്‍ ഒരു
അഞ്ചു വയസുകാരന്‍

ഹേമാംബിക സംസ്കൃത സ്കൂള്‍ പോകുന്ന വഴിയില്‍
പാടത്തിനരികില്‍ നിറയെ താമരപൂക്കള്‍ വിരിഞ്ഞു
നിന്നിരുന്ന ഒരു കുളം അതിലേക്കു മഴ പെയ്തിറങ്ങുമ്പോള്‍
തുള്ളിച്ചാടുന്ന കുളത്തിന്റെ ആത്മാവ്‌

മഴ തിമര്‍ത്തു പെയ്യുന്നു അടുക്കളയിലെ പുക ആകാശത്തു
അലിയാതെ പരന്നു കിടക്കുന്നു തോട്ടരികിലെ മാവിന്‍ തുമ്പത്ത്
ഒരു മാങ്ങ കറുത്ത കുത്തുകള്‍ വീണു താഴെ വീഴാതെ
ഒരു മാമ്പഴകാലത്തിന്റെ ഓര്‍മയും പേറി

0 comments: