Friday, January 14, 2011

ഉണ്ണിമോള്‍ ഒന്നും മിണ്ടുന്നില്ല .........


ഹോട്ടല്‍ മുറിയില്‍ എത്തിയിട്ടും ഉണ്ണിമോള്‍ ഒന്നും മിണ്ടുന്നില്ല .
ഈ കുട്ടിക്ക് എന്താ പറ്റിയത് ...ഒന്നും മനസിലാകുന്നില്ലല്ലോ ?
നീ ഒന്ന് ചോദിക്ക് ..ചിലപ്പോള്‍ അമ്മയോട് അവള്‍ തുറന്നു പറയും
അവളോ ...ഒരിക്കലും ഇല്ല. അച്ഛന്‍ തന്നെ ചോദിച്ചാല്‍ മതി
അവള്‍ ആ വരാന്തയില്‍ കാണും .......ഉണ്ണിമോള്‍ എന്താ ഒന്നും മിണ്ടാത്തത്
നീ തന്നെ ഒന്ന് ചോദിക്ക് ..ഒരു സമാധാനവും ഇല്ല ..പാവം
എന്തോ ..നല്ല വിഷമം ഉണ്ട്

ഉണ്ണിമോള്‍ക്ക്‌ എന്താ പറ്റിയത് ... റിക്കാര്‍ഡിംഗ് കഴിഞ്ഞത്
മുതല്‍ ആണ് ഈ മൌനം ....ഉണ്ണി നന്നായി ...പാടി ..ചില
സംഗതികള്‍ ശരിയായില്ല എന്നു മാത്രമേ ജഡ്ജിമാര്‍ പറഞ്ഞുള്ളൂ
അപ്പോള്‍ എല്ലാം ചിരിച്ചുകൊണ്ട് തലകുലുക്കിയ അവള്‍ ഇപ്പോള്‍
വല്ലാത്ത മൌനത്തില്‍ .....എന്തെങ്കിലും ആവട്ടെ ..ഈ ടെന്‍ഷന്‍
ഒന്ന് തീര്‍ന്നു കിട്ടിയാല്‍ മതിയായിരുന്നു ..



കുഞ്ഞുനാള്‍ മുതല്‍ ഉണ്ണി നന്നായി പാടും .....ആ അറിവ് അവളെ
പാട്ട് പഠിപ്പിക്കുവാന്‍ പ്രേരണയായി ..നന്നായി പാടുന്നുണ്ട് എന്നു
പാട്ട് ടീച്ചര്‍ കാണുമ്പോള്‍ കാണുമ്പോള്‍ പറയും ...അത്
കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ചെറുതായിരുന്നില്ല ..
പക്ഷെ ഇപ്പോള്‍ പഠിപ്പിക്കേണ്ടിയിരുന്നില്ല എന്നു തോന്നിത്തുടങ്ങിയിട്ട്
മാസങ്ങള്‍ ആയി ...പാട്ട് നന്നായി പാടിയാല്‍ മാത്രം പോരാ
എസ് എം എസ് കൂടി വേണം ..അതിനായി എത്ര എത്ര
സിം കാര്‍ഡുകള്‍ ആരുടെയൊക്കെ പേരില്‍ വാങ്ങി ...എത്ര
പ്രാവശ്യം റീ ചാര്‍ജ് കൂപ്പണുകള്‍ വാങ്ങി കൊടുത്തു ....ഉണ്ണിമോള്‍
കരയരുത് ..അതിനായി എന്തുവേണമോ അതെല്ലാം ചെയ്തു കൊടുക്കുവാന്‍
സന്തോഷമേ ഉള്ളു ..പക്ഷെ

ഇന്നവള്‍ ഒന്നും മിണ്ടുന്നില്ല

എന്താവും കാരണം ..ചോദിക്കാന്‍ പോയ ഭാര്യയെയും കാണുന്നില്ല
ഇനി താന്‍ അവരുടെ ഇടയില്‍ ചെന്നാല്‍ അവള്‍ ഒന്നും പറയാതെ
ഇരുന്നാലോ ...വേണ്ട ..കാത്തിരിക്കാം .......

ശീതികരിച്ച മുറിയില്‍ പോലും ഉഷ്ണം തോന്നുന്നു ...ഫ്ലാറ്റ് വേണ്ട ..സ്വര്‍ണവും
വേണ്ട .അവസാന റൌണ്ട് വരെ എത്തണം ..അല്ലെങ്കില്‍ ..അവള്‍ക്കു
പിന്നെ പുറത്തിറങ്ങാന്‍ പറ്റാതെ വരും മാത്രമല്ല ഉണ്ണി കരയും
ഏതു ഗുളികകാലത്താണ് ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടായത് ..ഓഫീസിലെ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചപ്പോള്‍ താനും വഴങ്ങി ..ആറാമത്തെ റൌണ്ട് കഴിഞ്ഞു
ഇനിയും കിടക്കുന്നു .താണ്ടാന്‍ .ഒരുപാടു ദൂരം...ബാങ്കില്‍ നിന്നും
എടുത്ത ലോണ്‍ മുഴുവന്‍ എസ് എം എസിനും ..യാത്രക്കും ചിലവായി
അതെല്ലാം പോട്ടെ

ഉണ്ണിമോള്‍ എന്താ ..ഒന്നും മിണ്ടാതെ ഇരിക്കുന്നത് ?

വാതില്‍ തുറന്നു രണ്ടു പേരും കൂടി വന്നത് കണ്ടപ്പോള്‍ ഒരു സന്തോഷം
ഇനി എങ്കിലും ഉണ്ണിമോള്‍ മിണ്ടുമല്ലോ ........
വന്നപാടെ ഉടുപ്പുകള്‍ എടുത്തോണ്ട് കുളിമുറിയില്‍ കയറിയല്ലോ ..
ഇപ്പോഴും എന്താ ഉണ്ണിമോള്‍ ‍ ഒന്നും മിണ്ടാഞ്ഞത് .
സാരമില്ല ..ഭാര്യയോടു ചോദിക്കാം ...
എന്താ റോസി ..നമ്മുടെ ഉണ്ണിമോള്‍ക്ക്‌ പറ്റിയത് ..അവള്‍ വല്ലതും പറഞ്ഞുവോ ......
പറഞ്ഞു ...
എന്താ പറഞ്ഞത് ....
അവള്‍ക്കു ആകെ വിഷമം '.......
എന്തിനാ ?
അവള്‍ക്കു അവസാനത്തെ അഞ്ചില്‍ എങ്കിലും
എത്തണം എന്നാ പറയുന്നത് ...........
അവള്‍ എത്തും .ഉറപ്പാ ...മാതാവ് കാക്കും
നീ നാളെ പള്ളിയില്‍ ചെന്ന് ഒരു പാട്ട് കുറുബാന നടത്തു
അവിടെയാ പ്രശ്നം ..അച്ചായാ ......
എന്താ...........
ഫൈനലില്‍ എത്താന്‍ കഴിവും എസ് എം എസും മാത്രം പോരാ...പിന്നെ
അവള്‍ക്കു ഒരു കൂട്ടം വാങ്ങണംപോലും
എന്താ..നീ കാര്യം പറയൂ
പറയാം ..അത് ...അത് ....
പറഞ്ഞു മുഴുവന്‍ ആയില്ല ..ഉണ്ണിമോള്‍ ഉടുപ്പ് മാറി വന്നു
ഉണ്ണി ... ഫൈനലില്‍ എത്താന്‍ എന്താണ് വേണ്ടത് ......ഞാന്‍
വാങ്ങി തരാം ..പറ ....എന്താ വേണ്ടത് ..........
അത് ...അച്ഛന് 3,999 രൂപ ചിലവാക്കാമോ ?
എന്താ ഉണ്ണി മോളൂ നീ പറയുന്നത് ...മൂന്നു ലക്ഷം വേണമോ
അച്ഛന്‍ ചിലവാക്കാം ..പറ ..എന്താ വേണ്ടത് ...
അത് ..അച്ഛാ ...എനിക്ക് മുന്‍പ് പാടിയ കുട്ടി പറഞ്ഞതാ
അവള് വാങ്ങി
മോള് പറ ...അച്ഛന്‍ എന്തായാലും വാങ്ങി തരാം
അച്ഛാ എനിക്കൊരു വലംപ്പിരി ശംഖു വേണം ...
ഉണ്ണി ശംഖു വേണമെന്നോ ..എന്താ ഊതി ഊതി
ശബ്ദം ശരിയാക്കാനാണോ ........
അല്ല അച്ഛാ ...
പിന്നെ .....
കുറുച്ചുസമയം കഴിയട്ടെ ..ഞാന്‍ കാണിച്ചുതരാം
ആ സാധനം കൂട്ടുകാരി കൊണ്ടുവരുമോ
ഈ അച്ഛന് ഒന്നും അറിയില്ല ...ക്ഷമിക്കൂ അച്ഛാ ഇപ്പോള്‍ കാണിച്ചുതരാം ..
എന്തോ ആവട്ടെ

ഉണ്ണിമോള്‍ മിണ്ടിയല്ലോ

പുറത്തെ വരാന്തയില്‍ പോയി അല്‍പ്പം നടക്കാം ..കുറച്ചു ശുദ്ധവായു കിട്ടുമല്ലോ
സമയം പോയതറിഞ്ഞില്ല ..ഉണ്ണിമോള്‍ ഓടിവന്നു ..അച്ഛാ.....വാ തുടങ്ങി
എന്ത് തുടങ്ങി ..ഞാന്‍ പിന്നെ വരാം ...
ഈ അച്ചനെകൊണ്ട് ...വേഗം വാ ...

മുറിയില്‍ ചെന്നപ്പോള്‍ ടീ വീ യില്‍ ഏതോ ഒരാള്‍
ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വല്ലാത്ത താളത്തില്‍ പറയുന്നു

നിങ്ങളുടെ ഏതുകാര്യവും വിജയിക്കാന്‍ ..ഇന്ന് തന്നെ
ഓര്‍ഡര്‍ തരൂ .....തപോസ്വാമിയുടെ ആശ്രമത്തില്‍ നിന്നും
അത്യാപൂര്‍വമായ ..ഈ വലംപ്പിരിശംഖു വെറും 3999 രൂപയ്ക്കു
ഇതു കൈവശം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കു വിജയിക്കാം ..ഭക്തിയോടെ
ഇതില്‍ അഭിഷേകം ചെയ്യണം ..ഇളനീര്‍ ..പാല്‍ ..ഇവകൊണ്ട് ..
റീയാലിറ്റി ഷോ പോലുള്ള വേദികളില്‍ നിങ്ങള്‍ക്കു ഉന്നത വിജയം
ഉറപ്പാണ് .....

എന്റെ ദൈവമെ ...കാര്യങ്ങള്‍ എത്ര എളുപ്പം ..വെറുതെ എസ് എം എസ് നും
മറ്റുമായി ലക്ഷങ്ങള്‍ പൊടിച്ചു .....
എന്തായാലും ഇനി അതൊന്നും വേണ്ടല്ലോ ...3999 രൂപ ചിലവാക്കിയാലെന്താ
ഫൈനലില്‍ എത്താമല്ലോ ........

എന്തായാലും ഉണ്ണിമോള് മിണ്ടിയല്ലോ ......

0 comments: