Saturday, December 25, 2010

ഇതു ക്രിസ്തുമസ് രാത്രി ....

ഡിസംബറിലെ മഞ്ഞുവീഴുന്ന തണുത്ത കാറ്റുവീശുന്ന
രാത്രിയുടെ ആദ്യയാമത്തില്‍ ചൂട്ടിന്റെ കത്തുന്ന
വെളിച്ചത്തില്‍ പള്ളിയിലേക്കുള്ള യാത്ര ..മങ്ങിയ
നക്ഷത്ര വിളക്കുകള്‍ കത്തുന്ന വരിയോരങ്ങളില്‍
ഇന്നത്തെപോലെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണനക്ഷത്രങ്ങള്‍
അന്നില്ലായിരുന്നു...വീടുകളില്‍ മുളയും വര്‍ണകടലാസും
കൊണ്ട് നിര്‍മിച്ചു മെഴുകുതിരിയോ .റാന്തല്‍ വിളക്കോ
മിന്നി കത്തുന്ന നക്ഷത്രങ്ങള്‍ ..മരങ്ങളുടെ ഉയര്‍ന്ന
കൊമ്പുകളില്‍ അത് കാറ്റത്ത്‌ ആടികൊണ്ടിരിക്കും ..ഗ്യാസ്
വിളക്കുകളുടെ അകമ്പടിയോടെ നടന്നു നീങ്ങുന്ന
കരോള്‍ സംഘങ്ങള്‍ ....അകമ്പടിയായി രാക്കിളികളുടെ
ഗാനങ്ങളും .....

എനിക്ക് എന്നും പ്രിയപെട്ടതായിരുന്നു പള്ളിയും
അവിടെനിന്നും മുഴങ്ങുന്ന മണിനാദവും
എന്നും പ്രിയപെട്ടതായിരുന്നു രാത്രിയിലെ
കുര്‍ബാന

ഓര്‍മയില്‍ ഇന്നും പാലക്കാടന്‍ കാറ്റിന്റെ
മൂളിച്ചയും പനംപട്ടകളില്‍ കാറ്റുവീശുമ്പോള്‍ ഉണ്ടാകുന്ന
അസുരസംഗീതവും ഒപ്പം പള്ളിയിലെ വാദ്യസംഗീതവും
ഒന്നുചെരുമ്പോള്‍ ഉണ്ടാകുന്ന ഒരു വല്ലാത്ത അനുഭൂതി മനസ്സില്‍
ഇപ്പോളും ഒരുകുറവുമില്ലാതെ നിലനിക്കുന്നു കൌമാരത്തിന്റെ
ചാപല്യം നിറഞ്ഞ മനസ്സില്‍ എല്ലാവര്‍ണങ്ങളും അനുഭൂതികള്‍ തരുന്ന
കാലം ..തലയില്‍ സാരീ പുതച്ചു വരുന്ന അമ്മമാരുടെ
കൂടെ വരുന്ന സുന്ദരിമാരുടെ അടക്കിചിരികളും കുട്ടികളുടെ
കളിതമാശകളും മനസ്സില്‍ ......
മഞ്ഞുവീഴുന്നരാവുകളില്‍ പരക്കുന്ന പനാമയുടെയും
ചാര്‍മിനാറിന്റെയും സ്സിസ്സെര്സിന്റെയും മണം വഴിനീളെ അന്ന്
അകമ്പടിയായി ഉണ്ടാകും

ധനുമാസം ഒട്ടുമിക്കവീടുകളുടെയും
മുറ്റം ചാണകം മെഴുകും അതിന്റെ കറുത്ത മാറില്‍ വീണുകിടക്കും
അരളിയിലെ വെള്ളപൂക്കള്‍

മഴമാറി തെളിഞ്ഞ ആകാശവും
മിന്നിമറയുന്ന താരകങ്ങളും പാതിരാ തണുപ്പും ..കൂടെ xxx ന്റെ
ലഹരി സിരകളിലും ഏറ്റുവാങ്ങി കുന്നന്‍ പാറയുടെ മുകളില്‍
ചിലവഴിച്ച ക്രിസ്തുമസ് രാവുകള്‍ ...കഞ്ചാവിന്റെ ലഹരിയില്‍
മറ്റൊരുലോകം ..അവിടെ ഒരുപാട് വേദനകള്‍ മറന്ന
രാവുകള്‍ ...'ഹൃദയത്തിന്‍ രോമാഞ്ചം സ്വരരാഗഗംഗയായി "..
തീര്‍ന്ന യാമങ്ങള്‍ ...............
ഒരുതിരിച്ചുപോക്കില്ല എന്നറിയാം .....
എല്ലാം ഒരു തിരിച്ചറിയല്‍ ആകുന്നു
പ്രിയപെട്ട കുറേപേര്‍ യാത്രപറഞ്ഞു
കൂടെ എനിക്ക് പ്രിയപ്പെട്ട ഒരു കൂട്ടുകാരിയും
ക്രിസ്തുമസ് ദിവസങ്ങള്‍ എനിക്ക് നല്‍കിയ
എന്റെ ഏറ്റവും പ്രിയപ്പെട്ടവള്‍

ഈ ക്രിസ്തുമസ് രാത്രിയില്‍ വെറുതെ
ഓര്‍ക്കുന്നു ..ഇനി ഏതു ജന്മം കാണും നമ്മള്‍

Monday, December 20, 2010

തുലാമഴ

നിന്നുപാതവക്കില്‍ ചന്തതന്‍രാത്രി
കാഴ്ചയും കണ്ടുഞാന്‍ ‍ ഒരല്‍പ്പനേരം
വെട്ടുന്നു മാംസം വില്‍ക്കുന്നു മത്സ്യം
ഞണ്ടും കക്കയും പിന്നെ കൂന്തലും
ദുര്‍ഗന്ധം വമിക്കുമതിനരികെ കണ്ടു
ഒരുവണ്ടി നിറയെ കാളത്തലയും
വെട്ടിനുറുക്കിയ എല്ലിന്‍കൂട്ടവും
കോഴിതന്‍കരച്ചിലും പിടച്ചിലും
പിന്നെ ഒഴുകുന്നരക്തവും വലിച്ചെറിയും
കുടലും പണ്ടവും കൊഴിത്തലയും
മീനിനരികിലായി വില്‍ക്കുന്നു നാടന്‍
മാങ്ങയും പച്ചപുളിയും കൊടംപുളിയും
മൂക്കുംഒലിപ്പിച്ചു നടക്കുന്നു എവിടെയോ
ജനിച്ചിവിടെവളരും കറുത്തകുഞ്ഞുങ്ങള്‍
ഒരുവന്‍ ആടിനടക്കുന്നുലഹരിയില്‍
ഒരുവന്‍ കിടക്കുന്നുചാലിന്നരികിലായി
കാണുന്നില്ല ആരുംകേള്‍ക്കുന്നുമില്ല ആ
ലഹരിയില്‍ വരുന്ന മൊഴിയും പിന്നെ തെറിയും
ഒരുവന്‍ നിന്നു മൂത്രമൊഴിക്കുന്നു
ലഹരിയില്‍ ആടിയും ഉറക്കെ പാടിയും
കൊറ്റികള്‍ കാഷ്ടിച്ച പാലമരചോട്ടില്‍
കെട്ടിയ തൊട്ടിലില്‍ ഉറങ്ങുന്ന കുഞ്ഞിന്‍
അരികില്‍ കിടക്കുന്നു ചൊറിയന്‍ പട്ടിയും
അഞ്ചുവയസ്സായില്ല കൊച്ചുകുട്ടികള്‍
അഞ്ചുരൂപക്ക് വില്‍ക്കുന്നു മല്ലിത്തലകള്‍
പാതയോരത്ത് വില്‍ക്കുന്നു ചീഞ്ഞ
പച്ചകറികള്‍ പലതരം കൊട്ടയില്‍
ഏതെടുത്താലും പത്തെന്നുചൊല്ലി
വില്‍ക്കുന്നു തൊലിപോയ ഉള്ളിയും കിഴങ്ങും
ചീഞ്ഞുനാറുന്ന കുപ്പകുഴികളില്‍
തപ്പിനടക്കുന്നു കുട്ടികള്‍ ഒരു പട്ടി
നോക്കി കിടക്കുന്നു നിറഞ്ഞ വയറുമായി
നാറുന്ന ദേഹത്ത് കീറിയഉടുപ്പിട്ട്
കുട്ടികള്‍ കലപിലകൂട്ടുന്നു വെറുതെ
ഒട്ടിയ നേര്‍ത്ത ചുരിദാറും ഇട്ടു
വരുന്ന കുട്ടികള്‍ തന്‍മാറില്‍ തുറിച്ചു
നോക്കുന്നു പിന്നെ മുട്ടുന്നു അറിയാതെ തട്ടുന്നു
മേലെഎന്നിട്ടറിയാതെ പോകുന്നുചിലര്‍
ഭാഗ്യം വില്‍ക്കുന്നു നടക്കാന്‍ വയ്യാത്ത
കണ്ണുകാണാത്ത വൃദ്ധനാംഒരുവന്‍
മൂന്നു രൂപയ്ക്കു വിലക്കുന്നു അര്‍ദ്ധ
നഗ്നചിത്രംകൊടുത്തു സായാഹ്ന പത്രങ്ങള്‍
കാണാം മഞ്ഞവെളിച്ചത്തിലോരമ്മ
ഉള്ളി വില്‍ക്കുന്നു പിന്നെ ബ്ലൌസ് പൊക്കുന്നു
തന്‍പെണ്‍കുഞ്ഞിന്നു പാലുകൊടുക്കുന്നു
നോക്കി ഞാനാകുഞ്ഞു നഗ്നപാദങ്ങളില്‍
എത്രദൂരം താണ്ടണം കല്ലിലും മുള്ളിലും
ചുവട്ടിയാ പാദങ്ങള്‍ എന്റെ ദൈവമേ
പാലമര കൊമ്പിലെ കൊറ്റികള്‍തന്‍
കൂട്ടകരച്ചിലില്‍ കേട്ടുവോ എന്‍ രോദനം വീണു
കണ്ണീര്‍ തുള്ളികളായി തുലാമഴവീണ്ടും മനസ്സില്‍

Saturday, December 18, 2010

ആടുന്ന നിഴലുകള്‍

കരോള്‍ സംഗീതം പാതിരാ തണുപ്പിലൂടെ ഒഴുകിവരുന്നു. അവള്‍ ജനല്‍
പാളികള്‍ പാതി തുറന്നു. നക്ഷത്ര വിളക്കുകള്‍ മിന്നിപ്രകാശിക്കുന്ന വീടുകളില്‍
വെളിച്ചം അണഞ്ഞിട്ടില്ല..അടഞ്ഞ ജാലകച്ചില്ലില്‍ ആടുന്ന നിഴലുകള്‍ .... അവളുടെ
നിശ്വാസം ഒരു കൊടുങ്കാറ്റായി.
കരോള്‍ സംഘം അടഞ്ഞ പടിക്കല്‍ ഒരല്‍പ്പനേരം നിന്നു. വര്‍ണപ്രപഞ്ചം
തീര്‍ത്തു പച്ചയും മഞ്ഞയും ചോപ്പും വെള്ളയും നിറത്തില്‍ കുട്ടികളുടെ കയ്യില്‍
മത്താപ്പ് തിരികള്‍ ..കരോള്‍ ഗീതങ്ങള്‍ നേര്‍ത്തു നേര്‍ത്തു ഇല്ലാതാകുന്നതുവരെ
അവള്‍ ജനലരികില്‍ നിന്നു .,,ആടുന്ന നിഴലുകള്‍ ഇപ്പോള്‍ കാണുന്നില്ല
മങ്ങിയ നാട്ടു വെളിച്ചം പാതി തുറന്നിട്ട ജാലകത്തിലൂടെ അരിച്ചിറങ്ങി ഒപ്പം
പാതിര കാറ്റും....അവള്‍ തലയിണയില്‍ മുഖം ചേര്‍ത്ത് മയങ്ങി ...എപ്പോളോ
അവളുടെ കയ്യുകള്‍ അവനെ തലോടി ..അവന്റെ ചൂടും ചൂരും അവളറിഞ്ഞു
പാതിരാ തണുപ്പിലും അവള്‍ വിയര്‍ത്തു ..നെറ്റിയിലെ പൊട്ടു മാഞ്ഞു ...കണ്ണിലെ
മഷി കവിളില്‍ പരന്നു...അവളുടെ മാറിടത്തില്‍ അവന്റെ വിയര്‍പ്പൊലിച്ചിറങ്ങി
തളര്‍ച്ചക്കൊടുവില്‍ അവള്‍ തന്റെ പ്രിയനെ തന്നോട് ചേര്‍ക്കുവാന്‍ കിടക്കയില്‍
വിരലുകള്‍ പരതി ...... ശൂന്യമായ തന്റെ കിടക്ക ..അവളുടെ തേങ്ങല്‍ ശക്തിയായി
ഒരു പോട്ടികരച്ചിലായി...നാട്ടു വെളിച്ചത്തില്‍ അവള്‍ കണ്ടു ചുവരില്‍ പുഞ്ചിരിതൂകി
തന്നെ നോക്കുന്ന പ്രിയതമന്റെ ചില്ലിട്ട ഫോട്ടോ..അതിലെ
മുല്ലപൂമാലയുടെ വാടിയ ഗന്ധം അവള്‍ തിരിച്ചറിഞ്ഞു ....

Wednesday, December 15, 2010

മച്ചിലെ ഭഗവതി

ചിതലുകള്‍ ചിത്രം വരച്ചോരാപടിപ്പുരവാതില്‍
കടന്നെത്തി നീണ്ടപ്രവാസത്തിനൊടുവില്‍
മുറ്റത്തെ തുളസിത്തറയില്‍ കറുത്തചിരാതില്‍
ഇപ്പോളുംകാണാം പാതികത്തിയ കരിന്തിരി

'ഒരു നൂറായിരംജന്മമാര്‍ജിച്ചതൊക്കയും
കാലവശം ഗമിക്കാന്‍ തുടങ്ങും ക്ഷണ
കാലെ തിരുനാമമോന്നറിയാതെ താന്‍
പാരിലോരുവാന്‍ ജപിക്കിലവനുടെ
ഘോര മഹാപാപാമൊക്കെ നീങ്ങീടും' ...
കേട്ടുവോ ഭാഗവതസ്തുതികള്‍ വീണ്ടും

നിലവിളക്ക് എരിയാത്ത ഉമ്മറകോലായില്‍ ‍
നിന്നും കേള്‍ക്കുന്നുവോ അമ്മതന്‍ രോദനം
പൊട്ടി ഹൃദയംനുറുങ്ങുന്ന വേദന സന്ധികളില്‍
ഒരു തളര്‍ച്ചയായി പടര്‍ന്നുകയറവേ നെറ്റിയില്‍
ചുടുരക്തം വിയര്‍പ്പായിപൊടിയവേകണ്ടു
മുന്നില്‍ നിലം പോത്താറായ നാലുകെട്ടും
പടിപ്പുരമാളികയും പിന്നെ വടക്കിനിയും

വന്നു ഒരിറ്റുകണ്ണീര്‍ ആരും കാണാതെതുടച്ചു
ഗദ്ഗദം പിന്നെയും നെഞ്ചില്‍പിടയവേ അതൊരുതുള്ളി
കണ്ണുനീരായി മുറ്റത്ത്‌ വീഴവേ തെക്കേമുറ്റത്തെ
കരിന്തിരികത്തിയ അമ്മതന്‍കുഴിമാടത്ത്
കാട്ടുകിളികള്‍ ഉച്ചത്തില്‍ ചിലക്കവേ മച്ചിലുറങ്ങും
ഭഗവതിതന്‍ ചിലങ്കകള്‍ താനെകിലുങ്ങവേ
പോട്ടിവീഴാറായ നാലുകെട്ടിന്റെ കളിമണ്‍
ചുമരില്‍ തളര്‍ന്നിരിക്കവേ കണ്ടു തൂണില്‍
ആരോ കോറിവരച്ചിട്ട അശ്ലീലചിത്രങ്ങള്‍

മുറ്റത്തെ വള്ളികള്‍ ഓട്ടിന്‍പുറത്തും ചുവരിലും
ചുറ്റിപിണഞ്ഞു നീളെ പടരവേ മച്ചിലെതോപക്ഷിതന്‍
ചിറകൊച്ചനിലക്കാതെ കേള്‍ക്കവേ കാലം
ചിറകിട്ടടിച്ചു പുറകോട്ടു പോകവേ കേട്ടുവോ
അമ്പലപറതന്‍ കൊട്ടുംമേളവും കോമരത്തിന്‍
അരമണികിലുക്കവും കൊയ്ത്തുപാട്ടും പിന്നെ
നാഗകളത്തിലെ പുള്ളുവന്‍പാട്ടും



ഇളകുന്നു കാറ്റിലൊരു റാന്തല്‍വിളക്കും
ഒപ്പം പാറികളിക്കുന്നു മാറാല കൂട്ടവും
നടുമുറ്റത്തു കിടക്കുന്നു ചിന്നിചിതറി ആരോ
ഉപേക്ഷിച്ച കീറപായും പിന്നെ ബീഡി കുറ്റികളും
ചീട്ടിന്‍ കെട്ടുകളും ചരായകുപ്പിയും കൂടെ
നിരോധിന്‍ ഉറകളും വാടിയ മുല്ലപൂക്കളും
കാണ്കെ ഓര്‍ത്തു മാളികപുരയിലെ മണിയറ
പിന്നെ വന്നു കതംബത്തിന്‍ ഗന്ധവും

ഒരുപാടുപേരെ ഊട്ടിയ അടുക്കളയില്‍
കണ്ടു ഉണങ്ങിയ പശുവിന്‍ ചാണകകൂനകള്‍
എത്തുന്നു കാച്ചിയ മോരിന്റെ ഗന്ധവും കൂടെ
കൈതഗന്ധം പരത്തും അമ്മതന്‍ മടിയിലെ
സ്നേഹത്തിന്‍ ചൂടും കൊഞ്ചും മൊഴികളും

പോകുകയാണിവിടെനിന്നുംഎന്നേക്കുമായി ഞാന്‍
നാളെപൊളിക്കും അയ്യോ വിറ്റൊഴിച്ചു ‍
ഈ നാലുകെട്ടും പറമ്പും ചമയങ്ങളും
വന്നതുവീണ്ടും ഒരു യാത്രാമൊഴി ചൊല്ലുവാന്‍മാത്രം


കേള്‍ക്കുന്നു വീണ്ടും കാട്ടുകിളികള്‍തന്‍
കൂട്ടകരച്ചിലും നാടന്‍ പട്ടിതന്‍മോങ്ങലും
പോകുന്നു ഞാന്‍ കൂടെവരണമേ എന്റെ
മച്ചിലെ ഭഗവതി നിന്‍ പരിവാരങ്ങളോടെ

Sunday, December 12, 2010

കരയുന്ന കുപ്പിവളകള്‍

ഇരുന്നു ഞാന്‍ ആ കുന്നിന്‍പുറത്ത് ഏകനായി
എന്നത്തെപോലന്നുംഏകനായി
ദൂരെ ശ്മശാനത്തില്‍ കത്തുന്ന ശവത്തിന്റെ
തീക്ഷ്ണ ഗന്ധവും പേറി വന്ന കാറ്റില്‍

കേട്ടുഞാന്‍ ദൂരെ അമ്പലത്തിലെ രാത്രി
ശീവേലിതന്‍ നാദ പ്രപഞ്ചവും
നൊമ്പരങ്ങള്‍ തന്‍ കൂടുമായി ഞാന്‍ എന്നും
ചെല്ലുമാകുന്നില്‍മുകളിലെന്നും
നാടോടി കൂട്ടങ്ങള്‍ കുന്നിന്നുതാഴെ
കെട്ടിയ കുടിലില്‍ നിന്നും കേള്‍ക്കാം
കുഞ്ഞുങ്ങള്‍ തന്‍ കരച്ചിലും പിന്നെ
റേഡിയോ പാട്ടുകളും പട്ടിതന്‍ മോങ്ങലും

അരികിലെത്തി ഒരാള്‍ തോളില്‍ ഒരു
മാറാപ്പുസഞ്ചിയും തലയില്‍കെട്ടുമായി
ശവമെരിയുന്നപുകയില്‍കലര്‍ന്നുപിന്നെ
രൂക്ഷമാം കഞ്ചാവിന്‍ഗന്ധവുംകൂടെ
പൊട്ടിച്ചിരിയും ശേഷം കരച്ചിലും


ഒന്നുമറിയാതെ ഇരുന്ന എന്‍ അരികില്‍
നിന്നും നടന്നു മറഞ്ഞു മാറപ്പുമായി അയാള്‍
ആകാശത്തില്‍ ഒരായിരം പൂക്കള്‍ വിരിയവേ
അതിരാചന്ദ്രന്‍ ‍ ആകാശത്ത്‌ മറയവേ
ആതിര കാറ്റില്‍ വന്നു മുല്ലപ്പൂഗന്ധം
ഒപ്പംപാദസരത്തിന്‍ കിലുക്കവും

ആരീരാത്രില്‍ വിജനമാംമീ കുന്നിന്‍പുറത്ത്
പാദസരം കിലുക്കി വരുന്നതെന്ന്
‍ചിന്തിച്ചിരിക്കെ അരികിലായി വന്നു വീണ്ടും
കഞ്ചാവിന്‍ ഗന്ധവുമായാമാറാപ്പുകാരന്‍
അരികിലിരുന്നു തെറുത്തു ഒരു ബീഡി
പരന്നു കാറ്റില്‍ വീണ്ടുമാ കഞ്ചാവിന്‍ ഗന്ധവും
ഏരിയുമാ തീതന്‍ ഇത്തിരിവെട്ടത്തില്‍
കണ്ടുഞാന്‍പട്ടുപാവാടഇട്ടൊരു കൊച്ചു പെണ്‍കുട്ടി
കണ്ണില്‍ തിളക്കവും ചുണ്ടില്‍ ചെറു
ചിരിയുമായി മാറാപ്പുകാരനരികിലായി

കഞ്ചാവിന്‍ഗന്ധം ഒരുപാട് രൂക്ഷമായി
പൊട്ടിച്ചിരികള്‍ വൃകൃതമായി കാറ്റില്‍
എത്തി അപ്പോഴും ശവത്തിന്‍ രൂക്ഷമാം ഗന്ധം

ചൊല്ലി എന്‍കാതില്‍ മെല്ലെ അയാള്‍
തരാമോ ഒരു നൂറുരൂപപിന്നീടുവരാംഞാന്‍
അതുവരെ ഇരിക്കും എന്‍ ചെറുമകള്‍ നിനക്ക് കൂട്ടായി

ഞെട്ടിയില്ലപൊട്ടിതെറിച്ചില്ലഞാന്‍
നോക്കി ആ പാവാടക്കാരിതന്‍
അരുമ നിറയും മുഖത്തെക്കും പിന്നെയാ
പാദസരം കിലുങ്ങും കൊച്ചു പാദത്തിലേക്കും

കിലുങ്ങിയോ ആ പാദസരങ്ങള്‍
കുലുങ്ങി ചിരിച്ചുവോ കുപ്പിവളകള്‍
ആതിര ചന്ദ്രന്‍ നാണിച്ചു മാഞ്ഞുവോ..

പൊട്ടിയോരഗ്നിപര്‍വതംമനസിന്റെ
താഴ്വാരത്തോഴുകി അതിന്‍ ചുടുലാവ
ഇറങ്ങിഎന്‍പ്രിയകുന്നിന്‍മുകളില്‍
നിന്നുവേദനയോടെ വിഷമത്തോടെ
അപ്പോളുംകേള്‍ക്കാംമുകളില്‍നിന്നും
കുപ്പിവളകള്‍ തന്‍ കിലുകിലുക്കം

Friday, December 10, 2010

ഗുരുതി

വടക്കേവാതുക്കല്‍ ഗുരുതിക്കായി 
തീര്‍ത്ത കളത്തിന്‍ നടുവിലായി 
എരിയുന്ന പന്തവും നിലവിളക്കിന്‍ 
തിരിനാളവും സാബ്രാണിഗന്ധവും 
ഇളകിയാടുന്ന കുരുത്തോലയും
തൂങ്ങിയാടുന്ന ചെമ്പരത്തിയും 
പഞ്ചവർണക്കളവും 

‍ഓട്ടുരുളിയില്‍ കറുത്ത ചുവന്ന 
വെള്ള ഗുരുതികള്‍ 
നടുവില്‍ നാട്ടിയൊരു പന്തവും 
യക്ഷികള്‍ വാഴും പാലമരകൊമ്പും 
കരിംക്കുട്ടിചാത്തനും വിഷ്ണുമായയും 
മുത്തപ്പന്മാരും ആവാഹിച്ചിരിക്കുമാ
പീഠം തന്‍ മുന്നില്‍ ചുവന്ന പട്ടുടുത്തു
അരമണി കിലുക്കി മുടിക്കോൽ ചുറ്റി 
കണ്ണില്‍ കത്തുന്ന ക്രൌര്യവും
നിറച്ചു തുള്ളുന്ന കാരണവര്‍ 
തന്‍ മുന്നില്‍ഭക്തര്‍ കൊടുത്തു 
നേര്‍ച്ചകോഴികള്‍ ഭക്തിപുരസരം 

കണ്ടു ഞാന്‍ ആ ജീവികള്‍
തന്‍ ചോരക്കണ്ണിൽ 
നിസ്സംഗതയും ഭയവും 
ജീവന്‍ പൊലിയുന്ന നൊമ്പരവും 
പിടഞ്ഞു വീണ കൊഴിത്തലകള്‍ ഭക്തരെ 
നോക്കി നിറഞ്ഞ ശാപത്തോടെ 
മൊഴിഞ്ഞു മൌനമായി.........

എന്തിനായി നീ ഇതു ചെയ്തു നിന്റെ 
നന്മക്കോ അതോ ദേവപ്രീതിക്കോ?
തരാം ഇനിയും ഞങളുടെ ചുടുചോര
സന്തതിക്കും പിന്നെ പരമ്പരക്കും
കൂടെ ഞങള്‍ തന്‍ തീരാശാപവും

കോഴികള്‍ തന്‍ കൂട്ടക്കരച്ചിലും 
മന്ത്രവാദി തന്‍ അട്ടഹാസവും
തെക്കൻകാറ്റിന്‍ മൂളിച്ചയും
നാടന്‍ ചാരായഗന്ധവും
വീശുന്ന ചുടല കളത്തിന്‍
അരികിലായിനിന്നു ഞാനും 

പന്തത്തില്‍ ചിതറി വീഴുന്ന തെള്ളിപൊടി
തന്‍സ്വര്‍ണ പ്രഭയില്‍ 
തിരഞ്ഞു ഞാന്‍ ദേവനെ പക്ഷെ 
കണ്ടില്ലൊരിക്കലും ചുടുചോര 
മോന്തുന്ന ദേവന്റെ ചുണ്ടില്‍ 
വിരിയുന്ന മന്ദഹാസവുംപിന്നെ 
കണ്ടതോ ശാപത്തിന്‍ തീക്കനലുകൾ 
കേട്ടതോ പിടയുന്ന ജീവിതന്‍ 
ആത്മപ്രണാമ മന്ത്രധ്വനി മാത്രം

Thursday, December 9, 2010

നിഴല്‍ വീണ മരച്ചോട്ടില്‍

ധനുമാസമായില്ല ..നേരത്തെ മഞ്ഞു തുടങ്ങി ദൂരെ ഏതോ
അമ്പലത്തില്‍ നിന്നും കളംപാട്ടിന്റെ ശീലുകള്‍ തണുത്ത
കാറ്റില്‍ ഒഴുകി വരുന്നു....നാഗകളങ്ങളില്‍ നിന്നാണെന്ന്
തോന്നുന്നു
നാഗകളങ്ങളില്‍ മുടിയഴിച്ചിട്ട്
കളം മായ്ക്കുന്ന നാഗ സുന്ദരിമാര്‍
വര്‍ണം വാരിവിതറിയ നാഗകളങ്ങള്‍
കരിന്തിരികത്തി യുദ്ധകളമായി തീര്‍ന്ന കളങ്ങളില്‍
ചിതറിവീണ കുരുത്തോലകളും .ചെമ്പരത്തിപ്പൂക്കളും
.........................
നിലവിളക്കിന്റെയും മങ്ങിയ നിലാവിന്റെയും പ്രകാശത്തില്‍
ധാവണി ചുറ്റി ..കണ്ണില്‍ കരിനീല മഷി എഴുതി തുളസികതിര്‍
ചൂടി വലിയ ചുവന്ന പൊട്ടുതൊട്ട് കണ്ണില്‍ കാമം കത്തി നിന്ന
പെണ്‍കുട്ടി ..അവളുടെ കണ്ണുകളില്‍ നാഗകളത്തിലെ
വര്‍ണ രാശിയും എഴഞാടുന്ന കാമ പാരവശ്യവും പ്രേമത്തിന്റെ
ലാസ്യഭാവവും

തൊടിയിലെ നിലാവിന്റെ നിഴല്‍ വീണ മരച്ചോട്ടില്‍ നേരം പുലരുന്നതുവരെ
കണ്ട കിനാവുകള്‍ ...... ഉതിര്‍ന്ന ചുടു നിശ്വാസങ്ങള്‍


എത്രയോ കാതം അകലെനിന്നും ഇപ്പോളും കളംപാട്ടിന്റെ ശീലുകള്‍

Saturday, December 4, 2010

നിറം മങ്ങാത്ത ഒരു വളപൊട്ട്

ഒരു യാത്ര പോകുകയാണ് പഴനിയിലേക്ക്.
യാത്രകള്‍ മനസിനെ പുതുമയുടെ നിറവും
ഗന്ധവും കൊണ്ട് പൊതിയുന്ന കുറച്ചു മണിക്കൂറുകള്‍

ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ ഒരു മൂന്ന് വയസുകാരന്നായി
നനഞ്ഞ ഒരു പ്രഭാതത്തില്‍ അന്ന് വീടിനുമുന്പില്‍ ഒരു
കുതിരവണ്ടി വന്നുനിന്നു ..ഓര്‍മയിലെ ആദ്യത്തെ യാത്ര
പാലക്കാടു റെയില്‍വേ സ്റ്റേഷന്‍ വരെ കുതിരവണ്ടിയില്‍
പിന്നെ അവിടുന്ന് പഴയ കരിവണ്ടിയില്‍ പഴനിയിലേക്ക്
അന്നത്തെ വര്‍ണ്ണ കാഴ്ചകള്‍ നിറം മങ്ങാതെ ഇപ്പോളും
കണ്ണുകളില്‍ ...കുതിര ചാണകത്തിന്റെ ഗന്ധം ഇപ്പോളും
ചുറ്റും പരക്കുന്നു..ഭസ്മത്തിന്റെ പരിമളം....പേരക്കയുടെ
ഗന്ധം ..വഴിയരുകില്‍ ചിതറികിടന്ന തീപെട്ടി ചിത്രങ്ങള്‍
‍ വില്പനയ്ക്ക് വെച്ച വിലകുറഞ്ഞ കളിപ്പാട്ടങ്ങള്‍ ..കാവടിയുമായി
മല കയറുന്ന ഭക്തജനങ്ങള്‍ ..പിന്നെ നല്ല മണമുള്ള
സാമ്പാറും രുചിയുള്ള ദോശയും ..അടിവാരത്തിലൂടെ
വേഗത്തില്‍ പോകുന്ന കുതിരവണ്ടികള്‍ ...കൂടെ
പണത്തിനായി പുറകെ കൂടിയ ആണ്ടികള്‍ ..പിന്നെ
ഇപ്പോളും മനസ്സില്‍ പുതുമ നഷ്ടപെടാത്ത ഓര്‍മയിലെ
ആദ്യത്തെ കളിപാട്ടം.....................
കാലത്തിനു യാത്ര പോയെ പറ്റു...അനുസ്യൂതം
4 minutes ago · Edit Post · Delete Post

കാലംതിരിയുന്നു...ഒരുമാറ്റവുമില്ലാതെ

ആശുപത്രിയുടെ ശീതികരിച്ചമുറിയില്‍ വെട്ടിമുറിച്ച തന്റെ
ഹൃദയത്തെകുറിച്ചുമാത്രം ചിന്തിച്ചു ചിന്തിച്ചു അയാള്‍ പരവശനായി
അര്‍ദ്ധബോധാവസ്ഥയില്‍ തന്റെ കഴിഞ്ഞ കാലത്തേകുറിച്ച്
അയാള്‍ വെറുതെ ചിന്തിച്ചു ..എത്രപേരുടെ എത്രമാത്രം പണം
പലിശയായി താന്‍ പിടിച്ചുവാങ്ങിച്ചു ..എന്നിട്ടെന്തു നേടി ..ഈ
അവസ്ഥയില്‍ എത്തിയില്ലേ ..ദൈവത്തിന്റെ ഒരല്പം
കാരുണ്യം കൊണ്ട് മാത്രം തിരിച്ചുകിട്ടിയ ജീവിതം..മുറിയില്‍
കടന്നുവന്ന മകളെ കണ്ടപ്പോള്‍ അയാള്‍ക്ക് മുന്‍പൊന്നും
തോന്നാത്ത ഒരു അകല്‍ച്ച അനുഭവപെട്ടു ...ഇപ്പോള്‍ ഇവള്‍
തന്റെ മകള്‍ തന്നയോ ‍ ..അല്ല...... കാരണം രക്ത
ബന്ധം ഇപ്പോള്‍ ഇല്ല....ഇന്നലെ തന്റെ ശരീരത്തില്‍
കയറ്റിയ പത്തു പതിനാലു കുപ്പി രക്തം തന്റെ ബന്ധങ്ങള്‍
തന്നെ മാറ്റിയില്ലേ ..ആരുടെയോ ഒക്കെ രക്തം തന്റെ
സിരകളിലുടെ ഒഴുകുന്നു...അയാള്‍ക്ക് ശര്‍ദ്ദിക്കാന്‍ വന്നു
ഒരു മൂടല്‍ തന്റെ കണ്ണുകള്‍ക്ക്‌ ബാധിച്ചുവോ ..ആരാണ്
തന്റെ അടുത്ത് നില്‍ക്കുന്നത് ..ഭാര്യയും മകളും കൂടി
പണം അടച്ചുവരാമെന്നുപറഞ്ഞിപ്പോള്‍ ഇവിടെ നിന്നും
ഇറങ്ങിപോയതെയുള്ളു ..പിന്നെ ആരാണ് ..
വിദൂരതയില്‍ നിന്നും ഒരു ശബ്ദം കേട്ടുവോ എന്താ
പറഞ്ഞത് ...മനസിലായില്ല ..ആരോ ഒരു പൊതി
കിടക്കയില്‍ വെച്ചുപോയി ...ഇപ്പോള്‍ ബ്രെഡ് ആവശ്യമില്ല
അയാള്‍ അതെടുത്തു ബാസ്കറ്റില്‍ ഇട്ടു
ബോധം തിരിച്ചുവന്നപ്പോള്‍ മകള്‍ പറഞ്ഞു ..അച്ഛാ
നമ്മുടെ കിഴക്കേലെ ചന്ദ്രന്‍ അച്ചനുതരാനുള്ള മുതലും
പലിശയും തന്നത് അച്ഛന്‍ ചവറ്റുകൊട്ടയില്‍ ഇട്ടു
എന്തോ ഞങള്‍ കണ്ടതുകൊണ്ടു നഷ്ടപെട്ടില്ല ...
അയാള്‍ വെറുപ്പോടെ പറഞ്ഞു
ഇനി ഈ പരിപാടി ഇല്ല ..ഞാന്‍ വലിച്ചെറിഞ്ഞത്
എന്തിനാണ് നീ എടുത്തത്‌..ഇനി ഒന്നും വേണ്ട ഒന്നും
ആറുമാസം കഴിഞ്ഞു
പത്രത്തില്‍ ഒരു വാര്‍ത്ത‍ വന്നു
പലിശ തരാന്‍ വിസമ്മതിച്ചതിന് വീട്ടമ്മയെ
പരസ്യമായി കൈയേറ്റം ചെയ്ത കുറ്റത്തിന്
അയാളെ പോലിസ് അറസ്റ്റ് ചെയ്തു ..........

Monday, November 29, 2010

മാറുന്ന നൊമ്പരങ്ങള്‍

കൌമാരത്തിലെത്തിയപ്പോള്‍ ബാല്യത്തിലെ നൊമ്പരങ്ങള്‍ നൊമ്പരങ്ങള്‍ അല്ലാതായി ..യൌവനത്തില്‍ എത്തി തിരിഞ്ഞു നോക്കിയപ്പോള്‍ കൌമാര ദുഃഖങ്ങള്‍ അലിഞ്ഞില്ലാതായി ഇപ്പൊള്‍ തിരിഞ്ഞു നോക്കുമ്പോള്‍ യൌവനത്തിലെ ഒരു പാട് വേദനകള്‍ ഒരു പുഞ്ചിരിയോടെ വിസ്മരിക്കുവാന്‍ പറ്റുന്നു മരണത്തിനു തൊട്ടുമുന്‍പ് ജീവിതത്തെ മുഴുവന്‍ ഒരു മന്ദഹാസത്തോടെകാണാന്‍ പറ്റുമായിരിക്കും... ഇല്ലെ l

Sunday, November 21, 2010

ഒരു വനരോദനം

ഞാന്‍ പോകുകയാണ് ...അതിനു മുന്‍പ് അമ്മയോട് ഒരുപാടു കാര്യം
പറയാനുണ്ട്‌ ..സമയം കുറച്ചുകൂടിയെയുള്ളൂ എന്ന് തോന്നുന്നു ..പെട്ടെന്ന്
പോന്നതുകൊണ്ട് ആരോടും ഒന്നും പറയാന്‍ പറ്റിയില്ല ..എന്തുചെയ്യാം
അവിടെ നിന്നും പോന്നതില്‍ പിന്നെ ആഹാരം ഒന്നും കഴിച്ചില്ല
ഇവിടെവരെ നിന്നാണ് വന്നത് ..ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല
പാലക്കാട്‌ എത്തിയപ്പോള്‍ വാഹനം കുറച്ചുനേരം നിര്‍ത്തി അപ്പോള്‍
മനസ് വല്ലാതെ വേദനിച്ചു. ജനിച്ച മണ്ണ് പിന്നിലായി എന്ന തോന്നല്‍
ഒരുപാടു വേദനയുണ്ടാക്കി . വണ്ടിയില്‍ ഇരുന്നു കഴിഞ്ഞ ദിവസങ്ങള്‍
ഓര്‍ത്തു

എത്ര രസകരമായിരുന്നു എന്റെ കുട്ടിക്കാലം..ഇപ്പൊളും ഓര്‍ക്കുന്നു
ഞാന്‍ ജനിച്ചതിന്റെ പിറ്റേന്ന് തന്നെ എനിക്ക് ആഭരണമായി നല്ല
ചരടില്‍ മണികെട്ടി തന്നതും കുട്ടികള്‍ക്കൊപ്പം തുള്ളി കളിച്ചതും
കുറച്ചു വലുതായപ്പോള്‍ ചന്തയില്‍ പോയതും പിന്നെ നിലക്കടല
പാടത്തു വര്‍ഷങ്ങളോളം ജോലി ചെയ്തതും ..തിരിച്ചുവരുന്ന
എനിക്ക് നല്ല നല്ല ആഹാരം തന്നതും എന്നെ കുളിപ്പിച്ചതും
എന്നെ സ്നേഹത്തോടെ തലോടിയതും എങ്ങിനെ ഞാന്‍ മറക്കും
നമ്മുടെ വയലില്‍ ഉണ്ടാവുന്ന നെല്ലും കടലയും കേരളത്തില്‍
എത്തിക്കാന്‍ പൊള്ളാച്ചി ചന്തയില്‍ പോയതും ഓര്‍ക്കുമ്പോള്‍
മനസ് പിടക്കുന്നു
അമ്മെ മൂന്ന് ദിവസമായി ആഹാരം കഴിച്ചിട്ട് ..ഇന്നലെ രാത്രി
ഒരുപാടു വെള്ളം കുടിച്ചു വയര്‍ വീര്‍ത്തു നടക്കാന്‍ പോലും
പറ്റാതായി .
പരിചയമില്ലാത്ത ഒരാള്‍ എന്നെയും കൂടെ വന്ന
രണ്ടു പേരെയും കൊണ്ട് ഇവിടെ എത്തി ..എനിക്കാകെ ഭയം
തോന്നുന്നു ..കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റി ..എന്തിനാ അമ്മെ
എന്നെ ഉപേക്ഷിച്ചത് ...മുഴുവന്‍ സമയവും ഞാന്‍ അവിടുന്ന്
പറയുന്നതെല്ലാം ചെയ്തില്ലേ?.
അമ്മെ എനിക്കെന്താ ഭയം എന്നല്ലേ ... എന്റെ കൂടെ വന്ന
ഒരാളെ അവര്‍ വലിയ ഒരു കൂടം കൊണ്ട് തലക്കടിച്ചു കൊന്നു
എന്നിട്ട് ശരീരം രണ്ടായി കീറി തൂക്കിയിട്ടിരിക്കുന്നു..ആളുകള്‍
കൂട്ടം കൂടി നില്‍ക്കുന്നു കറുത്ത പ്ലാസ്റ്റിക്‌ കവറുകളില്‍ അവര്‍
എന്തോ കൊണ്ടുപോവുന്നു ..ചോരയുടെ മണവും ഈ അന്തരീക്ഷവും
പേടിയുണ്ടാക്കുന്നു..അമ്മെ ഇനി നമുക്ക് കാണാന്‍ പറ്റുമോ
അറിയില്ല ...എനിക്കാരോടും ഒരു പിണക്കവും ഇല്ല ..എന്റെ
ജന്മം മുഴുവന്‍ നിങ്ങള്‍ക്കുവേണ്ടി പണിയെടുത്തു ..ഇനി ഞാന്‍
പോകുകയാണ് ,,അതാ അവര്‍ വരുന്നു എന്റെ അടുത്തേക്ക്
കയ്യില്‍ ഒരു വലിയ കൂടം ഉണ്ട് ..എനിക്കിപ്പോള്‍ അറിയാം
അവര്‍ എന്നെയും കൊല്ലാന്‍ വരുകയാണ് ..സാരമില്ല എന്റെ
മാംസം ഇവിടെ കേരളത്തില്‍ പ്രിയമാണ്...
അമ്മെ യാത്ര പറയുന്നു ..ഇനിയും അടുത്ത ജന്മത്തില്‍ കാണാം
ആ ജന്മം ഒരു കാളയായി ജനിക്കരുതെന്നു മാത്രമേ എനിക്ക്
പ്രാര്‍ത്ഥിക്കാന്‍ ഉള്ളു ....
അതാ അവര്‍ എന്റെ തൊട്ടടുത്തായി ..ഞാന്‍ കണ്ണുകള്‍
അടക്കട്ടെ അമ്മേ

പുനര്‍ജ്ജന്മം

വിവാഹരാത്രി

കിടക്കയില്‍ വിതറിയ മുല്ലപൂവിന്റെ സുഗന്ധവും ചുമരില്‍ തൂക്കിയിട്ട
കല്യാണ മാലയുടെ സമ്മിശ്ര ഗന്ധവും നിറഞ്ഞു നിന്ന മണിയറയില്‍
അയാള്‍ കാത്തിരിപ്പിനൊടുവില്‍ വന്ന തന്റെ പ്രിയപെട്ടവളെ ചേര്‍ത്തുനിര്‍ത്തി
നെറുകയില്‍ ചുംബിച്ചു ....ഒരുപാടുനേരം സംസാരിച്ചിരുന്നു ..
വിളക്കുകള്‍ അണഞ്ഞു ..ആദ്യരാത്രിയുടെ ആദ്യനിമിഷങ്ങളില്‍
അയാള്‍ വിയര്‍ത്തു ..ദീര്‍ഘ നിശ്വാസത്തിന്റെ ചൂടില്‍ അവള്‍ ‍
ഉറങ്ങി ..ഒരു വാക്കുപോലും പറയാന്‍ അയാള്‍ അശക്തനായിരുന്നു
ഒരുപോള കണ്ണടക്കാതെ അയാള്‍ രാത്രി ഇരുട്ടി വെളുപ്പിച്ചു
തനിക്കിതെന്ത് പറ്റി ഒരു കാരണവും അയാള്‍ക്ക് മനസിലായില്ല
ദിവസങ്ങള്‍ കടന്നു പോയി എന്നും ചുടുനിശ്വാസത്തിന്റെ ചൂടില്‍
അയാള്‍ വിയര്‍ത്തു .... നിശബ്ദതയുടെ തേങ്ങലുകള്‍ അവരുടെ
രാത്രികള്‍ക്ക് കൂട്ടായി

മാസം ഒന്നു കഴിഞ്ഞു തറവാടിലേക്ക് ഒരു ദിവസത്തെ താമസത്തിനായി
അവര്‍ എത്തി .ഉച്ചയുടെ ചൂടില്‍ അവളെയും കൊണ്ട് താന്‍ തന്റെ
കൌമാരത്തില്‍ ഏറെ നേരം ചിലവഴിച്ച കളപ്പുരയില്‍ ചെന്നു..
അയാള്‍ ഓര്‍ത്തു എത്ര ദിവസങ്ങള്‍ ഈ കളപ്പുരയുടെ ചൂടും ചൂരും
താന്‍ അനുഭവിച്ചിരിക്കുന്നു ..കളപ്പുരയുടെ മുറ്റത്ത്‌ കൊയ്യാന്‍ വന്ന
സ്ത്രീകളെ കൊതിയോടെ നോക്കിയതും മഞ്ഞപുസ്തകത്തിന്റെ
താളുകളില്‍ എല്ലാം മറന്നു പുല്‍പായയില്‍ റാന്തല്‍ വെളിച്ചത്തില്‍
അന്തിയുറങ്ങിയതും അയാളെ വല്ലാതെ പരവശനാക്കി ...............
അതൊരു പുനര്‍ജന്മം ആയി ...കളപ്പുര മണിയറയായി ..വൈക്കോല്‍
ഗന്ധം..മുല്ലപൂക്കളെക്കാള്‍ സുഗന്ധമുണ്ടെന്നു അയാള്‍ തിരിച്ചറിഞ്ഞു 11/20/10 by PRABHA CHEMBATH Delete
Edit View

Saturday, November 20, 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും

എന്റെ തറവാട് വീടിന്റെ അടുത്ത് ഒരു ചോലനായ്ക്ക കുടുംബം
ഉണ്ടായിരുന്നു...കൃഷിചെയ്തും അത്യാവശ്യം വീട്ടുജോലികള്‍ക്ക്
പോയുമാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. വയസ്സായ ഒരു
അരളി മരത്തിനടിയില്‍ കുടിവെച്ച ഏതെല്ലാമോ മൂര്‍ത്തികള്‍ക്ക്
ദിവസ പൂജ. .ഇടക്ക് കോഴിയെ വെട്ടി പൂജ. ഇതെല്ലാം അവിടെ
പതിവായിരുന്നു

മീനമാസം ആയാല്‍ സന്ധ്യക്കെന്നും കൊടുങ്ങല്ലൂര്‍ ഭരണിക്ക്
ആ വീട്ടില്‍ നിന്നും ഭരണി പാട്ടിന്റെ ചീളുകള്‍ വീട്ടിലേക്കു ഒഴുകി
വരാറുണ്ടായിരുന്നു. കറുപ്പന്‍ എന്ന വെളിച്ചപ്പാട് ഭരണിക്ക്
പോകുന്ന ദിവസം കോഴിയെ വെട്ടി മൂര്‍ത്തികള്‍ക്ക് പൂജ നല്‍കും.
തലവെട്ടി ചോര ഒഴുക്കി പോകുന്നതിനുമുമ്പ് എന്റെ വീട്ടില്‍ ഒന്ന്
കയറും ..ചോരയോഴുക്കി വരുന്ന വെളിച്ചപ്പാടിനെ അമ്മ വിളക്കു
കൊളുത്തി ദക്ഷിണ നല്‍കി പറഞ്ഞയക്കുന്നത് ഒരു പതിവായിരുന്നു

മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് ആ വീട്ടില്‍ ഒരു സംഭവം നടന്നു
ഈ സമയത്ത് വെളിച്ചപ്പാട് കറുപ്പന്‍ മരിച്ചു പോയിരുന്നു ..അയാളുടെ
സഹോദരി ആ വീട്ടില്‍ ഉണ്ടായിരുന്നു..അവരുടെ ഭര്‍ത്താവ് കൊച്ചിയില്‍
സൈക്കിള്‍ റിക്ഷ ഓടിക്കുന്ന പണിയായിരുന്നു..വല്ലപ്പോഴും വീട്ടില്‍
വരുന്ന ദിവസം ഭയങ്കര ബഹളം ആ വീട്ടില്‍ നിന്നും പതിവായിരുന്നു

ഒരുനാള്‍ അയാള്‍ വന്നത് എവിടെനിന്നോ കിട്ടിയ ഒരു നാഗപ്രതിമയുമായാണ്
അയാള്‍ അത് അരളി മരത്തിന്നു ചോട്ടില്‍ വെച്ച് ആരാധന തുടങ്ങി ..
പിറ്റേന്ന് പലരും ആ വീട്ടിലും പരിസരത്തും പാമ്പുകളെ കണ്ടു തുടങ്ങി ചിലര്‍
അയാളെ ഉപദേശിച്ചു ..ഈ വിഗ്രഹം ഇവിടെ വെച്ചതില്‍ പിന്നെയാണ്
ഇങ്ങനെ പാമ്പുകളെ കാണുന്നത് ..നീ ഇതു എവിടെ നിന്നും കിട്ടിയോ
അവിടെ കൊണ്ട് പോയി വെക്കുക ...മിക്ക സമയത്തും ചാരായം കുടിച്ചു
ലഹരിയില്‍ നടക്കാറുള്ള അയാള്‍ വിഗ്രഹം അടുത്തുള്ള ഒരു തോട്ടില്‍
വലിച്ചെറിഞ്ഞു

ദുര്‍ഗ..അയാളുടെ മകള്‍ ..അവള്‍ക്കന്ന് പത്തു പതിനൊന്നു വയസുകാണും
ഒരല്‍പം അകലെ ഒരു വീട്ടില്‍ അടുക്കളജോലിക്ക് അവള്‍ പോകാറുണ്ടായിരുന്നു
ജോലിക്കിടയില്‍ ആ വീട്ടില്‍ നിന്നും കൊടുത്ത ആഹാരം അടുക്കള വരാന്തയില്‍
ഇരുന്നു കഴിക്കവേ എവിടെനിന്നോ വന്ന ഒരു കരിമൂര്‍ഖന്‍ അവളെ കടിച്ചു
അവള്‍ പിന്നെ അധിക സമയം ജീവിച്ചില്ല ...............

ഇതു നടന്ന സംഭവമാണ് ..വിശ്വസിച്ചാലും ഇല്ലെങ്കിലും ......

Friday, November 19, 2010

വില്ലുകെട്ടിയ വണ്ടി

മലയടിവാരത്തില്‍ വിശാലമായ നെല്പാടം. ചെമ്മണ്‍ പാതയിലൂടെ
വില്ലുകെട്ടിയ കാളവണ്ടിയില്‍ നിന്നും സ്വാമി ഇറങ്ങി

വെളുത്ത്‌ തടിച്ച ശരീരം ...അലക്കി തേച്ച വേഷ്ടി ..ചന്ദന കുറിയും
ചുവന്ന പൊട്ടും ചീകിയൊതുക്കിയ മുടിയും പ്രൌഡി വിളിച്ചോതുന്നു

തമ്പുരാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി കുനീഞ്ഞ ശിരസും അഴിചിട്ട
മുണ്ടിനുമേല്‍ തോര്‍ത്തും കെട്ടി കയ്യില്‍ കൊയ്യാനുള്ള അരിവാളുമായി
കോരന്‍ പുറകെ നടന്നു വിളഞ്ഞു നില്‍ക്കുന്ന വയലേലകളില്‍ നിന്നും
ചൂളം വിളിച്ചു കിഴക്കന്‍ കാറ്റു വീശി . പാടത്തിന്നു നടുവിലൂടെ പോകുന്ന
തോട്ടുവരമ്പില്‍ സ്വാമി നിന്നു ഭക്തിയോടെ കോരനും

..സ്വാമി ഒരുനെല്‍കതിര്‍ പൊട്ടിച്ചു ..നെല്‍മണികള്‍ കയ്യില്ലിട്ടു എണ്ണി .
നോക്കെത്താദൂരത്തെ വിളഞ്ഞു നില്‍കുന്ന പാടത്തേക്കു നോക്കി കൊരനോട് പറഞ്ഞു

കൊണ്ടുവാ ഇല്ലത്തേക്ക് മുനൂറുവണ്ടി നെല്ല് പാട്ടമായി ഉടനെ .....

കോരന്‍ ഒരുനിമിഷം തരിച്ചു നിന്നു പിന്നെ ഭയത്തോട് കൂടി പറഞ്ഞു
തമ്പുരാനെ അത്രയ്ക്ക് നെല്ല് കൊയ്താല്‍ ഉണ്ടാവില്ല ..ദയകാണിക്കണം
ഒരുകതിര്‍ എണ്ണിയാല്‍ ..ഒരുനോക്കു കണ്ടാല്‍ എനിക്കറിയാം എത്ര
നെല്ലുണ്ടാവും എന്ന് ...സ്വാമി അലറി .
..ഒരുനിമിഷം കാറ്റുപോലും
നിലച്ചു ...സൂര്യന്‍ മേഘ പാളികളില്‍ മറഞ്ഞു ...

കോരന്‍ കരഞ്ഞു പറഞ്ഞു ..ഇല്ല തമ്പുരാന്‍ നൂറ്റമ്പത് വണ്ടിക്കുമേല്‍
നെല്ലില്ല തമ്പുരാന്‍ അടിയന്‍ എവിടുന്നു തരും ഇത്രയധികം പാട്ടം

എനിക്ക് കണ്ടാലറിയാം ....സ്വാമി വീണ്ടും അലറി ...
കോരന്‍ അരിവാള്‍ എടുത്തു ..തോട്ടിലേക്ക് സ്വാമിയെ തള്ളിയിട്ടു
നെഞ്ചത്ത് കയറിയിരുന്നു കോരന്‍ അലറി ...ഈ കണ്ണുകള്‍ ഇനി
കാണേണ്ട ...അരിവാളിന്റെ കൂര്‍ത്ത മുനകള്‍ കണ്ണിലേക്കു കുത്തിയിറക്കി
കോരന്‍ വീണ്ടും അലറി ..ഇനി നീ ജീവിക്കേണ്ട ....അരിവാള്‍ കൊണ്ട്
ഒരുപാടു പ്രാവശ്യം വെട്ടി .

.തോട്ടിലെ വെള്ളം ചുവന്നു .....കാറ്റു വീണ്ടും വീശി ...സൂര്യന്‍ കണ്‍‌തുറന്നു

അമാവാസി രാവില്‍ രാത്രിയുടെ ഏതോ യാമത്തില്‍ വില്ലുകെട്ടിയ
വണ്ടിയില്‍ വെളുത്ത അലക്കി തേച്ച വേഷ്ടിയുടുത്തു സ്വാമി
ആ നെല്‍പ്പാടങ്ങളില്‍ കതിര്‍ എണ്ണാന്‍ വരും ..കാളകളുടെ
കുളമ്പടി ശബ്ദം ...പിന്നാലെ നായ്ക്കളുടെ ഓരിയിടല്‍ ............

(ഞങ്ങളുടെ നാട്ടില്‍ എന്റെ ചെറുപ്പത്തില്‍ പറഞ്ഞുകേട്ട ഒരു മിത്ത് )

Thursday, November 18, 2010

മനസുമനസിന്റെ കാതില്‍ ..........

ഇന്ന് നേരത്തെ ഉണര്‍ന്നു ...പുറത്തേക്കിറങ്ങി
പ്രഭാതത്തിലെ ആകാശം കണ്ടിട്ടോരുപാടുനാളായി
വൃചികമാസത്തിന്റെ പുണ്യം പേറി അയ്യപ്പന്‍ പാട്ടുകളുടെ ചീലുകള്‍
അടുത്തുള്ള അമ്പലത്തില്‍ നിന്നും ഒഴുകി വരുന്നു...ഒരു കാര്യം
പ്പെട്ടന്നോര്‍മ വന്നു
ഏകദേശം മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതുപോലത്തെ
ഒരു വൃചിക പ്രഭാതത്തില്‍ എന്റെ നാട്ടിലെ അമ്പലത്തില്‍ നിന്നും
പാട്ടുകള്‍ ഇതുപോലോഴുകിവരുന്നു. ആ സമയത്തിറങ്ങിയ
ചോറ്റാനിക്കര ഭഗവതി എന്ന സിനിമയിലെ

ചോറ്റാനിക്കര ഭഗവതി ...കാരണ രൂപിണി കാരുണ്യ ശാലിനി....

നല്ല വരികള്‍ കേള്‍ക്കാന്‍ നല്ല ഇമ്പം ..അന്നത്തെ മനസുവെച്ചു
ഇതിലെല്ലാം അമിതമായ ഭക്തി ലഹരി കാണുന്ന സമയം ആയതുകൊണ്ട്
അതില്‍ ലയിച്ചു ഇരിക്കുന്ന നേരത്ത് അടുത്ത പാട്ടും

മനസു മനസിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിക്കും മധുവിധു രാത്രി ..മന്ത്രിക്കും മധുവിധു രാത്രി

അന്ന് ഗ്രാമഫോണ്‍ റെക്കോര്‍ഡ്‌ ഒന്നിലതികം പാട്ടുകളുംമായാണ്
പുറത്തിറങ്ങിയിരുന്നത്

Wednesday, November 17, 2010

പ്രപഞ്ചസത്യം

ഒരാള്‍ " ഒന്നും മനസിലായില്ല" " ഒന്നും മനസിലായില്ല" എന്നു പറഞ്ഞുകൊണ്ട്
നടന്നു പോയി ...നാട്ടുകാര്‍ എന്നും ഈ മനുഷ്യന്‍ ഇങ്ങനെ പറഞ്ഞു നടക്കുന്നത്
ശ്രദ്ധിക്കാറുണ്ട് ...പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ...ഈ ആളെ കുറെ വര്‍ഷങ്ങള്‍
ആരും കണ്ടില്ല പിന്നീടൊരു ദിവസം അയാള്‍ വീണ്ടും ആ നാട്ടില്‍ തിരിച്ചെത്തി ..'.എല്ലാം
മനസ്സിലായി എല്ലാം മനസ്സിലായി ' എന്നു പറഞ്ഞു നടന്ന അയാളോട് ആളുകള്‍ ചോദിച്ചു
കുറെ കാലം ഒന്നും മനസിലാകുന്നില്ല എന്നു പറഞ്ഞ താങ്കള്‍ക്ക് ഇപ്പോള്‍ എന്താണ്
മനസിലായത് .....ഒരു ജന്മത്തില്‍ ഒന്നും മനസില്ലാക്കാന്‍ പറ്റില്ല എന്നു ഇപ്പോള്‍ മനസിലായി

Tuesday, November 16, 2010

വംശമില്ലാത്ത മലയാളി

കവി കുഞ്ഞുണ്ണി മാസ്റ്റര്‍ ഒരിക്കല്‍ അതിയാരത് വെച്ച് എന്നോട് പറയുകയുണ്ടായി
മലയാളിക്ക് അവകാശപ്പെടാന്‍ ഒരു വംശമില്ല എന്ന് ...ഞങള്‍ രാജപുത്രരാണ്..അല്ലെങ്കില്‍
ഞങള്‍ ആര്യന്മാരാണ്‌..അല്ലെങ്കില്‍,,ഞങള്‍ യാദവര്‍ ആണ് അല്ലെങ്കില്‍ ദ്രാവിഡര്‍ ആണ്
എന്നെല്ലാം അവകാശപെടുമ്പോള്‍ നമ്മള്‍ മലയാളികള്‍ക്ക് അവകാശപെടാന്‍ ഒരു
വംശം ഉണ്ടോ .?
പരശുരാമന്‍ മഴു എറിഞ്ഞു കടലില്‍ നിന്നും വീണ്ടെടുത്ത ഈ മണ്ണ് ശാപമോക്ഷത്തിനായി
ബ്രാമണര്‍ക്ക് ദാനം നല്‍കി ...നൂറ്റിഎട്ടു ശിവ ക്ഷേത്രങ്ങളും നൂട്ടിഎട്ടു ദേവി ക്ഷേത്രങ്ങളും നൂറ്റിഎട്ടു
വിഷ്ണു ക്ഷേത്രങ്ങളും നിര്‍മിക്കുകയും ഈ മണ്ണിനെ കാക്കാന്‍ മല മുകളില്‍ ശാസ്താവിനെ
കുടിയിരുത്തുകയും ഈ മണ്ണിലെ ലവണ ജലം വലിച്ചു കടലിലേക്ക്‌ മാറ്റി പകരം ശുദ്ധജലം
എത്തിക്കുകയും ചെയ്ത വാസുകിയുടെ സ്മരണാര്‍ത്ഥം സര്‍പ്പ കാവുകളും നിര്‍മിച് ഈ
പുണ്യഭൂമിക്ക് അവകാശികളാക്കിയ ബ്രാഹ്മണരെ സേവിക്കാന്‍ പലഭാഗത്ത് നിന്നും
വന്ന പല വംശങ്ങളുടെ സംസ്ക്കാരം ഏറ്റു വാങ്ങിയ മലയാളിക്ക് എങ്ങിനെ സംസ്കാരം
ഇല്ലാതായി ...ഭാരതത്തിന്റെ സംസ്കാരത്തിന് യോജിക്കാത്ത മിത്തുകള്‍. ഉദാഹരണത്തിന്ന്
മഹാവിഷ്ണു ചവിട്ടി താഴ്ത്തിയ മാവേലിയെ....ഇവിടെ വാഴ്തിപാടുമ്പോള്‍
ഭാരത സംസ്കാരം അല്ലെ ചവുട്ടി താഴ്ത്തപെടുന്നത് .ഭാരതം മുഴുവന്‍ ആഘോഷിക്കുന്ന
നവരാത്രിയും ദീപാവലിയും ഇവിടെ നാമ മാത്രമാകുകയും ചെയ്യുമ്പോള്‍ നാം ഭാരതീയരാണോ
എന്ന സംശയം പോലും തോന്നിപോകുന്നു ..എല്ലാം ഒരു സങ്കല്പമല്ലേ എന്നാവും പലരുടെയും
ചിന്ത ..ശരിയാണ് ..പക്ഷെ മിത്തുകളെ വളച്ചൊടിച്ചു സംസ്കാരത്തിനുതന്നെ വെല്ലുവിളിയായി
നമ്മള്‍ ആഘോഷിക്കുന്ന ഈ ഓണം നിരോധിക്കുകയോ ..ചെറുതാക്കി നമ്മുടെ കാര്‍ഷിക
സംസ്കാരത്തിന്റെ ഭാഗമാക്കുകയും ചെയേണ്ട സമയം കഴിഞ്ഞിരിക്കുന്നു കുത്തകകളും
തുണി വ്യാപാരികളും ഓണത്തിന്റെ പേരില്‍ രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപ വരെ ഇവിടെ നിന്നും
കൊണ്ടുപോകുകയും ചെയ്യുന്നത് നമുക്ക് സഹിക്കാവുന്നതിലും കൂടുതലല്ലേ എന്നിട്ടും എന്തെ മൌനം
പാലിക്കുന്നു ...ഓണം കാര്‍ഷിക സംസ്കാരത്തിന്റെ ആഘോഷമാണോ ...എങ്കില്‍
കാര്‍ഷിക സംസ്കാരം എന്നൊന്ന് ഇവിടെ ഉണ്ടോ ..ടീവിയില്‍ താരങ്ങള്‍
മിന്നിമറഞ്ഞു ഓണം ആശംസിക്കുമ്പോള്‍ വായും പൊളിച്ചിരുന്നു കാണുന്ന നമ്മള്‍
മലയാളികള്‍ തന്നെ ആണോ ....

നമ്മള്‍ മലയാളികള്‍ മറുനാട്ടില്‍ ചെല്ലുന്നു ..അവരുടെ സംസ്കാരം നമ്മളെ ആദരിക്കുകയും
നമ്മളെ അവരിലൊരാളായി കാണുകയും ചെയ്യുമ്പോള്‍ നമ്മള്‍ ഇവിടെ ജീവിക്കാന്‍ വരുന്ന മറുനാട്ടുകാരോട്
എങ്ങിനെയാണ്‌ പെരുമാറുന്നത് ....നമ്മള്‍ മാറേണ്ടിയിരിക്കുന്നു ...ഒരുപാടൊരുപാട്

VELLACHI

നിര്‍വചിക്കാനാവാത്ത...നമ്മുടെ ബുദ്ധിക്കു അതീതമായ പലതും നമുക്ക് ചുറ്റും
ഉണ്ടെന്നു വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു

ഒരു നിര്‍വചിക്കാനാവാത്ത ഒരു സംഭവം

മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ഞാന്‍ ടാറ്റാ
നഗറില്‍ നിന്നും തിരിച്ചു നാട്ടിലെത്തി. നല്ലൊരു ഉച്ചയുറക്കത്തിനു ശേഷം
സന്ന്ധ്യയോടെ റോഡിലേക്കിറങ്ങി...രാത്രി എട്ടുമണിയോടെ തിരിച്ചു
വീട്ടിലേക്കു മടങ്ങി..വെളിച്ചം കുറവായ ഒരു ഇടവഴിയിലുടെ. ഒരു സിഗരറ്റിന്റെ
വെളിച്ചവും ഇടവഴിയിലേക്ക് തെളിയുന്ന റാന്തല്‍ വിളക്കിന്റെ മങ്ങിയ വെളിച്ചവും മാത്രം
ദിവസേന പോകാറുള്ള വഴിയായതുകൊണ്ട് മുന്നോട്ടു പോകാന്‍ പ്രയാസമില്ലായിരുന്നു
ചീവിടെന്റെ ചിലമ്പിച്ച നാദവും അകലെ നിന്നും കേള്‍ക്കുന്ന പട്ടിയുടെ ഓരിയിടലും
ഒഴിച്ചാല്‍ മറ്റൊരു ശബ്ദവും കൂട്ടിലായിരുന്നു...വീടെത്താന്‍ ഒരല്‍പം ദൂരം
മാത്രം...ഇടവഴിയില്‍ നിന്നും ഒരു ചോദ്യം ...ഉണ്ണി എപ്പോള്‍ വന്നു ....മങ്ങിയ
വെളിച്ചത്തില്‍ ആളെ തിരിച്ചറിഞ്ഞു വെള്ളച്ചി ..അതാണവരുടെ പേര്‍ ..പേരുപോലെ
വെളുത്ത മുടികെട്ടും നിറവും ഉള്ള അവരെ ഏതിരിട്ടിലും കാണാന്‍ പ്രയാസമില്ല
ഇന്ന് രാവിലെ എത്തി ..ഞാന്‍ പറഞ്ഞു ..സുഖം തന്നെ അല്ലെ എന്ന അവരുടെ
ചോദ്യത്തിന്നു അങ്ങെനെ പോകുന്നു എന്ന ഒരൊഴുക്കന്‍ മറുപടിയോടെ ഞാന്‍
യാത്ര തുടര്‍ന്ന്‍ വീട്ടില്‍ എത്തി

അത്താഴം കഴിഞ്ഞു വര്‍ത്തമാനത്തിനിടയില്‍ ഞാന്‍ വെള്ളച്ചിയെ കണ്ട കാര്യം
അമ്മയോട് പറഞ്ഞു ... അമ്മയുടെ മുഖംപെട്ടന്ന് വല്ലാതായി...നീ എന്താ പറഞ്ഞത്
വെള്ളച്ചിയെ കണ്ടുവെന്നോ ....അവര്‍ നീ പോയി ആറുമാസം കഴിഞ്ഞപ്പോള്‍
മരിച്ചുപോയി ..നിനക്ക് തോന്നിയതാവാം
അല്ലേ അല്ല .....തോന്നലല്ല ........ ഞാന്‍ കണ്ടതാണ് എന്നുറക്കെ പറയാന്‍ തോന്നി

ഒന്നും മിണ്ടിയില്ല ...എന്റെ മനസിന്റെ തോന്നലായിരുന്നുവോ...മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം
ഞാന്‍ തീര്‍ത്തു പറയുന്നു ...ഞാന്‍ വെള്ളച്ചിയെ കണ്ടു ......സംസാരിച്ചു .........
മറ്റൊന്നും എനിക്കറിയില്ല ........

Monday, November 15, 2010

ഗീത റാണി

ബാല്യം....ഒരു ജന്മത്തിലെ മധുരം നുണയുന്ന പുണ്യ ദിവസങ്ങള്‍ ..കളിച്ചും
ചിരിച്ചും കരഞ്ഞും പിന്നെ എല്ലാം മറന്നും കഴിഞ്ഞ നാളുകള്‍. ഇപ്പോള്‍
തിരിഞ്ഞു നോക്കുമ്പോള്‍ ആ നല്ല ദിനങ്ങള്‍ ഒരായിരം ഓണ പൂക്കളങ്ങള്‍
പോലെ സുന്ദരവും സുഗന്ധ പൂരിതവുമാണ് .

..എനിക്കും ഒരു ബാല്യമുണ്ടായിരുന്നു.ചിരിച്ചും കളിച്ചും എല്ലാം മറന്നു ജീവിച്ച
നാളുകള്‍ ...അതിന്റെ ഓര്‍മ്മകള്‍ നിറമുള്ളഒരോണ പൂക്കാലം പോലെ മനോഹരമാണ്
ഒരുപാടു സന്തോഷിച്ച ആ നാളുകളില്ലോന്നു ഒരു തീച്ചൂള പോലെ നീറി നീറി പിന്നെടെപ്പോഴോ
അണഞ്ഞു പോയെങ്കിലും ചാരംമൂടിയ ഓര്‍മ്മകള്‍ക്കടിയില്‍ ഒരു കനല്‍ കട്ട എന്നും എരിഞ്ഞിരുന്നു

റെയില്‍വേ കോളനിയുടെ ടാറിട്ട റോഡുകള്‍ ചുവന്ന കാട്ടുപൂക്കള്‍ വീണെന്നും
ഒരു പരവതാനി വിരിച്ച പോലെ മനോഹരമായിരുന്നു..കണ്ണുകള്‍ക്ക്‌ തെളിച്ചം
വന്നൊരു നാളില്‍ ഒരു കൊച്ചുകൂട്ടുകാരി ..ഗീത റാണി ..അതായിരുന്നു അവളുടെ
പേര്‍ ..വര്‍ഷങ്ങള്‍ ഒരുപാടൊരുപാട് കടന്നുപോയി എന്നാലും ഇപ്പോളും ഓര്‍മ്മകള്‍
ഒരു നൊമ്പരമായി മനസിലെവിടെയോ നീറി പടരുന്നു...എന്നും ഓര്‍മയില്‍
അവളുണ്ടായിരുന്നു ...ഒരുവാക്കുപോലും പറയാന്‍ കഴിയാതെ വിടപറഞ്ഞു പോയ
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ..എന്റെ വിരലുകളില്‍ പിടിച്ചുകൊണ്ടു എന്നും
അവള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു..ഒരുമിച്ചു കളിച്ചു വളര്‍ന്ന നാളുകള്‍ .
പൂക്കള്‍ പറിച്ചും തുമ്പിയെ പിടിച്ചും കല്ലുകളിച്ചും ഒളിച്ചു കളിച്ചും നടന്ന
നാളുകള്‍ പിന്നിട്ടു ഞങള്‍ ഒരേ ക്ലാസ്സില്‍ ഒരുമിച്ചിരുന്നു പഠിച്ചു ..ഒരുമിച്ചു
ആഹാരം കഴിച്ചു ...ഒഴിവു ദിവസങ്ങളില്‍ ഞങള്‍ അച്ഛനും അമ്മയും
ആയി...ആഹാരം ഉണ്ടാക്കി കളിച്ചു ....റെയില്‍വേയുടെ വിശാലമായ
വഴികളിലൂടെ മൂന്ന് ചക്ക്രമുള്ള സൈക്കിള്‍ ഓടിച്ചും ഇണങ്ങിയും പിണങ്ങിയും
നാളുകള്‍ പോകവേ ...ഒരു ദിവസം സ്കൂള്‍ വിട്ടു വരുമ്പോള്‍ ചുവന്ന
കാട്ടുപൂക്കള്‍ നിരന്ന റോഡില്‍ നിന്നും ഒരു ചെറിയ പക്ഷികുഞ്ഞിനെ ഞങ്ങള്‍ക്ക്
കിട്ടി ..ഒരുപാടു സന്തോഷിച്ചു ഞങള്‍ .പക്ഷികുഞ്ഞിനെ ഒരു കടലാസുപെട്ടിയില്‍
വളര്‍ത്താന്‍ തീരുമാനിച്ചു ..ഗീതയുടെ വീടിനു മുന്‍പില്‍ എത്തിയപ്പോള്‍
കുറച്ചാളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നു ..വീട്ടുമുറ്റത്ത് എത്തിയ ഗീതയെ
ആരെല്ലാമോ വിളിച്ചകത്തു കൊണ്ടുപോയി ..ഒന്നും മനസിലാകാതെ
ചിറകു മുളക്കാത്ത പക്ഷികുഞ്ഞുമായി കുറച്ചുനേരം ഞാന്‍ വെളിയില്‍ നിന്നു
പിന്നീടു വീട്ടിലെത്തിയ ഞാന്‍ അറിഞ്ഞു ...ഗീതയുടെ അച്ഛന്‍ മരിച്ചുവെന്ന്
മരണം എന്തെന്നറിയാത്ത ഞാന്‍ വീണ്ടും എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ
കാണാന്‍ വഴിയില്‍ ഇറങ്ങി ...

വെള്ള നിറമുള്ള ഒരു വാന്‍ പുറപ്പെടുന്നു
ഓടി അതിന്റെ അരികില്‍ എത്തിയ ഞാന്‍ ചില്ല് ജാലകത്തിനപ്പുറം
എന്റെ പ്രിയപെട്ടവളുടെ കുഞ്ഞുകൈകള്‍ എന്നെ നോക്കി ടാറ്റാ കാണിക്കുന്നു
ഒന്നും അറിയാതെ ...കളിയ്ക്കാന്‍ വരാത്ത കൂടുകരിയോടു കെറുവിച്ചു ഞാന്‍
വീട്ടിലെത്തി ....
പിറ്റേന്ന് കാലത്ത് അടഞ്ഞു കിടന്ന വീടിന്നു മുന്‍പില്‍ ഞാന്‍ ഒരു മാത്ര
നിന്നു...ആരോ പറഞ്ഞു ..
.ഇനി ഇവര്‍ തിരിച്ചുവരില്ല ........
അന്ന് വൈകുന്നേരം ആ പക്ഷികുഞ്ഞും വിട പറഞ്ഞു ........
പതിറ്റാണ്ടുകള്‍ കഴിഞ്ഞു ...
കണ്ണുകള്‍ നിറയുന്നു ...വിട പറയാതെ പോയ കൂട്ടുകാരിയെ
കാണാന്‍ മനസ് കൊതിക്കുന്നു ..........

Sunday, November 14, 2010

ഒരു യാത്രയുടെ ഓര്‍മ്മക്കായി അല്ലെങ്കില്‍ ......ഒരു ആത്മ പ്രണാമം

രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടു ആ യാത്ര... പക്ഷേ ഒരു മൌന നൊമ്പരമായി
മനസിന്റെ ഇടനാഴികളില്‍ ഒരു തേങ്ങലായി അതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും
ഒരു തുണ്ട് മേഘപാളിപോലെ കടന്നുപോകുന്നു.
മിനിമോള്‍ എന്നായിരുന്നു എന്റെ സഹയാത്രികയുടെ പേര്‍...തൃശൂര്‍ സ്റ്റേഷന്‍
കഴിഞ്ഞപ്പോള്‍ ഞങള്‍ പരസ്പരം പരിചയപെട്ടു ..തിരുവന്തപുരം വരെ ഒരു
കൂട്ടുകിട്ടിയത്തില്‍ സന്തോഷിച്ചു നിമിഷങ്ങള്‍ പിന്നിട്ടപ്പോള്‍ മുകളിലെ ബെര്‍ത്തില്‍
നിന്നും ഒരു ചുമയുടെ ശബ്ദം...എന്റെ ഭര്‍ത്താവാണ് ....ആര്‍ സി സി യില്‍ പോകുകയാണ്
മിനിമോള്‍ പറഞ്ഞു ...അവളുടെ കണ്ണുകളില്‍ നിന്നും വീണ ഒരിറ്റു കണ്ണുനീര്‍ ആരും കാണാതെ
തുടച്ചിട്ടു പറഞ്ഞു ..രണ്ടു വര്‍ഷമായി അസുഖം തുടങ്ങിയിട്ട്..ഇപ്പോള്‍ കീമോ
കൊടുക്കാന്‍ കൊണ്ടുപോകുകയാണ്
അവള്‍ പറഞ്ഞു ...സണ്ണി നന്നായി പാടും ..പ്രാര്‍ത്ഥന സമയത്ത് അടുത്തുള്ള എല്ലാവരും
സണ്ണിയുടെ പാട്ടുകേള്‍ക്കാന്‍ വരും...അവളുടെ മുഖം ഒന്നുപ്രകാശിച്ചു അതുപറഞ്ഞപ്പോള്‍.
പുടുക്കാട്‌ കഴിഞ്ഞപ്പോള്‍ സണ്ണി മുകളില്‍ നിന്നിറങ്ങി വന്നു ....ഒരല്പം ആഹാരം കഴിച്ചിട്ട്
വീണ്ടും മുകളില്‍ പോയി കിടന്നു ...മിനി പറഞ്ഞു ..നോക്ക് ഇപ്പോള്‍ ആകെ കറുത്ത് പോയി
എന്റെ നിറം ഉണ്ടായിരുന്നു ....
ഒരു ഫോണ്‍ വന്നു ..മിനി പറഞ്ഞു R C C യില്‍ ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരിയുടെതാ
ഒരുപാടുപേര്‍ ഉണ്ടായിരുന്നു ..പലരും വിളിക്കാതെയായി ..സണ്ണിയും ഒന്നുരണ്ടുപേരും ഒഴുകെ
എല്ലാവരും പോയി...........
പുറത്തേക്കുനോക്കിയിരിക്കുന്ന മിനിമോളെ ഞാന്‍ വെറുതെ നോക്കിയിരുന്നു ...............
.പാവം മുപ്പതു വയസുപോലും ആയിട്ടില്ല ..ഇനി എത്ര ദൂരം പോകാന്‍ ബാക്കി കിടക്കുന്നു ...
എല്ലാം വിധിയല്ലേ ..എന്തുചെയ്യാന്‍ പറ്റും...
മിനിമോള്‍ പറഞ്ഞു ..അസുഖം ആവുന്നതിനുമുന്പ് സണ്ണി എന്നും വൈകുന്നേരങ്ങളില്‍
ജില്ലാ ആശുപത്രിയില്‍ പോകും അവിടെ വേദനിക്കുന്ന രോഗികളെ സഹായിക്കും
അവരെ സമാധാനിപ്പിക്കും ...അവര്‍ക്ക് ആഹാരം വാങ്ങി കൊടുക്കും എന്നും അവര്‍ക്കായി
പ്രാര്‍ത്ഥിക്കും ...മിനിയുടെ കണ്ണുകള്‍ നിറയുന്നത് നോക്കി ഒരക്ഷരം പറയാനാകാതെ
മനസ് തേങ്ങി ...ഒടുവില്‍ ഞാന്‍ പറഞ്ഞു ...മിനി വേദനിക്കരുത് ...ഒന്നും വരില്ല ..ഇത്രയും
നല്ല മനസുള്ള സണ്ണി ഒരിക്കലും മിനിയെ വിട്ടുപോകില്ല ...ഉറപ്പാ.. അവള്‍ ഒന്നു പുഞ്ചിരിച്ചു
എന്നെ സമാധാനിപ്പിക്കാന്‍ പറയുകയാ അല്ലെ ....ഞാന്‍ പറഞ്ഞു ...ഒരിക്കലും അല്ല
ഞാന്‍ സത്യമായി പറയുന്നു ...സണ്ണി ഒരുപാടുകാലം ജീവിക്കും ....അവളുടെ തേങ്ങല്‍
ശക്തിയായി ...ഒന്നു ചേര്‍ത്തുനിര്‍ത്തി സമാധാനിപ്പിക്കാന്‍ മനസ് കൊതിച്ചു ...പക്ഷേ
എന്ത് ചെയ്യാം ...
ട്രെയിന്‍ തിരുവന്തപുരം എത്താറായി ..ഞാന്‍ പറഞ്ഞു ..മിനിയെ ഇനി കാണുമ്പൊള്‍
എല്ലാ വിഷമവും മാറി സന്തോഷത്തോടെ കാണും ഉറപ്പാ ........അവള്‍ തേങ്ങി കരഞ്ഞു
ഒരല്പം കഴിഞ്ഞപ്പോള്‍ അവള്‍ പതുക്കെ പറഞ്ഞു ...കഴിഞ്ഞ പ്രാവശ്യം ഡോക്ടര്‍ പറഞ്ഞു
ഇനി ഇങ്ങോട്ട് കൊണ്ടുവരണ്ട...ഇനി ഒന്നും ചെയ്യാന്‍ ഇല്ല .
...എന്നാലും വെറുതെ
കൊണ്ടുപോയി ഡോക്ടറെ കാണിച്ചില്ലേല്‍ സണ്ണി വിചാരിക്കും..
.മരണം അടുത്തെത്തി എന്ന് ....
.ഈ തിരിച്ചുവരവില്‍ ...ഞാന്‍ തനിയെ ആകും ......


ഒരുഉഷ്ണ കാറ്റ്വീശി ..എന്റെ സിരകളില്‍ അതൊരു കൊടുംകാറ്റായി ............
ഒതുങ്ങാത്ത ഒരു തേങ്ങലായി .................
]

കാലം

നീണ്ട പ്രവാസത്തിനോടുവില്‍ അയാള്‍ തന്റെ ഗ്രാമത്തിലെത്തി
എല്ലാം ആകെ മാറിയിരിക്കുന്നു...പഴമ മണക്കുന്ന തന്റെ മുറിയില്‍
എത്തിയപ്പോള്‍ ഒരു കൌമാരക്കാരന്റെ മനസോടെ അയാള്‍
ഒരുനിമിഷം തന്റെ ജനാലക്ക് അപ്പുറം എന്നും വന്നൊളികണ്ണാല്‍
നോക്കുന്ന പാവാടയുടുത്ത ആ പെണ്‍കുട്ടിയെ ഓര്‍ത്തുപോയി
ഒന്നുകാണണം..തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ...സമീപത്തെ
കുന്നിന്‍ചെരുവില്‍ അവളെ കാത്തിരുന്നതും അമ്പലത്തില്‍ നിന്നും
തോഴുതുമടങ്ങുന്ന അവളുടെ അടുത്തിരിക്കുമ്പോള്‍....ചന്ദനം തൊട്ട
ആ നെറ്റിയില്‍ കുറുനിരകള്‍ മാടി ഒതുക്കുമ്പോള്‍.. ചന്ദന പരിമളം
പരത്തിയ ഇളംകാറ്റിന്റെ സുഗന്ദം അയാള്‍ വീണ്ടും അനുഭവിച്ചു
അവളെ ഒരുനോക്കു കാണാന്‍ അയാള്‍ കൊതിച്ചു
അന്വേഷണത്തിനൊടുവില്‍ അയാള്‍ ആ വീട്ടുമുറ്റത്ത് എത്തി
നിലവിളക്ക്നുമുന്പില്‍ നാമം ചൊല്ലുന്ന അവളെ ഒരു മാത്ര
അയാള്‍ നടുക്കത്തോടെ നോക്കി ...ആ കുറുനിരകളില്‍ വെള്ളിനിറം
ഒരുനിമിഷം അയാള്‍ ചിന്തിച്ചു ..വരേണ്ടിയിരുന്നില്ല

ഇനിയൊരിക്കലും ചന്ദനം മണക്കുന്ന കാറ്റില്‍ കുറുനിരകള്‍
മാടിയോതുക്കുന്ന ...പൂനിലാവില്‍ ആകാശത്തെ നക്ഷത്രങ്ങള്‍ നോക്കി
തന്റെ മടിയില്‍ കിടന്നിരുന്ന തന്റെ പ്രിയപെട്ടവള്‍ എത്രയോ
കാതം അകലെയായി ...ഒരിക്കലും തിരിച്ചുവരനാകാത്ത
അകലത്തില്‍ .................

Saturday, November 13, 2010

ചിതറിയ വളപൊട്ടുകള്‍

കരിയിലകള്‍ പരന്നുകിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍
അന്ന് ശൂന്യമായിരുന്നു...അലസമായി എത്രനേരം
അടുത്ത വണ്ടിക്കായി കാത്തിരിക്കണം ...വെറുതെ
നടക്കാം ചിതറിയ വളപൊട്ടുകളും...ഉണങ്ങിയ
രക്തകറയും ഒരു പട്ടുപാവാട തുണ്ടും
കണ്ടു ഞാന്‍ ഒരു നിമിഷം വിറങ്ങലിച്ചു നിന്നു...
അപ്പോള്‍ വീശിയ കിഴക്കെന്‍ കാറ്റില്‍ ഒരു
വിലാപം ഞാന്‍ കേട്ടുവോ.............
ഒരു ആത്മവിലാപം

ആദ്യമായി കണ്ടപ്പോള്‍ എന്താണ് തോന്നിയത് ഒന്ന് ഓര്‍ത്തുനോക്കൂ ...ഒന്നും ഓര്‍മയില്‍ വരുന്നില്ലേ
ഒരുപാട് ദിവസം എന്റെ മനസിനോട് ഞാന്‍ ചോദിച്ചു...ആരാണീകുട്ടി..എവിടെയോ കണ്ടുമറന്ന ഓര്‍മയില്‍
തെളിയാത്ത ഈ മുഖം ആരുടെതാണ് ..പിന്നെ ഏതോ ഒരു നിമിഷം ഓര്‍മയില്‍ ആ മുഖം തെളിഞ്ഞു
..അപ്പോള്‍ സ്വയം ചോദിച്ചു
ഈ മുഖം എത്ര പെട്ടന്ന് നീ മറന്നുപോയോ ...എത്ര രാത്രികളില്‍
നിന്റെ കയികളില്‍ തലചായിച്ചുറങ്ങിയ നിന്റെ പ്രാണ പ്രേയസിയുടെ
രൂപം ....
ഈ നിമിഷത്തില്‍ എല്ലാം ഓര്‍മയില്‍ വരുന്നു ...ഏതോ താഴ്വരയില്‍
മഞ്ഞു പെയ്ത ഒരു രാത്രിയുടെ ഏതോ യാമത്തില്‍ എന്നെ വിട്ടുപോയ
ആ നീല കണ്ണുകളുള്ള പെണ്‍കുട്ടി ...അവള്‍ എന്റെതുമാത്രം ആയിരുന്നു
എന്റെ വിരലുകളില്‍ വിരലുകള്‍ അമര്തിപിടിച്ചുകൊണ്ട് നിലാവ് പെയ്തിറങ്ങുന്ന
രാവുകളില്‍ എന്റെ മടിയില്‍ തലചായിച്ചു ഉറങ്ങിയ എന്റെ പ്രിയപെട്ടവള്‍..
....പിന്നെ ആ ഓര്‍മകള്‍
ഏതോ ജന്മ വീഥികളില്‍ കയ്മോശം വന്നുപോയി ..പക്ഷേ ഒരു വേദനയുടെ
നേരിപോടുമായി ഈ കാലമത്രയും ...കാത്തിരുന്നത് ..ഈ നിമിഷത്തിനു വേണ്ടിയായിരുന്നു
താഴ്വാരത്ത് മഴ പെയ്തിറങ്ങുമ്പോള്‍ ...എന്നെയും കാത്തു നീ നിറഞ്ഞ മിഴികളുമായി
കാത്തിരുന്നതും ..നമ്മള്‍ ഒഴുകി നടന്ന ഹേമന്തവും നമ്മളില്‍ പ്രേമം വിരിഞ്ഞ
വസന്തവും നമ്മള്‍ ഒന്നായ ആ ആഷാടാരാവുകളും എല്ലാം എല്ലാം ഇപ്പോള്‍ ഓര്‍മയില്‍ വരുന്നു.
മഞ്ഞു പെയ്തിറങ്ങിയ ആ രാത്രി .എന്നെ തനിച്ചാക്കി നീ എന്തിനാണ് കടന്നുപോയത് ......ഈ കാലമത്രയും
നീ എന്തെ എന്റെ മുന്നില്‍ വരാഞ്ഞത്...

ഞാന്‍ അറിയാത്ത ഒരു വേദനയുടെ തുരുത്തില്‍
കാത്തിരുന്നു ...ഏകാന്തതയുടെ തുരുത്തില്‍ ആരെല്ലാമോ വന്നു ...പോയി ...പക്ഷേ
ഒരു മാത്രപോലും നീ വന്നില്ല ...ഒരുപാടു സ്വരങ്ങളില്‍ നിന്റെ സ്വരം മാത്രം ഉണ്ടായിരുന്നില്ല
എല്ലാ മുഖങ്ങളിലും ഞാന്‍ നിന്നെ തിരഞ്ഞു ..പക്ഷേ നിന്റെ മുഖം മാത്രം ഞാന്‍ കണ്ടില്ല

അവസാനം നിന്നെ ഞാന്‍ കണ്ടെത്തി ...പക്ഷേ ..........
ഈ കാത്തിരിപ്പെത്രകാലം കൂടി ..ഇനിയും ജന്മങ്ങള്‍ വേണമോ... ഇനി എന്നാണ് നമ്മുടെ
സംഗമം ..അതിനായി ഇനി എത്ര യുഗങ്ങള്‍ ..ഏത് ദശാസന്ധി വരെ ...ഞാന്‍ കാത്തിരിക്കണം
അതോ ..ഈ കാത്തിരിപ്പിനിയും അവിരാമം തുടരുമോ ..............

ബന്ധനം

ഒരു ചെറു പുഞ്ചിരിയോടെ ആ പനിനീര്‍ പൂ വിരിഞ്ഞു
അവള്‍ മഞ്ഞിന്‍ തുള്ളികള്‍ കൊണ്ട് മിഴിയെഴുതി ..
പൊട്ടുതൊട്ട് കാത്തിരുന്നു
ഒരുകരിവണ്ടുവന്നു.....ചിരിച്ചു ....വട്ടമിട്ടുപറന്നു
ഒരു നിസ്സഹായതയുടെ തുരുത്തില്‍ നിന്നാപൂ പറഞ്ഞു
പോകു .....ഞാന്‍ നിസ്സഹായയാണ്‌ ..ഞാന്‍ എന്റെ
പ്രിയതമനെ കാത്തിരിക്കുന്നു...പക്ഷേ ആ വിലാപം
തെക്കെന്‍ കാറ്റില്‍ ലയിചില്ലാതായി .....അവള്‍ വീണ്ടും
പറഞ്ഞു ..ഞാന്‍ വര്‍ണച്ചിറകുകള്‍ വീശി വരുന്ന എന്റെ പ്രിയപ്പെട്ട
പൂമ്പാറ്റക്കായി കാത്തിരിക്കുന്നു..പോകു...പക്ഷേ
എന്തു ചെയ്യാം ...അവള്‍ ആദ്യമായി ബന്ധനം
എന്താന്നെന്നു മനസിലാക്കി .....മഞ്ഞിന്‍ കണങ്ങള്‍
കണ്ണീരായി ......ആ കണ്ണീരില്‍ കരിവണ്ട് മധുകണങ്ങള്‍
കണ്ടു.....

.ഇനി ഞാന്‍ ആര്‍ക്കായി കാത്തിരിക്കണം ?
ഇനി ഒരിക്കലും വര്‍ണച്ചിറകുകള്‍ വിരിയിച്ചാപ്രിയതമന്‍
വരില്ല .......കൊഴിഞ്ഞില്ലതായി വീണ്ടും വിരിയാനായി
അവള്‍ കാത്തിരുന്നു ..ഒരു പ്രാര്‍ത്ഥനയോടെ ......
ആ പ്രാര്‍ത്ഥന അവളെ ദേവന്റെ പൂജാ പുഷ്പമാക്കി......
.......