Wednesday, December 15, 2010

മച്ചിലെ ഭഗവതി

ചിതലുകള്‍ ചിത്രം വരച്ചോരാപടിപ്പുരവാതില്‍
കടന്നെത്തി നീണ്ടപ്രവാസത്തിനൊടുവില്‍
മുറ്റത്തെ തുളസിത്തറയില്‍ കറുത്തചിരാതില്‍
ഇപ്പോളുംകാണാം പാതികത്തിയ കരിന്തിരി

'ഒരു നൂറായിരംജന്മമാര്‍ജിച്ചതൊക്കയും
കാലവശം ഗമിക്കാന്‍ തുടങ്ങും ക്ഷണ
കാലെ തിരുനാമമോന്നറിയാതെ താന്‍
പാരിലോരുവാന്‍ ജപിക്കിലവനുടെ
ഘോര മഹാപാപാമൊക്കെ നീങ്ങീടും' ...
കേട്ടുവോ ഭാഗവതസ്തുതികള്‍ വീണ്ടും

നിലവിളക്ക് എരിയാത്ത ഉമ്മറകോലായില്‍ ‍
നിന്നും കേള്‍ക്കുന്നുവോ അമ്മതന്‍ രോദനം
പൊട്ടി ഹൃദയംനുറുങ്ങുന്ന വേദന സന്ധികളില്‍
ഒരു തളര്‍ച്ചയായി പടര്‍ന്നുകയറവേ നെറ്റിയില്‍
ചുടുരക്തം വിയര്‍പ്പായിപൊടിയവേകണ്ടു
മുന്നില്‍ നിലം പോത്താറായ നാലുകെട്ടും
പടിപ്പുരമാളികയും പിന്നെ വടക്കിനിയും

വന്നു ഒരിറ്റുകണ്ണീര്‍ ആരും കാണാതെതുടച്ചു
ഗദ്ഗദം പിന്നെയും നെഞ്ചില്‍പിടയവേ അതൊരുതുള്ളി
കണ്ണുനീരായി മുറ്റത്ത്‌ വീഴവേ തെക്കേമുറ്റത്തെ
കരിന്തിരികത്തിയ അമ്മതന്‍കുഴിമാടത്ത്
കാട്ടുകിളികള്‍ ഉച്ചത്തില്‍ ചിലക്കവേ മച്ചിലുറങ്ങും
ഭഗവതിതന്‍ ചിലങ്കകള്‍ താനെകിലുങ്ങവേ
പോട്ടിവീഴാറായ നാലുകെട്ടിന്റെ കളിമണ്‍
ചുമരില്‍ തളര്‍ന്നിരിക്കവേ കണ്ടു തൂണില്‍
ആരോ കോറിവരച്ചിട്ട അശ്ലീലചിത്രങ്ങള്‍

മുറ്റത്തെ വള്ളികള്‍ ഓട്ടിന്‍പുറത്തും ചുവരിലും
ചുറ്റിപിണഞ്ഞു നീളെ പടരവേ മച്ചിലെതോപക്ഷിതന്‍
ചിറകൊച്ചനിലക്കാതെ കേള്‍ക്കവേ കാലം
ചിറകിട്ടടിച്ചു പുറകോട്ടു പോകവേ കേട്ടുവോ
അമ്പലപറതന്‍ കൊട്ടുംമേളവും കോമരത്തിന്‍
അരമണികിലുക്കവും കൊയ്ത്തുപാട്ടും പിന്നെ
നാഗകളത്തിലെ പുള്ളുവന്‍പാട്ടും



ഇളകുന്നു കാറ്റിലൊരു റാന്തല്‍വിളക്കും
ഒപ്പം പാറികളിക്കുന്നു മാറാല കൂട്ടവും
നടുമുറ്റത്തു കിടക്കുന്നു ചിന്നിചിതറി ആരോ
ഉപേക്ഷിച്ച കീറപായും പിന്നെ ബീഡി കുറ്റികളും
ചീട്ടിന്‍ കെട്ടുകളും ചരായകുപ്പിയും കൂടെ
നിരോധിന്‍ ഉറകളും വാടിയ മുല്ലപൂക്കളും
കാണ്കെ ഓര്‍ത്തു മാളികപുരയിലെ മണിയറ
പിന്നെ വന്നു കതംബത്തിന്‍ ഗന്ധവും

ഒരുപാടുപേരെ ഊട്ടിയ അടുക്കളയില്‍
കണ്ടു ഉണങ്ങിയ പശുവിന്‍ ചാണകകൂനകള്‍
എത്തുന്നു കാച്ചിയ മോരിന്റെ ഗന്ധവും കൂടെ
കൈതഗന്ധം പരത്തും അമ്മതന്‍ മടിയിലെ
സ്നേഹത്തിന്‍ ചൂടും കൊഞ്ചും മൊഴികളും

പോകുകയാണിവിടെനിന്നുംഎന്നേക്കുമായി ഞാന്‍
നാളെപൊളിക്കും അയ്യോ വിറ്റൊഴിച്ചു ‍
ഈ നാലുകെട്ടും പറമ്പും ചമയങ്ങളും
വന്നതുവീണ്ടും ഒരു യാത്രാമൊഴി ചൊല്ലുവാന്‍മാത്രം


കേള്‍ക്കുന്നു വീണ്ടും കാട്ടുകിളികള്‍തന്‍
കൂട്ടകരച്ചിലും നാടന്‍ പട്ടിതന്‍മോങ്ങലും
പോകുന്നു ഞാന്‍ കൂടെവരണമേ എന്റെ
മച്ചിലെ ഭഗവതി നിന്‍ പരിവാരങ്ങളോടെ

1 comments:

Shajihan said...

ഒരു സ്വാര്‍ത്ഥമായ ദുഃഖം വായനക്കാരുമായി പങ്കുവെയ്ക്കാന്‍ ശ്രമിക്കുന്ന വരികള്‍.
അത് പക്ഷേ വായനക്കാരന്‍റെ തന്നെ ദുഃഖമായി പരിണമിക്കുന്ന സംവേദനം.
ബിംബങ്ങള്‍ പകരം വെച്ചാല്‍ ഏതൊരു മലയാളിയുടെയും അനുഭവം.
നാളെ എന്തായിര്ക്കും ആ കോവിലകം?
കല്പടിപ്പുരയില്ല. തുളസിത്തറയില്ല,
സര്‍പ്പ‍ക്കാവുകളില്ല, വീടാകെ മാറിപ്പോയി.
ഒരുപക്ഷെ ആ സ്ഥാനത്ത് ഒരു റിസോര്‍ട്ടോ ഒരു സുഖ ചികിത്സാലയമോ ഉയര്‍ന്നുവരാം.
അവിടുത്തെ അന്തേവാസികള്‍ക്ക് മച്ചിലെ ഭഗവതി ഒരു ഭാരമോ, അധികപ്പറ്റോ ആകും.
പെറ്റമ്മയുടെ ഗര്‍ഭപാത്രം അന്തിയുറങ്ങുന്നിടം സ്വിമ്മിംഗ് പൂളായി മാറാം. നെരിപ്പോട് പോലെ കത്തിയ ആ കരിവിളക്ക് സ്ന്ദര്‍ശനമുറിയുടെ മൂലയിലെ കഴ്ചവസ്തുവായി മാറും
ഇത് നമ്മുടെ വിധി.
പക്ഷെ മച്ചിലെ ഭഗവതി നമുക്കു സ്വന്തം.
നല്ല രൂപകങ്ങളും ബിംബങ്ങളും കോര്‍ത്തിണക്കിയ ഈ കവിത മലയാളനാട്ടിന്‍റെ അകത്തളങ്ങള്‍ക്ക് ചാരുതയേകും എന്നതില്‍ സംശയമില്ല,
എന്നാല്‍ പ്രഭയുടെ ആദ്യ കവിതയായ ഗുരുതിയുടെ ഘടനാഭംഗി ഇതിനില്ലായെന്ന് ഞാന്‍ വ്യസനപൂര്‍വ്വം പറയട്ടെ.