Sunday, November 21, 2010

ഒരു വനരോദനം

ഞാന്‍ പോകുകയാണ് ...അതിനു മുന്‍പ് അമ്മയോട് ഒരുപാടു കാര്യം
പറയാനുണ്ട്‌ ..സമയം കുറച്ചുകൂടിയെയുള്ളൂ എന്ന് തോന്നുന്നു ..പെട്ടെന്ന്
പോന്നതുകൊണ്ട് ആരോടും ഒന്നും പറയാന്‍ പറ്റിയില്ല ..എന്തുചെയ്യാം
അവിടെ നിന്നും പോന്നതില്‍ പിന്നെ ആഹാരം ഒന്നും കഴിച്ചില്ല
ഇവിടെവരെ നിന്നാണ് വന്നത് ..ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല
പാലക്കാട്‌ എത്തിയപ്പോള്‍ വാഹനം കുറച്ചുനേരം നിര്‍ത്തി അപ്പോള്‍
മനസ് വല്ലാതെ വേദനിച്ചു. ജനിച്ച മണ്ണ് പിന്നിലായി എന്ന തോന്നല്‍
ഒരുപാടു വേദനയുണ്ടാക്കി . വണ്ടിയില്‍ ഇരുന്നു കഴിഞ്ഞ ദിവസങ്ങള്‍
ഓര്‍ത്തു

എത്ര രസകരമായിരുന്നു എന്റെ കുട്ടിക്കാലം..ഇപ്പൊളും ഓര്‍ക്കുന്നു
ഞാന്‍ ജനിച്ചതിന്റെ പിറ്റേന്ന് തന്നെ എനിക്ക് ആഭരണമായി നല്ല
ചരടില്‍ മണികെട്ടി തന്നതും കുട്ടികള്‍ക്കൊപ്പം തുള്ളി കളിച്ചതും
കുറച്ചു വലുതായപ്പോള്‍ ചന്തയില്‍ പോയതും പിന്നെ നിലക്കടല
പാടത്തു വര്‍ഷങ്ങളോളം ജോലി ചെയ്തതും ..തിരിച്ചുവരുന്ന
എനിക്ക് നല്ല നല്ല ആഹാരം തന്നതും എന്നെ കുളിപ്പിച്ചതും
എന്നെ സ്നേഹത്തോടെ തലോടിയതും എങ്ങിനെ ഞാന്‍ മറക്കും
നമ്മുടെ വയലില്‍ ഉണ്ടാവുന്ന നെല്ലും കടലയും കേരളത്തില്‍
എത്തിക്കാന്‍ പൊള്ളാച്ചി ചന്തയില്‍ പോയതും ഓര്‍ക്കുമ്പോള്‍
മനസ് പിടക്കുന്നു
അമ്മെ മൂന്ന് ദിവസമായി ആഹാരം കഴിച്ചിട്ട് ..ഇന്നലെ രാത്രി
ഒരുപാടു വെള്ളം കുടിച്ചു വയര്‍ വീര്‍ത്തു നടക്കാന്‍ പോലും
പറ്റാതായി .
പരിചയമില്ലാത്ത ഒരാള്‍ എന്നെയും കൂടെ വന്ന
രണ്ടു പേരെയും കൊണ്ട് ഇവിടെ എത്തി ..എനിക്കാകെ ഭയം
തോന്നുന്നു ..കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റി ..എന്തിനാ അമ്മെ
എന്നെ ഉപേക്ഷിച്ചത് ...മുഴുവന്‍ സമയവും ഞാന്‍ അവിടുന്ന്
പറയുന്നതെല്ലാം ചെയ്തില്ലേ?.
അമ്മെ എനിക്കെന്താ ഭയം എന്നല്ലേ ... എന്റെ കൂടെ വന്ന
ഒരാളെ അവര്‍ വലിയ ഒരു കൂടം കൊണ്ട് തലക്കടിച്ചു കൊന്നു
എന്നിട്ട് ശരീരം രണ്ടായി കീറി തൂക്കിയിട്ടിരിക്കുന്നു..ആളുകള്‍
കൂട്ടം കൂടി നില്‍ക്കുന്നു കറുത്ത പ്ലാസ്റ്റിക്‌ കവറുകളില്‍ അവര്‍
എന്തോ കൊണ്ടുപോവുന്നു ..ചോരയുടെ മണവും ഈ അന്തരീക്ഷവും
പേടിയുണ്ടാക്കുന്നു..അമ്മെ ഇനി നമുക്ക് കാണാന്‍ പറ്റുമോ
അറിയില്ല ...എനിക്കാരോടും ഒരു പിണക്കവും ഇല്ല ..എന്റെ
ജന്മം മുഴുവന്‍ നിങ്ങള്‍ക്കുവേണ്ടി പണിയെടുത്തു ..ഇനി ഞാന്‍
പോകുകയാണ് ,,അതാ അവര്‍ വരുന്നു എന്റെ അടുത്തേക്ക്
കയ്യില്‍ ഒരു വലിയ കൂടം ഉണ്ട് ..എനിക്കിപ്പോള്‍ അറിയാം
അവര്‍ എന്നെയും കൊല്ലാന്‍ വരുകയാണ് ..സാരമില്ല എന്റെ
മാംസം ഇവിടെ കേരളത്തില്‍ പ്രിയമാണ്...
അമ്മെ യാത്ര പറയുന്നു ..ഇനിയും അടുത്ത ജന്മത്തില്‍ കാണാം
ആ ജന്മം ഒരു കാളയായി ജനിക്കരുതെന്നു മാത്രമേ എനിക്ക്
പ്രാര്‍ത്ഥിക്കാന്‍ ഉള്ളു ....
അതാ അവര്‍ എന്റെ തൊട്ടടുത്തായി ..ഞാന്‍ കണ്ണുകള്‍
അടക്കട്ടെ അമ്മേ

0 comments: