Friday, December 10, 2010

ഗുരുതി

വടക്കേവാതുക്കല്‍ ഗുരുതിക്കായി 
തീര്‍ത്ത കളത്തിന്‍ നടുവിലായി 
എരിയുന്ന പന്തവും നിലവിളക്കിന്‍ 
തിരിനാളവും സാബ്രാണിഗന്ധവും 
ഇളകിയാടുന്ന കുരുത്തോലയും
തൂങ്ങിയാടുന്ന ചെമ്പരത്തിയും 
പഞ്ചവർണക്കളവും 

‍ഓട്ടുരുളിയില്‍ കറുത്ത ചുവന്ന 
വെള്ള ഗുരുതികള്‍ 
നടുവില്‍ നാട്ടിയൊരു പന്തവും 
യക്ഷികള്‍ വാഴും പാലമരകൊമ്പും 
കരിംക്കുട്ടിചാത്തനും വിഷ്ണുമായയും 
മുത്തപ്പന്മാരും ആവാഹിച്ചിരിക്കുമാ
പീഠം തന്‍ മുന്നില്‍ ചുവന്ന പട്ടുടുത്തു
അരമണി കിലുക്കി മുടിക്കോൽ ചുറ്റി 
കണ്ണില്‍ കത്തുന്ന ക്രൌര്യവും
നിറച്ചു തുള്ളുന്ന കാരണവര്‍ 
തന്‍ മുന്നില്‍ഭക്തര്‍ കൊടുത്തു 
നേര്‍ച്ചകോഴികള്‍ ഭക്തിപുരസരം 

കണ്ടു ഞാന്‍ ആ ജീവികള്‍
തന്‍ ചോരക്കണ്ണിൽ 
നിസ്സംഗതയും ഭയവും 
ജീവന്‍ പൊലിയുന്ന നൊമ്പരവും 
പിടഞ്ഞു വീണ കൊഴിത്തലകള്‍ ഭക്തരെ 
നോക്കി നിറഞ്ഞ ശാപത്തോടെ 
മൊഴിഞ്ഞു മൌനമായി.........

എന്തിനായി നീ ഇതു ചെയ്തു നിന്റെ 
നന്മക്കോ അതോ ദേവപ്രീതിക്കോ?
തരാം ഇനിയും ഞങളുടെ ചുടുചോര
സന്തതിക്കും പിന്നെ പരമ്പരക്കും
കൂടെ ഞങള്‍ തന്‍ തീരാശാപവും

കോഴികള്‍ തന്‍ കൂട്ടക്കരച്ചിലും 
മന്ത്രവാദി തന്‍ അട്ടഹാസവും
തെക്കൻകാറ്റിന്‍ മൂളിച്ചയും
നാടന്‍ ചാരായഗന്ധവും
വീശുന്ന ചുടല കളത്തിന്‍
അരികിലായിനിന്നു ഞാനും 

പന്തത്തില്‍ ചിതറി വീഴുന്ന തെള്ളിപൊടി
തന്‍സ്വര്‍ണ പ്രഭയില്‍ 
തിരഞ്ഞു ഞാന്‍ ദേവനെ പക്ഷെ 
കണ്ടില്ലൊരിക്കലും ചുടുചോര 
മോന്തുന്ന ദേവന്റെ ചുണ്ടില്‍ 
വിരിയുന്ന മന്ദഹാസവുംപിന്നെ 
കണ്ടതോ ശാപത്തിന്‍ തീക്കനലുകൾ 
കേട്ടതോ പിടയുന്ന ജീവിതന്‍ 
ആത്മപ്രണാമ മന്ത്രധ്വനി മാത്രം

0 comments: