Friday, January 14, 2011

ഉണ്ണിമോള്‍ ഒന്നും മിണ്ടുന്നില്ല .........


ഹോട്ടല്‍ മുറിയില്‍ എത്തിയിട്ടും ഉണ്ണിമോള്‍ ഒന്നും മിണ്ടുന്നില്ല .
ഈ കുട്ടിക്ക് എന്താ പറ്റിയത് ...ഒന്നും മനസിലാകുന്നില്ലല്ലോ ?
നീ ഒന്ന് ചോദിക്ക് ..ചിലപ്പോള്‍ അമ്മയോട് അവള്‍ തുറന്നു പറയും
അവളോ ...ഒരിക്കലും ഇല്ല. അച്ഛന്‍ തന്നെ ചോദിച്ചാല്‍ മതി
അവള്‍ ആ വരാന്തയില്‍ കാണും .......ഉണ്ണിമോള്‍ എന്താ ഒന്നും മിണ്ടാത്തത്
നീ തന്നെ ഒന്ന് ചോദിക്ക് ..ഒരു സമാധാനവും ഇല്ല ..പാവം
എന്തോ ..നല്ല വിഷമം ഉണ്ട്

ഉണ്ണിമോള്‍ക്ക്‌ എന്താ പറ്റിയത് ... റിക്കാര്‍ഡിംഗ് കഴിഞ്ഞത്
മുതല്‍ ആണ് ഈ മൌനം ....ഉണ്ണി നന്നായി ...പാടി ..ചില
സംഗതികള്‍ ശരിയായില്ല എന്നു മാത്രമേ ജഡ്ജിമാര്‍ പറഞ്ഞുള്ളൂ
അപ്പോള്‍ എല്ലാം ചിരിച്ചുകൊണ്ട് തലകുലുക്കിയ അവള്‍ ഇപ്പോള്‍
വല്ലാത്ത മൌനത്തില്‍ .....എന്തെങ്കിലും ആവട്ടെ ..ഈ ടെന്‍ഷന്‍
ഒന്ന് തീര്‍ന്നു കിട്ടിയാല്‍ മതിയായിരുന്നു ..



കുഞ്ഞുനാള്‍ മുതല്‍ ഉണ്ണി നന്നായി പാടും .....ആ അറിവ് അവളെ
പാട്ട് പഠിപ്പിക്കുവാന്‍ പ്രേരണയായി ..നന്നായി പാടുന്നുണ്ട് എന്നു
പാട്ട് ടീച്ചര്‍ കാണുമ്പോള്‍ കാണുമ്പോള്‍ പറയും ...അത്
കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ചെറുതായിരുന്നില്ല ..
പക്ഷെ ഇപ്പോള്‍ പഠിപ്പിക്കേണ്ടിയിരുന്നില്ല എന്നു തോന്നിത്തുടങ്ങിയിട്ട്
മാസങ്ങള്‍ ആയി ...പാട്ട് നന്നായി പാടിയാല്‍ മാത്രം പോരാ
എസ് എം എസ് കൂടി വേണം ..അതിനായി എത്ര എത്ര
സിം കാര്‍ഡുകള്‍ ആരുടെയൊക്കെ പേരില്‍ വാങ്ങി ...എത്ര
പ്രാവശ്യം റീ ചാര്‍ജ് കൂപ്പണുകള്‍ വാങ്ങി കൊടുത്തു ....ഉണ്ണിമോള്‍
കരയരുത് ..അതിനായി എന്തുവേണമോ അതെല്ലാം ചെയ്തു കൊടുക്കുവാന്‍
സന്തോഷമേ ഉള്ളു ..പക്ഷെ

ഇന്നവള്‍ ഒന്നും മിണ്ടുന്നില്ല

എന്താവും കാരണം ..ചോദിക്കാന്‍ പോയ ഭാര്യയെയും കാണുന്നില്ല
ഇനി താന്‍ അവരുടെ ഇടയില്‍ ചെന്നാല്‍ അവള്‍ ഒന്നും പറയാതെ
ഇരുന്നാലോ ...വേണ്ട ..കാത്തിരിക്കാം .......

ശീതികരിച്ച മുറിയില്‍ പോലും ഉഷ്ണം തോന്നുന്നു ...ഫ്ലാറ്റ് വേണ്ട ..സ്വര്‍ണവും
വേണ്ട .അവസാന റൌണ്ട് വരെ എത്തണം ..അല്ലെങ്കില്‍ ..അവള്‍ക്കു
പിന്നെ പുറത്തിറങ്ങാന്‍ പറ്റാതെ വരും മാത്രമല്ല ഉണ്ണി കരയും
ഏതു ഗുളികകാലത്താണ് ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടായത് ..ഓഫീസിലെ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചപ്പോള്‍ താനും വഴങ്ങി ..ആറാമത്തെ റൌണ്ട് കഴിഞ്ഞു
ഇനിയും കിടക്കുന്നു .താണ്ടാന്‍ .ഒരുപാടു ദൂരം...ബാങ്കില്‍ നിന്നും
എടുത്ത ലോണ്‍ മുഴുവന്‍ എസ് എം എസിനും ..യാത്രക്കും ചിലവായി
അതെല്ലാം പോട്ടെ

ഉണ്ണിമോള്‍ എന്താ ..ഒന്നും മിണ്ടാതെ ഇരിക്കുന്നത് ?

വാതില്‍ തുറന്നു രണ്ടു പേരും കൂടി വന്നത് കണ്ടപ്പോള്‍ ഒരു സന്തോഷം
ഇനി എങ്കിലും ഉണ്ണിമോള്‍ മിണ്ടുമല്ലോ ........
വന്നപാടെ ഉടുപ്പുകള്‍ എടുത്തോണ്ട് കുളിമുറിയില്‍ കയറിയല്ലോ ..
ഇപ്പോഴും എന്താ ഉണ്ണിമോള്‍ ‍ ഒന്നും മിണ്ടാഞ്ഞത് .
സാരമില്ല ..ഭാര്യയോടു ചോദിക്കാം ...
എന്താ റോസി ..നമ്മുടെ ഉണ്ണിമോള്‍ക്ക്‌ പറ്റിയത് ..അവള്‍ വല്ലതും പറഞ്ഞുവോ ......
പറഞ്ഞു ...
എന്താ പറഞ്ഞത് ....
അവള്‍ക്കു ആകെ വിഷമം '.......
എന്തിനാ ?
അവള്‍ക്കു അവസാനത്തെ അഞ്ചില്‍ എങ്കിലും
എത്തണം എന്നാ പറയുന്നത് ...........
അവള്‍ എത്തും .ഉറപ്പാ ...മാതാവ് കാക്കും
നീ നാളെ പള്ളിയില്‍ ചെന്ന് ഒരു പാട്ട് കുറുബാന നടത്തു
അവിടെയാ പ്രശ്നം ..അച്ചായാ ......
എന്താ...........
ഫൈനലില്‍ എത്താന്‍ കഴിവും എസ് എം എസും മാത്രം പോരാ...പിന്നെ
അവള്‍ക്കു ഒരു കൂട്ടം വാങ്ങണംപോലും
എന്താ..നീ കാര്യം പറയൂ
പറയാം ..അത് ...അത് ....
പറഞ്ഞു മുഴുവന്‍ ആയില്ല ..ഉണ്ണിമോള്‍ ഉടുപ്പ് മാറി വന്നു
ഉണ്ണി ... ഫൈനലില്‍ എത്താന്‍ എന്താണ് വേണ്ടത് ......ഞാന്‍
വാങ്ങി തരാം ..പറ ....എന്താ വേണ്ടത് ..........
അത് ...അച്ഛന് 3,999 രൂപ ചിലവാക്കാമോ ?
എന്താ ഉണ്ണി മോളൂ നീ പറയുന്നത് ...മൂന്നു ലക്ഷം വേണമോ
അച്ഛന്‍ ചിലവാക്കാം ..പറ ..എന്താ വേണ്ടത് ...
അത് ..അച്ഛാ ...എനിക്ക് മുന്‍പ് പാടിയ കുട്ടി പറഞ്ഞതാ
അവള് വാങ്ങി
മോള് പറ ...അച്ഛന്‍ എന്തായാലും വാങ്ങി തരാം
അച്ഛാ എനിക്കൊരു വലംപ്പിരി ശംഖു വേണം ...
ഉണ്ണി ശംഖു വേണമെന്നോ ..എന്താ ഊതി ഊതി
ശബ്ദം ശരിയാക്കാനാണോ ........
അല്ല അച്ഛാ ...
പിന്നെ .....
കുറുച്ചുസമയം കഴിയട്ടെ ..ഞാന്‍ കാണിച്ചുതരാം
ആ സാധനം കൂട്ടുകാരി കൊണ്ടുവരുമോ
ഈ അച്ഛന് ഒന്നും അറിയില്ല ...ക്ഷമിക്കൂ അച്ഛാ ഇപ്പോള്‍ കാണിച്ചുതരാം ..
എന്തോ ആവട്ടെ

ഉണ്ണിമോള്‍ മിണ്ടിയല്ലോ

പുറത്തെ വരാന്തയില്‍ പോയി അല്‍പ്പം നടക്കാം ..കുറച്ചു ശുദ്ധവായു കിട്ടുമല്ലോ
സമയം പോയതറിഞ്ഞില്ല ..ഉണ്ണിമോള്‍ ഓടിവന്നു ..അച്ഛാ.....വാ തുടങ്ങി
എന്ത് തുടങ്ങി ..ഞാന്‍ പിന്നെ വരാം ...
ഈ അച്ചനെകൊണ്ട് ...വേഗം വാ ...

മുറിയില്‍ ചെന്നപ്പോള്‍ ടീ വീ യില്‍ ഏതോ ഒരാള്‍
ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വല്ലാത്ത താളത്തില്‍ പറയുന്നു

നിങ്ങളുടെ ഏതുകാര്യവും വിജയിക്കാന്‍ ..ഇന്ന് തന്നെ
ഓര്‍ഡര്‍ തരൂ .....തപോസ്വാമിയുടെ ആശ്രമത്തില്‍ നിന്നും
അത്യാപൂര്‍വമായ ..ഈ വലംപ്പിരിശംഖു വെറും 3999 രൂപയ്ക്കു
ഇതു കൈവശം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കു വിജയിക്കാം ..ഭക്തിയോടെ
ഇതില്‍ അഭിഷേകം ചെയ്യണം ..ഇളനീര്‍ ..പാല്‍ ..ഇവകൊണ്ട് ..
റീയാലിറ്റി ഷോ പോലുള്ള വേദികളില്‍ നിങ്ങള്‍ക്കു ഉന്നത വിജയം
ഉറപ്പാണ് .....

എന്റെ ദൈവമെ ...കാര്യങ്ങള്‍ എത്ര എളുപ്പം ..വെറുതെ എസ് എം എസ് നും
മറ്റുമായി ലക്ഷങ്ങള്‍ പൊടിച്ചു .....
എന്തായാലും ഇനി അതൊന്നും വേണ്ടല്ലോ ...3999 രൂപ ചിലവാക്കിയാലെന്താ
ഫൈനലില്‍ എത്താമല്ലോ ........

എന്തായാലും ഉണ്ണിമോള് മിണ്ടിയല്ലോ ......

Monday, January 10, 2011

നിളെ ........നീ കരയരുത്



കേള്‍ക്കുന്നു നിളതന്‍ മാറില്‍ ചിതറി
വീഴുമരിമണികള്‍ തന്‍രോദനം 
കാണുന്നു ഞാന്‍ തീരത്തു കേഴുന്ന 
ആത്മാക്കള്‍ തന്‍ ഇത്തിരി നീലവെട്ടം 

ഒഴുകുന്ന ദ്രവിച്ച ജാതകകെട്ടുകള്‍
തുണ്ടിലയും ചുവന്ന പൂക്കളും 
ക്ഷേത്രപിണ്ഡത്തിൽ എള്ളും 
ചന്ദനവും കറുകയുമാവാഹിച്ച 
ലക്ഷ്മീനാരായണ പ്രതിമയും

മറയുകയാണീ തീരത്തുനിന്നും 
കരയുന്നുവല്ലോ പറക്കമുറ്റാത്ത പൊന്നുമോള്‍
അമ്മതന്‍ ഈറന്‍മുണ്ടില്‍ മുഖംപൊത്തി 
വിശന്നിട്ടാണോ അച്ഛനെകാണാനാണോ

Friday, January 7, 2011

രതിസുഖത്തിന്റെ നീലകയങ്ങളില്‍

കിടപ്പറ വാതില്‍ ശബ്ദമില്ലാതെ തുറന്നവള്‍ കോണിപ്പടി ഇറങ്ങി
താഴത്തെ നിലയിലെത്തി.ജനാലകള്‍ മലക്കെ തുറന്നിട്ടു. പാതിരാ കാറ്റിന്റെ
തണുപ്പ് അവളുടെ സിരകളില്‍ ഒഴുകിയിറങ്ങി ...ആകാശത്ത് മഴമേഘങ്ങള്‍
വഴിമാറി മാവിന്റെ നിഴലുകള്‍ മുറ്റത്തു ആടി കളിക്കുന്നു

പാതിരാകിളികളുടെ കരച്ചില്‍ എന്തിനെന്നറിയാതെ അവളുടെ മനസ്സില്‍
ഒരു തേങ്ങലായി.ഒഴുകി വീണ കണ്ണീര്‍ അവളുടെ മാറില്‍ ഉഷ്ണപ്രവാഹമായി .
എന്തിനായിരുന്നു ഇതെല്ലാം? ഒന്നും വേണ്ടിയിരുന്നില്ല .പക്ഷെ ഇങ്ങനെയെല്ലാം
വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല . വിരസമായ പകലുകള്‍
ഭര്‍ത്താവ് മോളെയും കൊണ്ടുപോയാല്‍ ഉണ്ടാവുന്ന ഒറ്റപ്പെടല്‍ .......
അതിന്റെ വീര്‍പ്പുമുട്ടലുകള്‍ അവസാനിപ്പിച്ചു എപ്പോളോ അവന്‍ വന്നു
നീണ്ട കോലന്‍ മുടിയുള്ള അവന്റെ ചിരിക്കുന്ന മുഖം തന്റെ ഓര്‍കൂട്ടില്‍ കണ്ടപ്പോഴേ
ഒരു ഇഷ്ടം തോന്നി ..തന്റെ ഏകാന്ത ലോകത്തില്‍ അവന്‍ എന്നും
വരും അരുമയോടെ എഴുതും... ചാറ്റിങ്ങിന്റെ പുതിയലോകം എത്രമാത്രം
ഇഷ്ടപ്പെട്ടു എന്ന് പറയാന്‍ പറ്റില്ല ..സൌഹൃദത്തില്‍ തുടങ്ങി കാമം
മറനീക്കി മുന്നില്‍ വന്നപ്പോള്‍ എതിര്‍ത്തതാണ് ..പക്ഷെ എപ്പോഴോ
അവന്‍ എഴുതുന്ന വരികളില്‍ തന്റെ കാമം അലിഞ്ഞില്ലാതാകുന്നത്‌
അറിഞ്ഞു ..സിരകളിലൂടെ ചുടുരക്തം അടിവയറ്റില്‍ കോളിളക്കം ഉണ്ടാക്കുന്നത്‌.......
അത് ഇതുവരെ അറിയാത്ത ഒരു നിര്‍വൃതിയാകുന്നത് ..... ഒരു അനുഭൂതിയായി
പിന്നീട് സുഖമുള്ള ഒരാലസ്യമായിതീരുന്നത് ...ഓര്‍ത്തപ്പോള്‍ അവളില്‍
രതിസുഖത്തിന്റെ അലകള്‍ വീണ്ടും മനസിന്റെ നീലകയങ്ങളില്‍ നുരയും പതയും
തീര്‍ത്തു

എഴുത്തുകള്‍ വോയിസ്‌ ചാറ്റിങ്ങില്‍ എത്തിയതും പിന്നെ കാമറകള്‍ തുറന്നുവെച്ചു
അതിരുകള്‍ ഇല്ലാതായതും എപ്പോള്‍എന്നുപോലും ഓര്‍മകളില്‍ ഇല്ലാതായി .
അവന്റെ ഫോണ്‍ കാളുകള്‍ ഒരല്‍പം താമസിച്ചാല്‍ ..വിളിക്കാതിരുന്നാല്‍
ആരോടും പറയാതെ അനുഭവിച്ച വിരഹവേദന ......
.ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ കൊടുക്കുവാന്‍ എന്തു സന്തോഷ
മായിരുന്നു ...തന്നെ സ്നേഹം കൊണ്ട് മൂടുന്ന തന്റെ പ്രിയപെട്ടവനില്‍
നിന്നും കിട്ടാത്ത ഒരു ആശ്വാസം അവന്റെ മൃദു സ്വരം എന്നും
തനിക്കു തന്നിരുന്നു .രാത്രിയുടെ ആദ്യയാമത്തില്‍ തന്റെ പ്രിയപെട്ടവന്‍

തരുന്ന സ്നേഹം കണ്ണടച്ച് അവന്റെ സ്നേഹമായി അനുഭവിക്കുമ്പോള്‍
ഒരു കുറ്റബോധവും തോന്നിയില്ല ..അതൊരു ഇരട്ടി നിര്‍വൃതി
എപ്പോളും തരുമായിരുന്നു. ഇരുണ്ട വെളിച്ചത്തിലും അവന്‍ മാത്രമായിരുന്നു
അവന്റെ കരങ്ങള്‍ മാത്രമേ തന്നെ വരിഞ്ഞു മുറുക്കിയിട്ടുള്ളൂ

അവനെ വേണം എന്ന് തോന്നിയ ഒരു നിമിഷത്തില്‍ ഒന്നും ഓര്‍ത്തില്ല
കുറെ ഏറെ രാവുകളില്‍ സങ്കല്‍പ്പത്തില്‍ അനുഭവിച്ച രതിസുഖം
നേരില്‍ അറിഞ്ഞപ്പോള്‍ ‍ ഉണ്ടായ സന്തോഷം ..എല്ലാം മറന്നു...
ഈ ലോകം..... തന്റെ പ്രിയപ്പെട്ടവന്‍ ..... തന്റെ ഏക മകള്‍ എല്ലാം.. എല്ലാം
പോകാന്‍ നേരം തന്ന ചുടുചുംബനത്തിന്റെ നിര്‍വൃതി തന്റെ ചുണ്ടുകളില്‍
ഇപ്പോളും ഉണ്ടെന്നു തോന്നുന്നു

വിരസമായ പകലുകള്‍ വീണ്ടും തന്നുകൊണ്ട് നെറ്റില്‍ ആ മുഖം മറഞ്ഞത്
ഒരു തിരിച്ചറിവായി .രാത്രികളില്‍ പ്രിയപെട്ടവന്റെ വിരലുകള്‍
തലോടുമ്പോള്‍ മരവിപ്പിന്റെ തണുപ്പ് അവള്‍ ആദ്യമായി അറിഞ്ഞു ...
നെറ്റിന്റെ ലോകം ഇനി വേണ്ട ..എല്ലാം മറക്കാം ..എല്ലാംമറന്നൊരു
തിരിച്ചു വരവ്....അതിനായി മനസിനെ അവള്‍ പാകപെടുത്തി

വിരസങ്ങള്‍ മാറിനിന്ന ഒരു പകലില്‍ തന്റെ പ്രിയപ്പെട്ടവന്‍ അറിയാതെ
തുറന്നു വെച്ചുപോയ മെയില്‍ ബോക്സ്‌ അവള്‍ തുറന്നു
പകപ്പിനോടുവില്‍ അവള്‍ തിരിച്ചറിഞ്ഞു ..തന്റെ ഭര്‍ത്താവിന്റെ
പ്രിയപെട്ടവള്‍ എഴുതിയ വരികള്‍
അത് താന്‍ എഴുതിയ വരികള്‍ തന്നെ അല്ലെ ........

Wednesday, January 5, 2011

ഇതാ പോകുന്നു യയാതി

നമ്മുടെ രുചികള്‍ ..ചിന്തകള്‍ ..ചുറ്റുപാടുകള്‍ ..ദര്‍ശനങ്ങള്‍ ..എല്ലാം
മാറ്റത്തിന് വിധേയമാണ് ..നാടകങ്ങള്‍ ..കഥാപ്രസംഗം .....ചാക്യാര്‍
കൂത്ത്‌ ...ഓട്ടം തുള്ളല്‍ എന്നിവ ഇല്ലാതായി കൊണ്ടിരിക്കുകയാണ്
അത്തരം വേഷങ്ങളെപോലും ഇപ്പൊള്‍ പുശ്ച്ചത്തോടെയാണ്
ആളുകള്‍ നോക്കി കാണുന്നത് ..ഇതെല്ലാം നിലനില്‍ക്കുമോ എന്നുപോലും
സംശയമാണ് ....നമ്മുടെ കഥകളി പോലും എത്രനാള്‍ നിലനില്‍ക്കും
എന്ന് കണ്ടറിയണം....ഒരു പഞ്ച നക്ഷത്ര ഹോട്ടല്‍ കഥകളി
വേഷക്കാരെയും മോഹിനിയാട്ടം വേഷക്കാരികളെയും ഒരു
വിവാഹ സല്‍ക്കാരത്തിനു പനിനീര്‍ തളിക്കാന്‍ നിറുത്തിയിരിക്കുന്നത്‌
കണ്ടു ..ഏതോ event management കാരുടെ ബുദ്ധിയില്‍ തോന്നിയ
നല്ല ബുദ്ധിയാവാം.അതുപോലെ പണ്ട് പാഠകം എന്നൊരു പരിപാടി
അമ്പലങ്ങളില്‍ ഉണ്ടായിരുന്നു ..ദീപാരാധന കഴിഞ്ഞു നിലവിളക്കിനു
മുന്‍പില്‍ പുരാണ കഥകള്‍ ഒരു പ്രത്യേക രീതിയില്‍ അവതരിപ്പിക്കുന്ന
ഒരു കലാരൂപം...ഏകദേശം ഒരു ഓട്ടംതുള്ളല്‍ മാതിരി ..പക്ഷെ
തുള്ളല്‍ ഉണ്ടാവില്ല ..തമാശകളും മറ്റും കൊണ്ട് നല്ല രസമായ ഒരു
കലാരൂപം ..ഒരിക്കല്‍ എന്റെ കൌമാരം യൌവനത്തിന് വഴി മാറി
കൊടുക്കുന്ന കാലം...അമ്പലമുറ്റത്ത്‌ കല്‍വിളക്കിന്റെ ചോട്ടില്‍ ഈ
പാഠകം വായന നടക്കുന്നു..കാണികളുടെ കൂട്ടത്തില്‍ ഈ ഞാനും
ഉണ്ട് ..കഥ കേള്‍ക്കുകയല്ല പ്രധാനലക്‌ഷ്യം ...കാണികളുടെ ഇടയില്‍
ചുവന്ന ധാവണി ഇട്ടു ഒളികണ്ണാല്‍ എന്നെ മാത്രം നോക്കിയിരിക്കുന്ന
എന്റെ പ്രിയപെട്ടവളെ കാണുക എന്നതായിരുന്നു..അന്ന് കഥ
യയാതിയുടെതായിരുന്നു ...."അങ്ങിനെ യയാതി രാജാവ് ദേവയാനിയുടെ
അറയിലേക്ക് പോകുകയാണ് ........." ഈ സമയം എന്റെ പ്രിയപെട്ടവള്‍
സമയമായതുകൊണ്ട്‌ കണ്ണുകളാല്‍ യാത്രപറഞ്ഞു അവിടെനിന്നും
എഴുനേറ്റു ...അവളെ കണ്ടതുമതിയാകാതെ ഞാനും സദസ്സില്‍ നിന്നും
എഴുനേറ്റു പതുക്കെ ആള്‍കൂട്ടത്തില്‍ കൂടി വഴിയുണ്ടാക്കി മെല്ലെ
നീങ്ങുമ്പോള്‍ " ഇതാ പോകുന്നു യയാതി ..പുത്രോല്പ്പാദനത്തിനാണ് സംശയം
ഇല്ല"...ആള്‍കൂട്ടം എന്നെ നോക്കി പൊട്ടി പൊട്ടി ചിരിച്ചത് ........
എങ്ങിനെ മറക്കാനാവും

Sunday, January 2, 2011

കുപ്പിയോ ..പാട്ടയോ

നട്ടുച്ചയില്‍ കുപ്പിയും പാട്ടയും പെറുക്കാന്‍ വന്ന ഒരു തമിള്‍
പെണ്‍കുട്ടി ..അവളെക്കാളും ഉയരമുള്ള വണ്ടി വീടിനു മുമ്പില്‍
നിര്‍ത്തി നല്ല മലയാളത്തില്‍
ചേച്ചി കുപ്പിയോ ..പാട്ടയോ ഉള്ളത് എടുത്തോട്ടെ .....
ആ കോണി ചുവട്ടില്‍ ഉണ്ട് ..എടുത്തോ ..
ശ്രീമതി പറയുന്നത്
കേട്ട് ഞാന്‍ വരാന്തയില്‍ വന്നു
ആ കുട്ടി നല്ലതും ചീത്തയും
പെറുക്കി അവള്‍ക്കു വേണ്ടതുമാത്രം എടുത്തു
നീ ഊണ് കഴിച്ചോ ..ശ്രീമതി
ഇല്ല ചേച്ചി ..കഴിക്കണം
എന്നാല്‍ കഴിച്ചിട്ട് പോ
പാവം കുട്ടി ഉണ്ടോട്ടെ ..ശ്രീമതി സ്വയം പറഞ്ഞു
ഒരു ഇല വെട്ടി ചൂടുള്ള ചോറും കറികളും കൊടുത്തു
ആ കുട്ടി ആഹാരം കഴിച്ചുകഴിയുന്നതുവരെ അവളുടെ അടുത്ത്
ശ്രീമതി 'ഇനി വേണോ ' 'ഇനി വേണോ 'എന്നു ചോദിച്ചു അടുത്തു
നിന്നു..
ഊണ് കഴിഞ്ഞു പോകാന്‍ നേരം അവള്‍ പറഞ്ഞതുകേട്ട്‌
ഞാന്‍ ഒന്നു ഞെട്ടി
ചേച്ചി...ഈ പച്ചകറികള്‍ കൂട്ടി എങ്ങിനെയാണ്‌ നിങ്ങള്‍
ചോറ് ഉണ്ണുന്നത് ..നമുക്ക് ചിക്കെന്‍ ഇല്ലാതെ പറ്റില്ല ........