Tuesday, August 30, 2011

ഈ അത്തം നാളില്‍

കര്‍ക്കിടകം പാതി കഴിയുമ്പോള്‍ പാലക്കാടിലെ ഗ്രാമങ്ങളില്‍
ചെറിയ പൂക്കളം പ്രത്യക്ഷപ്പെടും ...അധികം പൂവുകള്‍ അപ്പോള്‍
ഉണ്ടാവില്ല. തൊടിയിലെ മത്തന്‍ വല്ലിയിലെ ആണ്‍ പൂക്കള്‍ ..പിന്നെ
വേലിയിലെ ചെമ്പരത്തി ..മഞ്ഞ അറളി തുടങ്ങിയ നാടന്‍ പൂക്കളും
മറ്റും ആണ് സാധാരണ കാണുക ..ഓണത്തെ വരവേല്‍ക്കാന്‍
ഗ്രാമങ്ങള്‍ ഒരുങ്ങുന്നു ..കാര്‍ഷിക സംസ്കാരം വേരുറച്ചുപോയ
പാലക്കാടന്‍ മണ്ണില്‍ ഓണം മധുരമാണ്..ഇരട്ടിമധുരം ...ചാറി പെയ്യുന്ന
മഴയും നനഞ്ഞു പറമ്പുകള്‍ തോറും നടന്നു പൂ പറിച്ചു വെളുപ്പാന്‍ കാലത്ത്
മുറ്റത്തു പൂവിടുമ്പോള്‍ അയല്‍പ്പക്കത്തെ കുട്ടികള്‍ കൂട്ടിനുണ്ടാകും ..
ഒരു വീട്ടിലെ കഴിയുമ്പോള്‍ അടുത്ത വീട്ടില്‍ ...പൂവുകള്‍ പരസ്പ്പരം
കൊടുത്തും വാങ്ങിയും സ്നേഹം പങ്കിടുന്നു ....കളങ്കമില്ലാത്ത മനസുകള്‍
ഒന്നാകുന്നു ....വെളുപ്പാന്‍ കാലത്ത് നിലത്തുവീണ് പരന്നു കിടക്കുന്ന പവിഴ മല്ലികളുടെ
ചോട്ടില്‍ നില്‍ക്കുമ്പോള്‍ നനഞ്ഞ കാറ്റില്‍ നിറഞ്ഞ സുഗന്ധം അവിടെയെല്ലാം
പരന്നിട്ടുണ്ടാകും

കണ്ണുകളില്‍ വെള്ളം നിറയുന്നു ..ഇനി ഒരിക്കലും ആ കാലം തിരിച്ചുവരില്ല
അന്നു പട്ടു പാവാടയും മുല്ലപൂ മാലയും പച്ചയും ചുവപ്പും കല്ലുകള്‍ പിടിപ്പിച്ച പാലക്കയും
അണിഞ്ഞു ഓടി നടന്ന എന്റെ കൂട്ടുകാരികള്‍ ഇപ്പോള്‍ തിരശീലക്കു പിന്നില്‍
മറഞ്ഞു ..കൂടെ ഉണ്ടായിരുന്ന കൂട്ടുകാര്‍ എല്ലാവരും ദൂരെ ദൂരെ പോയി അവിടെ
തന്നെ ലയിച്ചു ...ഇപ്പോള്‍ ആ നാളുകള്‍ ഓര്‍ക്കുന്നുണ്ടാവുമോ ..അറിയില്ല...
ഓണകാലത്ത് പമ്പരം കളി പ്രധാനമായിരുന്നു പാലക്കാട് ...നനഞ്ഞ മണ്ണില്‍
കുഴികള്‍ തീര്‍ത്ത്‌ തിരിയുന്ന പമ്പരങ്ങള്‍ ...നല്ല പുളി മരത്തിന്റെ കൊമ്പുകള്‍
മുറിച്ചുണ്ടാക്കുന്ന പമ്പരങ്ങള്‍ നല്ല പോലെ മൂളികൊണ്ട് തിരിയും
ഓണത്തിനു മുമ്പ് വരുന്ന പുത്തിരി ..അഷ്ടമി രോഹിണി ..എല്ലാം സന്തോഷത്തിന്റെ
നാളുകള്‍ ആയിരുന്നു

പായസം ആഘോഷത്തിന്റെ ഭാഗമായിരുന്നു ,...ഇപ്പോള്‍ ആരോട് ചോദിച്ചാലും
ഒന്നുകില്‍ കടയില്‍ നിന്നും വാങ്ങുന്ന പാലട ..അല്ലെങ്കില്‍ സേമിയ ..അതിനപ്പുറം
ഒരു പായസം അറിയുക പോലും ഇല്ല ...അന്നെല്ലാം ..ചെറുപയര്‍ ..അവില്‍ ..കടലപ്പരിപ്പ്
ചക്ക നേന്ത്രപ്പഴം ഒണക്കലരി ഇതെല്ലാം പ്രഥമനാകുമ്പോള്‍ ..അതിന്റെ വേറിട്ടൊരു
രുചി ..എന്തോ പുതിയ തലമുറയ്ക്ക് ഒരകല്‍ച്ച .....ഇത്തരം പയസങ്ങള്‍ ഒരു ഓര്‍മയാകുന്നു

ഞങ്ങളുടെ സ്കൂള്‍ ഗ്രൗണ്ടില്‍ ഓണത്തിനു ഓണത്തല്ല് പതിവായിരുന്നു .....തിരക്കിനിടയില്‍
ഒരു കുട്ടിയായി ആ തല്ല് കാണുവാന്‍ നില്‍ക്കുമ്പോള്‍ ഒരു ഭയം അന്നുണ്ടായിരുന്നുവോ ..പിന്നീട്
അതും ഒരു ഓര്‍മയായി വര്‍ഷങ്ങളായി അതെല്ലാം നിന്നു പോയിട്ട്

ഇപ്പോള്‍ ഓണം ഒരു നിര്‍വികാരത മാത്രം ...കുറേനേരം തറവാടിന്റെ കോലായില്‍ ഇരിക്കും
മരിച്ചുപോയ പ്രിയപ്പെട്ട കൂട്ടുകാരിയെയും ഓര്‍ത്തുകൊണ്ട്‌ ....ഓണം നാളുകളില്‍
പൊട്ടിച്ചിരിച്ചു നടന്ന എന്റെ പ്രിയപ്പെട്ടവളുടെ ഓര്‍മ്മകള്‍ ....പിന്നെ നടന്നു പോയ വഴികളില്‍
കൂടി ഒറ്റയ്ക്ക് നടന്നു നീങ്ങുമ്പോള്‍ ..കുന്നന്‍ പാറയുടെ മുകളില്‍ വെയില്‍ താഴുന്നതും
ഓണ നിലാവ് പരക്കുന്നതും കാത്തു ഇരിക്കുമ്പോള്‍ ......എന്നെ പൊതിയുന്ന ഇളം കാറ്റില്‍
അവളുടെ നിശ്വാസങ്ങള്‍ മാത്രം ..ചാറുന്ന മഴത്തുള്ളികള്‍ അവളുടെ കണ്ണുനീര്‍ മാത്രം

Friday, July 8, 2011

ഓര്‍മത്തൂവല്‍

ഇന്നലെ ചേലക്കരയില്‍ നിന്നും തിരുവില്ല്വാമല വഴി
കുഴല്‍മന്ദം എന്ന സ്ഥലത്തേക്ക് ഒരു യാത്ര ..കോട്ടായി
എന്ന സ്ഥലം എത്തിയപ്പോള്‍ ഒരു മുഖം ഓര്‍മയില്‍ പെട്ടന്ന്
തെളിഞ്ഞു ..ചാരത്തില്‍ മൂടിയ കനല്‍ കാറ്റടിച്ചപ്പോള്‍ തെളിയുന്നപോലെ

.വര്‍ഷങ്ങള്‍ക്കുമുന്‍പ് വിക്ടോറിയ കോളേജിലെ
പ്രീ ഡിഗ്രി ക്ലാസ് ..അവിടെ ലാസ്റ്റ് ബെഞ്ചില്‍ ഉള്ള എനിക്ക് കൂട്ടായി
പങ്കജാക്ഷന്‍ ...കുരുത്തക്കേടുകള്‍ കാണിക്കുന്നതില്‍ ചില പരിധികള്‍
എല്ലാം ഉണ്ട് ..പക്ഷെ അതിന്റെ എല്ലാ സീമകളും ലംഘിച്ചു കൊണ്ട്
സര്‍വ തെമ്മാടിത്തരവും കാട്ടി നടന്ന ആദ്യവര്‍ഷം ..പോക്കറ്റില്‍ നൂറിന്റെ
നോട്ടുമായി വരുന്ന പങ്കന്‍ പെട്ടന്ന് ഹീറോ ആയി ..ഹൃദയ ടാക്കീസിന്റെ
അടുത്തുള്ള കൂള്‍ ടോഡി ബാറും അപ്സര ഹോട്ടലും ഞങ്ങള്‍ക്ക് അനുഭവമാക്കി
തന്ന പങ്കന്റെ ഓര്‍മ്മകള്‍ പെട്ടന്ന് മറനീക്കി പുറത്തു വന്നു ...ക്ലാസ്സില്‍
ശല്യം സഹിക്കാനാവാതെ ഗതികെട്ടു പ്രിന്‍സിപ്പാള്‍ ഒടുവില്‍ വീട്ടിലേക്കു
കത്ത് അയച്ചു രക്ഷിതാക്കളെ വരുത്തി ..വന്ന ജേഷ്ഠ സഹോദരന്‍ ബെല്‍റ്റ്‌ ഊരി
പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വെച്ച് തലങ്ങും വിലങ്ങും അടിച്ചു ..പക്ഷെ
പങ്കന്‍ ഒന്നും മിണ്ടിയില്ല ...കരഞ്ഞതുമില്ല ...പ്രീ ഡിഗ്രി തോറ്റ പങ്കനെ
അവസാനം കാണുന്നത് ഇരുപത്തി ഏഴു വര്‍ഷം മുന്‍പ് ...എന്റെ വിവാഹം
കഴിഞ്ഞു രമയുമായി മലമ്പുഴയില്‍ പോയപ്പോള്‍ ..വരി വരിയായി
നടക്കുന്ന യൂണിഫോമിട്ട കൊച്ചുകുട്ടികള്‍ക്ക് പിന്നില്‍ അവരെ ലാളിച്ചും സ്നേഹിച്ചും
നിയന്ത്രിച്ചുകൊണ്ട് വരുന്ന പങ്കജാക്ഷന്‍ മാഷ്‌ ...വളരെ കൌതുകം
തോന്നി ..പറയുകയും ചെയ്തു ..ഒരുപാട് അധ്യാപകരെ വേദനിപ്പിച്ചതിന്
ദൈവം തന്ന "ശിക്ഷ" ..ചിരിച്ചുകൊണ്ട് നടന്നകന്ന പങ്കജാക്ഷനെ
പിന്നീടു കണ്ടിട്ടില്ല ..

കോട്ടായി എത്തിയപ്പോള്‍ ഒന്ന് അന്വേഷിക്കാന്‍
എല്ലാ വിദ്യാലയത്തിലും കയറി ഇറങ്ങി ..ഒടുവില്‍ കണ്ടുപിടിച്ചപ്പോള്‍
പങ്കജാക്ഷ മാഷ്‌ ലീവില്‍ ..പ്രധാന അദ്ധ്യാപകന്‍ മൊബൈല്‍ നമ്പര്‍
തന്നു എന്നിട്ട് പറഞ്ഞു ..ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍
തോന്നിയില്ലേ ...എല്ലാം മറക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ കാലത്ത്
പഴയ സൌഹൃദങ്ങള്‍ ഇത്ര മധുരമായി നിങ്ങള്‍ സൂക്ഷിക്കുന്നു ......
പുറത്തിറങ്ങി ..കാര്‍ മുന്നോട്ടു നീങ്ങവേ പങ്കനെ ഫോണില്‍ വിളിച്ചു
എന്നെ മനസിലായോ ..ഞാന്‍ ........
എങ്ങിനെ തന്നെ മറക്കും ..നമ്മുടെ ......ന്റെ കാമുകനെ ....
ദൈവമേ എന്റെ പേര്‍ മറന്നിട്ടില്ല ..പക്ഷെ ..ഒരിക്കല്‍ മാത്രം
ഞാന്‍ പരിചയപ്പെടുത്തികൊടുത്ത എന്റെ പ്രിയപ്പെട്ടവളെ
ഇപ്പോഴും മറന്നിട്ടില്ലേ ?

ആയുസ്സ് തീരാറാകുമ്പോള്‍ മോഹങ്ങള്‍ ഇനിയും ബാക്കി
പണ്ട് കണ്ടവരെ വീണ്ടും കാണണം ഒരുവട്ടം കൂടി ..
അതുവരെ ..........

Saturday, June 4, 2011

പോകട്ടെ ഞാന്‍ ....

പുറത്തു നല്ല മഴ
അങ്ങ് ദൂരെ സെമിത്തേരിയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട
കൂട്ടുകാരി മഴനനയുന്നുണ്ടാവുമോ ?
ഒരു പാടുവര്‍ഷം എന്റെ കൂട്ടുകാരിയായിരുന്ന എന്റെ പ്രിയപ്പെട്ട ആലിസ്
(പേര് സാങ്കല്‍പ്പികം ) ഇപ്പോള്‍ ഏതെങ്കിലും എനിക്കറിയാത്ത
ലോകത്തിരുന്നു എന്നെ നോക്കുന്നുണ്ടാവുമോ ?

ഒരു ദിവസം അമ്മയുടെ ഫോണ്‍ വന്നു ..ആലിസിനു കാന്‍സര്‍ ആണ്
നീ വിഷുവിനു വന്നു പോയപ്പോള്‍ കണ്ടതല്ലേ ..ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല
കഴിഞ്ഞ ദിവസം ചെറിയ ഒരു വയര്‍ വേദന വന്നു ..മൌലാന ഹോസ്പിറ്റലില്‍
കൊണ്ട് പോയി ..അവിടെ നിന്നും അറിഞ്ഞു ...ഇനി അധിക ദിവസം ഉണ്ടാവില്ല
നീ വന്നു ഒന്ന് കണ്ടിട്ടുപോ ........

ഒരായിരം അഗ്നിപര്‍വതങ്ങള്‍ ഒന്നായി പൊട്ടിത്തെറിച്ചു ..ചുടു ലാവ കണ്ണീരായി
ഒഴുകി ....എത്രയും പെട്ടന്ന് അവിടെ എത്തണം ..പിന്നെ ഒന്നും ആലോചിച്ചില്ല
ആലിസിന്റെ അരികില്‍ കിടക്കയില്‍ ഇരുന്നു ..എന്താ മോളെ ..എന്താ പറ്റിയത്
എന്ന ചോദ്യത്തിന് ഉത്തരമായി ആലിസ് പറഞ്ഞു ..എന്തിനാ ഓടി വന്നത് ..എനിക്ക് ഒന്നും ഇല്ല
ഒരു ചെറിയ വയറുവേദന ..ആഹാരം കഴിക്കുമ്പോള്‍ ശര്‍ദ്ധിക്കുന്നു....സാരമില്ല
ഒന്ന് രണ്ടു ദിവസം കഴിയുമ്പോള്‍ മാറും ...(അവര്‍ക്ക് അറിയില്ലായിരുന്നു അവരുടെ
ദിനങ്ങള്‍ എണ്ണ പെട്ടുവെന്നുള്ള നഗ്നസത്യം )കുറെനേരം അടുത്തിരുന്നു ,..നിറയുന്ന
കണ്ണുകള്‍ തുളുമ്പാതെ ..കണ്ണുകള്‍ നിറയുന്നത് അവള്‍ കാണാതെ മറച്ചു
നേരം പോയതറിഞ്ഞില്ല ..ആലിസ് പറഞ്ഞു ..പ്രഭ പോകാന്‍ നോക്കൂ അവിടെ രമ
തനിച്ചല്ലേ ....ഞാന്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു യാത്ര പറയുമ്പോള്‍
ആലിസ് എന്റെ കൈകള്‍ അമര്‍ത്തി പിടിച്ചു ..ഞാന്‍ ഒരുപാട് നേരം അവിടെ നിന്നു
ഒന്നും ഒരിയാടാതെ ...പിന്നെ കൈകള്‍ പതുക്കെ അകറ്റി യാത്ര പറയുമ്പോള്‍
ആലിസ് അറിയാതെ ഒന്നുതേങ്ങിയോ ..പതുക്കെ എന്നോട് ചോദിച്ചു ..ഇനി എന്നാ
വരുക ...വരാം വീണ്ടും എന്നു പറഞ്ഞു ഞാന്‍ എന്റെ ആലിസിനോട് യാത്രപറഞ്ഞു

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു ..ഒരു സന്ധ്യ ..ദേവി മാഹാത്മ്യം ജപിച്ചു ഞാന്‍
പൂജാമുറിയില്‍ ..പെട്ടന്ന് ശരീരം വിയര്‍ത്തു ..ഞാന്‍ തളര്‍ന്നു വീഴുന്നതുപോലെ
തോന്നി ..ഒരു നിമിഷം പോലും അവിടെ ഇരിക്കാന്‍ പറ്റുന്നില്ല ..വേഗം പുറത്തിറങ്ങി
ഉടനെ ഫോണ്‍ ബെല്‍ ...മറുവശത്ത്‌ അമ്മ ...ആലിസ് ഇപ്പോള്‍ മരിച്ചു
നീ വാ .......
എനിക്കറിയില്ല ഒന്നും ..പക്ഷെ ഒന്നുമാത്രം എനിക്കറിയാം അവള്‍ പോകുന്നതിനു മുന്‍പ്
എന്റെ അടുത്ത് വന്നിരുന്നു ..എന്റെ അടുത്തു മാത്രം .........

വെള്ളിയാഴ്ച രാത്രി

സമയം പാതിരാവ് ..റെയില്‍വേ സ്റ്റേഷനില്‍ ഒരു
പതിനെട്ടുകാരി വന്നിറങ്ങുന്നു ...ആരെയോ അന്വേഷിച്ചു
നടക്കുന്നതിനിടയില്‍ അയാള്‍ അവളെ കണ്ടു ...പോരുന്നോ
അവള്‍ നടന്നു അവന്റെ പിന്നാലെ ....എവിടെക്കുപോകും
ഈ രാത്രിയില്‍ ..ഉടനെ തോന്നിയ ആശയം സര്‍ക്കാര്‍
സ്കൂള്‍ ...അഴികളില്ലാത്ത ക്ലാസ് റൂം തല്ക്കാലം മണിയറ
ആളൊഴിഞ്ഞ ഇടവഴിയിലൂടെ സ്കൂള്‍ മുറ്റത്ത്.
ഗതികേട് ..സ്കൂള്‍ വാച്ച്‌മാന്‍ ഉറങ്ങിയിട്ടില്ല ...ഒടുവില്‍
ഒരു ഇടം ...ഗ്രൌണ്ടിന്റെ ഒരറ്റത്തുള്ള ഒറ്റ കരിമ്പന
ചോട്ടില്‍ ..അവളുടെ കരവലയത്തില്‍ എല്ലാം മറന്ന
നിമിഷങ്ങള്‍ ..കരങ്ങള്‍ വരിഞ്ഞു മുറുക്കുന്നു ...ഒടുവില്‍
വല്ലാത്ത അപശബ്ദങ്ങള്‍ ...ബലം പ്രയോഗിച്ചിട്ടും അവളുടെ
കൈകള്‍ വിടുവിക്കാന്‍ പറ്റുന്നില്ല ..അവസാനം അയാള്‍
അവളുടെ മുഖത്തു ആഞ്ഞടിച്ചു ..പിടി വിട്ട അവളുടെ
മുഖത്ത് നോക്കിയ അയാള്‍ പേടിച്ചരണ്ടു ..വായിലൂടെ
നുരയും പതയും ..ഒരു നിമിഷം അയാള്‍ വിയര്‍ത്തു
എന്ത് ചെയ്യണം ...ഉപേക്ഷിച്ചു ഓടി പോയാലോ
പക്ഷെ ഈ രാത്രിയില്‍ ബോധരഹിതയായി കിടക്കുന്ന
ഇവളെ എങ്ങിനെ ഉപേക്ഷിച്ചു പോകും ...അയാള്‍
സ്കൂള്‍ മതില്‍ ചാടികടന്ന് ശബ്ദം ഇല്ലാതെ ഒരു
ബക്കറ്റ് വെള്ളം കോരിയെടുത്തു വീണ്ടും പനയരികില്‍
എത്തി ..മുഖത്തു വെള്ളം തളിച്ച് അവളെ ഉണര്‍ത്തി
ഒരു ഞരക്കത്തോടെ അവള്‍ ഉണര്‍ന്നു ...ഹാവൂ
സമാധാനമായി ..അയാള്‍ ചോദിച്ചു ..എന്താ പറ്റിയത്
അവള്‍ ഒന്ന് ചിരിച്ചു ...ഹേ ഒന്നും ഇല്ല ...ഇന്ന് വെള്ളിയാഴ്ച
അല്ലെ ..തൂങ്ങി മരിച്ച എന്റെ ചേച്ചിയുടെ പ്രേതം
ശരീരത്തില്‍ കയറിയതാ ...ഇനി കുഴപ്പമില്ല .....
അയാള്‍ എഴുനേറ്റു ..വാ പോകാം

Monday, May 30, 2011

മഴ വന്നൊരുനാളില്‍

സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത വീട്ടിലെ ഓരോ മുറിയിലും
കരിമ്പടം പുതച്ചുറങ്ങി ..പരസ്പരം അറിയാത്തപോലെ ഓരോ
മുറിയിലും ഓരോരുത്തര്‍ അവരവരുടെ ലോകത്തില്‍ ...മായയും
തന്റെ മുറിയില്‍ തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്കു നോക്കി
ഇടവപാതിയുടെ മഴമേഘങ്ങള്‍ വര്‍ണപൊലിമയോടെ
എഴുന്നള്ളുന്നു .സാധാരണ ഈ ദിവസങ്ങള്‍ എത്ര മനോഹരം
പക്ഷെ ഇപ്പോള്‍ നിര്‍വികാരത മാത്രം
ഇനി തന്റെ ലോകത്ത് ആരും വരാനില്ല ..എല്ലാം അവസാനിച്ചു
.തുറന്നുവെച്ച കമ്പ്യൂട്ടര്‍ കീപാഡില്‍ വിരലുകള്‍ ഒഴുകി നടന്നു
ഫേസ് ബുക്കില്‍ അവള്‍ എഴുതി
ഞാന്‍ പോകുന്നു ...ഒരിക്കലും ഇനി ഒരു തിരിച്ചുവരവുണ്ടാവില്ല

അവള്‍ മോതിരവിരലില്‍ പതുക്കെ തലോടി ..ഇല്ല ..ഇന്നലെ
വരെ തന്റെ വിരലില്‍ കിടന്ന മോതിരം അവിടെ ഇല്ല . പകരം
വെളുത്ത ഒരു അടയാളം മാത്രമായി അതു തന്നെ തന്നെ തുറിച്ചു നോക്കുന്നു
വേണ്ട ...ഒന്നും ഓര്‍ക്കേണ്ട ...ഫേസ് ബുക്കിന്റെ താളുകളില്‍
നിന്നും പരിചയപെട്ട ദീപു ..സ്വപ്‌നങ്ങള്‍ പങ്കുവെച്ച ഒരുപാട്
ദിവസങ്ങള്‍ ..നിര്‍വൃതി പകര്‍ന്ന രാവുകളും സ്വപ്നങ്ങളും തന്റെ
സൌന്ദര്യം ദീപുവിനെ അത്രകണ്ട് മത്തു പിടിപ്പിച്ചിരുന്നു ..ഓരോ
സന്ദേശങ്ങളിലും ദീപു എഴുതും..മായാ നിന്റെ സൌന്ദര്യം
എനിക്ക് മാത്രം ....നിന്നെ വേറെ ആര്‍ക്കും ഞാന്‍ വിട്ടുകൊടുക്കില്ല

വിവാഹ ആലോചനയുമായി ദീപുവും വീടുകാരും വന്നു
ആര്‍ക്കും എതിര്‍പ്പില്ല . അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍
ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍ ..വിവാഹാനന്തരം അമേരിക്കയില്‍
ജീവിതത്തിനു ഇത്രത്തോളം സൌന്ദര്യമോ ?

വിവാഹ നിശ്ചയം കഴിഞ്ഞു ..നിറപറയും നിലവിളക്കും
സാക്ഷിയായി മോതിരം മാറ്റി ...വിവാഹം ഒരു വര്‍ഷം
കഴിഞ്ഞുമാത്രം ..തന്റെ പഠനം പൂര്‍ത്തിയാക്കണം
ദീപുവിനു നിര്‍ബന്ധം ഉണ്ടായിരുന്നു

വിരഹം കാര്‍ന്നു തിന്നാന്‍ തുടങ്ങിയ ദിനങ്ങളില്‍
ആശ്വാസമായി വെബ് കാമറയും സംസാരവും
സംസാരം ഭാവിയെപറ്റിമാത്രം..കാലം സ്തംഭിച്ചു
നില്‍ക്കുകയാണോ ..ഇനിയും എത്രനാള്‍ ഈ വിരഹം ?
സംസാരിക്കാന്‍ വിഷയം നഷ്ടപ്പെട്ടപ്പോള്‍ ദീപു
ആവശ്യപെട്ടു ..എനിക്ക് നിന്നെ കാണണം ..നിന്നെ
മുഴുവനായി ...ആദ്യം മടിയായിരുന്നു ..പിന്നെ പതുക്കെ
പതുക്കെ വഴങ്ങികൊടുക്കുമ്പോള്‍ അറിയാതെ
ആദ്യരാത്രിയുടെ മാധുര്യം നുകരുകയായിരുന്നു
നേരം പുലരുവോളം..പിന്നെ അതില്ലാതെ പറ്റില്ല
എന്നാ വല്ലാത്ത അവസ്ഥയില്‍ എത്തി ......
ദിവസങ്ങള്‍ മാസങ്ങളായി ദീപു പിന്നെ പിന്നെ
ആവശ്യപ്പെടാതെയായി ..നിരാശ ഉണ്ടായി .എന്നാലും
ദിവസവും കാണും ..അതുമാത്രമായി ആശ്വാസം

ഒരു ദിവസം ഞെട്ടലോടെ അവള്‍ കാമറയില്‍
ദീപുവിനെ കണ്ടു ഒപ്പം ചെമ്പന്‍ മുടിയും നീലകണ്ണുകളും
ഉള്ള ഒരു കൊച്ചു സുന്ദരിയെ ..ദീപു പരിചയപ്പെടുത്തി
മായ പ്ലീസ് മീറ്റ്‌ മൈ ഫ്രണ്ട് മാഗി ...ഷി ഈസ്‌ സൊ
ക്ലോസ് ടു മി .....അവനെ വരിഞ്ഞു മുറുക്കുന്നു ചുംബിക്കുന്നു
മായ ഡോണ്ട് ബി സില്ലി സീ ആന്‍ഡ്‌ എന്‍ജോയ്..
ആദ്യരാത്രിയുടെ മുല്ലപൂക്കള്‍ മനസ്സില്‍ വാടികരിഞ്ഞപ്പോള്‍
ദീപുവിന്റെ സ്വരം വീണ്ടും ..യു വില്‍ ആള്‍സോ ഗെറ്റ് ഗുഡ്
ഫ്രണ്ട്സ് ലൈക്‌ ദിസ്‌ ..പ്ലീസ് വെയിറ്റ് ..ഐ അം കമിംഗ്
ഷോര്‍ട്ട്ലി ....

മഴമേഘങ്ങള്‍ പെയ്തിറങ്ങി ......അവള്‍ മുറ്റത്തിറങ്ങി
നിന്നു ...ഇനി ഈ മഴ എനിക്കന്യം ..മിന്നലിന്റെ
നീല വെളിച്ചത്തില്‍ അവള്‍ നടന്നുനീങ്ങി ഏതോ
പുതിയലോകം തേടി .......................

Wednesday, May 25, 2011

കാലപ്രവാഹം

കരിപ്പുക തുപ്പി മതിയായ ട്രെയിന്‍ സ്റ്റേഷനില്‍ നിന്നു
പരിഭ്രമിച്ചു ഒരു കുട്ടി അതില്‍ നിന്നും ഇറങ്ങി ..കാത്തുനിന്ന
ആളുടെ കൂടെ റെയില്‍വേ സ്റ്റേഷന്‍ കടന്നു നീണ്ട നിരയായി
കിടക്കുന്ന സൈക്കിള്‍ റിക്ഷകളില്‍ ഒന്നില്‍ കയറി ...ടാറ്റ നഗര്‍
ടാറ്റയുടെ പ്ലാന്റില്‍ നിന്നും ആകാശത്ത് ചുവപ്പും മഞ്ഞയും പച്ചയും കലര്‍ന്ന വെളിച്ചം
നിലക്കാതെ വര്‍ണ പ്രപഞ്ചം തീര്‍ക്കുന്നു ...
പിന്നെ ഏതാനും മാസം അപരിചിതമായ നാട്ടില്‍ ..കൂടെ വന്ന എന്റെ ഒരു പഴയ സുഹൃത്തിന്റെ
സുഹൃത്തായ ഗംഗാധരന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ ശാന്തയും മോള്‍ രാജിയും
പിന്നെ ഞാനും .

.അവിടെ വേരുകള്‍ ഓടിയില്ല ..നാട്ടിലേക്കു മടങ്ങി
പിന്നീട് അറിഞ്ഞു ..ഗംഗാധരന്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുമ്പോള്‍
വണ്ടി മുട്ടി മരിച്ചു ..അവര്‍ അവിടെ നിന്നും നാട്ടിലേക്ക് മടങ്ങി
നീണ്ട മുപ്പതു വര്‍ഷങ്ങള്‍ ..ഓര്‍മയില്‍ ശാന്ത ചേച്ചിയുടെ മുഖം
വല്ലപ്പോഴും തെളിയും ..പറക്ക മുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളുമായി
അവര്‍ എവിടെ ജീവിക്കുന്നു ..അറിയാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു
അന്വേഷിച്ചില്ല ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ....ഒടുവില്‍ മുപ്പതു
വര്‍ഷങ്ങള്‍ കടന്നു പോയി ..അഡ്രസ്‌ കണ്ടെത്തി ..ഞാന്‍ പോന്നതിനു
ശേഷം പിറന്ന കുഞ്ഞുങ്ങളുമായി ചെന്നയില്‍ ...

പക്ഷെ നിയോഗം ..ഞാന്‍ ഇന്ന് ശാന്ത ചേച്ചിയുടെ മകളുടെ
വിവാഹത്തിന് പങ്കെടുത്തു..കണ്ടയുടന്‍ പ്രഭ ...അല്ലെ ? ...ചേര്‍ത്തുനിര്‍ത്തി
സ്നേഹം പകര്‍ന്നു തന്നപ്പോള്‍ ഞാന്‍ വീണ്ടും ആ കുട്ടിയായി
സ്നേഹത്തിന്റെ ആഴവും പരപ്പും നന്നായി അറിഞ്ഞ കുറച്ചു നേരം
ഈറന്‍ കണ്ണുകളുമായി യാത്ര പറഞ്ഞു പിന്‍ സീറ്റില്‍ കണ്ണുകള്‍
അടച്ചു കിടന്നപ്പോള്‍ ഒഴുകിയ കണ്ണുനീര്‍ ...ഡ്രൈവര്‍ കാണാതെ
തുടച്ചു ..കാലപ്രവാഹം ...

Sunday, May 8, 2011

മഴ പെയ്തിറങ്ങുമ്പോള്‍

രാത്രിമഴയുടെ ശക്തിയായ ആരവം
അപ്പോള്‍ പ്രാണപ്രേയസിയെ മാറോടു ചേര്‍ത്ത്
ഒരാലസ്യത്തില്‍ പൊതിഞ്ഞു കിടക്കുമ്പോള്‍
മഴ എത്ര വലിയ അനുഭൂതി

കുഞ്ഞുനാളില്‍ചുവപ്പും മഞ്ഞയും പച്ചയും
നിറമുള്ള തുണികള്‍ കൊണ്ടുള്ള കുടകള്‍
അതും എടുത്തു മഴയില്‍ വട്ടത്തില്‍ ചുറ്റി
കമ്പികളിലൂടെ വട്ടത്തില്‍ ചിതറി തെറിക്കുന്ന
മഴത്തുള്ളികള്‍ അതൊരു കൌതുകം

ഇടവം പാതി കഴിഞ്ഞാല്‍ രാത്രിയില്‍ കേള്‍ക്കാം
പാടത്തു നിന്നും തവളകളുടെയും ചീവീടുകളുടെയും
നിലക്കാത്ത "ഗാനപ്രവാഹം "
അപ്പോള്‍ പാടവരമ്പത്ത് തവളയെ പിടിക്കാന്‍
രാത്രിയില്‍ ഗ്യാസ് വെളിച്ചവുമായി നീങ്ങുന്ന
സംഘം നല്ലൊരു മഴ കാഴ്ച

മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ഒരു കുട കീഴില്‍ പ്രിയപ്പെട്ട
എന്റെ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ചു മഴനനയാതെ
പാടവരമ്പത്തൂടെ നടക്കുമ്പോള്‍ അവളുടെ പാദങ്ങളില്‍
ചിന്നി ചിതറി വീഴുന്ന മഴത്തുള്ളികള്‍ മഴ ഇപ്പോള്‍
ഒരു തേങ്ങലാകുന്നുവോ ?

കോരിച്ചൊരിയുന്ന കര്‍ക്കിടമഴയില്‍
ചിത മുനിഞ്ഞുകത്തുന്നു ഒപ്പം
മരണത്തിന്റെ കണ്ണീരും

പാലക്കാടന്‍ ഇടവഴികളിലൂടെ "കൊടും പാപിയെ "
കെട്ടിവലിക്കും മഴ പെയ്യുവാന്‍ഒരു വിശ്വാസം
മഴക്ക് മുന്‍പുള്ള ഒരു കാഴ്ച
തറവാട്ടിലെ നടുമുറ്റത്ത്‌ വലിയ ചെമ്പുപാത്രങ്ങളില്‍
വെള്ളം വീഴുന്നതിന്റെ ശബ്ദം

മഴ ശക്തമായാല്‍ ചെറുകുളങ്ങള്‍ നിറഞ്ഞു ചെറിയ
തോടുകളിലൂടെ വെള്ളം ഒഴുകും അതിലൂടെ നിറയെ
പരല്‍ മീനുകള്‍ അപ്പോഴും മഴ പെയ്തുകൊണ്ടേയിരിക്കും
തോട്ടുവക്കില്‍ കുടയും ചൂടി പിന്നെ ആ കുട വലയാക്കി
പരല്‍മീനുകളെ പിടിച്ചു ഹോര്‍ലിക്സ് കുപ്പിയെ അക്വേറിയം
ആക്കിയ ബാല്യം മഴ ഒരു വികാരമാകുന്നു

രാത്രിമഴയില്‍ ഇലക്ട്രിക്‌ കമ്പികള്‍ക്ക്‌ മുകളില്‍
ചിന്നി തെറിക്കുന്ന നീല വെളിച്ചം നല്ലൊരു
മഴ കാഴ്ച
മഴ ഒരാഴ്ച കഴിഞ്ഞാല്‍ പറമ്പില്‍ നിറയെ പുല്ലുകള്‍
വളര്‍ന്നു നില്‍ക്കും അതിന്റെ തുമ്പത്ത് നിറയെ
മഴത്തുള്ളികള്‍ ആര്‍ത്തിയോടെ പശുക്കള്‍ ആ പുല്ലു കടിച്ചുമുറിക്കുമ്പോള്‍
കേള്‍ക്കാം ഒരു താളം മഴയ്ക്ക് ഒരു ആദിതാളം

ഒലവക്കോട് റെയില്‍വേ കോളനി നിരനിരയായി
വീടുകള്‍ പുറകില്‍ ഭംഗിയുള്ള വെള്ളച്ചാല്‍
അതില്‍ കലങ്ങിമറിഞ്ഞു പോകുന്ന മഴവെള്ളം
അതിനരികെ കുടയും പിടിച്ചു ഒഴുക്കുവെള്ളത്തില്‍
കാലുകള്‍ ഇട്ടു രസിച്ചിരുന്ന നാളുകള്‍ ..കൂടെ
ജയകൃഷ്ണനും പ്രീതയും ഷീലയും രമയും മോഹനനും
രാധയും സുധീറും വേണുവും ഓര്‍മകളില്‍ ഞാന്‍ ഒരു
അഞ്ചു വയസുകാരന്‍

ഹേമാംബിക സംസ്കൃത സ്കൂള്‍ പോകുന്ന വഴിയില്‍
പാടത്തിനരികില്‍ നിറയെ താമരപൂക്കള്‍ വിരിഞ്ഞു
നിന്നിരുന്ന ഒരു കുളം അതിലേക്കു മഴ പെയ്തിറങ്ങുമ്പോള്‍
തുള്ളിച്ചാടുന്ന കുളത്തിന്റെ ആത്മാവ്‌

മഴ തിമര്‍ത്തു പെയ്യുന്നു അടുക്കളയിലെ പുക ആകാശത്തു
അലിയാതെ പരന്നു കിടക്കുന്നു തോട്ടരികിലെ മാവിന്‍ തുമ്പത്ത്
ഒരു മാങ്ങ കറുത്ത കുത്തുകള്‍ വീണു താഴെ വീഴാതെ
ഒരു മാമ്പഴകാലത്തിന്റെ ഓര്‍മയും പേറി

Saturday, May 7, 2011

സ്മൃതികള്‍ മറയുമ്പോള്‍

പോകുന്നു മരണത്തിന്‍ ഇരുണ്ട ഗുഹതന്‍
ഇടനാഴിയിലൂടെ തെളിയുന്ന
കടും നീലവെട്ടം മാത്രം മുന്നില്‍
കാണുന്നില്ല മുന്നില്‍ മറ്റൊന്നും
കേള്‍ക്കുന്നില്ലൊരു സ്വരവും

മറയുന്നുവോ ഈ തീരത്തുനിന്ന് ഞാന്‍
മായുന്നുവോ ഒരു ജന്മസ്മൃതികള്‍

പോകുന്നു പ്രകാശഗോപുരം തേടി
മഞ്ഞിന്‍താഴ്വാരംകടന്നു പിന്നെ
മേഘപാളികള്‍ വീഥിയൊരുക്കും
സൂര്യലോകത്തിനപ്പുറമേകനായി

ഇതു ദേവയാനമോ അതോ പിതൃയാനമോ
പോകുന്നതെവിടെക്ക് ഞാന്‍ സ്വര്‍ണ
അരുവികളൊഴുകുംസ്വര്‍ഗത്തിലേക്കോ
ചന്ദ്രലോകത്തേക്കോ അതോയകലെ
ത്തെളിയുംനക്ഷത്രലോകത്തെക്കോ
പാപങ്ങളെരിയും നരകത്തിലേക്കോ

കാത്തിരിക്കണമിനിഎത്രനാള്‍ ഈ
പ്രകാശഗോപുരം തന്‍വാതില്‍തുറക്കാന്‍
തളിരായി പൂവായി ഫലമായി
പിന്നെ അത്മതെജസ്സായി പുണ്യ
യോനിയില്‍ വീണ്ടും പിറക്കാന്‍

Monday, April 11, 2011

കണിക്കൊന്ന പൂക്കുമ്പോള്‍

തിയതി പതിനൊന്നായി ഇനി നാല് ദിവസമേയുള്ളു വിഷുവിന്.....
വരാന്തയില്‍ ഇരുന്നു ഞാന്‍ ഓരോന്ന് ആലോചിച്ചു ..എന്തിനും
ഏതിനും പഴയ കാലത്തെ കാര്യങ്ങള്‍ പറയുകയാണ് എന്ന്
തോന്നുന്നതില്‍ തെറ്റില്ല ..പക്ഷെ ചിന്തകളില്‍ നിറയുന്ന ചില
കാര്യങ്ങള്‍ പറയാതെ വയ്യ ..അതുകൊണ്ട് വെറുതെ എഴുതുന്നു
എന്നു മാത്രം ...

ഇപ്പോഴുള്ള കുട്ടികള്‍ക്ക് മുന്‍ഗണന മാറി വരുന്നു ..അതില്‍
തെറ്റുപറയാന്‍ ഇല്ല ..ഒരു നാല്പതു വര്‍ഷം മുന്‍പ് ഒരു കോടി
ഷര്‍ട്ട്‌ കിട്ടാന്‍ ഓണവും വിഷുവും വരണം ...കൈനീട്ടം
ആയി കിട്ടുന്ന നാണയ തുട്ടുകള്‍ക്ക് എന്തൊരു വിലയായിരുന്നു
ഇന്നു നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ പോക്കറ്റില്‍ കാണും
ഇരുപതു രൂപ എങ്കിലും ..പിന്നെ കൈനീട്ടം വെറും ഒരു
ചടങ്ങ് മാത്രമായി ..ആര്‍ക്കും യാതൊരു വിലയും ഇല്ല ...മറിച്ചു
ഞങ്ങള്‍ കുട്ടികള്‍ പൈസ കാണുന്നത് വിഷുവിനു മാത്രമാണ്
പിന്നെ ഉത്സവത്തിനും ...കിട്ടിയ പൈസ ചിലവാക്കാതെ
സൂക്ഷിക്കും എന്നെല്ലാം വലിയ തീരുമാനമെടുക്കും ..പക്ഷെ
വൈകുന്നേരം ആവില്ല അതിനുമുന്‍പ്‌ തന്നെ തീര്‍ന്നിരിക്കും
അതിനും ഒരു കാരണമുണ്ട് ...വിഷുവിനു പടക്കം ഒരു ആവേശം
ആയിരുന്നു ..പക്ഷെ കൊതി തീരെ വാങ്ങാന്‍ അന്ന് പറ്റിയിരുന്നില്ല
അപ്പോള്‍ ആ വിഷമം തീര്‍ക്കാന്‍ കൈനീട്ടം കിട്ടിയ പൈസ കൊണ്ട്
വീണ്ടും വാങ്ങും മത്താപ്പും കമ്പിത്തിരിയും ...ഇപ്പോള്‍ ഒരു ചടങ്ങ്
പോലെ എല്ലാം ചെയ്യുന്നു ...കുട്ടികളോട് പടക്കത്തിന്റെ ലിസ്റ്റ്
എഴുതാന്‍ പറഞ്ഞിട്ട് ആര്‍ക്കും ഒരു താല്പര്യം ഇല്ല ..കാരണം
അവര്‍ക്ക് ആസ്വാദനം മറ്റു പലതിലും ആണ് ....അതില്‍ ഒരിക്കലും
തെറ്റ് പറയാന്‍ പറ്റില്ല ..ഇപ്പോള്‍ ഹോടലുകളില്‍ സാധാരണ
മസാല ദോശക്കു പകരം എന്തെല്ലാം വിഭവങ്ങള്‍ .....

വിഷു തലേന്ന് ഉറക്കം ഇല്ല ..കാരണം കണി കാണണം
കൈനീട്ടം എത്രകിട്ടും എന്ന ആശങ്ക ...പടക്കം പൊട്ടിക്കാന്‍
ഉള്ള കൊതി ...ഇപ്പോഴും ആ കൊതി മനസിന്റെ ഏതോ മൂലയില്‍
ഒളിഞ്ഞിരിക്കുന്നുണ്ട് ....

അങ്ങിനെ എത്ര എത്ര ആഗ്രഹങ്ങള്‍ .......സാധിക്കാതെ പോയ
ഒരുപാട് ആഗ്രഹങ്ങള്‍ ..അങ്ങിനെ പൂര്‍ത്തികരിക്കാന്‍ സാധിക്കാതെ
പോയ ഒരുപാടാഗ്രഹങ്ങള്‍ ഒരു പുതു ജന്മത്തിന് വഴി തുറക്കുമോ ....

Saturday, April 9, 2011

സരസ്വതി ശുക്ല വര്‍ണാം സുസ്മിതം

മന്ത്രവാദം പഠിക്കണം ..വര്‍ണ കളങ്ങളും ഹോമമന്ത്രങ്ങളും ഒരു
ആവേശമായപ്പോള്‍ തേടിപോയി ഒരുപാട് ഗുരുനാഥന്മാരെ ...
അവരെ കുറിച്ച് എഴുതാന്‍ ഒരുപാടുണ്ട് ..പക്ഷെ ഇപ്പോള്‍ എന്റെ
ഓര്‍മയില്‍ തെളിയുന്നത് ഒരു മാന്ത്രികന്റെ രൂപമാണ് ....അദ്ദേഹം
എന്റെ ഗുരുവായിരുന്നില്ല .പക്ഷെ സ്നേഹ ബഹുമാനത്തോടെ
അല്ലാതെ ആളെ ഓര്‍ക്കാതിരിക്കാന്‍ പറ്റുന്നില്ല ...കാലം 1985
മീനമാസം ...അന്ന് ഞാന്‍ എന്റെ ഭാര്യവീട്ടില്‍ ആയിരുന്നു ....
കാരണം എന്റെ ഭാര്യ അന്ന് മൂത്തമകനെ പ്രസവിക്കാനായി
അവളുടെ വീട്ടില്‍ നില്‍ക്കുന്ന സമയം .ഏപ്രില്‍ ഏഴിന് ...അന്ന്
ഈസ്റ്റെര്‍ ആയിരുന്നു ..അവള്‍ എന്റെ മൂത്തമകനെ പ്രസവിച്ചു
അതിന്റെ അടുത്തദിവസം ഞാന്‍ എന്റെ അളിയന്റെ കൂടെ ഒരു
സ്ഥലം വരെ ചെന്നു..അതിനും ഒരു കാരണമുണ്ടായിരുന്നു
അളിയന്‍ ഒരു വലിയ കേസിന്റെ കുരുക്കില്‍ പെട്ട് വലയുന്ന
സമയം ...എന്നോട് പറഞ്ഞു ..പ്രഭ വാ ..ഒരു സ്ഥലം വരെ
പോകണം ...ചുമ്മാ ബോറടിച്ചു ഇരിക്കുന്ന ഞാന്‍ കൂടെ ചെന്നു
വഴിയില്‍ സ്കൂട്ടര്‍ നിര്‍ത്തി ഞങ്ങള്‍ ഒരു ചാരായഷാപ്പില്‍
കയറി ...ഒരു മണികൂര്‍ അവിടെ ചിലവഴിച്ചു പോകാന്‍ നേരം
അളിയന്‍ ഒരു കുപ്പി ചാരായം വാങ്ങി കയ്യില്‍ വെച്ചു. അത്
എന്തിന്നാണ് എന്നു ചോദിച്ച എന്നോട് ഒന്നും പറയാതെ
വണ്ടിയില്‍ കയറി ..പിന്നെ നിന്നത് ഒരു ചെറിയ ഓട്ടു പുരയുടെ
മുന്നില്‍ ..ഒന്നും മിണ്ടാതെ അളിയന്റെ പുറകില്‍ ഞാന്‍ ആ
വീട്ടില്‍ കയറി ..ഒരു മുറിയുടെ മൂലയില്‍ ഷര്‍ട്ടിടാതെ മെലിഞ്ഞു
ഉണങ്ങിയ ഒരു മനുഷ്യന്‍ .അളിയന്‍ ഭയഭക്തി ബഹുമാനത്തോടെ
കൊണ്ടുവന്ന ചാരായകുപ്പി ആളുടെ സമക്ഷം വെച്ചു ...എനിക്ക്
ഒന്നും മനസിലായില്ല ...മുറിയുടെ മൂലയില്‍ ചുരുട്ടിവെച്ച പായ
ആ മനുഷ്യന്‍ നീക്കി തന്നു അത് വിരിച്ചു അളിയനും ഞാനും
ഇരുന്നു ..അളിയന്‍ കൊടുത്ത ചാരായം നല്ല തണുത്ത വെള്ളം
കുടിക്കുന്നതുപോലെ ഒരു മിനിട്ടുകൊണ്ട് കുടിച്ചു കുപ്പി കാലിയാക്കി
ഒന്നും മിണ്ടാതെ കുറച്ചുനേരം ഇരുന്നു ...പിന്നെ വല്ലാത്ത ഒരു
ശബ്ദത്തില്‍ പറഞ്ഞു ...വേലപ്പാനാണ് പറയുന്നത് ..വിഷമിക്കേണ്ട
മോന്‍ കുറ്റമുക്തനാകും ...വേലപ്പനാണ് പറയുന്നത് ..'....
എനിക്ക് ചിരിവന്നു ..വകുപ്പ് 302 ...വെറുതെ വിടുംപോലും

എന്റെ ചിരികണ്ട് വേലപ്പന്‍ ഒരു പരിഹാസത്തോടെ പറഞ്ഞു
ചിരിച്ചോ ..ചിരിച്ചോ ....ഇന്നലെ ഒരു കുട്ടി ജനിച്ചില്ലേ..നന്നായി
കണ്ടുവോ ..ഞാന്‍ പറഞ്ഞു ..കണ്ടു ...വേലപ്പന്‍ പരിഹാസത്തോടെ
ചോദിച്ചു ..കണ്ടുവെന്നോ ....എന്നാ പറ ..കുട്ടിയുടെ വലതു കണ്ണിലെ
മറുക് കണ്ടുവോ ..ഞാന്‍ പറഞ്ഞു ..നോക്കിയില്ല ....വേലപ്പന്‍ പൊട്ടി
ചിരിച്ചു ...പോയി നോക്കിയിട്ട് വാ നാളെ ...........

ശരിയാണ് കുട്ടിയുടെ വലതു കണ്ണില്‍ ഒരു മറുക് .....പോയി ഞാന്‍
തനിയെ വേലപ്പനെ കാണാന്‍ ...ഒരു കുപ്പി ചാരായവുമായി
പതിവുപോലെ ഒറ്റവലിക്ക് കുടിച്ചുകൊണ്ട് വേലപ്പന്‍ പറഞ്ഞു
നിങ്ങള്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും ..സിനിമ നിര്‍മിക്കും
അറിയപ്പെടുന്ന ആള്‍ ആവും ...ഈ മന്ത്രം ജപിക്കൂ ..
.
സരസ്വതി ശുക്ല വര്‍ണാം സുസ്മിതം .....

കാലങ്ങള്‍ കഴിഞ്ഞു ...ഒരുപാട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു
ഇനി സിനിമ ...നടക്കുമോ ആ സ്വപ്നം ...സാധ്യമാകും ഉറപ്പാണ്
കാരണം വേലപ്പന്‍ പറഞ്ഞതെല്ലാം സംഭവിച്ചു ..അപ്പോള്‍ ഇതും

ഒരുദിവസം വേലപ്പെന്റെ വീട് അഗ്നി വളഞ്ഞു ...ഒരു തീനാളമായി
പോലിഞ്ഞില്ലാതായി ..കൂടെ വേലപ്പനും .........

Thursday, April 7, 2011

തുളസി മരിച്ചുവോ ...അതോ ....

എന്നാണു ആദ്യമായി ഞാന്‍ തുളസിയെ(യദാര്‍ത്ഥ പേര്‍ അല്ല )
കാണുന്നത് ..ഏകദേശം ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരു നവവധുവായി എന്റെ സുഹൃത്തിന്റെ വലം കൈ പിടിച്ചു
വിവാഹ മണ്ഡപത്തില്‍ വലം വെക്കുമ്പോള്‍ .അത് കഴിഞ്ഞു വരന്റെ വീട്ടില്‍
വൈകുന്നേരം എത്തിയപ്പോള്‍ നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചു ..പിച്ചിപൂ ചൂടി
ആ വീട്ടിലെ നിറദീപമായി

.പലതും ചോദിക്കണമെന്നുണ്ടായിരുന്നു തുളസിയോട് ....പക്ഷെ
ഒന്നും ചോദിച്ചില്ല കാരണം നവ വധുവിന്റെ നാണം മാറിയിട്ടില്ല പിന്നെ ചോദിച്ചാല്‍
തുളസി ഒന്നും പറയില്ല കാരണം അവള്‍ ജന്മനാല്‍ ഊമയായ പെണ്‍കുട്ടിയായിരുന്നു
പക്ഷെ അവള്‍ അതീവ സുന്ദരിയായിരുന്നു പോരാത്തതിന് എപ്പോഴും
കണ്ണുകളില്‍ സ്നേഹഭാവം ....മുഖത്തുമായാത്ത പുഞ്ചിരി പിന്നെ എല്ലാറ്റിനും
പുറമെ തികഞ്ഞ നിഷ്കളങ്കത ..ഓരോ നോട്ടത്തിലും പെരുമാറ്റത്തിലും ......

ഇനി ഒരല്‍പം പുറകിലേക്ക് പോകാം എന്റെ സുഹൃത്ത്‌ എന്ന് പൂര്‍ണമായി
പറയാന്‍ പറ്റില്ല .പക്ഷെ കൌമാരകാലത്ത് വല വേദികളിലും..കളി സ്ഥലത്തും
അമ്പലകുളത്തിലും എന്നും ഒപ്പം ഉണ്ടാവാറുള്ള ഒരു സുഹൃത്ത്‌ ..പല നാടകങ്ങളിലും
ചെറിയ വേഷങ്ങളില്‍ മുരളി (പേര് സാങ്കല്‍പ്പികം ) ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു
ഒരു സായംസന്ധ്യയില്‍ മുരളി ഞങ്ങളോട് പറഞ്ഞു ..എന്റെ കല്യാണം നിശ്ചയിച്ചു
പെണ്‍കുട്ടി തുളസി ..നിങ്ങള്‍ എല്ലാവരും സഹകരിച്ചു നന്നായി നടത്തിത്തരണം

ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി ..പ്രതേകിച്ചു ഒരു തൊഴിലും ഇല്ലാത്ത
മുരളി ..എങ്ങിനെ ഇതു സംഭവിച്ചു ..ഞങ്ങളുടെ മുഖഭാവം മനസിലാക്കി മുരളി
പറഞ്ഞു ....വലിയ വീട്ടിലെ പെണ്‍കുട്ടിയാണ് ..ഇഷ്ടം പോലെ സ്വത്തുണ്ട്
വിവാഹം കഴിഞ്ഞു എന്തെങ്കിലും ബിസിനസ്‌ തുടങ്ങണം ..ഞങ്ങള്‍ സന്തോഷിച്ചു
വലിയ വിദ്യാഭാസം ഒന്നും ഇല്ലാത്ത മുരളി നന്നാവാന്‍ പോകുന്നു

വിവാഹ ശേഷം മുരളി ചെറിയ ബിസിനസ്‌ തുടങ്ങി ..വല്ലപ്പോഴും
മാത്രമായി പരസ്പരം കാണലും സംസാരിക്കലും ...ബിസിനെസ്സില്‍
അനുജനെയും കൂട്ടി ...അവരുടെ വീട്ടിലെ എല്ലാവരും ഉയരങ്ങളിലേക്ക്
നടന്നുകയറി

എനിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി എറണാകുളത്തിലേക്ക്‌
താമസം മാറ്റി ...വല്ലപ്പോഴും നാട്ടില്‍ ചെല്ലുമ്പോള്‍ മുരളിയെ കാണും ..കണ്ടാല്‍
മുരളി എന്നെ അവന്റെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ടുപോകും
തുളസിയുടെ നിഷ്കളങ്കസ്നേഹം കുറച്ചുനേരം അനുഭവിച്ച് അവര്‍ക്ക് നന്മകള്‍
വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് വിടപറയും ..അവര്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ ആയി
നന്നായി പഠിക്കും എന്ന് എനിക്ക് മനസിലാവുന്ന ഭാഷയില്‍ തുളസി
എപ്പോഴും പറയും ..അമ്പലത്തിലെ ദീപാരാധന തൊഴുതു മടങ്ങുമ്പോള്‍

ഒരുദിവസം ആ വാര്‍ത്ത വന്നു ..തുളസി മരിച്ചു ..അതൊരു കൊലപാതകം
ആയിരുന്നു ..മുരളി അവളെ സ്വത്തിനുവേണ്ടി ....പെട്രോള്‍ ഒഴിച്ച് തീകൊളുത്തി
കുഞ്ഞുങ്ങള്‍ കാണ്‍കെ .....പിന്നീടു അറിഞ്ഞു ..മുരളിയെ പോലിസ് അറസ്റ്റ് ചെയ്തു
ജാമ്യത്തില്‍ വിട്ടു ...ഒരുനാള്‍ നാട്ടില്‍ ചെന്നപ്പോള്‍ മുരളിയെ
അവന്റെ വീട്ടില്‍ വെച്ച് ഞാന്‍ കണ്ടു..പക്ഷെ മുഖത്തുപോലും നോക്കിയില്ല
ഞാന്‍ കടന്നുപോകവെ മുരളി പറഞ്ഞു ..എല്ലാവരും എന്നെ വെറുത്തു അല്ലെ ......

ഇനി കഥയുടെ പരിസമാപ്തി ...ഒരു ദിവസം സ്വന്തം മുറിയില്‍ മുരളി തൂങ്ങി
മരിച്ചു ....കച്ചവടം പൊളിഞ്ഞ അനിയന്‍ അമ്മയോട് വഴക്കിട്ടു ....അടുക്കളയില്‍
വെച്ച് ..കത്തുന്ന മണ്ണെണ്ണ സ്റൌവ് എടുത്തു "ഞാന്‍ ഇപ്പോള്‍ ചാകും... ചാകും "
എന്ന് പറഞ്ഞു അമ്മയെ ഭീഷണിപ്പെടുത്തവേ...അത് സ്വന്തം ശരീരത്തില്‍
വീണു അമ്മയുടെ മുന്‍പില്‍ വെച്ച് കത്തി മരിച്ചു ..........

താഴ്വാരം തേങ്ങി ...പക്ഷെ തുളസിയുടെ പൊട്ടിച്ചിരി ആ സമയത്ത് ഉയര്‍ന്നുവോ
കണ്ണില്‍ കത്തുന്ന പ്രതികാരദാഹവുമായി ...........

Wednesday, April 6, 2011

കുളക്കടവിലെ പ്രേതം

ജീവിതം കഴിഞ്ഞു കൊണ്ടിരിക്കുന്നു . അതിനിടയില്‍ ഒരുപാട്
സംഭവങ്ങള്‍ ഓരോ ദിവസവും ഉണ്ടാകുന്നു പലതും പിന്നീട്
വിസ്മൃതിയില്‍ മറയുകയും ചെയ്യുന്നു ..പക്ഷെ ചില ഓര്‍മ്മകള്‍
മരിക്കുന്നില്ല ...ഓരോ ദിവസവും അത് മനസ്സില്‍ പോന്തിവരുകയും
ഓര്‍മപ്പെടുത്തി മടങ്ങുകയും ചെയ്യും

വര്‍ഷങ്ങള്‍ ഒരുപാട് പുറകോട്ടുപോകുന്നു ..മുപ്പത്തിരണ്ട് വര്‍ഷം
ഞങ്ങള്‍ അന്ന് കൌമാരക്കാര്‍ ...അമ്പലവും ക്ലബും ..സിനിമയും
നാടകവും എല്ലാം ആയി എല്ലാം മറന്നു ജീവിച്ച നാളുകള്‍ ..നാളയെ
കുറിച്ച് ഒരു ചിന്തയും അന്ന് ഞങ്ങള്‍ക്കോ കുട്ടികളെ കുറിച്ച് പാലകാടുള്ള
മാതാപിതാക്കള്‍ക്കോ അമിതമായ ആശങ്ക ഉണ്ടായിരുന്നില്ല ..സന്ധ്യ
കഴിഞ്ഞു വീട്ടില്‍ എത്തിയില്ലെങ്കില്‍ കാര്യമായ പ്രശ്നങ്ങള്‍ ഒന്നും
പതിവില്ല ..അതുകൊണ്ട് ഞങ്ങള്‍ നാടകമായും മറ്റു പലവിധ
കലാപരിപാടികളുമായും നടന്നിരുന്ന മധുരകാലം ..ഗ്രാമീണത
ഇപ്പോഴുംഅതിന്റെ പൂര്‍ണതയില്‍ ... ഒരു കുറവും ഈ ഗ്രാമത്തിനു വന്നിട്ടില്ല
ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം
അകലെ ..പ്രസിദ്ധമായ നാലംബികമാരില്‍ ..ഒരാളായ ഹേമാംബിക
ഭഗവതിയുടെ സ്വന്തം തട്ടകം കുന്നന്‍ പാറയും അമ്പലത്തിന്റെ ചുറ്റിലും
ഉള്ള നാലു വലിയകുളങ്ങളും പിന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന
സഹ്യാദ്രിമലനിരകളും പച്ചപ്പാര്‍ന്ന നെല്‍വയലുകളും പിന്നെ കാറ്റില്‍
ചന്ദന സുഗന്ധവും ...

അമ്പലകുളത്തില്‍ മീന്‍ പിടിക്കാന്‍ പാടില്ല ..പരശുരാമന്റെ കാലം
തൊട്ടിന്നുവരെ ആരും ഇവിടെ നിന്നും മത്സ്യം പിടിച്ചിട്ടില്ല എന്ന്
ആളുകള്‍ പറയും ..പക്ഷെ ഞങ്ങള്‍ തോര്‍ത്തിട്ടു ഒരു വിധം വലിയ
മീനിനെ പിടിച്ച് അതിനെ ചൂണ്ടകൊളുത്തില്‍ ഇരയാക്കി വലിയ
മീനുകളെ പിടിച്ച് രാത്രിയുടെ രണ്ടാം യാമത്തില്‍ പാകം ചെയ്തു
കഴിക്കുമായിരുന്നു ..പക്ഷെ ഇതാര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റില്ല
കാരണം ചൂണ്ടകയര്‍ ഏതെങ്കിലും കല്ലില്‍ കെട്ടിയിട്ട്‌ ഞങ്ങള്‍
പോവും ഇരുട്ടാവുമ്പോള്‍ വന്നു പിടിച്ചുകൊണ്ടുപോകും ..ദാഹം
തീര്‍ക്കാന്‍ ഭഗവതിയുടെ തെങ്ങിന്‍ തോട്ടത്തിലെ ഇളനീരും ..കൂടെ
അല്‍പ്പം ലഹരി തരുന്ന പുകയും ...

ഒരുനാള്‍ ഒരു വാര്‍ത്ത പരന്നു ചൊവ്വയും വെള്ളിയും അമ്പലക്കടവില്‍
പ്രേതം .ഒരുനാള്‍ എവിടെയോ കൊട്ട് കഴിഞ്ഞു വന്ന അപ്പുമാരാരും
കൃഷ്ണമാരാരും കുളക്കടവില്‍ എത്തി ..അപ്പുമാരാര്‍ പറഞ്ഞു ..കൃഷ്ണാ
ഞാന്‍ ഒന്ന് കാല്‍ കഴുകി വരാം ....കല്‍പ്പടവുകള്‍ ഇറങ്ങിയ അപ്പുമാരാര്‍
ഒന്നും മിണ്ടാതെ ഉടന്‍ കയറി വന്നു ..കൃഷ്ണന്‍ മാരാര്‍ ചോദിച്ചു
ഹായ് ..ഇത്ര പെട്ടന്ന് വന്നുവോ ....ഒന്നും മിണ്ടാതെ നിന്ന അപ്പു
മാരാരെ നോക്കി .. ഞാന്‍ ഒന്ന് മുഖം കഴുകിയിട്ട് വരാം എന്ന് പറഞ്ഞു
കൃഷ്ണന്‍ മാരാര്‍ പടവുകള്‍ ഇറങ്ങി .ഒരാര്‍ത്തനാദത്തോടെ കൃഷ്ണന്‍
മാരാര്‍ ഓടി ..പിന്നാലെ അപ്പു മാരാരും ..കാലത്ത് ആ വാര്‍ത്ത‍
നാടുമുഴുവന്‍ പരന്നു ..രാത്രി കാലു കഴുകുവാന്‍ കുളക്കടവിറങ്ങിയ
മാരാര്‍മാര്‍ ഒരു കറുത്ത രൂപത്തെ കണ്ടു ..വലിയ ചിറകുകള്‍
ഉള്ള ഒരു കറുത്ത രൂപം

രാത്രി സഞ്ചാരം കുറഞ്ഞു ...അപ്പോള്‍ ഞങ്ങള്‍ ചിലര്‍ വിചാരിച്ചു
ഇതു കണ്ടുപിടിക്കണം

അടുത്ത വെള്ളിയാഴ്ച ..പതിവു കലാപരിപാടികള്‍ കഴിഞ്ഞു
ഞങ്ങള്‍ കുളക്കടവില്‍ എത്തി ..കുറ്റാകൂരിരുട്ട് ..ചീവീടുകള്‍
കരയുന്നു ..വെള്ളത്തിനുമുകളില്‍ മീനുകളുടെ ചാഞ്ചാട്ടം
മാരാര്‍മാര്‍ ഇറങ്ങിയ കുളക്കടവിന്റെ അടുത്തു ഞങ്ങള്‍ എത്തി
കൂട്ടത്തില്‍ ധൈര്യം കൂടുതല്‍ ഉള്ള മോഹനന്‍ ആദ്യം ഇറങ്ങി
ഒന്നും മിണ്ടാതെ കയറി വന്നു...പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു
ശരിയാ ..വലിയ ചിറകുകള്‍ ഉള്ള ഒരു കറുത്ത രൂപം
അമ്പലമതിലിനു അരികെ നിന്ന ഞങ്ങള്‍ക്കൊന്നും കാണാന്‍
പറ്റുന്നില്ല അത്രയ്ക്ക് ഇരുട്ട് ..അപ്പോള്‍ സോമന്‍ പറഞ്ഞു
പോകാന്‍ വരട്ടെ ..ഞാന്‍ നോക്കി വരാം ....കടവിലേക്ക്
കാലു വെച്ചില്ല ..പോകാം പോകാം എന്ന് അലറി സോമു
കയറി വന്നു ...അപ്പോള്‍ കിട്ട എന്ന ഓമന പേര് വിളിക്കുന്ന
സുഹൃത്ത്‌ പറഞ്ഞു നമുക്ക് എല്ലാവര്‍ക്കും കൂടി പോയി നോക്കാം
അങ്ങിനെ ഞങ്ങള്‍ കുളക്കടവിലേക്ക് കാല്‍ വെച്ചു അതാ ഒരു
കറുത്ത രൂപം ..അതൊന്നു പതുക്കെ ഇളകി ..ഞങ്ങള്‍ ഒരു
നിമിഷം പേടിച്ചു വിറച്ചുകൊണ്ട് അവിടെ തന്നെ നിന്നു ആ
രൂപം ചിറകുകള്‍ ആഞ്ഞു വീശി ...ഞങ്ങള്‍ ഒരു പടവ്
താഴെ ഇറങ്ങി ...പാതിരാവിന്റെ മങ്ങിയ വെളിച്ചത്തില്‍
ഞങ്ങള്‍ കണ്ടു ..ഒരു ആള്‍ രൂപം ..കമ്പി പൊട്ടിയ ഒരു
വലിയ കുടയുമായി ...അടുത്ത് ഒരു കുട്ട നിറയെ മീനുകള്‍

പേരുപറയുന്നില്ല ... കവലയില്‍ മലമ്പുഴ മീന്‍ എന്ന്
പറഞ്ഞു കച്ചവടം നടത്തുന്ന .....നെ പിടിച്ചു
അമ്പലത്തിന്റെ കൊടിമരചോട്ടില്‍ ഇരുത്തി ..അതിനിടയില്‍
കൈത്തരിപ്പു തീര്‍ക്കാനും ആരും മടിച്ചില്ല ....അമ്പലത്തിന്റെ
കാര്യസ്ഥനെ വിളിച്ചുണര്‍ത്തി വിവരം പറഞ്ഞു ..വിട്ടുകളയാന്‍
ഉപദേശം ..പക്ഷെ ഞങ്ങള്‍ ഉണ്ടോ വെറുതെ വിടുന്നു
കലവറയിലെ പൊതിക്കാത്ത ഒരു ഉണക്ക തേങ്ങ കൊണ്ടുവന്നു
അവന്റെ മുന്നില്‍ ഇട്ടു ..അവിടുത്തെ ഒരു കല്ലില്‍ കുത്തി
ആ തേങ്ങ പൊതിക്കാന്‍ പറഞ്ഞു .ഞങ്ങള്‍ വിധിച്ച ചെറിയ
ശിക്ഷ ..... രണ്ടു മണിക്കൂര്‍ കൊണ്ട് .തേങ്ങ പോതിച്ചു
അവിടെ തേങ്ങ ഉടച്ചു ശിക്ഷ അവസാനിപ്പിച്ചു ....അപ്പോള്‍
കലവറയിലെ ഒരുപാട് ഉണക്ക തേങ്ങകള്‍ ഞങ്ങളെ നോക്കി
ചിരിച്ചു .....

Monday, March 21, 2011

എന്റെ വേരുകള്‍ അദ്ധ്യായം ഒന്ന്

ഒരു യാത്ര പോകുന്നു വേരുകള്‍ തേടി ...കഴിഞ്ഞ ദിവസം
വീട്ടില്‍ ചെന്നപ്പോള്‍ അമ്മ പറഞ്ഞു ..നീ ഇനി എന്നാ വരുക
ഇനി വരുമ്പോള്‍ എന്നെ നീ എന്റെ 'വീട്ടിലേക്കു' കൊണ്ടുപോകണം
ഞാന്‍ കളിച്ചു വളര്‍ന്ന ആ വീട്ടില്‍ നിന്നും പോന്നിട്ട് അമ്പത്തി രണ്ടു വര്‍ഷങ്ങള്‍
കഴിഞ്ഞു ...കഴിഞ്ഞ ദിവസം ഒരു ബന്ധു വന്നു പറഞ്ഞു
ആ വീട് ഇപ്പോഴും അതുപോലുണ്ട് ...പുഴ കടക്കാന്‍ പാലം ഉണ്ട്
കാറ് ഇപ്പോള്‍ പടി വരെ ചെല്ലും ....ഒരിക്കല്‍ കൂടി കാണണം
ആ വീട് ..പറ്റിയാല്‍ ഇപ്പോള്‍ താമസിക്കുന്നവരോട് ചോദിച്ചു
ആ മുറ്റത്ത്‌ കുറച്ചുനേരം നില്‍ക്കണം ..പഴമ മണക്കുന്ന
ആ മുറികള്‍ വീണ്ടും ഒന്നുകൂടി കാണണം ....അച്ഛന്റെ ഗന്ധം
ചിലപ്പോള്‍ അവിടെ ഇപ്പോഴും കാണും ....അമ്മയുടെ കോടിമുണ്ടിന്റെ
കൈത ഗന്ധവും ....ഒന്നര വയസ്സുള്ളപ്പോള്‍ അമ്മയുടെ കൈയ്യില്‍ തൂങ്ങി
പുഴ കടന്നു ഞാന്‍ എന്റെ ഇപ്പോഴത്തെ വീട്ടില്‍ വരുമ്പോള്‍ ...ഞാന്‍
കണ്ട ഒരു കാഴ്ച മറയാതെ മനസ്സില്‍ ഉണ്ട് ...ഒരു ഉത്സവകാലത്ത്
കാലില്‍ ചിലമ്പും കയ്യില്‍ വാളും പിടിച്ചു ചുവന്ന പട്ടുടുത്തു ..പുഴയുടെ
മണലിലൂടെ നടന്നു നീങ്ങുന്ന വെളിച്ചപ്പാടും സംഘവും .... ...


ഗായത്രി പുഴുയുടെ കുറുകെ കെട്ടിയ തടയണ കടന്നു
ഞങ്ങള്‍ മാരിയമ്മന്‍ കോവില്‍ അന്വേഷിച്ചു ...പറഞ്ഞു
തന്ന വഴിയിലൂടെ കാര്‍ പതുക്കെ നീങ്ങി ഒടുവില്‍
പഴയ ഏതോ യുഗത്തിലേതു പോലെ തോന്നിക്കുന്ന
ആ കോവിലിനു മുന്‍പില്‍ കാര്‍ നിര്‍ത്തി ......കോവിലിന്റെ
തെക്ക് വശത്ത് ..എന്റെ അമ്മ പിറന്നു വളര്‍ന്ന വീട്
അമ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ...അവിടെ
ഞങ്ങള്‍ വലതുകാല്‍ വെച്ച് കയറി ...തെക്കേ തൊടിയില്‍
നിന്നും വയല്‍ പക്ഷികള്‍ ചിലച്ചു .......

ഇവിടെ ഒരു കാര്യം പറയാതിരിക്കാന്‍ പറ്റുന്നില്ല
ഇതു എഴുതുമ്പോള്‍ ഒരു ജന്മിയുടെ
മുഖം എനിക്ക് ആരും കല്‍പ്പിച്ചു തരരുത് ...എന്റെ അമ്മയെ
തിരിച്ചറിഞ്ഞ നിഷ്കളങ്കരായ അവിടത്തുകാര്‍ അമ്മയുടെ
ചുറ്റും കൂടി ...മെല്ലെ അതൊരു ആള്‍ കൂട്ടമായി ..അപ്പോള്‍ ഞാന്‍
കേട്ട വര്‍ത്തമാനത്തില്‍ ദാരിദ്രം ..നിറഞ്ഞ ഒരു കാലം
അനാവരണം ചെയ്തു നാണികുട്ടി അമ്മയുടെ കഞ്ഞി ആണ്
ഈ ശരീരം....തമ്പ്രാനെ ഇന്നും ഞങ്ങള്‍ ഓര്‍ക്കുന്നു ...ഈ
മാരിയമ്മന്‍ കോവിലിലെ വാളും ചിലമ്പും അത് അവിടുത്തെ
വീട്ടുകാരുടെതല്ലേ അത് .കാണുമ്പോള്‍
എങ്ങിനെ ഞങ്ങള്‍ മറക്കും ... എന്ന് വയസായ ചില സ്ത്രീകള്‍ പറയുന്നത്
കേട്ട് ഞാന്‍ അമ്പരന്നു ..എല്ലാം മറക്കുന്ന ഈ കാലത്ത്
ഇങ്ങനെയും ഓര്‍മകളില്‍ നന്ദി നിറച്ചു കഴിയുന്ന ഇവര്‍
എല്ലാം മാര്‍കിസ്റ്റ് അനുഭാവികളാണ് ..അപ്പോള്‍ അന്നത്തെ
ജന്മികളില്‍ ചിലരെങ്കിലും നന്മ ചെയ്തിട്ടുണ്ടാവണം
അല്ലെങ്കില്‍ ...ഇപ്പോഴും ആ മനസുകളില്‍ എങ്ങിനെ
ഈ വികാരം നിലനിക്കുന്നു....ഒരു പക്ഷെ ഇതു പാലക്കാടിന്റെ
നന്മയാകാം


.അമ്മക്ക് വളരെ സന്തോഷമായി കാണണം
ജനിച്ചു വളര്‍ന്ന വീടിന്റെ ഓരോ മുക്കിലും
മൂലയിലും എന്തോ നഷ്ടപ്പെട്ടത് തിരയുന്നതുപോലെ
അമ്മ നോക്കുന്നുണ്ടായിരുന്നു .......ഒടുവില്‍
ഈ ഇടനാഴിയില്‍ ആണ് അച്ഛനെ കോടി പുതപ്പിച്ചു
കിടത്തിയിരുന്നത് എന്ന് പറഞ്ഞപ്പോള്‍ ....ഞാന്‍
ഊഹിച്ചു ....ഇരുപതുവര്‍ഷം അമ്മ ഒരു നിമിഷാര്‍ധത്തില്‍
അവിടെ വീണ്ടും ജീവിച്ചു എന്ന് ...അവിടെ ഞാന്‍ ഒരു
കല്യാണ പന്തല്‍ കണ്ടു ......നാഗപാട്ടുകള്‍ കേട്ടു
മുറ്റത്തെ മാവില്‍ ഒരു ഊഞ്ഞാലിന്റെ നിഴല്‍ ....പ്രേതങ്ങള്‍
കുടിയിരിക്കുന്ന മച്ചിന്‍ പുറവും ഒഴിഞ്ഞ കളപ്പുരയും
പശുവില്ലാത്ത തൊഴുത്തും ........വേരുകള്‍ ഇറങ്ങി
കാഴ്ച മറച്ച വട്ടകിണറും ......പനംകാറ്റില്‍ ....നാഗ
പാട്ടുകളുടെ ചീലുകള്‍


കാലം പുറകിലേക്ക് പോയ ആ നിമിഷങ്ങള്‍ എങ്ങിനെ മറക്കും
ജന്മിത്തം വാഴുന്ന കാലം പക്ഷെ കൊടുക്കല്‍ വാങ്ങലുകള്‍
എല്ലാം നന്മ നിറഞ്ഞതായിരുന്നു എന്ന് പറയാതെ വയ്യ ...ഓണത്തിനു
ഒരു കായ്കുലയോ ..ഒരു ഇളവന്‍ അല്ലെങ്കില്‍ ഒരു മത്തന്‍ അല്ലെങ്കില്‍
ഒരു ചേനയോ കൊടുക്കുന്ന ആശ്രിതനു മുണ്ടും വേഷ്ടിയും നല്ലൊരു
തുകയും അന്ന് കൊടുത്തിരുന്നു പണി കൂലി നെല്ലായും ..പക്ഷെ
ദാരിദ്യം നടമാടിയിരുന്നു ആ കാലത്ത് ..ഇന്നത്തെ പോലെ സര്‍ക്കാര്‍
സംവിധാനം ശക്തമല്ലായിരുന്നു .കേന്ദ്ര സഹായമോ ലോകബാങ്ക് സഹായമോ
ഇല്ലാത്ത ഒരു കാലത്ത് ഇത്രയൊക്കെ സര്‍ക്കാരിനും പറ്റുമായിരുന്നുള്ളൂ
കണ്ണില്‍ നരവീണ മാണിക്യന്‍ പറഞ്ഞു ....വിഷമങ്ങള്‍ ഉണ്ടായിരുന്നു
ആ കാലങ്ങളില്‍ പക്ഷെ സ്നേഹത്തിന്റെ കാണാച്ചരടുകള്‍ കൊണ്ട്
ബന്ധങ്ങള്‍ ഊട്ടിഉറപ്പിച്ചിരുന്നു
മാരിയമ്മക്ക് ആയിരം കണ്ണാണ് ....എന്നാലും നിങ്ങളെ
ഇവിടെ അമ്മ വീണ്ടും എത്തിച്ചില്ലേ ..വടിയുടെ ബലത്തില്‍ മാത്രം
നില്‍ക്കുന്ന ഒരു അമ്മൂമ്മ മൊഴിഞ്ഞു ..അത് ശരിയാണ് എന്ന് എല്ലാവരും
ഏറ്റുപറഞ്ഞു അപ്പോള്‍ അമ്മ പറഞ്ഞു ..ഞാന്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍
എന്നും തൊഴാന്‍ ഇവിടെ വരും ..അപ്പോള്‍ എന്റെ പ്രാര്‍ത്ഥന ജയിക്കണം
എന്നായിരുന്നില്ല ..എനിക്ക് റെയില്‍വേ ഉദ്യോഗസ്ഥന്‍ ഭര്‍ത്താവായി
വരണം എന്നായിരുന്നു ...പുഴയ്ക്ക് അപ്പുറം ഒരു ലോകം ഉണ്ട് എന്ന്
അറിയാമായിരുന്ന എനിക്ക് ഏക ആഗ്രഹം നാടുകള്‍ കാണണം എന്നായിരുന്നു
റെയില്‍വേ ഉദ്യോഗസ്ഥന്‍ ആയാല്‍ യാത്ര തരപ്പെടും ..അത്രയോക്കയെ
അന്ന് ചിന്തിക്കാന്‍ പക്വത വന്നിട്ടുള്ളു ..എന്തായാലും മാരിയമ്മ
പ്രാര്‍ത്ഥന കേട്ടു...റെയില്‍വേ ഉദ്യോഗസ്ഥന്‍ തന്നെ ഭര്‍ത്താവായി
അമ്മക്ക് കിട്ടി കുറെ നാടുകള്‍ കാണാനും പറ്റി ....

മാണിക്യന്റെ കണ്ണുകളില്‍
ഏതോ അവാച്യമായ ഒരു സന്തോഷത്തിന്റെ തിരയിളക്കം
ഈ ജന്മം കാണാന്‍ പറ്റും എന്ന് ഒരിക്കലും അടിയന്‍
കരുതിയില്ല ...ഓര്‍മ്മയുണ്ടോ ...എന്റെ അച്ഛനാ അവിടുത്തെ
കാര്യസ്ഥന്‍ .....അമ്മ പറഞ്ഞു ..നല്ല ഓര്‍മയുണ്ട് ..അച്ഛന്‍
കുമാരന്റെ അതെ മുഖം..മാണിക്യന്‍ തുടര്‍ന്നു.
ഓര്‍ക്കും ...കല്യാണം കഴിഞ്ഞു പോകുമ്പോള്‍ ..ഈ
പാട വരമ്പിലൂടെ ഞാന്‍ പെട്ടിയുമായി കൂടെ വന്നിരുന്നു
ഞാന്‍ മനസ്സില്‍ കണ്ടു ....നവവധുവായി അമ്മ കുടയും
ചൂടി പാട വരമ്പിലൂടെ നാടുകള്‍ കാണുവാനായി ഉള്ളില്‍
അടക്കി പിടിച്ച ആഗ്രഹവുമായി പുകതുപ്പുന്ന തീവണ്ടി
സ്വപ്നം കണ്ടു ..അച്ഛന്റെ കൂടെ നടന്നു നീങ്ങുന്ന
ഒരു പത്തൊമ്പത്കാരിയെ .....................................
അമ്മ പറഞ്ഞു ..അന്ന് ഒരു നീല സില്‍ക്ക് സാരിയാണ് ഉടുത്തിരുന്നത്
ഇണക്ക താലിയും ഉണ്ടായിരുന്നു ........

എന്റെ ഓര്‍മകളില്‍ പെട്ടന്ന് ഒരു രംഗം ഓര്‍മ വന്നു
റെയില്‍വേ കോളനിയിലെ ഞാന്‍ താമസിച്ചിരുന്ന
വീട് ..ഒരു ദിവസം രാവിലെ ഉറക്കം ഉണര്‍ന്ന രണ്ടു
വയസുകാരനായ ഞാന്‍ വീടിനു മുമ്പില്‍ ആദ്യമായി
പോത്തുകളെ കെട്ടിയ രണ്ടു വണ്ടികള്‍ കണ്ടു
അതില്‍ നിറയെ ഉരുളിയും ഓട്ടുപാത്രങ്ങളും പിന്നെ
വലിയൊരു നീല കണ്ണാടിയും അലങ്കരിച്ച ഒരു
കട്ടിലും.....


പനംപട്ടകള്‍ കാറ്റിലാടി ...ഒരു വല്ലാത്ത ശബ്ദം
അവിടെ മുഴങ്ങി ...കാവിലെ പൂജാരി ഇടയില്‍
ഓടിവന്നു പറഞ്ഞു ...ദീപാരാധന സമയമായി
ഞങ്ങള്‍ വീണ്ടും അമ്പലത്തിന്‍ മുന്നില്‍ എത്തി
ഒരു പ്രാചീന ക്ഷേത്രം .....ഞങ്ങള്‍ കുട്ടികാലത്ത്
അമ്പലം കെട്ടികളിക്കുമായിരുന്നു...ഇഷ്ടിക
കൊണ്ട് മൂന്നുവശവും കെട്ടി മുകളില്‍ ഓടു വെച്ച്
കിട്ടിയ കരിങ്കല്‍ കഷ്ണം വിഗ്രഹമാക്കി പായസം
വെച്ച് ഞങ്ങള്‍ കുട്ടികള്‍ കളിക്കുമായിരുന്നു ..അതുപോലെ
യാതൊരു ഷേപ്പും ഇല്ലാത്ത അമ്പലം

ഈ സമയത്ത് എനിക്കൊരു കാര്യം ഓര്‍മ വരുന്നു
ഞങ്ങള്‍ കുട്ടികള്‍ കളിക്കുമ്പോള്‍ കൊമരമാകുന്നത് എപ്പോഴും
ഞാന്‍ ആണ് ..അന്ന് എന്റെ കയ്യില്‍ വാളിനുപകരം ഒരു
ഈര്‍ക്കല ..കോഴിക്കുപകരം ബലി കൊടുത്തിരുന്നത്
പാവം തുമ്പികളെ ആയിരുന്നു ...എന്റെ മനസ്സില്‍
തലയറുത്ത തുമ്പികളുടെ പിടച്ചില്‍ ....അറിയില്ലായിരുന്നു
പശ്ചാത്താപം പാപത്തിനു പരിഹാരമാകുമെങ്കില്‍
ഇതാ എന്റെ പശ്ചാത്താപം.....എന്റെ പാപം
പൊറുക്കണമേ .....

ദീപാരാധന കഴിഞ്ഞു ...പാവാടയുടുത്ത സുന്ദരിയായ
ഒരു പെണ്‍കുട്ടി അമ്പലനടയില്‍ തൊഴുതു നില്‍ക്കുന്നു
എത്ര ഭംഗിയുള്ള കുട്ടി .ഞാന്‍ വെറുതെ ചിന്തിച്ചു
അവളും നല്ല ഒരു വരനെ സ്വപ്നം കണ്ടു .
.അവനെ എനിക്ക് തന്നെ ഭര്‍ത്താവായി
തരണം എന്നായിരിക്കുമോ അവള്‍ സങ്കല്‍പ്പിച്ചിരിക്കുക
കാരണം ..അവളുടെ കണ്ണുകളില്‍ പ്രേമഭാവം തുടിച്ചിരുന്നു
പഴകി ദ്രവിച്ച ഉമ്മറകോലായില്‍ ഞങ്ങള്‍ ഇരുന്നു
നല്ല തണുത്തവെള്ളം ഇപ്പോഴത്തെ താമസക്കാര്‍
കൊണ്ടുതന്നു...ഇരുട്ട് പരന്നിട്ടില്ല ...തലമുഴുവന്‍
വെഞ്ചാമരംപോലുള്ള മുടിയുള്ള ആഫ്രിക്കന്‍ മുഖമുള്ള
വയസ്സായ ഒരു സ്ത്രീ പറഞ്ഞു ....തങ്കം ഓര്‍മ്മയുണ്ടോ
തങ്കത്തിന്റെ അച്ഛന്‍ ഇതുപോലെ രാവിലെ പൂജ തൊഴുതു
ബാര്‍ബര്‍ ഷാപ്പില്‍ മുടിവെട്ടുവാന്‍ പോയതാ ..അവിടെ
വെച്ച് നെഞ്ച് വേദന വന്നു ...കുടിക്കാന്‍ വെള്ളം ചോദിച്ചു
ഒരല്‍പം കുടിച്ചു അവിടെ ഉറങ്ങി ..അവസാനത്തെ ഉറക്കം
അന്ന് ഗായത്രിപുഴ നിറഞ്ഞു കവിഞ്ഞ ദിനങ്ങളില്‍ ഒന്നായിരുന്നു
ബ്ലാങ്കെട്ടില്‍ പൊതിഞ്ഞ ശരീരം വെള്ളം നനയാതെ
കൊണ്ടുവന്നു ഈ ഉമ്മറകോലായില്‍ ...എന്ത് തേജസ്സായിരുന്നു
മരിച്ചു കിടക്കുമ്പോഴും .....അമ്മ ഒന്ന് തേങ്ങിയോ ......


അദ്ധ്യായം രണ്ട്

വാറാല പറ്റിപ്പിടിച്ചു ..കരിപുരണ്ട ഓടുകള്‍ നിരന്ന അടുക്കളയുടെ
ചുവരില്‍ കറുപ്പും മെഴുക്കും നിറഞ്ഞിരിക്കുന്നു ...ഉണങ്ങിയ ഒരു
വിറകുകൊള്ളി അടുപ്പില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു ...എത്ര എത്ര
പേര്‍ക്ക് അന്നം ഉണ്ടാക്കിയ ആ അടുപ്പിന്നരികില്‍ നിന്നപ്പോള്‍ നല്ല
കാളന്റെയും ഓലന്റെയും അവിയലിന്റെയും മണം മനസ്സില്‍
നിറഞ്ഞു.... കൂടെ പപ്പടം കാച്ചുന്നതിന്റെയും കടുക് വറത്തിടുന്നതിന്റെയും മണവും
ആധുനിക അടുക്കളകള്‍ വരുന്നതിനു മുന്‍പ് എത്രയധികം കഷ്ടപ്പാടുകള്‍
നമ്മുടെ മുന്‍ തലമുറയിലെ സ്ത്രീകള്‍ അനുഭവിച്ചിരിക്കുന്നു
എന്റെ ഓര്‍മയില്‍ വീട്ടിലെ അടുക്കളയുടെ അരികില്‍ ഉണങ്ങാന്‍ വെച്ച
വിറകുകള്‍..രാവിലെ തീ പിടിപ്പിക്കാന്‍ തന്നെ എന്ത് പാടാണ്
തീ ഊതി ഊതി വശം കെടും ...മഴക്കാലമായാല്‍ പറയുകയും
വേണ്ട ..പുകയേറ്റു കണ്ണുകള്‍ കലങ്ങി ചിലപ്പോള്‍ പിറുപിറുക്കുന്ന
അമ്മയുടെ മുഖം ഇപ്പോഴും ഓര്‍മയില്‍ ഉണ്ട് ..എത്ര കഷ്ട്ടപ്പെട്ടിരിക്കുന്നു
..പക്ഷെ ഒരു പരാതിയും അന്ന് കേട്ടിട്ടില്ല

വണ്ടിയില്‍ വരുന്ന വിറകുവെട്ടാന്‍ കോടാലിയുമായി അന്ന്
ആളുകള്‍ തെരുവുകളില്‍ സാധാരണമാണ് ...വീടിന്റെ മുറ്റത്ത്‌
മാവിന്റെ തണലില്‍ വിറകിന്റെ മര്‍മം നോക്കി വെട്ടികീറുന്ന
രാമനും കിട്ടനും ...അവര്‍ വിറകു വെട്ടുമ്പോള്‍ ഉണ്ടാവുന്ന
ശ്വാസ നിശ്വാസ്വം പോലും ഏതോ രാഗത്തിലായിരുന്നു
പുളി വിറകു വെട്ടികീറി ഇടുമ്പോള്‍ വല്ലാത്ത ഒരു മണം
അവിടെ പരക്കും ...ഞങ്ങള്‍ കുട്ടികളുടെ പണിയാണ് വെട്ടിയ
വിറകെല്ലാം വെയിലത്ത് ഉണക്കാന്‍ ഇടുക എന്നത് ...പെട്ടന്നാവും
വേനന്‍ മഴ ...പിന്നെ ഒരു പൊരിച്ചലാണ് അതെല്ലാം
പെറുക്കികൂട്ടാന്‍ ..രണ്ടു വിറകുകള്‍ പതിനൊന്നിന്റെ രൂപത്തില്‍
വെച്ച് അതിന്റെ മുകളില്‍ വിറകുകള്‍ അടുക്കി വെച്ച്
വിറകുപുരയില്‍ കൊണ്ടിടുമ്പോള്‍ .നനഞ്ഞ ചിറകുകള്‍
കുടഞ്ഞു കോഴികള്‍ വിറകു പുരയുടെ ചുമരുകളില്‍ സ്ഥാനം
പിടിച്ചിട്ടുണ്ടാവും മഴക്കാലം ആയാല്‍ പറയുകയും വേണ്ട
കറുത്തിരുണ്ട ആകാശം..ചിലപ്പോള്‍ നാലഞ്ചു ദിവസം
മഴ തോരില്ല ...അപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയം അടയ്ക്കും
കാരണം കാറ്റില്‍ ഓടുകള്‍ പറന്നു പോയിട്ടുണ്ടാവും ..
ജനല്‍ പാളികളിലൂടെ..ജനല്‍ കമ്പിയില്‍ മുഖം അമര്‍ത്തി
മുറ്റത്തെ തോരാത്ത മഴ നോക്കി നിക്കുമ്പോള്‍ ...അവാച്യമായ
ഒരു അനുഭൂതി ഉണ്ടായിരുന്നു ..മഴ കഴിഞ്ഞാലും പാതയോരത്തുകൂടെ
ഒഴുകുന്ന നീര്‍ച്ചാലുകളില്‍ കടലാസുതോണി ഉണ്ടാക്കി അത്
ഒഴുക്കി കളിച്ച ആ ദിനങ്ങള്‍ ഇനി തിരിച്ചു വരില്ല
എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ എവിടെയോ ഒരു തേങ്ങല്‍

ഉച്ചതിരിഞ്ഞാല്‍ അടുക്കളയില്‍ നിന്നും നല്ല പലഹാരങ്ങളുടെ മണം വരും ഇന്നത്തെപോലെ ബേക്കറികള്‍ സജീവമായിരുന്നില്ല ...വീട്ടില്‍ തന്നെ പലവിധത്തിലുള്ള
പലഹാരങ്ങള്‍ ഉണ്ടാക്കും ...ഇന്ന് ആര്‍ക്കും ഒന്നിനും സമയമില്ല
എല്ലാം കിട്ടുന്ന ബേക്കറികള്‍ സുലഭം ..പിന്നെ എന്തിനു കഷ്ട്ടപ്പെടുന്നു
അടുത്തവീട്ടിലെ സ്ത്രീകള്‍ വരെ ഒരു വീട്ടില്‍ പലഹാരം ഉണ്ടാക്കുമ്പോള്‍
കൂടെ സഹായിയ്ക്കാന്‍ വരും ...മഴയുടെ ആരവത്തിനിടയില്‍ റേഡിയോ
നാടകങ്ങളും പാട്ടുകളും ....ഒരു കൂട്ടായ്മ ഉണ്ടായിരുന്നു ആ കാലങ്ങളില്‍
ഇന്ന് കാണുന്നതുപോലെ ഉള്ള ഒരു കപട സ്നേഹമായിരുന്നില്ല എന്നു
തോന്നുന്നു ..ഒട്ടുമിക്ക പലഹാരങ്ങളും വീട്ടില്‍ തന്നെ ഉണ്ടാവും
ബിസ്കറ്റ് അന്നത്തെ വിശിഷ്ട ഭോജ്യം ...വിരുന്നുകാര്‍ വരുമ്പോള്‍
മാത്രമേ വീട്ടില്‍ ഇതു കാണുകയുള്ളൂ

മഴയെത്തുന്നതിനു മുമ്പ് ചക്കകള്‍ എല്ലാം
വരട്ടി വെക്കും ..നന്നായി ശര്‍ക്കര ചേര്‍ത്തു തയിര്‍ കടഞ്ഞു
വെണ്ണയാക്കി പിന്നെ ഉരുക്കി നെയ്യാക്കി അതും ചേര്‍ത്ത്
തയാറാക്കിയ ചക്ക വരട്ടിയത് രണ്ടു കൊല്ലം കേടുകൂടാതെ
ഇരിക്കും ..

കോരിച്ചൊരിയുന്ന മഴയും അടുക്കളയില്‍ നിന്നും ഉയരുന്ന പുകച്ചുരുളുകള്‍
കാറ്റില്‍ അലിയാതെ അടുക്കളയുടെ മുകളില്‍ തങ്ങി നില്‍ക്കുന്നതും
നനഞ്ഞു ഈറനായ ഒരു കാക്ക കോലായില്‍ എന്തിനോവേണ്ടി
കാത്തിരിക്കുന്നതും ..ഉമ്മറത്തെ ചാരുകസേരയില്‍ ഓട്ട് ഗ്ലാസില്‍
ശര്‍ക്കര കാപ്പിയും കുടിച്ചിരിക്കുന്ന മുത്തച്ചനും പിന്നില്‍ വാതിലില്‍
മറയില്‍ മുത്തശിയെയും മുറ്റത്ത്‌ വട്ടുകളിക്കുന്ന മുടി പിന്നിയിട്ട്
കരിയെഴുതിയ മിഴികളും കുപ്പി വളകളും പിഞ്ഞിയ ഉടുപ്പുകളും ഇട്ട
പെണ്‍കുട്ടികളെയും കൂടെ കളികൂട്ടുകാരിയുടെ ചെവിയില്‍ രഹസ്യം
ഓതി പൊട്ടിച്ചിരിക്കുന്ന കെട്ടുകല്യാണം കഴിഞ്ഞ ഒരുപാട്
പെണ്‍കുട്ടികളെയും ഞാന്‍ ഒരു നിമിഷം മനസ്സില്‍ കണ്ടു


മൂന്നാം അദ്ധ്യായം

ആല്‍ത്തറയില്‍ കുറച്ചുനേരം ഇരുന്നു ...പടിഞ്ഞാറന്‍ വെയില്‍
മങ്ങിത്തുടങ്ങി. തലക്കുമുകളില്‍ ഏതെല്ലാമോ കിളികള്‍
നിറുത്താതെ ചിലച്ചുകൊണ്ടിരിക്കുന്നു ....ഇടവഴികളില്‍ ആള്‍ പെരുമാറ്റം
കുറഞ്ഞുവരുന്നു . ഒന്ന് രണ്ടുപേര്‍ എന്തെല്ലാമോ പിറുപിറുത്തുകൊണ്ട്
മദ്യലഹരിയില്‍ ഇടവഴിയിലൂടെ ആടിയാടി പോകുന്നു.

മുള്ളുകൊണ്ട് കെട്ടിയ വേലികളും അതില്‍ വിരിഞ്ഞു നില്‍ക്കുന്ന
ചെമ്പരത്തിപ്പൂക്കളും മഞ്ഞ കോളാമ്പിപൂക്കളും പെട്ടന്ന് എന്റെ
മനസ്സില്‍ വിരിഞ്ഞു

രാത്രിയുടെ നാട്ടു വെളിച്ചവും പിന്നെ മുനിഞ്ഞു കത്തുന്ന
റാന്തല്‍ വിളക്കുകളുടെ പരക്കുന്ന ചെറുപ്രകാശവും അല്ലാതെ
ഒരു നാല്‍പതുകൊല്ലം മുന്‍പ് ഞങ്ങളുടെ നാട്ടു വഴികളില്‍ വേറെ വെളിച്ചം
ഉണ്ടായിരുന്നില്ല.രാത്രിയുടെ മറവില്‍ ഇടവഴികളില്‍ പാത്തും പതുങ്ങിയും
ആളുകള്‍ വരും സൈക്കിള്‍ടുബില്‍ നിറച്ച "റാക്ക് "എന്നറിയപ്പെട്ടിരുന്ന
നാടന്‍ ചാരായം കുടിക്കാന്‍ ആയിരുന്നു ആളുകള്‍ വന്നിരുന്നത് .
അവരുടെ കൂട്ടത്തില്‍ ചില സ്ത്രീകളും ഉണ്ടാവാറുണ്ട് .ഇടവഴികള്‍
അന്ന് റാക്ക് കച്ചവടത്തിന്റെയും രതിലീലകളുടെയും താവളം ആയിരുന്നു

ഞങ്ങള്‍ കൊച്ചു കുട്ടികള്‍ രാത്രിയില്‍ ഇടവഴിയിലൂടെ
നടക്കാറില്ലായിരുന്നു .എന്തെങ്കിലും കാരണവശാല്‍
ചൂട്ടും കത്തിച്ചു വരുമ്പോള്‍ ഇതൊരു പതിവുകാഴ്ചയായിരുന്നു
അരയില്‍ ചുറ്റിവെച്ച സൈക്കിള്‍ ടുബില്‍നിന്നും ഗ്ലാസ്സുകളിലേക്ക്
പകരുന്ന ഈ ചാരായത്തിനു വല്ലാത്ത ഒരു ദുര്‍ഗന്ധം ആയിരുന്നു
പക്ഷെ അതിന്റെ വീര്യം ചെറുതല്ല എന്നു പറഞ്ഞുകേട്ടിട്ടുണ്ട്

നിരോധിച്ച വീര്യമുള്ള ഈ റാക്ക് പിടിക്കുവാന്‍ ട്രൌസറിട്ട
പോലീസുകാര്‍ അന്ന് തലങ്ങും വിലങ്ങും ഓടി നടക്കുമായിരുന്നു
ചില ദിവസങ്ങളില്‍ വീടിന്റെ മുന്നിലെ ഇടവഴിയില്‍ ആളുകള്‍
ഓടുന്നശബ്ദവും പിറകെ ബൂട്സിന്റെ ശബ്ദവും കേട്ട് ഞങ്ങള്‍
ഞെട്ടി തെറിക്കുമായിരുന്നു..പലപ്പോഴും വീടിന്റെ മുറ്റത്തു പിറ്റേന്നു
രാവിലെ മതിലരികിലായി സൈക്കിള്‍ ടുബുകള്‍ കിടക്കുന്നത് കണ്ടിട്ടുണ്ട്
.ഞങ്ങള്‍ എടുക്കാന്‍ പോയാല്‍ അമ്മ വലിയ ശബ്ദത്തില്‍
വഴക്ക് പറയും ...കുറെ നേരം കഴിഞ്ഞാല്‍ കേള്‍ക്കാം ഒരു
ശബ്ദം ..തബ്രാട്ടി ..അടിയന്‍ എടുത്തോട്ടെ എന്നു ചോദിച്ചു
വായില്‍ വെറ്റില കറയും ചുവന്ന കണ്ണുകളും നീട്ടിയ മുടിയും
ഉള്ള കറുപ്പന്‍ വരും ..അനുവാദത്തിനു കാത്തുനില്‍ക്കാതെ ഞങ്ങളെ
നോക്കി ചിരിച്ചു ട്യൂബ് അരയില്‍ കെട്ടി കറുപ്പന്‍ പോകും
കുറച്ചുകഴിഞ്ഞാല്‍ അടുക്കളവശത്ത് തേങ്ങലും
പതംപറച്ചിലും ..കറുപ്പന്റെ ഭാര്യ അമ്മാളു കെട്ടിയവനെ
പോലിസ് പിടിച്ചതും അടിച്ചതും പിന്നെ പണം കൊടുത്തു ഇറക്കി
കൊണ്ടുവന്നതും വള്ളിപുള്ളി വിടാതെ പറയുന്നതു കേള്‍ക്കാം
ഈ കറുപ്പന്‍ മീനമാസമായാല്‍ കൊടുങ്ങല്ലൂരിലേക്ക് പോകും
ഭരണി തൊഴാന്‍ ...ആ രാത്രികളില്‍ തന്നാരം പാട്ടിന്റെ
ശീലുകള്‍ മുളവടിശബ്ദത്തിന്റെ അകമ്പടിയോടെ
ഒഴുകിവരും ..മതിലിന്റെ ഇപ്പുറം നിന്നും ഞങ്ങള്‍ കുട്ടികള്‍
ഇതു കേട്ടുനില്‍ക്കും ....രാത്രി വീട്ടു മുറ്റത്ത്‌ നിലവിളക്കുകൊളുത്തി
പാടുന്ന ഭരണിപ്പാട്ടില്‍ തെറി ഉണ്ടാവാറില്ല .. ഭരണിക്ക് പോകുന്നതിനു
മുന്‍പായി വലിയ പൂജയും മറ്റും ഉണ്ടാകും ...അരളി മരത്തിന്റെ
ചോട്ടില്‍ ഉള്ള ദൈവങ്ങളുടെ മുന്‍പില്‍ കത്തിച്ചു വെച്ച വിളക്കുകള്‍
അരളിപൂവും ചന്ദനവും ഭസ്മവും വാളും ചിലമ്പും ... തലയില്‍ വെള്ളം
ഒഴിക്കുമ്പോള്‍ കുടയുന്ന പൂവന്‍ കോഴികള്‍ ...ചീറ്റുന്ന രക്തം
.തല വെട്ടിപോളിച്ചു ഉറഞ്ഞു തുള്ളുന്ന കറുപ്പന്‍ എന്ന വെളിച്ചപ്പാട് ..
തലയില്‍ ഭസ്മവും മഞ്ഞപൊടിയും വിതറി പടിയിറങ്ങുമ്പോള്‍
ഞങ്ങളുടെ വീട്ടില്‍ കയറും ..വിളക്കുകൊളുത്തി വെച്ച് അമ്മ കറുപ്പന്
വാള്‍പണം കൊടുക്കും ...നല്ല മണമുള്ള ഭസ്മം വാരി
വിതറി കറുപ്പന്‍ പോകും വന്നാല്‍ തുടങ്ങും വീണ്ടും "റാക്ക് "
കച്ചവടം

ഞങ്ങളുടെ വീട്ടിന്റെ അടുത്തായി ഒരു ചെറിയ അമ്പലം ഉണ്ട്
അതിന്റെ അടുത്തായി പലകകള്‍ വിരിച്ചു ഒരാള്‍ ഒരു പെട്ടിക്കട
നടത്തുണ്ട് ..ചാമി എന്നാണു അയാളുടെ പേര്‍
നല്ല ഒത്ത വണ്ണം ..കലങ്ങിയ കണ്ണുകള്‍ കപ്പടാ മീശ ... ബനിയനും
മുണ്ടും സ്ഥിരം വേഷം പിന്നെ മുണ്ടിന്റെ മുകളിലെ പച്ച ബെല്‍ട്ടും ..
എല്ലാം കൊണ്ടും ഞങ്ങള്‍ കുട്ടികള്‍ക്ക് ചാമിയെ പേടിയായിരുന്നു
.പ്രധാനമായും ബീഡിയും സിഗരറ്റും മുറുക്കാന്‍ വെറ്റിലയും മറ്റുമാണ്
കച്ചവടം പിന്നെ വലിയ സിമന്റു തൊട്ടിയിലെ വെള്ളത്തില്‍ ഇട്ട
സോഡയും
ഒരുദിവസം അമ്പല പറമ്പില്‍ കളിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ
ഇടയിലൂടെ പൊടി പറത്തികൊണ്ട് ഒരു പോലിസ് ജീപ്പ് ..
ഞങ്ങള്‍ പുറകെ ഓടി ..ജീപ്പ് കടയുടെ മുന്നില്‍ നിര്‍ത്തി ..പോലീസുകാര്‍
ചാടി ഇറങ്ങി ...ഒരു കൂസലും ഇല്ലാതെ ഇരുക്കുന്ന ചാമിയെ
വകവെക്കാതെ പോലീസുകാര്‍ കടയില്‍ കയറി നാലു നിറച്ച
സൈക്കിള്‍ ടുബുകള്‍ പിടിച്ചു ..എഴുന്നെല്‍ക്കാടാ ... നായിന്റെ മോനെ
എന്ന് അലറിയിട്ടും എഴുന്നെല്‍ക്കാത്ത ചാമിയുടെ ഷര്‍ട്ടില്‍
പോലിസ് കയറിപിടിച്ചു ..തൂക്കി പുറത്തിട്ടു ...അപ്പോള്‍ ഞങ്ങള്‍
കണ്ടു ..അരക്ക് താഴെ ശോഷിച്ചു നില്‍ക്കാന്‍ പറ്റാത്ത
ചാമിയെ .....അലറി വന്ന പോലിസ് ..ഒരു നിമിഷം പതറി
പിന്നെ ഒന്നും പറയാതെ ടുബുകള്‍ അവിടെ വലിച്ചെറിഞ്ഞു
ജീപ്പ് പോടീ പറപ്പിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോയി ....

Friday, January 14, 2011

ഉണ്ണിമോള്‍ ഒന്നും മിണ്ടുന്നില്ല .........


ഹോട്ടല്‍ മുറിയില്‍ എത്തിയിട്ടും ഉണ്ണിമോള്‍ ഒന്നും മിണ്ടുന്നില്ല .
ഈ കുട്ടിക്ക് എന്താ പറ്റിയത് ...ഒന്നും മനസിലാകുന്നില്ലല്ലോ ?
നീ ഒന്ന് ചോദിക്ക് ..ചിലപ്പോള്‍ അമ്മയോട് അവള്‍ തുറന്നു പറയും
അവളോ ...ഒരിക്കലും ഇല്ല. അച്ഛന്‍ തന്നെ ചോദിച്ചാല്‍ മതി
അവള്‍ ആ വരാന്തയില്‍ കാണും .......ഉണ്ണിമോള്‍ എന്താ ഒന്നും മിണ്ടാത്തത്
നീ തന്നെ ഒന്ന് ചോദിക്ക് ..ഒരു സമാധാനവും ഇല്ല ..പാവം
എന്തോ ..നല്ല വിഷമം ഉണ്ട്

ഉണ്ണിമോള്‍ക്ക്‌ എന്താ പറ്റിയത് ... റിക്കാര്‍ഡിംഗ് കഴിഞ്ഞത്
മുതല്‍ ആണ് ഈ മൌനം ....ഉണ്ണി നന്നായി ...പാടി ..ചില
സംഗതികള്‍ ശരിയായില്ല എന്നു മാത്രമേ ജഡ്ജിമാര്‍ പറഞ്ഞുള്ളൂ
അപ്പോള്‍ എല്ലാം ചിരിച്ചുകൊണ്ട് തലകുലുക്കിയ അവള്‍ ഇപ്പോള്‍
വല്ലാത്ത മൌനത്തില്‍ .....എന്തെങ്കിലും ആവട്ടെ ..ഈ ടെന്‍ഷന്‍
ഒന്ന് തീര്‍ന്നു കിട്ടിയാല്‍ മതിയായിരുന്നു ..



കുഞ്ഞുനാള്‍ മുതല്‍ ഉണ്ണി നന്നായി പാടും .....ആ അറിവ് അവളെ
പാട്ട് പഠിപ്പിക്കുവാന്‍ പ്രേരണയായി ..നന്നായി പാടുന്നുണ്ട് എന്നു
പാട്ട് ടീച്ചര്‍ കാണുമ്പോള്‍ കാണുമ്പോള്‍ പറയും ...അത്
കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ചെറുതായിരുന്നില്ല ..
പക്ഷെ ഇപ്പോള്‍ പഠിപ്പിക്കേണ്ടിയിരുന്നില്ല എന്നു തോന്നിത്തുടങ്ങിയിട്ട്
മാസങ്ങള്‍ ആയി ...പാട്ട് നന്നായി പാടിയാല്‍ മാത്രം പോരാ
എസ് എം എസ് കൂടി വേണം ..അതിനായി എത്ര എത്ര
സിം കാര്‍ഡുകള്‍ ആരുടെയൊക്കെ പേരില്‍ വാങ്ങി ...എത്ര
പ്രാവശ്യം റീ ചാര്‍ജ് കൂപ്പണുകള്‍ വാങ്ങി കൊടുത്തു ....ഉണ്ണിമോള്‍
കരയരുത് ..അതിനായി എന്തുവേണമോ അതെല്ലാം ചെയ്തു കൊടുക്കുവാന്‍
സന്തോഷമേ ഉള്ളു ..പക്ഷെ

ഇന്നവള്‍ ഒന്നും മിണ്ടുന്നില്ല

എന്താവും കാരണം ..ചോദിക്കാന്‍ പോയ ഭാര്യയെയും കാണുന്നില്ല
ഇനി താന്‍ അവരുടെ ഇടയില്‍ ചെന്നാല്‍ അവള്‍ ഒന്നും പറയാതെ
ഇരുന്നാലോ ...വേണ്ട ..കാത്തിരിക്കാം .......

ശീതികരിച്ച മുറിയില്‍ പോലും ഉഷ്ണം തോന്നുന്നു ...ഫ്ലാറ്റ് വേണ്ട ..സ്വര്‍ണവും
വേണ്ട .അവസാന റൌണ്ട് വരെ എത്തണം ..അല്ലെങ്കില്‍ ..അവള്‍ക്കു
പിന്നെ പുറത്തിറങ്ങാന്‍ പറ്റാതെ വരും മാത്രമല്ല ഉണ്ണി കരയും
ഏതു ഗുളികകാലത്താണ് ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടായത് ..ഓഫീസിലെ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചപ്പോള്‍ താനും വഴങ്ങി ..ആറാമത്തെ റൌണ്ട് കഴിഞ്ഞു
ഇനിയും കിടക്കുന്നു .താണ്ടാന്‍ .ഒരുപാടു ദൂരം...ബാങ്കില്‍ നിന്നും
എടുത്ത ലോണ്‍ മുഴുവന്‍ എസ് എം എസിനും ..യാത്രക്കും ചിലവായി
അതെല്ലാം പോട്ടെ

ഉണ്ണിമോള്‍ എന്താ ..ഒന്നും മിണ്ടാതെ ഇരിക്കുന്നത് ?

വാതില്‍ തുറന്നു രണ്ടു പേരും കൂടി വന്നത് കണ്ടപ്പോള്‍ ഒരു സന്തോഷം
ഇനി എങ്കിലും ഉണ്ണിമോള്‍ മിണ്ടുമല്ലോ ........
വന്നപാടെ ഉടുപ്പുകള്‍ എടുത്തോണ്ട് കുളിമുറിയില്‍ കയറിയല്ലോ ..
ഇപ്പോഴും എന്താ ഉണ്ണിമോള്‍ ‍ ഒന്നും മിണ്ടാഞ്ഞത് .
സാരമില്ല ..ഭാര്യയോടു ചോദിക്കാം ...
എന്താ റോസി ..നമ്മുടെ ഉണ്ണിമോള്‍ക്ക്‌ പറ്റിയത് ..അവള്‍ വല്ലതും പറഞ്ഞുവോ ......
പറഞ്ഞു ...
എന്താ പറഞ്ഞത് ....
അവള്‍ക്കു ആകെ വിഷമം '.......
എന്തിനാ ?
അവള്‍ക്കു അവസാനത്തെ അഞ്ചില്‍ എങ്കിലും
എത്തണം എന്നാ പറയുന്നത് ...........
അവള്‍ എത്തും .ഉറപ്പാ ...മാതാവ് കാക്കും
നീ നാളെ പള്ളിയില്‍ ചെന്ന് ഒരു പാട്ട് കുറുബാന നടത്തു
അവിടെയാ പ്രശ്നം ..അച്ചായാ ......
എന്താ...........
ഫൈനലില്‍ എത്താന്‍ കഴിവും എസ് എം എസും മാത്രം പോരാ...പിന്നെ
അവള്‍ക്കു ഒരു കൂട്ടം വാങ്ങണംപോലും
എന്താ..നീ കാര്യം പറയൂ
പറയാം ..അത് ...അത് ....
പറഞ്ഞു മുഴുവന്‍ ആയില്ല ..ഉണ്ണിമോള്‍ ഉടുപ്പ് മാറി വന്നു
ഉണ്ണി ... ഫൈനലില്‍ എത്താന്‍ എന്താണ് വേണ്ടത് ......ഞാന്‍
വാങ്ങി തരാം ..പറ ....എന്താ വേണ്ടത് ..........
അത് ...അച്ഛന് 3,999 രൂപ ചിലവാക്കാമോ ?
എന്താ ഉണ്ണി മോളൂ നീ പറയുന്നത് ...മൂന്നു ലക്ഷം വേണമോ
അച്ഛന്‍ ചിലവാക്കാം ..പറ ..എന്താ വേണ്ടത് ...
അത് ..അച്ഛാ ...എനിക്ക് മുന്‍പ് പാടിയ കുട്ടി പറഞ്ഞതാ
അവള് വാങ്ങി
മോള് പറ ...അച്ഛന്‍ എന്തായാലും വാങ്ങി തരാം
അച്ഛാ എനിക്കൊരു വലംപ്പിരി ശംഖു വേണം ...
ഉണ്ണി ശംഖു വേണമെന്നോ ..എന്താ ഊതി ഊതി
ശബ്ദം ശരിയാക്കാനാണോ ........
അല്ല അച്ഛാ ...
പിന്നെ .....
കുറുച്ചുസമയം കഴിയട്ടെ ..ഞാന്‍ കാണിച്ചുതരാം
ആ സാധനം കൂട്ടുകാരി കൊണ്ടുവരുമോ
ഈ അച്ഛന് ഒന്നും അറിയില്ല ...ക്ഷമിക്കൂ അച്ഛാ ഇപ്പോള്‍ കാണിച്ചുതരാം ..
എന്തോ ആവട്ടെ

ഉണ്ണിമോള്‍ മിണ്ടിയല്ലോ

പുറത്തെ വരാന്തയില്‍ പോയി അല്‍പ്പം നടക്കാം ..കുറച്ചു ശുദ്ധവായു കിട്ടുമല്ലോ
സമയം പോയതറിഞ്ഞില്ല ..ഉണ്ണിമോള്‍ ഓടിവന്നു ..അച്ഛാ.....വാ തുടങ്ങി
എന്ത് തുടങ്ങി ..ഞാന്‍ പിന്നെ വരാം ...
ഈ അച്ചനെകൊണ്ട് ...വേഗം വാ ...

മുറിയില്‍ ചെന്നപ്പോള്‍ ടീ വീ യില്‍ ഏതോ ഒരാള്‍
ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വല്ലാത്ത താളത്തില്‍ പറയുന്നു

നിങ്ങളുടെ ഏതുകാര്യവും വിജയിക്കാന്‍ ..ഇന്ന് തന്നെ
ഓര്‍ഡര്‍ തരൂ .....തപോസ്വാമിയുടെ ആശ്രമത്തില്‍ നിന്നും
അത്യാപൂര്‍വമായ ..ഈ വലംപ്പിരിശംഖു വെറും 3999 രൂപയ്ക്കു
ഇതു കൈവശം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കു വിജയിക്കാം ..ഭക്തിയോടെ
ഇതില്‍ അഭിഷേകം ചെയ്യണം ..ഇളനീര്‍ ..പാല്‍ ..ഇവകൊണ്ട് ..
റീയാലിറ്റി ഷോ പോലുള്ള വേദികളില്‍ നിങ്ങള്‍ക്കു ഉന്നത വിജയം
ഉറപ്പാണ് .....

എന്റെ ദൈവമെ ...കാര്യങ്ങള്‍ എത്ര എളുപ്പം ..വെറുതെ എസ് എം എസ് നും
മറ്റുമായി ലക്ഷങ്ങള്‍ പൊടിച്ചു .....
എന്തായാലും ഇനി അതൊന്നും വേണ്ടല്ലോ ...3999 രൂപ ചിലവാക്കിയാലെന്താ
ഫൈനലില്‍ എത്താമല്ലോ ........

എന്തായാലും ഉണ്ണിമോള് മിണ്ടിയല്ലോ ......

Monday, January 10, 2011

നിളെ ........നീ കരയരുത്



കേള്‍ക്കുന്നു നിളതന്‍ മാറില്‍ ചിതറി
വീഴുമരിമണികള്‍ തന്‍രോദനം 
കാണുന്നു ഞാന്‍ തീരത്തു കേഴുന്ന 
ആത്മാക്കള്‍ തന്‍ ഇത്തിരി നീലവെട്ടം 

ഒഴുകുന്ന ദ്രവിച്ച ജാതകകെട്ടുകള്‍
തുണ്ടിലയും ചുവന്ന പൂക്കളും 
ക്ഷേത്രപിണ്ഡത്തിൽ എള്ളും 
ചന്ദനവും കറുകയുമാവാഹിച്ച 
ലക്ഷ്മീനാരായണ പ്രതിമയും

മറയുകയാണീ തീരത്തുനിന്നും 
കരയുന്നുവല്ലോ പറക്കമുറ്റാത്ത പൊന്നുമോള്‍
അമ്മതന്‍ ഈറന്‍മുണ്ടില്‍ മുഖംപൊത്തി 
വിശന്നിട്ടാണോ അച്ഛനെകാണാനാണോ

Friday, January 7, 2011

രതിസുഖത്തിന്റെ നീലകയങ്ങളില്‍

കിടപ്പറ വാതില്‍ ശബ്ദമില്ലാതെ തുറന്നവള്‍ കോണിപ്പടി ഇറങ്ങി
താഴത്തെ നിലയിലെത്തി.ജനാലകള്‍ മലക്കെ തുറന്നിട്ടു. പാതിരാ കാറ്റിന്റെ
തണുപ്പ് അവളുടെ സിരകളില്‍ ഒഴുകിയിറങ്ങി ...ആകാശത്ത് മഴമേഘങ്ങള്‍
വഴിമാറി മാവിന്റെ നിഴലുകള്‍ മുറ്റത്തു ആടി കളിക്കുന്നു

പാതിരാകിളികളുടെ കരച്ചില്‍ എന്തിനെന്നറിയാതെ അവളുടെ മനസ്സില്‍
ഒരു തേങ്ങലായി.ഒഴുകി വീണ കണ്ണീര്‍ അവളുടെ മാറില്‍ ഉഷ്ണപ്രവാഹമായി .
എന്തിനായിരുന്നു ഇതെല്ലാം? ഒന്നും വേണ്ടിയിരുന്നില്ല .പക്ഷെ ഇങ്ങനെയെല്ലാം
വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല . വിരസമായ പകലുകള്‍
ഭര്‍ത്താവ് മോളെയും കൊണ്ടുപോയാല്‍ ഉണ്ടാവുന്ന ഒറ്റപ്പെടല്‍ .......
അതിന്റെ വീര്‍പ്പുമുട്ടലുകള്‍ അവസാനിപ്പിച്ചു എപ്പോളോ അവന്‍ വന്നു
നീണ്ട കോലന്‍ മുടിയുള്ള അവന്റെ ചിരിക്കുന്ന മുഖം തന്റെ ഓര്‍കൂട്ടില്‍ കണ്ടപ്പോഴേ
ഒരു ഇഷ്ടം തോന്നി ..തന്റെ ഏകാന്ത ലോകത്തില്‍ അവന്‍ എന്നും
വരും അരുമയോടെ എഴുതും... ചാറ്റിങ്ങിന്റെ പുതിയലോകം എത്രമാത്രം
ഇഷ്ടപ്പെട്ടു എന്ന് പറയാന്‍ പറ്റില്ല ..സൌഹൃദത്തില്‍ തുടങ്ങി കാമം
മറനീക്കി മുന്നില്‍ വന്നപ്പോള്‍ എതിര്‍ത്തതാണ് ..പക്ഷെ എപ്പോഴോ
അവന്‍ എഴുതുന്ന വരികളില്‍ തന്റെ കാമം അലിഞ്ഞില്ലാതാകുന്നത്‌
അറിഞ്ഞു ..സിരകളിലൂടെ ചുടുരക്തം അടിവയറ്റില്‍ കോളിളക്കം ഉണ്ടാക്കുന്നത്‌.......
അത് ഇതുവരെ അറിയാത്ത ഒരു നിര്‍വൃതിയാകുന്നത് ..... ഒരു അനുഭൂതിയായി
പിന്നീട് സുഖമുള്ള ഒരാലസ്യമായിതീരുന്നത് ...ഓര്‍ത്തപ്പോള്‍ അവളില്‍
രതിസുഖത്തിന്റെ അലകള്‍ വീണ്ടും മനസിന്റെ നീലകയങ്ങളില്‍ നുരയും പതയും
തീര്‍ത്തു

എഴുത്തുകള്‍ വോയിസ്‌ ചാറ്റിങ്ങില്‍ എത്തിയതും പിന്നെ കാമറകള്‍ തുറന്നുവെച്ചു
അതിരുകള്‍ ഇല്ലാതായതും എപ്പോള്‍എന്നുപോലും ഓര്‍മകളില്‍ ഇല്ലാതായി .
അവന്റെ ഫോണ്‍ കാളുകള്‍ ഒരല്‍പം താമസിച്ചാല്‍ ..വിളിക്കാതിരുന്നാല്‍
ആരോടും പറയാതെ അനുഭവിച്ച വിരഹവേദന ......
.ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ കൊടുക്കുവാന്‍ എന്തു സന്തോഷ
മായിരുന്നു ...തന്നെ സ്നേഹം കൊണ്ട് മൂടുന്ന തന്റെ പ്രിയപെട്ടവനില്‍
നിന്നും കിട്ടാത്ത ഒരു ആശ്വാസം അവന്റെ മൃദു സ്വരം എന്നും
തനിക്കു തന്നിരുന്നു .രാത്രിയുടെ ആദ്യയാമത്തില്‍ തന്റെ പ്രിയപെട്ടവന്‍

തരുന്ന സ്നേഹം കണ്ണടച്ച് അവന്റെ സ്നേഹമായി അനുഭവിക്കുമ്പോള്‍
ഒരു കുറ്റബോധവും തോന്നിയില്ല ..അതൊരു ഇരട്ടി നിര്‍വൃതി
എപ്പോളും തരുമായിരുന്നു. ഇരുണ്ട വെളിച്ചത്തിലും അവന്‍ മാത്രമായിരുന്നു
അവന്റെ കരങ്ങള്‍ മാത്രമേ തന്നെ വരിഞ്ഞു മുറുക്കിയിട്ടുള്ളൂ

അവനെ വേണം എന്ന് തോന്നിയ ഒരു നിമിഷത്തില്‍ ഒന്നും ഓര്‍ത്തില്ല
കുറെ ഏറെ രാവുകളില്‍ സങ്കല്‍പ്പത്തില്‍ അനുഭവിച്ച രതിസുഖം
നേരില്‍ അറിഞ്ഞപ്പോള്‍ ‍ ഉണ്ടായ സന്തോഷം ..എല്ലാം മറന്നു...
ഈ ലോകം..... തന്റെ പ്രിയപ്പെട്ടവന്‍ ..... തന്റെ ഏക മകള്‍ എല്ലാം.. എല്ലാം
പോകാന്‍ നേരം തന്ന ചുടുചുംബനത്തിന്റെ നിര്‍വൃതി തന്റെ ചുണ്ടുകളില്‍
ഇപ്പോളും ഉണ്ടെന്നു തോന്നുന്നു

വിരസമായ പകലുകള്‍ വീണ്ടും തന്നുകൊണ്ട് നെറ്റില്‍ ആ മുഖം മറഞ്ഞത്
ഒരു തിരിച്ചറിവായി .രാത്രികളില്‍ പ്രിയപെട്ടവന്റെ വിരലുകള്‍
തലോടുമ്പോള്‍ മരവിപ്പിന്റെ തണുപ്പ് അവള്‍ ആദ്യമായി അറിഞ്ഞു ...
നെറ്റിന്റെ ലോകം ഇനി വേണ്ട ..എല്ലാം മറക്കാം ..എല്ലാംമറന്നൊരു
തിരിച്ചു വരവ്....അതിനായി മനസിനെ അവള്‍ പാകപെടുത്തി

വിരസങ്ങള്‍ മാറിനിന്ന ഒരു പകലില്‍ തന്റെ പ്രിയപ്പെട്ടവന്‍ അറിയാതെ
തുറന്നു വെച്ചുപോയ മെയില്‍ ബോക്സ്‌ അവള്‍ തുറന്നു
പകപ്പിനോടുവില്‍ അവള്‍ തിരിച്ചറിഞ്ഞു ..തന്റെ ഭര്‍ത്താവിന്റെ
പ്രിയപെട്ടവള്‍ എഴുതിയ വരികള്‍
അത് താന്‍ എഴുതിയ വരികള്‍ തന്നെ അല്ലെ ........

Wednesday, January 5, 2011

ഇതാ പോകുന്നു യയാതി

നമ്മുടെ രുചികള്‍ ..ചിന്തകള്‍ ..ചുറ്റുപാടുകള്‍ ..ദര്‍ശനങ്ങള്‍ ..എല്ലാം
മാറ്റത്തിന് വിധേയമാണ് ..നാടകങ്ങള്‍ ..കഥാപ്രസംഗം .....ചാക്യാര്‍
കൂത്ത്‌ ...ഓട്ടം തുള്ളല്‍ എന്നിവ ഇല്ലാതായി കൊണ്ടിരിക്കുകയാണ്
അത്തരം വേഷങ്ങളെപോലും ഇപ്പൊള്‍ പുശ്ച്ചത്തോടെയാണ്
ആളുകള്‍ നോക്കി കാണുന്നത് ..ഇതെല്ലാം നിലനില്‍ക്കുമോ എന്നുപോലും
സംശയമാണ് ....നമ്മുടെ കഥകളി പോലും എത്രനാള്‍ നിലനില്‍ക്കും
എന്ന് കണ്ടറിയണം....ഒരു പഞ്ച നക്ഷത്ര ഹോട്ടല്‍ കഥകളി
വേഷക്കാരെയും മോഹിനിയാട്ടം വേഷക്കാരികളെയും ഒരു
വിവാഹ സല്‍ക്കാരത്തിനു പനിനീര്‍ തളിക്കാന്‍ നിറുത്തിയിരിക്കുന്നത്‌
കണ്ടു ..ഏതോ event management കാരുടെ ബുദ്ധിയില്‍ തോന്നിയ
നല്ല ബുദ്ധിയാവാം.അതുപോലെ പണ്ട് പാഠകം എന്നൊരു പരിപാടി
അമ്പലങ്ങളില്‍ ഉണ്ടായിരുന്നു ..ദീപാരാധന കഴിഞ്ഞു നിലവിളക്കിനു
മുന്‍പില്‍ പുരാണ കഥകള്‍ ഒരു പ്രത്യേക രീതിയില്‍ അവതരിപ്പിക്കുന്ന
ഒരു കലാരൂപം...ഏകദേശം ഒരു ഓട്ടംതുള്ളല്‍ മാതിരി ..പക്ഷെ
തുള്ളല്‍ ഉണ്ടാവില്ല ..തമാശകളും മറ്റും കൊണ്ട് നല്ല രസമായ ഒരു
കലാരൂപം ..ഒരിക്കല്‍ എന്റെ കൌമാരം യൌവനത്തിന് വഴി മാറി
കൊടുക്കുന്ന കാലം...അമ്പലമുറ്റത്ത്‌ കല്‍വിളക്കിന്റെ ചോട്ടില്‍ ഈ
പാഠകം വായന നടക്കുന്നു..കാണികളുടെ കൂട്ടത്തില്‍ ഈ ഞാനും
ഉണ്ട് ..കഥ കേള്‍ക്കുകയല്ല പ്രധാനലക്‌ഷ്യം ...കാണികളുടെ ഇടയില്‍
ചുവന്ന ധാവണി ഇട്ടു ഒളികണ്ണാല്‍ എന്നെ മാത്രം നോക്കിയിരിക്കുന്ന
എന്റെ പ്രിയപെട്ടവളെ കാണുക എന്നതായിരുന്നു..അന്ന് കഥ
യയാതിയുടെതായിരുന്നു ...."അങ്ങിനെ യയാതി രാജാവ് ദേവയാനിയുടെ
അറയിലേക്ക് പോകുകയാണ് ........." ഈ സമയം എന്റെ പ്രിയപെട്ടവള്‍
സമയമായതുകൊണ്ട്‌ കണ്ണുകളാല്‍ യാത്രപറഞ്ഞു അവിടെനിന്നും
എഴുനേറ്റു ...അവളെ കണ്ടതുമതിയാകാതെ ഞാനും സദസ്സില്‍ നിന്നും
എഴുനേറ്റു പതുക്കെ ആള്‍കൂട്ടത്തില്‍ കൂടി വഴിയുണ്ടാക്കി മെല്ലെ
നീങ്ങുമ്പോള്‍ " ഇതാ പോകുന്നു യയാതി ..പുത്രോല്പ്പാദനത്തിനാണ് സംശയം
ഇല്ല"...ആള്‍കൂട്ടം എന്നെ നോക്കി പൊട്ടി പൊട്ടി ചിരിച്ചത് ........
എങ്ങിനെ മറക്കാനാവും

Sunday, January 2, 2011

കുപ്പിയോ ..പാട്ടയോ

നട്ടുച്ചയില്‍ കുപ്പിയും പാട്ടയും പെറുക്കാന്‍ വന്ന ഒരു തമിള്‍
പെണ്‍കുട്ടി ..അവളെക്കാളും ഉയരമുള്ള വണ്ടി വീടിനു മുമ്പില്‍
നിര്‍ത്തി നല്ല മലയാളത്തില്‍
ചേച്ചി കുപ്പിയോ ..പാട്ടയോ ഉള്ളത് എടുത്തോട്ടെ .....
ആ കോണി ചുവട്ടില്‍ ഉണ്ട് ..എടുത്തോ ..
ശ്രീമതി പറയുന്നത്
കേട്ട് ഞാന്‍ വരാന്തയില്‍ വന്നു
ആ കുട്ടി നല്ലതും ചീത്തയും
പെറുക്കി അവള്‍ക്കു വേണ്ടതുമാത്രം എടുത്തു
നീ ഊണ് കഴിച്ചോ ..ശ്രീമതി
ഇല്ല ചേച്ചി ..കഴിക്കണം
എന്നാല്‍ കഴിച്ചിട്ട് പോ
പാവം കുട്ടി ഉണ്ടോട്ടെ ..ശ്രീമതി സ്വയം പറഞ്ഞു
ഒരു ഇല വെട്ടി ചൂടുള്ള ചോറും കറികളും കൊടുത്തു
ആ കുട്ടി ആഹാരം കഴിച്ചുകഴിയുന്നതുവരെ അവളുടെ അടുത്ത്
ശ്രീമതി 'ഇനി വേണോ ' 'ഇനി വേണോ 'എന്നു ചോദിച്ചു അടുത്തു
നിന്നു..
ഊണ് കഴിഞ്ഞു പോകാന്‍ നേരം അവള്‍ പറഞ്ഞതുകേട്ട്‌
ഞാന്‍ ഒന്നു ഞെട്ടി
ചേച്ചി...ഈ പച്ചകറികള്‍ കൂട്ടി എങ്ങിനെയാണ്‌ നിങ്ങള്‍
ചോറ് ഉണ്ണുന്നത് ..നമുക്ക് ചിക്കെന്‍ ഇല്ലാതെ പറ്റില്ല ........