Monday, November 15, 2010

ഗീത റാണി

ബാല്യം....ഒരു ജന്മത്തിലെ മധുരം നുണയുന്ന പുണ്യ ദിവസങ്ങള്‍ ..കളിച്ചും
ചിരിച്ചും കരഞ്ഞും പിന്നെ എല്ലാം മറന്നും കഴിഞ്ഞ നാളുകള്‍. ഇപ്പോള്‍
തിരിഞ്ഞു നോക്കുമ്പോള്‍ ആ നല്ല ദിനങ്ങള്‍ ഒരായിരം ഓണ പൂക്കളങ്ങള്‍
പോലെ സുന്ദരവും സുഗന്ധ പൂരിതവുമാണ് .

..എനിക്കും ഒരു ബാല്യമുണ്ടായിരുന്നു.ചിരിച്ചും കളിച്ചും എല്ലാം മറന്നു ജീവിച്ച
നാളുകള്‍ ...അതിന്റെ ഓര്‍മ്മകള്‍ നിറമുള്ളഒരോണ പൂക്കാലം പോലെ മനോഹരമാണ്
ഒരുപാടു സന്തോഷിച്ച ആ നാളുകളില്ലോന്നു ഒരു തീച്ചൂള പോലെ നീറി നീറി പിന്നെടെപ്പോഴോ
അണഞ്ഞു പോയെങ്കിലും ചാരംമൂടിയ ഓര്‍മ്മകള്‍ക്കടിയില്‍ ഒരു കനല്‍ കട്ട എന്നും എരിഞ്ഞിരുന്നു

റെയില്‍വേ കോളനിയുടെ ടാറിട്ട റോഡുകള്‍ ചുവന്ന കാട്ടുപൂക്കള്‍ വീണെന്നും
ഒരു പരവതാനി വിരിച്ച പോലെ മനോഹരമായിരുന്നു..കണ്ണുകള്‍ക്ക്‌ തെളിച്ചം
വന്നൊരു നാളില്‍ ഒരു കൊച്ചുകൂട്ടുകാരി ..ഗീത റാണി ..അതായിരുന്നു അവളുടെ
പേര്‍ ..വര്‍ഷങ്ങള്‍ ഒരുപാടൊരുപാട് കടന്നുപോയി എന്നാലും ഇപ്പോളും ഓര്‍മ്മകള്‍
ഒരു നൊമ്പരമായി മനസിലെവിടെയോ നീറി പടരുന്നു...എന്നും ഓര്‍മയില്‍
അവളുണ്ടായിരുന്നു ...ഒരുവാക്കുപോലും പറയാന്‍ കഴിയാതെ വിടപറഞ്ഞു പോയ
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ..എന്റെ വിരലുകളില്‍ പിടിച്ചുകൊണ്ടു എന്നും
അവള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു..ഒരുമിച്ചു കളിച്ചു വളര്‍ന്ന നാളുകള്‍ .
പൂക്കള്‍ പറിച്ചും തുമ്പിയെ പിടിച്ചും കല്ലുകളിച്ചും ഒളിച്ചു കളിച്ചും നടന്ന
നാളുകള്‍ പിന്നിട്ടു ഞങള്‍ ഒരേ ക്ലാസ്സില്‍ ഒരുമിച്ചിരുന്നു പഠിച്ചു ..ഒരുമിച്ചു
ആഹാരം കഴിച്ചു ...ഒഴിവു ദിവസങ്ങളില്‍ ഞങള്‍ അച്ഛനും അമ്മയും
ആയി...ആഹാരം ഉണ്ടാക്കി കളിച്ചു ....റെയില്‍വേയുടെ വിശാലമായ
വഴികളിലൂടെ മൂന്ന് ചക്ക്രമുള്ള സൈക്കിള്‍ ഓടിച്ചും ഇണങ്ങിയും പിണങ്ങിയും
നാളുകള്‍ പോകവേ ...ഒരു ദിവസം സ്കൂള്‍ വിട്ടു വരുമ്പോള്‍ ചുവന്ന
കാട്ടുപൂക്കള്‍ നിരന്ന റോഡില്‍ നിന്നും ഒരു ചെറിയ പക്ഷികുഞ്ഞിനെ ഞങ്ങള്‍ക്ക്
കിട്ടി ..ഒരുപാടു സന്തോഷിച്ചു ഞങള്‍ .പക്ഷികുഞ്ഞിനെ ഒരു കടലാസുപെട്ടിയില്‍
വളര്‍ത്താന്‍ തീരുമാനിച്ചു ..ഗീതയുടെ വീടിനു മുന്‍പില്‍ എത്തിയപ്പോള്‍
കുറച്ചാളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നു ..വീട്ടുമുറ്റത്ത് എത്തിയ ഗീതയെ
ആരെല്ലാമോ വിളിച്ചകത്തു കൊണ്ടുപോയി ..ഒന്നും മനസിലാകാതെ
ചിറകു മുളക്കാത്ത പക്ഷികുഞ്ഞുമായി കുറച്ചുനേരം ഞാന്‍ വെളിയില്‍ നിന്നു
പിന്നീടു വീട്ടിലെത്തിയ ഞാന്‍ അറിഞ്ഞു ...ഗീതയുടെ അച്ഛന്‍ മരിച്ചുവെന്ന്
മരണം എന്തെന്നറിയാത്ത ഞാന്‍ വീണ്ടും എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ
കാണാന്‍ വഴിയില്‍ ഇറങ്ങി ...

വെള്ള നിറമുള്ള ഒരു വാന്‍ പുറപ്പെടുന്നു
ഓടി അതിന്റെ അരികില്‍ എത്തിയ ഞാന്‍ ചില്ല് ജാലകത്തിനപ്പുറം
എന്റെ പ്രിയപെട്ടവളുടെ കുഞ്ഞുകൈകള്‍ എന്നെ നോക്കി ടാറ്റാ കാണിക്കുന്നു
ഒന്നും അറിയാതെ ...കളിയ്ക്കാന്‍ വരാത്ത കൂടുകരിയോടു കെറുവിച്ചു ഞാന്‍
വീട്ടിലെത്തി ....
പിറ്റേന്ന് കാലത്ത് അടഞ്ഞു കിടന്ന വീടിന്നു മുന്‍പില്‍ ഞാന്‍ ഒരു മാത്ര
നിന്നു...ആരോ പറഞ്ഞു ..
.ഇനി ഇവര്‍ തിരിച്ചുവരില്ല ........
അന്ന് വൈകുന്നേരം ആ പക്ഷികുഞ്ഞും വിട പറഞ്ഞു ........
പതിറ്റാണ്ടുകള്‍ കഴിഞ്ഞു ...
കണ്ണുകള്‍ നിറയുന്നു ...വിട പറയാതെ പോയ കൂട്ടുകാരിയെ
കാണാന്‍ മനസ് കൊതിക്കുന്നു ..........

0 comments: