Saturday, November 20, 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും

എന്റെ തറവാട് വീടിന്റെ അടുത്ത് ഒരു ചോലനായ്ക്ക കുടുംബം
ഉണ്ടായിരുന്നു...കൃഷിചെയ്തും അത്യാവശ്യം വീട്ടുജോലികള്‍ക്ക്
പോയുമാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. വയസ്സായ ഒരു
അരളി മരത്തിനടിയില്‍ കുടിവെച്ച ഏതെല്ലാമോ മൂര്‍ത്തികള്‍ക്ക്
ദിവസ പൂജ. .ഇടക്ക് കോഴിയെ വെട്ടി പൂജ. ഇതെല്ലാം അവിടെ
പതിവായിരുന്നു

മീനമാസം ആയാല്‍ സന്ധ്യക്കെന്നും കൊടുങ്ങല്ലൂര്‍ ഭരണിക്ക്
ആ വീട്ടില്‍ നിന്നും ഭരണി പാട്ടിന്റെ ചീളുകള്‍ വീട്ടിലേക്കു ഒഴുകി
വരാറുണ്ടായിരുന്നു. കറുപ്പന്‍ എന്ന വെളിച്ചപ്പാട് ഭരണിക്ക്
പോകുന്ന ദിവസം കോഴിയെ വെട്ടി മൂര്‍ത്തികള്‍ക്ക് പൂജ നല്‍കും.
തലവെട്ടി ചോര ഒഴുക്കി പോകുന്നതിനുമുമ്പ് എന്റെ വീട്ടില്‍ ഒന്ന്
കയറും ..ചോരയോഴുക്കി വരുന്ന വെളിച്ചപ്പാടിനെ അമ്മ വിളക്കു
കൊളുത്തി ദക്ഷിണ നല്‍കി പറഞ്ഞയക്കുന്നത് ഒരു പതിവായിരുന്നു

മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് ആ വീട്ടില്‍ ഒരു സംഭവം നടന്നു
ഈ സമയത്ത് വെളിച്ചപ്പാട് കറുപ്പന്‍ മരിച്ചു പോയിരുന്നു ..അയാളുടെ
സഹോദരി ആ വീട്ടില്‍ ഉണ്ടായിരുന്നു..അവരുടെ ഭര്‍ത്താവ് കൊച്ചിയില്‍
സൈക്കിള്‍ റിക്ഷ ഓടിക്കുന്ന പണിയായിരുന്നു..വല്ലപ്പോഴും വീട്ടില്‍
വരുന്ന ദിവസം ഭയങ്കര ബഹളം ആ വീട്ടില്‍ നിന്നും പതിവായിരുന്നു

ഒരുനാള്‍ അയാള്‍ വന്നത് എവിടെനിന്നോ കിട്ടിയ ഒരു നാഗപ്രതിമയുമായാണ്
അയാള്‍ അത് അരളി മരത്തിന്നു ചോട്ടില്‍ വെച്ച് ആരാധന തുടങ്ങി ..
പിറ്റേന്ന് പലരും ആ വീട്ടിലും പരിസരത്തും പാമ്പുകളെ കണ്ടു തുടങ്ങി ചിലര്‍
അയാളെ ഉപദേശിച്ചു ..ഈ വിഗ്രഹം ഇവിടെ വെച്ചതില്‍ പിന്നെയാണ്
ഇങ്ങനെ പാമ്പുകളെ കാണുന്നത് ..നീ ഇതു എവിടെ നിന്നും കിട്ടിയോ
അവിടെ കൊണ്ട് പോയി വെക്കുക ...മിക്ക സമയത്തും ചാരായം കുടിച്ചു
ലഹരിയില്‍ നടക്കാറുള്ള അയാള്‍ വിഗ്രഹം അടുത്തുള്ള ഒരു തോട്ടില്‍
വലിച്ചെറിഞ്ഞു

ദുര്‍ഗ..അയാളുടെ മകള്‍ ..അവള്‍ക്കന്ന് പത്തു പതിനൊന്നു വയസുകാണും
ഒരല്‍പം അകലെ ഒരു വീട്ടില്‍ അടുക്കളജോലിക്ക് അവള്‍ പോകാറുണ്ടായിരുന്നു
ജോലിക്കിടയില്‍ ആ വീട്ടില്‍ നിന്നും കൊടുത്ത ആഹാരം അടുക്കള വരാന്തയില്‍
ഇരുന്നു കഴിക്കവേ എവിടെനിന്നോ വന്ന ഒരു കരിമൂര്‍ഖന്‍ അവളെ കടിച്ചു
അവള്‍ പിന്നെ അധിക സമയം ജീവിച്ചില്ല ...............

ഇതു നടന്ന സംഭവമാണ് ..വിശ്വസിച്ചാലും ഇല്ലെങ്കിലും ......

0 comments: